വൈദ്യുതി തൂണുകൾ ചെരിഞ്ഞു; അപകടഭീഷണിയെന്ന് പരാതി

ദേശീയ പാതപുളിക്കാലിൽ
അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതി തൂൺ
ദേശീയ പാതപുളിക്കാലിൽ അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതി തൂൺ

പുല്ലൂർ: ദേശീയപാതയോരത്ത് സ്ഥാപിച്ച വൈദ്യുതി തൂണുകൾ വീടുകൾക്കും തോട്ടങ്ങൾക്കും അപകടഭീഷണി ഉയർത്തുന്നതായി പരാതി. പുല്ലൂർ പുളിക്കാലിൽ ദേശീയ വികസനത്തിന്റെ ഭാഗമായി വൈദ്യുതി തൂണുകൾ വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ സ്ഥാപിച്ചതായാണ് ആക്ഷേപം.

വൈദ്യുതി തൂണുകൾ സമീപത്തെ വ്യക്തികളുടെ തെങ്ങിൻ തോട്ടങ്ങൾക്ക് ഭീഷണി ഉയർത്തുന്ന വിധം ചെരിഞ്ഞു നിൽക്കുകയാണ്. ഇല്ലത്ത് വളപ്പിൽ വിജയന്റെ വീടിന് സമീപത്ത് സ്ഥാപിച്ച വൈദ്യുതി തൂൺ നിലവിൽ അടിഭാഗത്തെ മണ്ണിളകിവീഴാറായ നിലയിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം മാവുങ്കാൽ സെക്ഷൻ ഓഫീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ സ്ഥലത്തെത്തി സമീപത്തെ തെങ്ങ് മുറിച്ചു മാറ്റിയിരുന്നു.

വിമുക്തഭടൻ കെ. ബാലകൃഷ്ണന്റെ പറമ്പിലെ തെങ്ങുകൾക്കും ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾഭീഷണി ഉയർത്തുന്നുണ്ട്. തൊട്ടടുത്ത കെ. വേണുഗോപാലന്റെ പറമ്പിലെ തെങ്ങുകൾക്കും ഭീഷണി സൃഷ്‌ടിക്കും വിധമാണ് വൈദ്യുതി തൂണുകൾ ഉള്ളത്. അപകടാവസ്ഥയിലായ തൂണുകളെ ശരിയായ വിധത്തിൽ സ്ഥാപിക്കാൻ നടപടി വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അതേസമയം മുഴുവൻ കമ്പികളും മാറ്റി ഉടൻ എ.ബി.സി. കേബിളുകൾ ആക്കുന്നതോടെ കൂടുതൽ സുരക്ഷിതമാകുമെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ വീട്ടുടമകളോട് പറഞ്ഞത്.

Content Highlights: Precariously positioned electric posts along the highway in Pullur pose a severe threat to houses and coconut farms, prompting safety demands.