വെളളിയാംപറമ്പിൽ മാലിന്യം തള്ളിയ സ്ഥലത്ത് പരിശോധന നടത്തി

വെള്ളിയാംപറമ്പിൽ ചാക്കിൽ തള്ളിയ മാലിന്യം  പഞ്ചായത്ത് അധികൃതർ പരിശോധിക്കുന്നു
വെള്ളിയാംപറമ്പിൽ ചാക്കിൽ തള്ളിയ മാലിന്യം പഞ്ചായത്ത് അധികൃതർ പരിശോധിക്കുന്നു

മട്ടന്നൂർ: വെള്ളിയാംപറമ്പ് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് പിൻവശത്ത് സ്വകാര്യ ഭൂമിയിൽ ചാക്കിൽ കെട്ടി മാലിന്യം തള്ളിയസ്ഥലത്ത് കീഴല്ലൂർ പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി.

സ്ഥിരംസമിതി ചെയർമാൻ കെ.കെ. പ്രഭാകരൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എ.എൻ. ദിജിൽ എന്നിവരാണ് സ്ഥലത്ത് പരിശോധന നടത്തിയത്‌. പരിശോധനയിൽ മാലിന്യം പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിൽ നിന്നുള്ളതല്ല എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വിവരം ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന് കൈമാറി.

തുടർന്ന് സ്ക്വാഡ് അംഗങ്ങളായ പി.എസ്. പ്രവീൺ, കെ.ആർ. അജയകുമാർ, ഷാലി ഷൗക്കത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് തുടർപരിശോധന നടത്തി. പരിശോധനയിൽ കണ്ണൂർ റാബി ടവറിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മാലിന്യമാണ് ഇവിടെ തള്ളിയതെന്ന് തെളിവ് സഹിതം കണ്ടെത്തി.

മാലിന്യം തള്ളിയ വാഹനത്തെക്കുറിച്ചുള്ള വിവരവും പരിശോധനയിൽ ലഭിച്ചു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി ഡ്രൈവറെ ജില്ലാ എൻഫോഴ്സ്‌മെന്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി.

ഇത്തരത്തിൽ മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സി.സജീവൻ നിർദേശം നൽകി.

Content Highlights: Keezhallur panchayat and enforcement squad inspected an illegal waste dumping site in Velliyamparamba and identified waste dumped from Kannur establishments.