നാട്ടറിവിന്റെ ഓർമ്മച്ചെപ്പ് തുറന്ന് ചാത്തൻ

#വി.പി.സി.പാനൂർ

പാനൂർ : മാറ് മറക്കാൻ അമ്മ ഉപയോഗിക്കുന്ന തോർത്തെടുത്ത് അതിൽ മഞ്ഞളും നീലവും മുക്കി പതാകയാക്കി മാറ്റി ഇന്ത്യൻ സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോൾ ചാത്തന് പ്രായം 15.

94 -ന്റെ പടിവാതിൽക്കലെത്തിനിൽക്കുമ്പോഴും അന്നുമുതലുള്ള ജീവിതത്തെ കണ്ണി മുറിയാതെ ഓർത്തെടുക്കാൻ പാനൂരിനടുത്ത പൊയിലൂരിലെ കല്ലായിന്റവിട ചാത്തന് ബുദ്ധിമുട്ടൊന്നുമില്ല. മണിപ്രവാളത്തിലെയും അമരകോശത്തിലെയും ശ്ലോകങ്ങൾ ചൊല്ലുമ്പോഴും 27 നക്ഷത്രങ്ങളുടെ പേര് പറയുമ്പോഴും യുവത്വത്തിന്റെ ആവേശമാണീ വയോധികന്.

അമ്മയുടെ രോഗശാന്തിക്കായി മദ്രാസിൽ പോയി തിരിച്ചു വരുമ്പോൾ പാലേരി ചന്ദന്റെ സഹകരണത്തോടെ പാനൂരിൽനിന്ന് ചെറുപറമ്പ് വരെ മഞ്ചലിൽ അമ്മയെ കൊണ്ടുവന്ന അനുഭവം പറയുമ്പോൾ പോയ കാലത്തിന്റെ ചരിത്രമുൾപ്പെടെ അനാവരണം ചെയ്യപ്പെടുകയാണ്. കൂലിപ്പണിക്കാരനായിരുന്നു ചാത്തൻ. വൈകുന്നേരംവരെ പണിയെടുത്താൽ കിട്ടുന്ന കൂലി ഒരു രൂപ. ഒന്നേകാൽ രൂപ വേണമെന്ന ആവശ്യം നിഷേധിച്ചപ്പോൾ നാലഞ്ച് സഹപണിക്കാരെയും കൂട്ടി കോഴിക്കോട് ജില്ലയിലെ വളയം കാലിക്കൊളുമ്പിൽ പോയി ഒന്നേകാൽ രൂപയ്ക്ക് പണിയെടുത്ത പോരാട്ടവീര്യം ചാത്തന് സ്വന്തം.

അകലെയുള്ള നരിക്കോട്ട് മലമടക്കുകളിൽ പുനം കൃഷിയും കരനെൽ കൃഷിയായ 'വയനോക്കി 'യും നടത്തിയിരുന്നു. പുലർച്ചെ അഞ്ചുമണിയോടെ തലേദിവസത്തെ കുളുത്ത ചോറ് മൺചട്ടിയിൽ തയ്യാറാക്കിയ മീൻ കറിയും കൂട്ടി കഴിച്ച് വീട്ടിൽനിന്ന് പുറപ്പെട്ടാൽ പ്രകാശം പരക്കുമ്പോഴേക്കും മലയിലെത്തും. സന്ധ്യയോടെയാണ് മടക്കം.

30 വർഷത്തിലധികമുള്ള പഞ്ചാംഗമുണ്ട് ചാത്തന്റെ ശേഖരത്തിൽ. ഇവിടത്തുകാർ പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ ശുഭമുഹൂർത്തം കുറിക്കാൻ ഇപ്പോഴും കല്ലായിന്റവിട വീട്ടിലെത്തും. അയൽക്കാരനായ മുൻ അധ്യാപകൻ കെ.കെ. ദിനേശന്റെ വീട്ടിലെത്തുന്ന പത്രങ്ങൾ ഏതാനും മാസം മുൻപ് വരെ മുഴുവനും അരിച്ചുപെറുക്കി വായിക്കുമായിരുന്നു. ഇപ്പോൾ ചെറിയ അക്ഷരങ്ങൾ വായിക്കാൻ കഴിയുന്നില്ലെങ്കിലും പത്രവായന ഒഴിവാക്കിയിട്ടില്ല. പൊയിലൂർ ഭാഷാപോഷിണി എൽ പി. സ്കൂളിലെ പ്രാഥമികവിദ്യാഭ്യാസം കൈമുതലായുള്ള ചാത്തൻ ഇന്നും അടിയുറച്ച കോൺഗ്രസുകാരനാണ്. സുഭാഷ് ചന്ദ്രബോസിന്റെയും മഹാകവി കുമാരനാശാന്റെയും ചിത്രങ്ങൾ ചാത്തന്റെ കൈകളിൽ ഭദ്രമായുണ്ട്.