ബസും വാനും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്

മട്ടന്നൂർ : പഴശ്ശിയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. മട്ടന്നൂരിൽനിന്ന് തലശ്ശേരിയിലേക്ക് പോകുന്ന മൂൺഷാ ബസും കൂത്തുപറമ്പ് ഭാഗത്തുനിന്ന് കരിക്കോട്ടക്കരിയിലേക്ക് പോകുന്ന വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ എടൂർ, കരിക്കോട്ടക്കരി സ്വദേശികളായ ജോജു (36), അനിൽ (31), ബാബു (52), വിജേഷ് (35) എന്നിവരെ കണ്ണൂരിലെ ആസ്പത്രികളിലും ബൈജു (47), ഷിബു (44) എന്നിവരെ ഉരുവച്ചാലിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി ഏഴോടെ പഴശ്ശിവളവിലായിരുന്നു അപകടം. ജോലികഴിഞ്ഞ് വാനിൽ മടങ്ങുകയായിരുന്ന നിർമാണത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വാൻ പൂർണമായി തകർന്നു. വാൻ ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസുമായി ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മട്ടന്നൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി.