പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധനാഉത്സവം ഇന്ന് സമാപിക്കും

പയ്യന്നൂർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈവർഷത്തെ ആരാധനാഉത്സവം തിങ്കളാഴ്ച സമാപിക്കും. 16-ന് തുടങ്ങിയ ഉത്സവത്തിൽ പയ്യന്നൂർ പെരുമാളിനെ കാണാൻ ആയിരങ്ങളെത്തി. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പദ്നാമഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ശ്രീഭൂതബലി നടന്നത്. ദിവസവും ശ്രീഭൂതബലിയും തിടമ്പ് എഴുന്നള്ളത്തും വിശേഷാൽപൂജകളും നടന്നു.
ക്ഷേത്രത്തിലെ ശാസ്താവിന്റെയും ഗണപതിയുടെയും ശ്രീകോവിൽ ചുമർ പിച്ചള പൊതിഞ്ഞതിന്റെ സമർപ്പണം നടന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രം അർച്ചകൻ സുബ്രഹ്മണ്യ അഡിഗയാണ് നിർവഹിച്ചത്. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. കലാ-സാംസ്കാരിക പരിപാടികൾ ഉദ്ഘാടനംചെയ്തു. ദിവസവും അന്നദാനവും നടന്നു.
തിങ്കളാഴ്ച രാവിലെ ഒൻപതിന് കാങ്കോൽ ശിവപ്രിയ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോകം. 11-ന് ഗാനാമൃതം. ഉച്ചക്ക് 12-ന് പ്രസാദ ഊട്ട്. രാത്രി എട്ടരക്ക് ആര്യ ദയാലിന്റെ ഗാനമേള. 9.30-ന് പാണ്ടിമേളം. 11-ന് ക്ഷേത്രം ഭഗവതി തറയിൽ 'കളത്തിലരി' യോടെ 15 ദിവസത്തെ ഉത്സവം സമാപിക്കും.
കെ.വി. സുനിൽകുമാർ ജനറൽ കൺവീനറും വി.പി. ബാലഗംഗാധരൻ ചെയർമാനുമായ കമ്മിറ്റിയാണ് നേതൃത്വം. എ.വി. മാധവ പൊതുവാൾ, കെ.പി. സുനിൽ കുമാർ, മോഹനൻ പുറച്ചേരി, എം.കെ. ഉണ്ണികൃഷ്ണൻ, കെ. ശ്രീനിവാസൻ, എ.കെ. രാജേഷ്, രഘു കരിയത്ത്, വി.എ. കലേഷ്കുമാർ, എ.വി. കമലാക്ഷൻ, രവീന്ദ്രൻ പുതിയേടത്ത്, പി.വി. ഭാസ്കരൻ, യു.കെ. മനോഹരൻ, സി.കെ. ദിനേശൻ, യു.എം. മാധവൻ, പി.വി. രമേശൻ, കെ.വി. കരുണാകരൻ, സി.വി. രാജു, കെ.വി. അരുൺകുമാർ, കെ.വി. നിഷാദ്, എം. വിമല തുടങ്ങിയവർ നേതൃത്വംനൽകി.
ആരാധന ഉത്സവത്തിന്റെ സമാപനദിവസമായ തിങ്കളാഴ്ച 25,000 പേർക്ക് പ്രസാദഊട്ട് വിളമ്പും. ക്ഷേത്രം ഊട്ടുപുരയിലാണ് പ്രസാദഊട്ട് ഒരുക്കുന്നത്. നീലേശ്വരം പള്ളിക്കര പുതിയില്ലത്ത് സത്യേശ്വരൻ എമ്പ്രാന്തിരിയാണ് തയ്യാറാക്കുന്നത് സഹായികളായി പ്രദീപൻ, ശങ്കരനാരായണൻ, പുതുമന ജയനാരായണൻ, മുരളി വാര്യർ, നീലമന കൃഷ്ണൻ, കൃഷ്ണ പൊതുവാൾ, മാട്ടുമ്മൽ രാധാകൃഷ്ണൻ എന്നിവർ ഊട്ട് പുരയിലുണ്ട്. ഉച്ചശീവേലി പുറത്തിറങ്ങുന്നതോടെ ഭക്തജനങ്ങൾക്ക് പ്രസാദഊട്ട് വിളമ്പും. ചോറ്, പുളിശ്ശേരി, കൂട്ടുകറി, നാരങ്ങ അച്ചാർ, കുമ്പളങ്ങ പച്ചടി, പാൽപ്പായസം എന്നിവയാണ് വിഭവങ്ങൾ.
Content Highlights: The annual Aradhana festival at Payyannur Subramanya Swami Temple concludes today with grand rituals, cultural events, and a massive feast.