ദൈവം കൂടെയുള്ളപ്പോൾ നാം എന്തിന് ഭയപ്പെടണം -ജോസഫ് പാംപ്ലാനി

മയ്യഴി : മാറ്റമില്ലാത്തവനായി ദൈവം കൂടെയുള്ളപ്പോൾ നാം എന്തിന് ഭയപ്പെടണമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വിശുദ്ധ അമ്മ ത്രേസ്യായുടെ നാമധേയത്തിലുള്ള ബസിലിക്ക തിരുനാൾ ആഘോഷങ്ങളുടെ നാലാംദിനത്തിൽ നടന്ന തിരുകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഡയസ് തുരുത്തിപ്പള്ളി, ഫാ. ജിൻസ് പ്ലാവ് നിൽക്കുന്ന പറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു.

വൈകീട്ട് സെമിത്തേരി റോഡ് ജങ്ഷനിൽ ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ നേതൃത്വത്തിൽ പിതാവിന് സ്വീകരണം നൽകി. സഹവികാരി ഫാ. ബിനോയ് എബ്രഹാം, പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ ഷിബു, ജോയിൻറ് സെക്രട്ടറി മോനിഷ അനൂപ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, സമിതിയംഗങ്ങൾ, ഇടവകജനങ്ങൾ എന്നിവർ സംബന്ധിച്ചു. ആഘോഷ ദിവ്യബലിക്കുശേഷം വിശുദ്ധ അമ്മ ത്രേസ്യായുടെ അദ്‌ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നൊവേനയും പരിശുദ്ധ കുർബാനയുടെ ആശിർവാദവും നടന്നു. ഒൻപതിന് വൈകീട്ട് ആറിന് ഫാ. ആന്റണി പാലിയത്തറയുടെ മുഖ്യകാർമികത്വത്തിൽ സാഘോഷ ദിവ്യബലി അർപ്പിക്കും.

14-ന് തിരുനാൾ ജാഗരത്തിൽ വൈകീട്ട് 5.30-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് അതിരൂപത വികാരി ജനറൽ ഡോ. ജെൻസൻ പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. 15-ന് പുലർച്ചെ ഒന്നുമുതൽ രാവിലെ ആറുവരെ ശയനപ്രദക്ഷിണം നടക്കും.