RBI-യുടെ സ്ഥാനത്ത് ഫുൾ ഓഫ് ഫൺ; കളിനോട്ടുകൾ നൽകി കടക്കാരെ പറ്റിച്ചതായി പരാതി

കുമ്പളയിലെ ഒരു കടയിൽ ഉപഭോക്താവ് നൽകിയ കളിനോട്ട്
കുമ്പളയിലെ ഒരു കടയിൽ ഉപഭോക്താവ് നൽകിയ കളിനോട്ട്

കുമ്പള: കളിനോട്ടുകൾ നൽകി കടക്കാരെ പറ്റിച്ചതായി പരാതി. ഒന്നിലധികം കടക്കാർക്ക് അബദ്ധം പറ്റിയിട്ടുണ്ട്. കുമ്പളയിലും പരിസരങ്ങളിലും കളിനോട്ടുകൾ പ്രചരിക്കുന്നതായും പറയുന്നു. യഥാർഥ നോട്ടുകളോട് സാമ്യമുള്ള കളിനോട്ടുകളാണ് കൈയിൽ കിട്ടുന്നതെന്ന് കടക്കാർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കളത്തൂരിലും ബംബ്രാണയിലുമാണ് 500, 200 എന്നിവയുടെ കളിനോട്ടുകൾ കടകളിലെത്തിയത്.

തിരക്കുള്ള സമയം നോക്കിയാണ് ഇത്തരത്തിൽ കളിനോട്ടുകൾ കൊടുത്ത് കടക്കാരെ പറ്റിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ന സ്ഥാനത്ത് ഫുൾ ഓഫ് ഫൺ എന്നാണ് അച്ചടിച്ചിട്ടുള്ളത്. ഗാന്ധിജിയുടെ ചിത്രം അതേപോലെതന്നെ കളിനോട്ടിലുമുണ്ട്. കൂടാതെ, യഥാർഥ നോട്ടിലെ വരകളെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 500, 200 രൂപയുടെ നോട്ടുകളാണ് കൂടുതൽ സാമ്യമുള്ളത്. നീളവും വീതിയും വ്യത്യാസമില്ല. ചൈനീസ് മിഠായിയുടെ കൂടെയാണ് ഇത്തരത്തിലുള്ള കളിനോട്ടുകൾ ലഭിക്കുന്നത്.

Content Highlights: fake currency complaint of cheating kasaragod