ഉജങ്കോട് റോഡ്: അപകടഭീതി ഒഴിവാക്കാൻ നടപടി

വിദ്യാനഗർ : വിദ്യാനഗർ-എരുതുംകടവ്-കല്ലകട്ട റോഡിൽ ഉജങ്കോട് വളവിലെ അപകടഭീതി ഒഴിവാക്കുന്നതിന് ജില്ലാപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കും. ബസുകൾ ഉൾപ്പെടെ പ്രതിദിനം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ അപകടഭീതിയെക്കുറിച്ച് മാതൃഭൂമി 28-ന് വാർത്ത നൽകിയിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമിന്റെ നിർദേശപ്രകാരം ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കൃഷ്ണൻ ഒക്ലാവ്, ജില്ലാപഞ്ചായത്തംഗം ജസ്‌ന മനാഫ്, ജില്ലാപഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ തുളസീധരൻ എന്നിവർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ചെങ്കള ഗ്രാമപ്പഞ്ചായത്ത് കല്ലക്കട്ട വാർഡംഗം അനീസ ഇബ്രാഹിമും സ്ഥലത്ത് എത്തിയിരുന്നു.

റോഡിന് ആവശ്യമായ വീതി കൂട്ടുന്നതിന് നേരത്തേതന്നെ നടപടി സ്വീകരിച്ചിരുന്നതാണെന്നും ഒരു സ്വകാര്യവ്യക്തി സ്ഥലം അനുവദിച്ച് തരാത്തതാണ് തടസ്സമായതെന്നും സാബു അബ്രഹാം പറഞ്ഞു. പ്രവൃത്തി പൂർണമാക്കാൻ കഴിയാതെ അനുവദിച്ച തുക നഷ്ടപ്പെടുകയായിരുന്നു. അപകടഭീതി ഒഴിവാക്കുന്നതിന് സുരക്ഷാവേലി ഉൾപ്പെടെയുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും ആവശ്യമായ അടങ്കൽ തയ്യാറാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും സാബു അബ്രഹാം പറഞ്ഞു. റോഡിന് ആവശ്യമായ വീതിയില്ലാത്തതും സുരക്ഷാവേലിയുടെ അഭാവവുമാണ് ഉജംകോട് വളവിലെ അപകടസാധ്യത വർധിപ്പിക്കുന്നത്.

റോഡിന്റെ ഇരു ഭാഗവും ആഴമേറിയ പ്രദേശമാണ്. ആവശ്യമായ സുരക്ഷാഭിത്തിയോ സംരക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാർ ഭീതിയിലാണ്.

ഊജങ്കോട് വളവിന് സമീപം റോഡിന്റെ ഇരുവശത്തും കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശവും പൊട്ടക്കിണറും സ്ഥിതിചെയ്യുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. റോഡിന്റെ ഇടിഞ്ഞ ഭാഗങ്ങൾ പുനർനിർമിച്ച് സുരക്ഷാ വേലിയൊരുക്കണമെന്നും ആവശ്യമായ വീതി കൂട്ടണമെന്നും റോഡിനോട് ചേർന്ന് കിടക്കുന്ന പൊട്ടക്കിണർ ഉൾപ്പെടെയുള്ള അപകടഭീഷണിയുള്ള ഭാഗങ്ങൾ സുരക്ഷിതമാക്കണമെന്നും ഗ്രാമപ്പഞ്ചായത്തംഗം അനീസ ഇബ്രാഹിം ആവശ്യപ്പെട്ടു.