നിർമാണപ്രവൃത്തികൾ നിലച്ചു

അന്താരാഷ്ട ആയുർവേദ ഗവേഷണകേന്ദ്രം ഒന്നാം ഘട്ടം യാഥാർഥ്യമായില്ല
ഇരിട്ടി: ജില്ലയിലെ സ്വപ്നപദ്ധതികളിലൊന്നായ കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ഒന്നാംഘട്ടം ഇനിയും യാഥാർഥ്യമായില്ല. ആയുർവേദത്തിൽ ഗവേഷണവും ചികിത്സയും ലക്ഷ്യമാക്കി കോടികൾ മുടക്കിയ സ്ഥാപനത്തിന് പുതിയ ചികിത്സാവിധികൾ നിർണയിക്കേണ്ട അവസ്ഥയിലാണിപ്പോൾ. പടിയൂർ പഞ്ചായത്തിലെ കല്യാട് പറമ്പിൽ ഗവേഷണകേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനംചെയ്തിട്ട് ആറുമാസം പിന്നിട്ടിട്ടും ഒന്നും തുടങ്ങിയില്ലെന്ന് മാത്രമല്ല, നിലവിലെ നിർമാണപ്രവൃത്തികളും പൂർണമായും നിലച്ചനിലയിലുമാണ്. കോടികൾ മുടക്കി നിർമിച്ച ബഹുനില കെട്ടിടങ്ങൾ മാറാലയും പൊടിയും പിടിച്ച് മുഖം നഷ്ടപ്പെട്ടനിലയിലാണ്. കാവൽക്കാരായി കുറെ തെരുവുനായ്കളാണ് ഇപ്പോൾ ഗവേഷണകേന്ദ്രത്തിലെ അന്തേവാസികൾ.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അന്നത്തെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് ഗവേഷണകേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവർത്തനം ഉദ്ഘാടനംചെയ്തത്. ആസ്പത്രി, ലൈബ്രറി, താളിയോല പഠനകേന്ദ്രം, നഴ്സറി ബ്ലോക്ക്, ചുറ്റുമതിൽ, റോഡ് എന്നിവയാണ് പൂർത്തിയാക്കിയതായി പറഞ്ഞിരുന്നത്. 1.60 ലക്ഷം ചതുരശ്രഅടിയിൽ 100 കിടക്കകളോടുകൂടിയ ആസ്പത്രിയും 19,000 ചതുരശ്രഅടിയിൽ താളിയോല കേന്ദ്രവും, 380 ചതുരശ്ര അടിയിൽ നഴ്സറി ബ്ലോക്കുമാണ് ഉദ്ഘാടനംചെയ്തത്. 36 ഏക്കറിലാണ് ഇതെല്ലാം പൂർത്തിയാക്കിയത്. ഗവേഷണകേന്ദ്രത്തിന്റെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. 300 കോടിയോളം രൂപ ചെലവിൽ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ ഗവേഷണകേന്ദ്രമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം.
ഗവേഷണ ലൈബ്രറി, മ്യൂസിയം, സ്റ്റാഫ് ക്വാർട്ടേഴ്സ്, തിയേറ്റർ എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതോടൊപ്പം ഗവേഷണകേന്ദ്രത്തിനുസമീപം 33 കെ.വി. സബ് സ്റ്റേഷൻ, രാജ്യാന്തരനിലവാരത്തിലുള്ള താമസ-യാത്രാ സൗകര്യങ്ങൾ എന്നിവയും ഇതിന്റെ തുടർച്ചയായിരുന്നു. ഔഷധസസ്യ ലഭ്യത, താമസസൗകര്യം, വിനോദസൗകര്യം തുടങ്ങി ഗവേഷണകേന്ദ്രത്തിന് അനുബന്ധമായി വൻ വികസനപദ്ധതികളും ഒന്നാംഘട്ട ഉദ്ഘാടനച്ചടങ്ങിൽ പ്രഖ്യാപിച്ചത് കൈയടിയോടെയാണ് ജനം സ്വീകരിച്ചത്.
ഉദ്ഘാടനം കഴിഞ്ഞു, കരാറുകാർ കൈയൊഴിഞ്ഞു
ഉദ്ഘാടനംകഴിഞ്ഞെങ്കിലും ഇപ്പോഴും ഒന്നാംഘട്ട നിർമാണം 75 ശതമാനത്തോളം മാത്രമേ പൂർത്തിയായിട്ടുള്ളൂ. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലമ്പിങ് പ്രവൃത്തികൾ തുടങ്ങിയിട്ടുപോലുമില്ല. പൂർത്തീകരിച്ച പ്രവൃത്തികൾക്കുള്ള പണം കിട്ടാത്തതിനാൽ കരാറുകാരൻ പ്രവൃത്തി പൂർണമായും കൈയൊഴിഞ്ഞനിലയിലാണ്. 314 ഏക്കറാണ് ഗവേഷണകേന്ദ്രത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ 286 ഏക്കറാണ് നിർമാണ പ്രവൃത്തിക്കായി കൈമാറിയത്. കിറ്റ്കോയാണ് പദ്ധതിയുടെ കൺസൾട്ടൻസി. ആദ്യഘട്ട പ്രവർത്തനം എറണാകുളത്തെ ശില്പ പ്രോജക്ടാണ് ഏറ്റെടുത്തത്.
പ്രദേശത്ത് റവന്യു വകുപ്പിന്റെ അധീനതയിലുള്ള നൂറേക്കറിലധികം ഭൂമിയാണ് പദ്ധതിക്കായി മാറ്റിവെച്ചത്. വ്യക്തികളിൽനിന്ന് 200-ഏക്കറിലധികവും ഏറ്റെടുത്തു. ആൾപ്പെരുമാറ്റം കുറഞ്ഞതോടെ ഗവേഷണകേന്ദ്രത്തിനുമുന്നിലെ പുൽത്തകിടിയും ഒന്നാംഘട്ട ഉദ്ഘാടനസമയത്ത് കൊണ്ടുവന്ന ചെടികളും ഔഷധസസ്യങ്ങളും കരിഞ്ഞുണങ്ങിത്തുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽനിന്ന് പടിയൂർ പൂവ്വം വഴി ഗവേഷണകേന്ദ്രത്തിലേക്കുള്ള റോഡും കാൽനടയ്ക്കുപോലും പറ്റാത്തവിധം തകർന്നിരിക്കുകയുമാണ്.