മാലൂർപ്പടി അഷ്ടമി ഉത്സവം; ഇളനീർ ഘോഷയാത്ര നാളെ

മാലൂർ: മാലൂർപ്പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള ഇളനീർ ഘോഷയാത്ര തിങ്കളാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ഇളനീർ കണ്ടം ചെത്തൽ, കുന്തം കടയൽ എന്നിവ നടന്നു. ഞായറാഴ്ച പുലർച്ചെ വിളിക്കുശേഷം ഇളനീർ പോതുകൊള്ളൽ യാത്ര, വേല എഴുന്നള്ളത്ത്, സന്ധ്യക്ക് വേങ്ങക്കണ്ടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് എണ്ണ സമർപ്പണം.
അരിങ്ങോട്ടില്ലം നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ക്ഷേത്രനടയിൽ പ്രധാന സ്ഥാനികന്മാരായ അച്ചന്മാർ സ്ഥാനാരോഹണം ചെയ്തതോടെയാണ് അഷ്ടമി ഉത്സവത്തിന് തുടക്കമായത്. പുത്തൻ വീട്ടിൽ മുണ്ടയാടൻ ഗോവിന്ദൻ നമ്പ്യാർ, പുതിയ വീട്ടിൽ മുണ്ടയാടൻ വത്സൻ നമ്പ്യാർ, കരിമ്പനക്കൽ ചെല്ലട്ടൻ ശങ്കരക്കുറുപ്പ്, കോക്കോടൻ നാരായണക്കുറുപ്പ് എന്നിവരാണ് അച്ചന്മാരായി സ്ഥാനാരോഹണം ചെയ്തത്. കൈക്കോളൻ മോറശ്ശേരി ബാലൻ നമ്പ്യാർ ക്ഷേത്രനടയിൽനിന്ന് മുദ്ര ഏറ്റുവാങ്ങി. കൈതേരി മഠത്തിൽ മധുസൂദനനാണ് കുടക്കാരൻ.
ഇളനീർ പോതുകൊള്ളൽ യാത്രയ്ക്ക് കയർ പിരിക്കൽ ചടങ്ങ് പീറ്റക്കണ്ടി തറവാട്ട് വീട്ടിൽ നടന്നു. പീറ്റക്കണ്ടി പവിത്രൻ, പീറ്റക്കണ്ടി ചന്ദ്രൻ, കൂരാറ കരുണൻ, സുധീഷ്, പ്രകാശൻ, രാജേഷ് തുടങ്ങിയവർ കയർപിരിക്കലിന് നേതൃത്വം നൽകി. തിങ്കളാഴ്ച ഉച്ചക്ക് തൊടീക്കളം ശിവക്ഷേത്രത്തിലേക്കുള്ള ഇളനീർ ഘോഷയാത്രയോടെ അഷ്ടമി ഉത്സവം സമാപിക്കും.
Content Highlights: The Ashtami festival at Malurpadi temple will conclude on Monday with the traditional tender coconut procession to Thodeekkalam Shiva Temple.