താലൂക്ക് ലൈബ്രറി കൗൺസിൽ അക്ഷര സൗഹൃദം തുടങ്ങി

കൊടക്കാട് : 1500 പുസ്തക ചർച്ചകളുമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ. പുസ്തകവായനയിലേക്ക് സമൂഹത്തെ എത്തിക്കുകയെന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന അക്ഷരസൗഹൃദം പദ്ധതി തുടങ്ങി. നവംബർ 25 മുതൽ ഫെബ്രുവരി 25 വരെ മൂന്ന് മാസം താലൂക്കിലെ 265 ഗ്രന്ഥശാലകളിൽ ആറ് വീതം പുസ്തകങ്ങൾ ചർച്ചചെയ്യും.

സമകാലിക പ്രസക്തമായ 28 കൃതികളും ഗ്രന്ഥശാലകൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളും ചർച്ചചെയ്യും. കൊടക്കാട് കണ്ണങ്കൈ നവോദയ ഗ്രന്ഥാലയത്തിൽ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനംചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ പട്ടേന അധ്യക്ഷതവഹിച്ചു.

വൈലോപ്പിള്ളി ശ്രീധര മേനോന്റെ 'മാമ്പഴം' കവിതയെ ആസ്പദമാക്കിയാണ് പുസ്തകചർച്ച നടത്തിയത്. ഡോ. കെ.വി. സജീവൻ കാവ്യസമീക്ഷ അവതരിപ്പിച്ചു. അശ്വതി സുനിൽ മാമ്പഴം കവിത അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി പി. വേണുഗോപാലൻ, എൻ. റഹ്‌മത്ത്, ടി. തമ്പാൻ, ശശി പൊള്ളപ്പൊയിൽ, ടി.വി. ബാലകൃഷ്ണൻ, പി. ദീപേഷ് കുമാർ എന്നിവർ സംസാരിച്ചു.