വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽനിന്ന്‌ എംഡിഎംഎ പിടിച്ചു; യുവാവ് അറസ്റ്റിൽ

ഇയാൾ താമസിച്ച ലോഡ്ജ് മുറിയിൽനിന്ന്‌ എംഡിഎംഎ കണ്ടെത്തി

ചട്ടഞ്ചാൽ : വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽനിന്ന്‌ പോലീസ് 14.37 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് പിടിച്ചു. കാർ ഓടിച്ചിരുന്ന ഉദിനൂർ പരത്തിച്ചാൽ ടി.സി.എ.ആർ. മാസ്റ്റർ മൻസിലിൽ എ.സി. മുഹമ്മദ് സബീറിനെ (44) മേൽപ്പറമ്പ് എസ്.ഐ. ടി. അഖിൽ അറസ്റ്റുചെയ്തു. സബീറിന്റെ മൊബൈൽഫോണും കാറും കസ്റ്റഡിയിലെടുത്തു. പിന്നാലെ മേൽപ്പറമ്പ് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് സബീർ താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ കാസർകോട് എസ്.ഐ. പി.വി. മനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2.8951 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു.

ചൊവാഴ്ച രാത്രി 10.55-ന് സംസ്ഥാനപാതയിൽ ഇടുവുങ്കാൽ മഹാവിഷ്ണുക്ഷേത്രത്തിന് സമീപം മേൽപ്പറമ്പ് എസ്.ഐ.യുടെ നേതൃത്വത്തിൽ വാഹനപരിശോധന നടക്കവേയാണ് സബീർ കാറോടിച്ചെത്തിയത്. പോലീസുകാർ കൈകാണിച്ചപ്പോൾ ഇയാൾ കാർ നിർത്താതെ അതിവേഗം ഓടിച്ചുപോയി.

പോലീസ് പിന്തുടരുന്നതറിഞ്ഞ് കാർ കളനാട് ജങ്ഷനിൽനിന്ന്‌ ചട്ടഞ്ചാൽ റോഡിലേക്ക് വെട്ടിച്ചു. 50 മീറ്റർ മുന്നോട്ടുപോയപ്പോൾ പോലീസ് ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു.

കാറിന്റെ മുൻവശത്തെ സീറ്റുകളുടെ മധ്യഭാഗത്തുണ്ടായിരുന്ന ആം റസ്റ്റിനുള്ളിൽ പൊളിത്തീൻ കവറിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെ 1.55-നാണ് സബീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മംഗളൂരുവിൽനിന്നാണ് എംഡിഎംഎ വാങ്ങിയതെന്നും നാട്ടിലേക്ക് വില്പനക്ക് കൊണ്ടുപോകുകയാണെന്നുമാണ് ഇയാളുടെ മൊഴി.

ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് സബീർ താമസിച്ചിരുന്ന കാസർകോട് പഴയ ബസ്‌സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലെ 303-ാം നമ്പർ മുറിയിൽനിന്ന് രണ്ടാമത് എംഡിഎംഎ കിട്ടിയത്. മുറിയിലെ ഷെൽഫിൽ തൂക്കിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിലാണ് ഇത് സൂക്ഷിച്ചിരുന്നത്. മേൽപ്പറമ്പിലെ പരിശോധനയിൽ ജൂനിയർ എസ്.ഐ. യു. ഷൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. ബാബുമോൻ, ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ സി.പി.ഒ. ടി.വി. അഭിജിത്ത് എന്നിവരും കാസർകോട്ടെ പരിശോധനയിൽ എസ്.ഐ. സുരേഷ്‌ കുമാർ, സി.പി.ഒ.മാരായ കെ.വി. രാജേഷ്, ഡി. അഞ്ജു, ഡി.വി.ആർ.സി.പി.ഒ. പി.ജെ. ജയിംസ് എന്നിവരും ഉണ്ടായിരുന്നു.