പരാതിയുമായി കുമാരനും ഒളിച്ചുകളിച്ച് സർക്കാർ വകുപ്പുകളും

ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്താസ്ഥാനമായ ഭീമനടിയിലെ രണ്ട് പൊതുതാത്പര്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പൊതുപ്രവർത്തകനായ ടി.എ. കുമാരൻ ഓഫീസ് കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. എന്നാൽ വ്യക്തമായ മറുപടി സർക്കാർ വകുപ്പുകൾ നൽകിയിട്ടുമില്ല.
ഭീമനടി പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം 50 മീറ്റർ ഓവുചാൽ നിർമിക്കാനും പഞ്ചായത്ത് ഓഫീസിന് സമീപം വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റാനും വേണ്ടിയാണ് ടി.എ. കുമാരൻ ഓഫീസുകൾ കയറിയിറങ്ങുന്നത്.
വർഷങ്ങൾക്ക് മുമ്പ് റോഡ് പണിതപ്പോൾ ഭീമനടി ടൗണിൽ ഓവുചാൽ നിർമിച്ചിരുന്നു. അഞ്ചുവർഷം മുമ്പ് വീതികൂട്ടിയപ്പോൾ നിലവിലുണ്ടായിരുന്ന ഓവുചാൽ മണ്ണിട്ട് മൂടി. പുതിയ ഓവുചാൽ നിർമിച്ചുവെങ്കിലും ബസ് സ്റ്റാൻഡ് മുതൽ വെള്ളരിക്കുണ്ട് പ്രൈമറി കാർഷിക വികസന സഹകരണ സംഘത്തിന്റെ കെട്ടിടം വരെയുള്ള 50 മീറ്റർ ദൂരം ഓവുചാൽ നിർമിച്ചിട്ടില്ല.
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപം കുന്നുംകൈ ഭീമനടി പൊതുമരാമത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്ന മാവും ഒരു പാഴ്മരവും വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാണ്. ഇത് മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കുമാരൻ പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയത്.
ഭീമനടി ടൗണിൽ ഡ്രെയ്നേജ് സംവിധാനം ഒരുക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി മേയിൽ ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. 2024 ജൂലായിൽ പഞ്ചായത്തുതല ട്രീ കമ്മിറ്റി മരം മുറിക്കാൻ തീരുമാനിക്കുകയും മുറിക്കേണ്ട മരത്തിന്റെ വില നിശ്ചയിക്കാൻ വനംവകുപ്പിനെ സമീപിക്കുകയും ചെയ്തിരുന്നു. രണ്ടരവർഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവരിൽനിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല.
പരാതിയുമായി കുമാരൻ വീണ്ടും പഞ്ചായത്തിനെ സമീപിച്ചപ്പോൾ കഴിഞ്ഞദിവസം പഞ്ചായത്തിൽ ഇതു സംബന്ധിച്ച് ഒരു അദാലത്ത് നടത്തിയിരുന്നു. അദാലത്തിലും വനംവകുപ്പിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചത്. വനം വകുപ്പ് അദാലത്തിൽ പങ്കെടുത്തിരുന്നില്ല.
മരം മുറി പ്രശ്നം കളക്ടറെയും പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്സിക്യുട്ടീവ് എൻജിനീയറെയും സമീപിക്കാൻ അദാലത്തിൽ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു പറഞ്ഞു. 2024-ൽ പൊതുമരാമത്ത് റോഡരികിലെ മരത്തിന്റെ വില നിർണായധികാരം തങ്ങൾക്ക് ഉണ്ടായിരുന്നില്ല. മൂന്ന് മാസം മുമ്പ് മാത്രമാണ് അധികാരം ലഭിച്ചത്. ഇനി അത്തരം അപേക്ഷകൾ ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും സാമൂഹികവനവത്കരണ വിഭാഗം റെയ്ഞ്ച് ഓഫീസർ അറിയിച്ചു.
Content Highlights: A social activist in Bheemanadi faces bureaucratic delays over drainage construction and hazardous tree removal issues.