മുറിച്ചിട്ട മരംമാറ്റാൻ മൂന്നുവർഷത്തെ കാത്തിരിപ്പ്; വനംമന്ത്രിക്ക് പരാതി

നീലേശ്വരം : വേറിട്ടൊരു ദുരിതം നേരിടുകയാണ് നീലേശ്വരം കോട്ടപ്പുറത്തെ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. കാലപ്പഴക്കത്തെ തുടർന്ന് അപകടാവസ്ഥയിലായ പൂമരം ഏറെ മുറവിളിക്കൊടുവിൽ മൂന്നുവർഷം മുമ്പ്‌ മുറിച്ചുമാറ്റിയെങ്കിലും ഇപ്പോഴും അവ സ്കൂൾ വളപ്പിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്‌. കൃത്യമായി പറഞ്ഞാൽ സ്കൂൾ മൈതാനത്തിനരികിൽ.

സ്കൂളിന് സമീപം അപകടഭീതി സൃഷ്ടിച്ച കൂറ്റൻ പൂമരമാണ് മുറിച്ചു നീക്കിയത്. മുറിച്ചുമാറ്റിയ ദിവസം മുതൽ ഇതെല്ലാം സ്കൂൾ മൈതാനത്തിനരികിൽ തന്നെ കൂനകൂടി കിടന്ന് മഴയും വെയിലും കൊള്ളുകയാണ്. മുറിച്ചുമാറ്റിയ മര ഉരുപ്പടികൾക്ക് വനംവകുപ്പ് വലിയ വിലയിട്ടതോടെ ലേലം കൊള്ളാൻ ആരുമെത്തിയില്ല.

നീലേശ്വരം നഗരസഭ പലതവണ മരം ലേലത്തിന് വെ​െച്ചങ്കിലും നിരാശയായിരുന്നു ഫലം. ജെ.സി.ബി. ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കാതെ ഇവ മാറ്റാനുമാകില്ല. മരം മുറിച്ചുമാറ്റാൻ ഏറെ പരിശ്രമിച്ച് ഒടുവിൽ കളക്ടർക്ക് പരാതി നൽകി കാര്യം നേടിയ വാർഡ് മുൻ കൗൺസിലറും മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റുമായ റഫീഖ് കോട്ടപ്പുറം മുറിച്ചിട്ട മരമൊന്ന് സ്കൂൾ വളപ്പിൽനിന്ന് മാറ്റിക്കിട്ടാനായി മുട്ടാത്ത വാതിലുകളില്ല.

ബന്ധപ്പെട്ട അധികൃതർക്കെല്ലാം നിവേദനമയച്ചും എല്ലാവരോടും പരാതി പറഞ്ഞും മടുത്തപ്പോൾ ഇദ്ദേഹം, കളക്ടറായിരിക്കെ കെ.ഇമ്പശേഖർ നീലേശ്വരം വില്ലേജ് ഓഫീസിൽ നടത്തിയ വില്ലേജ് അദാലത്തിൽ എത്തി പരാതി നൽകി. എന്നിട്ടും പരിഹാരമില്ലാത്തപ്പോൾ വീണ്ടും രണ്ടുതവണ അതതുകാലത്തെ കളക്ടർമാരെ കണ്ട് പരാതി നൽകിയിരുന്നു.