ജില്ലാ സ്‌കൂൾ കലോത്സവം: തലശ്ശേരിയിൽ ഒരുക്കം തുടങ്ങി

ജില്ലാകലോത്സവം രജിസ്ട്രേഷൻ തലശ്ശേരി നഗരസഭാ ചെയർമാൻ കാരായിചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു
ജില്ലാകലോത്സവം രജിസ്ട്രേഷൻ തലശ്ശേരി നഗരസഭാ ചെയർമാൻ കാരായിചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു

തലശ്ശേരി: ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ തലശ്ശേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിനുള്ള ഒരുക്കം പുരോഗമിക്കുന്നു. പന്തൽ നിർമാണം തുടങ്ങി. രജിസ്‌ട്രേഷൻ ശനിയാഴ്ച ബി.ഇ.എം.പി. സ്‌കൂളിൽ നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

ടി.പി. അബ്ദുറഹിമാൻ അധ്യക്ഷനായി. തലശ്ശേരി ഡി.ഇ.ഒ. എം.പി. ജീവ, വി.വി. ഉസ്മാൻ, പി. ബഷീർ, സി.വി. അബ്ദുൾ ജലീൽ, സുനീർ എന്നിവർ സംസാരിച്ചു.

വിളംബരഘോഷയാത്ര തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തുടങ്ങും. 18 വേദികളിലായി 319 ഇനങ്ങളിൽ 15 ഉപജില്ലകളിൽനിന്ന് 10,680 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി വിദ്യാഭ്യാസ ജില്ലകളിൽനിന്ന് 400 അപ്പീൽ വന്നതിൽ 84 എണ്ണം അനുവദിച്ചു.

ആദ്യദിനം രചനാമത്സരങ്ങളോടൊപ്പം ഉദ്ഘാടനസമ്മേളനവും നൃത്ത ഇനങ്ങളും നടക്കും. ചൊവ്വാഴ്ച ബ്രണ്ണൻ ട്രെയിനിങ് കോളേജിൽ ഭിന്നശേഷി കുട്ടികളുടെ കലാപരിപാടി അരങ്ങേറും. ഹൈസ്‌കൂൾ, എച്ച്.എസ്.എസ്. വിഭാഗം ഭരതനാട്യം, ഇരുളനൃത്തം, വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, പൂരക്കളി, ബാൻഡ്‌മേളം എന്നിവ ആദ്യദിനം വിവിധ വേദികളിൽ നടക്കും. സാഹിത്യ-സാംസ്‌കാരിക മേഖലയിലെ മൺമറഞ്ഞ പ്രതിഭകളുടെ പേരിലാണ് വേദികൾ. എഡ്വേർഡ് ബ്രണ്ണൻ, ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ഹെർമൻ ഗുണ്ടർട്ട്, എരഞ്ഞോളി മൂസ, കീലേരി കുഞ്ഞിക്കണ്ണൻ, ഒ. അബു, ഒ. ചന്തുമേനോൻ, ശേഷഗിരി പ്രഭു, ഊരാച്ചേരി ഗുരുനാഥൻ, സി.വി. ബാലൻ നായർ, കെ. രാഘവൻ മാസ്റ്റർ, മൂർക്കോത്ത് കുമാരൻ, കെ.എം. കുഞ്ഞുലക്ഷ്മി കെട്ടിലമ്മ, വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, കുഞ്ഞായൻ മുസ്‌ലിയാർ, ഇ.കെ. ജാനകിയമ്മാൾ, സഞ്ജയൻ എന്നിവരുടെ പേരുകളിലാണ് വേദികൾ. ഗവ. ബ്രണ്ണൻ, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്., ബി.ഇ.എം.പി., സെയ്ന്റ് ജോസഫ്സ്, ജി.വി.എച്ച്.എസ്.എസ്. ചിറക്കര, ജി.എച്ച്.എസ്.എസ്. തിരുവങ്ങാട്, മുബാറക്ക് എച്ച്.എസ്.എസ്., വലിയമാടാവിൽ, കുഞ്ഞാംപറമ്പ യു.പി., ജി.ജി.എച്ച്.എസ്.എസ്. തിരുവങ്ങാട് എന്നിവിടങ്ങളിലാണ് മത്സരവേദികൾ. ഗവ. ടൗൺ എച്ച്.എസ്., ഗവ. എൽ.പി. എന്നിവിടങ്ങളിലാണ് ഭക്ഷണശാല.

ചൊവ്വാഴ്ച 10-ന് ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ മുഖ്യാതിഥിയാകും. ഡിസംബർ അഞ്ചിന് വൈകിട്ട് നാലിന് സമാപന സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ആർ.ഡി.ഡി. എ.കെ. വിനോദ്കുമാർ, ഡി.ഡി.ഇ. സൂപ്രണ്ട് കെ.പി. പ്രജീഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ യു.കെ. ബാലചന്ദ്രൻ, മീഡിയ കമ്മിറ്റി കൺവീനർ സി. ഷാജി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സി.കെ. ഷക്കീർ, ഭക്ഷണകമ്മിറ്റി കൺവീനർ കെ.സി. സുധീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: Preparations are in full swing for the Kannur revenue district school arts festival to be held in Thalassery from December 1 to 5.