ദേശീയപാത നിർമാണം ഇഴയുന്നു, വ്യാപാര മേഖലയിൽ ആശങ്ക അടിയന്തര ഇടപെടൽ വേണം - നോർത്ത് മലബാർ ചേംബർ

കണ്ണൂർ: ദേശീയപാതാ വികസന പ്രവർത്തനങ്ങൾ ജില്ലയിൽ ഇഴഞ്ഞുനീങ്ങുന്നതിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ആശങ്ക പ്രകടിപ്പിച്ചു.
നോർത്ത് മലബാറിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമായ ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ അധികാരികൾ ഇടപെടണമെന്ന് ചേംബർ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യപ്രകാരം ഉയരപ്പാതകളും അടിപ്പാതകളും ഉൾപ്പെടുത്തി രൂപരേഖയിൽ മാറ്റം വരുത്തിയെങ്കിലും അതുമായി ബന്ധപ്പെട്ട നിർമാണ ഉത്തരവുകൾ വൈകുന്നതാണ് പദ്ധതിയെ പിന്നോട്ടടിക്കുന്നത്. ചില ഭാഗങ്ങൾ നിലവിലെ കരാറിൽ നിന്ന് ഒഴിവാക്കുന്നത് പൂർത്തീകരണം ഇനിയും വൈകാൻ കാരണമാകുമെന്നും ചേംബർ ചൂണ്ടിക്കാട്ടി. നിർമാണം നീളുന്നത് വ്യാപാര സ്ഥാപനങ്ങളെയും ചരക്കുനീക്കത്തെയും സാരമായി ബാധിക്കുന്നു. ഗതാഗതക്കുരുക്കും പ്രവേശന സൗകര്യക്കുറവും യാത്രാസമയവും ഇന്ധനച്ചെലവും വർധിപ്പിക്കുന്നു.
ഏറ്റവും ശോച്യാവസ്ഥയിലുള്ള വളപട്ടണം പാലം മുതൽ താഴെ ചൊവ്വ വരെയുള്ള ഭാഗം വീണ്ടും ടാറിടണം. പലയിടത്തും ടാർ പൊളിഞ്ഞ് വെള്ളം കെട്ടിനിൽക്കുന്നത് ഗതാഗതം ദുഷ്കരമാക്കുകയാണ്. അപകടസാധ്യത ഒഴിവാക്കാൻ ആ ഭാഗം ഗതാഗതയോഗ്യമാക്കണം.
പൊതുജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് രൂപരേഖ മാറ്റുമ്പോൾ, അതിന്റെ തുടർനടപടികൾ വൈകാതെ പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്നും ചേംബർ വ്യക്തമാക്കി.
Content Highlights: North Malabar Chamber of Commerce urges authorities to expedite NH 66 construction in Kannur as delays hit trade and transport.