അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല; ഇരിട്ടി താലൂക്ക് ആശുപത്രിയിലെ മാതൃ-ശിശു വാർഡ് അടഞ്ഞുതന്നെ

ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ മാതൃ-ശിശുവാർഡിനായി നിർമിച്ച കെട്ടിടം
ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ മാതൃ-ശിശുവാർഡിനായി നിർമിച്ച കെട്ടിടം

ഇരിട്ടി: ‘ആർദ്രം ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ 3.19 കോടി രൂപ ചെലവഴിച്ച് ഒരുക്കിയ മാതൃ-ശിശു വാർഡ് എട്ടുവർഷം പിന്നിട്ടിട്ടും പ്രവർത്തനസജ്ജമായില്ല. താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും മാതൃ-ശിശു വാർഡ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഗൈനക്കോളജി തസ്തിക ഉടൻ അനുവദിക്കുമെന്നും മന്ത്രിതല അവലോകന യോഗത്തിൽ തീരുമാനമായിരുന്നെങ്കിലും തുടർനടപടികൾക്ക് വേഗം കൈവന്നിട്ടില്ല. ആരോഗ്യമന്ത്രി കെ. മുരളീധരനും സ്ഥലം എം.എൽ.എ. കൂടിയായമന്ത്രി സണ്ണി ജോസഫും പങ്കെടുത്ത തിരുവനന്തപുരത്തെ അവലോകന യോഗത്തിലാണ് ഇരിട്ടി താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടായത്. എട്ടുവർഷമായി അവഗണിക്കപ്പെട്ട ആശുപത്രിക്ക് മന്ത്രിതല ചർച്ച വലിയ പ്രതീക്ഷ നൽകിയിരുന്നു. വർഷങ്ങൾക്കുശേഷം താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിക്കുമെന്ന പ്രതീക്ഷയും ഇതോടെ ശക്തമായി. എന്നാൽ യോഗത്തിനുശേഷം തുടർനടപടികൾ മന്ദഗതിയിലായതോടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.
   എട്ടുവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. അനസ്തീസ്യസ്റ്റിന്റെയും ഗൈനക്കോളജിയുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാലാണ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയാ വിഭാഗം ആരംഭിക്കാൻ കഴിയാത്തത്. ആദിവാസി പുനരധിവാസ മേഖലയിലെ പ്രധാന ചികിത്സാകേന്ദ്രമെന്ന പരിഗണനയിൽ വലിയ കെട്ടിടവും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയെങ്കിലും അവ ഉപയോഗപ്പെടുത്താനാകാത്ത സ്ഥിതിയാണ്. 2017 ഓഗസ്റ്റ് 28-ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് മാതൃ-ശിശു വാർഡ് ഉദ്ഘാടനം ചെയ്തത്. ആറുമാസത്തിനകം പ്രസവചികിത്സ ആശുപത്രിയിൽ യാഥാർഥ്യമാക്കുമെന്നായിരുന്നു അന്ന് നൽകിയ വാഗ്ദാനം. എന്നാൽ മാസങ്ങളും വർഷങ്ങളും പിന്നിട്ടിട്ടും പ്രസ ചികിത്സ ആരംഭിച്ചില്ല. പ്രസവ ശസ്ത്രക്രിയാ വിഭാഗത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിക്കാതെ കിടക്കുന്നതിനാൽ പലതും തുരുമ്പെടുത്തും പൊടിയും മാറാലയും പിടിച്ചും നശിക്കുന്ന നിലയിലാണ്.ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ തസ്തികകളുണ്ടെങ്കിലും ഇരുവരും അവധിയിലാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പ്രസവ ചികിത്സാവിഭാഗം ആരംഭിക്കുന്നതോടൊപ്പം രണ്ട് ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കേണ്ടതുണ്ട്. കുട്ടികളുടെ വിഭാഗവും ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
        മാതൃ-ശിശു വാർഡിലേക്ക് ഇപ്പോൾ ആരും എത്തിനോക്കാത്ത സ്ഥിതിയാണ്. ആശുപത്രിയുടെ ഒ.പി. വിഭാഗത്തിന്റെ ഒന്നാം നിലയിലാണ് വാർഡിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇവിടേക്കുള്ള ഗേറ്റ് പൂട്ടിയ നിലയിലാണ്. തറയാകെ പൊടിപിടിച്ചുകിടക്കുന്നു. പ്രതിദിനം 200 മുതൽ 500 വരെ രോഗികൾ എത്തുന്ന താലൂക്ക് ആശുപത്രിയുടെ പൊതുവായ അവസ്ഥയും ദയനീയമാണ്. കോടികൾ ചെലവഴിച്ച് കെട്ടിടം നിർമിച്ച് പൂട്ടിയിടാനായിരുന്നോ എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്.
കാരുണ്യ ഫാർമസിയും തുടങ്ങിയില്ല
  ആശുപത്രിയിൽ കാരുണ്യ ഫാർമസി അനുവദിക്കുമെന്ന മുൻസർക്കാരിന്റെ പ്രഖ്യാപനവും യാഥാർഥ്യമായില്ല. 300 ചതുരശ്രയടി വിസ്തീർണമുള്ള മുറി ഒരുക്കിയാൽ കാരുണ്യ ഫാർമസി അനുവദിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഇതും നടപ്പാകാത്ത പ്രഖ്യാപനങ്ങളുടെ കൂട്ടത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.ആശുപത്രിയിൽ രക്തബാങ്കും മറ്റ് അനുബന്ധ സംവിധാനങ്ങളും ഇനിയും പൂർണതയിലെത്തിയിട്ടില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിയിൽ നടപ്പാക്കേണ്ട 64 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളും ഇഴഞ്ഞുനീങ്ങുകയാണ്.