ഓപ്പറേഷൻ തൂഫാൻ ; പഞ്ചായത്തുതല പ്രചാരണം തുടങ്ങി

ഇരിട്ടി : ലഹരിക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 ജനകീയ പ്രചാരണ പരിപാടിക്ക് പഞ്ചായത്ത്തലത്തിൽ തുടക്കമായി. ആദ്യഘട്ടമായി പഞ്ചായത്തുകളിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയും ബോധവത്കരണ ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കലും നടന്നു. ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായി തടയുന്നതിന് ഓരോ വാർഡിലേക്കും വീട്ടിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അയ്യൻകുന്ന് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മിനി വിശ്വനാഥൻ പതാക ഉയർത്തി പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മേരി റെജി, ജോസുകുഞ്ഞ് തടത്തിൽ, മേഴ്‌സി മരിയ, പഞ്ചായത്ത് അംഗങ്ങളായ ടോമി സൈമൺ, ഷിബോ അഗസ്റ്റിൻ, അനീഷ് കെ. പോൾ, സീൻ ജോസഫ്, ബിന്ദു ഷാജി, ഷമീന ബാബു എന്നിവർ സംസാരിച്ചു.

ആറളം പഞ്ചായത്തിൽ നടന്ന ഓപ്പറേഷൻ തൂഫാൻ പ്രസിഡന്റ് വി.ശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിമ്മി അന്ത്യനാട്ട് അധ്യക്ഷത വഹിച്ചു. ആറളം എസ്.ഐ. പി.എസ്.രമേഷ് ബോധവത്കരണ ക്ലാസെടുത്തു. തൂഫാൻ വാരിയേഴ്‌സിനുള്ള ബാഡ്ജ് വിതരണം, തൂഫാൻ പ്രതിജ്ഞ, മനുഷ്യച്ചങ്ങല, പതാക ഉയർത്തൽ എന്നിവ നടന്നു. പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണൻ കെ. കല്യാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ റൈഹാനത്ത് സുബി, ജോർജ് ആലാംപള്ളി, രജിത മാവില, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.സബിത എന്നിവർ സംസാരിച്ചു.

ഓപ്പറേഷൻ തൂഫാൻ ബോധവത്കരണ ക്ലാസ്

ഇരിക്കൂർ : കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന രണ്ടാംഘട്ട ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് പ്രസിഡൻറ് സി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.ഒ.ശ്രീജ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പക്ടർ സത്യനാഥൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.കുഞ്ഞിമായൻ, സൗദ ദാമിസ്, ടി.സി.നസിയത്ത്, പി.പി.സമീർ, എം.വി.ജനാർദനൻ, എ.എസ്.ഐ. വാസന്തി, സി.പി.ഒ.മാരായ ഷിനോജ്, മിഥുൻ, നിദ ഫാത്തിമ, പി.കെ.ജിതേഷ് എന്നിവർ സംസാരിച്ചു.