വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു; മൂന്ന് പേർക്ക് പരിക്ക്

ചെറുപുഴ: വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. വീടിന്റെമേൽക്കൂര പൂർണമായും തകർന്നു. ചെറുപുഴ പഞ്ചായത്തിലെ കക്കോട് ചപ്പാരം തട്ടിലെ മുണ്ടയാട്ട് പരേതനായ അമ്പുവിന്റെ പേരിലുള്ള വീടിന്റെ മുകളിലാണ് പ്ലാവ് പൊട്ടി വീണ് മേൽക്കൂര തകർന്നത്. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. വീടിനകത്ത് ഉറങ്ങുകയായിരുന്ന മുണ്ടയാട്ട് ചിരുതൈ (80) ദേവി (65), ശരത് (27) എന്നിവർക്കാണ് പരിക്കേറ്റത്. മേൽക്കൂരയിലെ ഓടും മരത്തിന്റെ ഉണങ്ങിയ ഭാഗങ്ങളുംവീണാണ് ഇവർക്ക് പരിക്കേറ്റത്. ഇവർ ആസ്പത്രിയിൽ ചികിത്സ തേടി.
വിദഗ്ധ പരിശോധന നടത്തി. പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഇവരെ ഡിസ്ചാർജ് ചെയ്തു. രാവിലെ നാട്ടുകാരും അയൽവാസികളും ബന്ധുക്കളും എത്തി മരം മുറിച്ചുമാറ്റി. കഴിഞ്ഞവർഷം പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ മേൽക്കൂര മാറ്റി പുനർനിർമിച്ച വീടായിരുന്നു. വില്ലേജ്, പഞ്ചായത്തധികൃതർ വീട് സന്ദർശിച്ചു.
Content Highlights: Three people sustained injuries after a jackfruit tree fell on a house damaging the roof completely in Cherupuzha, Kannur.