വീശിയടിച്ച കാറ്റിൽ ചമ്പാട്ട് 125 വാഴകൾ നശിച്ചു

ചമ്പാട്: കഴിഞ്ഞദിവസം ചമ്പാട് മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക കൃഷിനാശം. മുതുവനായി മടപ്പുരയ്ക്ക് സമീപം പുഴക്കോൽ മോഹനന്റെ നേന്ത്രവാഴ കൃഷിയാണ് കാറ്റിൽ നശിച്ചത്. കുലച്ചതും കുലക്കാറായതുമായ 125 ഓളം നേന്ത്രവാഴകൾ നിലംപൊത്തി. ആറുമാസം മുമ്പ് നട്ടുവളർത്തിയ വാഴകളാണ് കാറ്റിന്റെ ശക്തിയിൽ കടപുഴകിവീണത്. ഇരുന്നൂറോളം നേന്ത്രവാഴകളാണ് മോഹനൻ സ്വന്തം അധ്വാനവും സമയവും ചെലവഴിച്ച് പരിപാലിച്ചിരുന്നത്. ഇതിൽ 125 എണ്ണവും നിലംപൊത്തി. ചമ്പാട് മേഖലയിൽ കാട്ടുപന്നികൾ കൃഷിക്ക് ഭീഷണി സൃഷ്ടിക്കുമ്പോഴാണ് കാലാവസ്ഥയും കർഷകരെ ചതിക്കുന്നത്. കഴിഞ്ഞദിവസം മുൻ വാർഡംഗം കൂടിയായ അരയാക്കൂൽ തോട്ടുമ്മലിലെ കെ. ബിജുവിന്റെ നൂറോളം വാഴകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിരുന്നു. മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കുലച്ച വാഴകളുടെ വിളവെടുപ്പിനായി കാത്തിരിക്കുമ്പോഴാണ് കാറ്റ് ദുരിതം വിതച്ചത്.
Content Highlights: Strong winds wreaked havoc in Champad destroying around 125 banana trees cultivated by local farmer Puzhakkol Mohanan.