അക്ഷരമധുരം നുണഞ്ഞ് കുരുന്നുകൾ

മട്ടന്നൂർ : വിജയദശമിനാളിൽ അറിവിന്റെ ആദ്യക്ഷര മധുരം നുകർന്ന് കുരുന്നുകൾ.മട്ടന്നൂർ മഹാദേവക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാൻ നിരവധിപ്പേരെത്തി. ക്ഷേത്രം മേൽശാന്തി ബാലകൃഷ്ണൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചുനൽകി. ലളിതാസഹസ്രനാമാർച്ചന, നൃത്തനൃത്യങ്ങൾ, വാഹനപൂജ, വിദ്യാരംഭം, ഭജൻസ് എന്നിവയും നടന്നു.
മട്ടന്നൂർ നഗരസഭയുടെയും നഗരസഭാ ലൈബ്രറിയുടെയും നേതൃത്വത്തിൽ മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി. സ്കൂളിൽ വിദ്യാരംഭം സംഘടിപ്പിച്ചു. എഴുത്തുകാരൻ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. വി.കെ. സനോജ് എം.എൽ.എ. മുഖ്യാതിഥിയായി. നഗരസഭാധ്യക്ഷൻ എൻ. ഷാജിത്ത് അധ്യക്ഷനായി.
ഡോ. സോമൻ കടലൂർ, കെ. ഭാസ്കരൻ, ഡോ. സുമിതാ നായർ, ഡോ. ജി. കുമാരൻ നായർ, കെ.ടി. ചന്ദ്രൻ എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചുനൽകി.ആദ്യക്ഷരം കുറിച്ച കുട്ടികളിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്കുള്ള സ്വർണനാണയം തില്ലങ്കേരി സ്വദേശി ഇതളിന് സമ്മാനിച്ചു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച കൊക്കയിൽ അങ്കണവാടിക്ക് ഉപഹാരം നൽകി.കീഴല്ലൂർ മഹാദേവക്ഷേത്രത്തിൽ ഗ്രന്ഥപൂജ, വാഹനപൂജ, ആയുധപൂജ, വിദ്യാരംഭം എന്നിവ നടന്നു. കാര പേരാവൂർ കൂത്താമ്പേത്ത് ഭഗവതിക്ഷേത്രത്തിൽ കരാട്ടെ പ്രദർശനം, വാഹനപൂജ, ആയുധപൂജ എന്നിവയുണ്ടായി. സി.പി. രാമകൃഷ്ണൻ ഉരുവച്ചാൽ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചുനൽകി.നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിൽ വിദ്യാരംഭ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ് ഉദ്ഘാടനം ചെയ്തു. നാടക-ഗ്രന്ഥശാലാ പ്രവർത്തകൻ രാഘവൻ കുയിലൂർ ആദ്യക്ഷരം കുറിച്ചുനൽകി. കെ. ശശി, ബെൻഹർ കോട്ടത്തുവളപ്പിൽ, കെ. പ്രേമനിവാസൻ, എം.വി. ശ്രീന, സി.പി. മോഹനൻ, വി.വി.എം. ശ്രീധരൻ എന്നിവർ സംസാരിച്ചു.
ഉളിക്കൽ : വയത്തൂർ കാലിയാർക്ഷേത്രത്തിൽ വിജയദശമിദിനത്തിൽ നിരവധി കുട്ടികൾ ആദ്യക്ഷരം കുറിച്ചു. വരക്കൽ ഇല്ലത്ത് കൃഷ്ണകുമാർ നമ്പൂതിരി നേതൃത്വം നൽകി. മണ്ഡപപ്പറമ്പ് ഗണപതിക്ഷേത്രത്തിൽ വിജയദശമിദിനത്തിൽ നടന്ന ചടങ്ങുകൾക്ക് കീഴ്പാട്ടില്ലത്ത് സുരേന്ദ്രൻ നമ്പൂതിരി നേതൃത്വം നൽകി. കെ.ആർ. ഗോപിനാഥൻ കുട്ടികളെ എഴുത്തിനിരുത്തി. മണ്ഡപപ്പറമ്പ് മൂലോത്തുംകുന്ന് ക്ഷേത്രം, നുച്യാട് ചുഴലി ഭഗവതിക്ഷേത്രം, പൊയ്യൂർക്കരി അർജുനൻ കോട്ട മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.
ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ സരസ്വതിപൂജ കഴിഞ്ഞ് കുട്ടികളെ എഴുത്തിനിരുത്തി. മേൽശാന്തി ചന്ദ്രൻ മൂസത് മുഖ്യ കാർമികത്വം വഹിച്ചു.
സരസ്വതിമണ്ഡപത്തിൽ ഉദയാസ്തമന സംഗീതാർച്ചന ഉണ്ടായി. ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ നേതൃത്വം നൽകി. ഭക്തിഗാനസുധ, കൈകൊട്ടിക്കളി, തിരുവാതിരകളി, ഭരതനാട്യം, നൃത്തസംഗീത ശില്പം തുടങ്ങിയവയും അരങ്ങേറി. എക്സി. ഓഫീസർ പി.മുരളീധരൻ, ദീപക് കമ്മാരൻ, എ.കെ.രാജീവൻ, സി.വി.രഞ്ജിത് എന്നിവർ സമ്മാനദാനം നടത്തി. ഊരത്തൂർ ഇളംകരുമകൻ ക്ഷേത്രം, പട്ടാന്നൂർ കൊളപ്പ മഹാവിഷ്ണു ക്ഷേത്രം, കോവൂർ മഹാവിഷ്ണു ക്ഷേത്രം, നായ്ക്കാലി ദുർഗാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും സരസ്വതിപൂജ, വിദ്യാരംഭം എന്നിവയുണ്ടായി.
ഇരിട്ടി : വിജയദശമി നാളിൽ മലയോര മേഖലയിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. മലയോരത്തെ പ്രമുഖ ദേവീ ക്ഷേത്രമായ മുഴക്കുന്ന് മൃദംഗശൈലെശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിന് എത്തിയവരുടേയും മറ്റും വലിയ തിരക്കായിരുന്നു.
ഇരിട്ടി മൂലോത്തും കുന്ന് കൈരാതി കിരാതക്ഷേത്രത്തിൽ വിജയദശമി നാളിൽ രാവിലെ ഗ്രന്ധമെടുപ്പ്, വാഹനപൂജ, വിദ്യാരംഭം എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി കീഴ്പാട്ടില്ലത്ത് രാകേഷ് നമ്പൂതിരി ക്ഷേത്ര ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. രക്ഷാധികാരി വത്സൻ തില്ലങ്കേരി വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി കുരുന്നുകളാണ് ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ചത്. കീഴൂർ മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലളിത സഹസ്രനാമ പാരായണം, ഗ്രന്ഥപൂജ, സരസ്വതീപൂജ, ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി ക്ഷേത്ര ചടങ്ങുകൾക്കും തമ്പാൻ നമ്പീശൻ വാഹനപൂജക്കും കാർമ്മികത്വം വഹിച്ചു. റിട്ട. പ്രഥമാധ്യാപകൻ കെ.ഇ. നാരായണൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ ലളിതാ സഹസ്രനാമ പാരായണം, ഗ്രന്ഥപൂജ, സരസ്വതീപൂജ, ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം, വാഹനപൂജ എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണൻ നമ്പൂതിരി ക്ഷേത്ര ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. റിട്ട. പ്രഥമാധ്യാപകൻ കെ.പി. കുഞ്ഞിനാരായണൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. കീഴൂർ വൈരീഘാതകൻ ക്ഷേത്രത്തിൽ രാവിലെ ഗ്രന്ഥപൂജ, സരസ്വതീപൂജ, ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം, വാഹനപൂജ എന്നിവ നടന്നു.
പായം : പായം ഗ്രാമീണഗ്രന്ഥാലയത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിൽ അംഗം കെ.വി. രാധാകൃഷ്ണൻ അക്ഷരം പകർന്നു നൽകി. സാംസ്കാരിക സദസ്സ് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ ഉദ്ഘാടനം ചെയ്തു. കെ. അശോകൻ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥാശാലയുടെ നൂപുര സ്കൂൾ ഓഫ് ഡാൻസ് രണ്ടാം ബാച്ചിന്റെ പ്രവേശനോത്സവവും നടന്നു. എം. പവിത്രൻ, വി. മുകുന്ദൻ, എം. എൻ. മുരളീധരൻ, എം.എൻ. അനിത, എം. ദിനേശൻ, ആർ. കൃഷ്ണൻ, അൻവിത ബിജു, പി. രാധാമണി എന്നിവർ സംസാരിച്ചു.
കുയിലൂർ : കുയിലൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കാവുംഭാഗം ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.കെ. ഗിരീഷ് മോഹൻ കുട്ടികളെ എഴുത്തിനിരുത്തി.