വാതിൽ അടയ്ക്കാതെയുള്ള സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം; നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

ഇരിട്ടി: ബസിന്റെ ഡോർ അടയ്ക്കാത്തതിനെ തുടർന്ന് വിദ്യാർഥിനിക്ക് ബസിൽനിന്ന് തെറിച്ചുവീണ് സാരമായി പരിക്കേൽക്കാൻ ഇടയായിട്ടും നിയമത്തിന് പുല്ലുവില കല്പ്പിച്ചുള്ള സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വഹന വകുപ്പ് . കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിന് തൊട്ടടുത്ത ദിവസവും തന്നെ ഡോർ അടയ്ക്കാതെയാണ് ചില ബസുകൾ സർവീസ് നടത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് തളിപ്പറമ്പ്-ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽനിന്ന് വിദ്യാർഥിനി തെറിച്ചുവീണത്.സാരമായി പരിക്കേറ്റ പടിയൂർ മാങ്കുഴി സ്വദേശിനി ഷംന കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് ജീവനക്കാർ ഉണ്ടാക്കിയ അപകടമായിട്ടും ചില ഡ്രൈവർമാർ ഇതിന് ഒരു വിലയും കൽപ്പിച്ചില്ലെന്ന സൂചിപ്പിക്കുന്ന വിധമാണ് ശനിയാഴ്ച്ച സർവ്വീസ് നടത്തിയത്.ചില ബസുകളുടെ മുൻവശത്തെ വാതിൽ അടച്ചിട്ടുണ്ടെങ്കിലും പിൻവശത്തെ ഡോർ തുറന്നിട്ടാണ് സർവീസ് നടത്തുന്നത്. യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തശേഷം എല്ലാ ഡോറുകളും പൂർണമായും അടച്ചെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ ബസ് മുന്നോട്ടെടുക്കാവൂ എന്നിരിക്കെയാണ് നിയമങ്ങളും സുരക്ഷാനിർദേശങ്ങളും അവഗണിച്ചുള്ള ഈ യാത്ര. ഇത്തരം അപകടകരമായ സർവീസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടേയും ആവശ്യം.
വാതിലടയ്ക്കാൻ മടിയുള്ളവർ ബസ് ഓടിക്കേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്
ബസിന്റെ ഡോർ അടയ്ക്കാതെ സർവീസ് നടത്തുന്ന ഡ്രൈവർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഡോർ തുറന്നുകിടന്ന ബസിൽനിന്ന് വിദ്യാർഥിനി തെറിച്ചുവീണ സംഭവത്തിൽ ഇരിട്ടി ജോയിന്റ് ആർ.ടി.ഒ റെജി കുര്യാക്കോസ് ഇരിട്ടി ടൗണിലെത്തി ബസ് ജീവനക്കാർക്ക് മുന്നറിയിപ്പും മാർഗ നിർദേശങ്ങളും നൽകി. നിയമം പാലിച്ചിരുന്നുവെങ്കിൽ കഴിഞ്ഞദിവസം നടന്ന അപകടം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇത്തരം അശ്രദ്ധമൂലം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. നിരവധി മനുഷ്യജീവനുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഡോർ അടയ്ക്കാത്തത് ശ്രദ്ധക്കുറവല്ല, അഹങ്കാരമാണ്. മനുഷ്യജീവൻ വെച്ചുള്ള കളിയാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.ബസ് സ്റ്റോപ്പിൽ നിർത്തിയാൽ മാത്രമേ ഡോർ തുറക്കാവൂ. യാത്രക്കാർ കയറിയിറങ്ങിയ ശേഷം വാതിൽ അടച്ചെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ വാഹനം മുന്നോട്ടെടുക്കാവൂ. ഡോർ അടച്ച് വാഹനം ഓടിക്കാൻ കഴിയാത്തവർ ഡ്രൈവിങ് ജോലി ചെയ്യേണ്ടെന്നും അദ്ദേഹം നിർദേശിച്ചു. ഇനിയും ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾക്ക് ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വീഡിയോ പകർത്തി മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക്അയച്ചുനൽകാം. പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.പി. രാജേഷ്, കെ. ബൈജു, വി.പി. സജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബസ് ജീവനക്കാർക്ക് നിർദേശങ്ങൾ നൽകിയത്.
Content Highlights: Kerala Motor Vehicles Department takes strict action against private buses operating with open doors following a student's injury in Iritty.