തെയ്യങ്ങള്‍ക്കും പറയാനുണ്ട് പുരാവൃത്തങ്ങള്‍ | തെയ്യക്കാലം-04

മനുഷ്യന് ദൈവത്തിന്റെ പ്രതിപുരുഷനാവുന്ന തെയ്യങ്ങള്‍ക്ക് പറയാന്‍ കഥകളുമുണ്ട്. തെയ്യത്തിന് ചരിത്രമുണ്ടോ എന്ന് ചോദിച്ചേക്കാം. പക്ഷേ പറയുന്നത് തെയ്യങ്ങളെക്കുറിച്ചാവുമ്പോള് അവ പുരാവൃത്തങ്ങളാവുന്നു. തെയ്യങ്ങളില്‍ വലിയൊരു വിഭാഗവും ഭഗവതികളാണ്. വ്യത്യസ്ത പേരുകളും പ്രാദേശികമായ വൈവിധ്യങ്ങളുമുള്ള ഇവയെല്ലാം കാളീസങ്കല്പത്തിലുള്ളതാണ്. ദാരികാസുരനെ വധിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ജനിച്ച കാളിയുടെ മറ്റൊരു രൂപമായ തായ്പരദേവതയാണ് ഇതില്‍ പ്രധാനം. കോലത്തിരി രാജാക്കന്മാരുടെ പ്രധാന ആരാധനാമൂര്‍ത്തിയും തായ്പരദേവത തന്നെ. മാടായിക്കാവലച്ചി, കളരിവാതുക്കല്‍ ഭഗവതി, കോലസ്വരൂപത്തിങ്കല്‍ തായ് എന്നിങ്ങനെയെല്ലാം വിവിധ പേരുകളില്‍ വിവിധ സ്ഥാനങ്ങള്‍ ഈ പരദേവതയെ കെട്ടിയാടുന്നു.
വ്യത്യസ്തമായ ഏതാനും ചില തെയ്യങ്ങളും അവയുടെ പുരാവൃത്തങ്ങളും പരിശോധിക്കാം.
1. പുതിയ ഭഗവതി
ഹോമകുണ്ഡത്തില്‍ നിന്നും ജനിച്ച ദേവതയാണ് പുതിയ ഭഗവതിയെന്ന് ഏറ്റവും ലളിതമായി പറയാം. പരമശിവന്റെ മൂന്നാം കണ്ണില്‍ നിന്ന് ഉത്ഭവിച്ച ദേവതമാരാണ് ചീറുമ്പമാര്‍. ഈ രണ്ട് മക്കളെയും വാരിയെടുത്ത ശിവന് വസൂരി പിടിപെടുന്നു. ഇരുമക്കളെയും മേലുലകത്തില് നിര്‍ത്തരുതെന്ന് കരുതി, അവര്‍ക്ക് പൊന്‍ചിലമ്പും തേരും നല്കി കീഴുലകത്തിലേക്ക് പറഞ്ഞയയ്ക്കുന്നു. പക്ഷേ മേലുലകത്തില് രോഗശാന്തിയുണ്ടായില്ല. പരമശിവന്റെ വസൂരി കലശലായി. പട്ടേരിമാര്‍ക്കും രോഗം പിടിപെട്ടു. പരിഹാരമായി മൂത്ത പട്ടേരി നടത്തിയ ഹോമത്തിനൊടുവില്‍ നാല്പത്തിയൊന്നാം ദിവസം ഹോമകുണ്ഡത്തില്‍ നിന്ന് ഒരു പൊന്മകള് പൊടിച്ചുണ്ടായി. അതാണ് പുതിയ ഭഗവതി.
തന്നെ സൃഷ്ടിച്ചതെന്തിനാണെന്ന് അവള് ശ്രീമഹാദേവന്റെ മുന്നില്‍ ചെന്ന് ചോദിച്ചു. തന്റെ തൃക്കുരിപ്പും വസൂരിയും 'തടവിപ്പിടിച്ച് ഗുണപ്പാടുവരുത്താനാണ് തോറ്റി'യതെന്ന് ഭഗവാന് അരുളിച്ചെയ്തു. രോഗശമനം വരുത്തണമെങ്കില്‍ ആദ്യം അവളുടെ ദാഹം തീര്‍ക്കണം. അതിനായി കോഴിയും കുരുതിയും നല്കി. ശേഷം ആ മകള്‍ പരമശിവന്റെ തിരുമുഖത്തെ മണിക്കുരിപ്പും മാറിലെ വസൂരിയും തടവിയൊഴിച്ചു. പട്ടേരിമാരുടെ രോഗവും മാറി.
ഇതേസമയം, കീഴുലകത്തില് മഹാരോഗം വാരിവിതറുകയാണ് ചീറുമ്പ സഹോദരിമാര്‍. ഇതിന് പരിഹാരമുണ്ടാക്കണമെന്ന മഹാദേവന്റെ നിര്‍ദേശപ്രകാരം പുതിയഭഗവതി കീഴുലകത്തിലേക്ക് യാത്രതിരിച്ചു. തൃക്കണ്യാക്കൊടിമരത്തിന്റെ കീഴില്‍ വച്ച് മൂവരും കണ്ടുമുട്ടി. തന്റെ കോലം കെട്ടിയാടിക്കാന്‍ പുതിയഭഗവതി കോലത്തിരി രാജാവിന് സ്വപ്നത്തില്‍ ദര്‍ശനം നല്‍കിയതുപ്രകാരം പുതിയഭഗവതിയെ കെട്ടിയാടിക്കാന്‍ തുടങ്ങി.
2. കതിവന്നൂര്‍ വീരന്
ഉത്തരമലബാറിലെ തീയ്യരുടെയും കാവുതീയ്യരുടെയും ആരാധനാമൂര്‍ത്തിയാണ് കതിവന്നൂര്‍ വീരന്. നിശ്ചിതസ്ഥാനങ്ങളിലല്ലാതെ നേര്‍ച്ച കൂട്ടല്‍ എന്ന പ്രാര്‍ത്ഥനയായും കതിവന്നൂര്‍ വീരനെ കെട്ടിയാടിക്കാറുണ്ട്.
മന്ദപ്പന് എന്നൊരു പേരുകൂടിയുണ്ട് കതിവന്നൂര്‍ വീരന്. വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവരാണ് കോലം കെട്ടുന്നത്. മാങ്ങാട് മന്ദപ്പന് എന്ന വീരപുരുഷനാണ് കതിവന്നൂര്‍ വീരനായിത്തീര്ന്നത്. ചെറുപ്പത്തില്‍ തന്നെ മന്ദപ്പന് വിദ്യകളെല്ലാം പഠിച്ചു. എന്നാല്‍ മുതിര്‍ന്നിട്ടും കൂട്ടുകാരോടൊപ്പം കളിച്ചുരസിച്ചു നടന്ന മന്ദപ്പന് സ്വന്തം വീട്ടില്‍ പിതാവ് ഭക്ഷണം വിലക്കി. എങ്കിലും അമ്മ അവന് രഹസ്യമായി ചോറുകൊടുത്തിരുന്നു. ഇതറിഞ്ഞ പിതാവ് മന്ദപ്പന്റെ വില്ല് ചവിട്ടിപ്പൊട്ടിച്ചു. കുപിതനായ മന്ദപ്പന് അതോടെ വീടുവിട്ടിറങ്ങി. ഇവിടെ മുത്തപ്പന്റെ പുരാവൃത്തവുമായി കഥയ്ക്ക് സാമ്യം കാണാം.
കുടകുമലയിലേക്ക് കച്ചവടത്തിന് പോകുന്ന ചങ്ങാതികളോടൊപ്പം കൂടിയ മന്ദപ്പനെ അവര്‍ മദ്യം കൊടുത്ത് കിടത്തി ചതിച്ചു. മന്ദപ്പന് ഉണര്‍ന്നപ്പോഴേക്കും അവര്‍ പോയിക്കഴിഞ്ഞിരുന്നു. മുന്നോട്ടുതന്നെ നടന്ന അവന് കതിവന്നൂരെത്തി അവിടെയുള്ള തന്റെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയും ചെയ്തു.
അമ്മായിയുടെ ഉപദേശപ്രകാരം എണ്ണക്കച്ചവടം തുടങ്ങിയ മന്ദപ്പന് കാലം കടന്നുപോയപ്പോള്‍ ചെമ്മരത്തി എന്ന സുന്ദരിയെ വിവാഹം കഴിച്ചു. ചെമ്മരത്തിയുടെ വീട്ടില്‍ത്തന്നെയായിരുന്നു മന്ദപ്പന്റെ താമസം. ഒരു ദിവസം എണ്ണ വില്ക്കാന് പോയ മന്ദപ്പന് രാത്രി വീട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാകട്ടെ ചെമ്മരത്തി അവനെ ഗൗനിച്ചുമില്ല. ഊണുകഴിക്കാനിരുന്ന അവന് ശകുനപ്പിഴകള്‍ കണ്ടു. അപ്പോഴേക്കും മുത്താര്‍മുടി കുടകരുടെ പടവിളിയും കേട്ടു. മന്ദപ്പന് ഉടന്‍തന്നെ പടയ്ക്ക് പുറപ്പെട്ടു. കുടകരുമായുള്ള യുദ്ധത്തില്‍ മന്ദപ്പന് ജയിച്ചെങ്കിലും അവന്റെ ചെറുവിരലും പീഠമോതിരവും നഷ്ടപ്പെട്ടു. ആ നിലയില്‍ വീട്ടിലേക്ക് മടങ്ങാന്‍ അഭിമാനിയായ മന്ദപ്പന് ഇഷ്ടപ്പെട്ടില്ല. പടക്കളത്തിലേക്കുതന്നെ മടങ്ങിയ അവനെ ഒളിച്ചിരുന്ന ശത്രുക്കള്‍ വെട്ടിനുറുക്കി. ഭര്‍ത്താവിന്റെ മരണവാര്‍ത്ത ചെമ്മരത്തി വീട്ടിലിരുന്നറിഞ്ഞു.
മന്ദപ്പന്റെ ചെറുവിരലും പീഠമോതിരവും വീട്ടുമുറ്റത്തെ കദളിവാഴമേല് വീഴുന്നതായി ചെമ്മരത്തിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ അവളും അമ്മാവനും അമ്മാവന്റെ മകനായ അണ്ണക്കനും പടക്കളത്തിലെത്തുകയും മന്ദപ്പന്റെ മൃതശരീരം ദഹിപ്പിക്കുകയും ചെയ്തു. ആ ചിതയില്‍ ചാടി ചെമ്മരത്തിയും മരിച്ചു. ശവദാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ പുഴവക്കില്‍ ദൈവക്കരുവായി മാറിയ മന്ദപ്പനേയും ചെമ്മരത്തിയേയും അണ്ണക്കന് കണ്ടു. വെളിപാടുണ്ടായ അണ്ണക്കണ്ണന് ഉറഞ്ഞുതുള്ളി മന്ദപ്പന്റെ കോലം കെട്ടിയാടിക്കണമെന്ന് പറഞ്ഞു. അങ്ങനെയാണ് കതിവന്നൂര്‍ വീരന് എന്നപേരില്‍ മന്ദപ്പന്റെ കോലം കെട്ടിയാടിക്കാന്‍ തുടങ്ങിയത്. കതിവന്നൂര്‍ വീരന്റെ കോലത്തിനൊപ്പം ചെമ്മരത്തിക്കും സ്ഥാനമുണ്ട്. എന്നാല്‍ കോലം കെട്ടിയാടാറില്ല. പകരം ചെമ്മരത്തിയെ സങ്കല്പിച്ച് ഒരു തറയാണുണ്ടാവുക. ഈ തറയില്‍ വാഴപ്പോളകള്‍ കൊണ്ടുള്ള കളങ്ങള്‍ തീര്‍ത്ത് കോത്തിരികള് കത്തിച്ചുവെയ്ക്കും.
3. മുച്ചിലോട്ട് ഭഗവതി
ജ്വാലാമുഖിയെന്നും ഭുവനേശ്വരിയെന്നും അറിയപ്പെടുന്ന ശക്തിസ്വരൂപിണിയായാണ് മുച്ചിലോട്ട് ഭഗവതിയെ സങ്കല്പിച്ചിരിക്കുന്നത്. ബ്രഹ്മ- വൈഷ്ണവ ശൈവ ഭാവങ്ങളോടുകൂടിയ ഈ ദേവി സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് അധിദേവതയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉത്തരകേരളത്തിലെ വാണിയ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയാണ് ഈ ഭഗവതി. മുച്ചിലോട്ട് ഭഗവതിയേക്കുറിച്ചുള്ള കഥ ഇങ്ങനെ:
പെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ രയരമംഗലത്ത് മനയില്‍ വിദുഷിയായ ഒരു കന്യക ഉണ്ടായിരുന്നു. വിജ്ഞാനസദസ്സുകളില്‍ അവളെ ജയിക്കാന്‍ മഹാപണ്ഡിതന്മാര്ക്കു പോലും സാധിച്ചിരുന്നില്ല. അസൂയ മൂത്ത ചില പണ്ഡിതന്മാര് അവളെ സമുദായത്തില്‍ നിന്നും ഭ്രഷ്ട് കല്പ്പിക്കാന് ഒരു മാര്‍ഗം കണ്ടെത്തി. ഒരു വിദ്വല്‍ സദസ്സില്‍ വച്ച് രസങ്ങളില്‍ ഏറ്റവും പ്രധാനമേതെന്നും വേദനകളില്‍ ഏറ്റവും വലുതേതെന്നും അവളോട് ചോദ്യമുന്നയിച്ചു. രസങ്ങളില്‍ ഏറ്റവും പ്രധാനം ശൃംഗാരമാണെന്നും വേദനകളില്‍ ഏറ്റവും വലുത് പ്രസവവേദനയാണെന്നുമായിരുന്നു ആ പെണ്‍കുട്ടിയുടെ ഉത്തരം. അനുഭവിച്ചറിയാതെ ഇങ്ങനെ ഉത്തരം പറയാന്‍ കഴിയില്ലെന്നും അതുകൊണ്ട് ഇവള് കന്യകയല്ലെന്നും സമുദായത്തില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ വിധിയെഴുതി.
വീട്ടില്‍ നിന്നും സമുദായത്തില്‍ നിന്നും പുറത്താക്കപ്പെട്ട അവള് ആത്മാഹുതി ചെയ്യാന്‍ തീരുമാനിച്ചു. ശിവഭക്തയായ ആ പെണ്‍കുട്ടി കരിവെള്ളൂര്‍ ക്ഷേത്രത്തിലും രയരമംഗലത്ത് ക്ഷേത്രത്തിലും കുളിച്ചുതൊഴുതശേഷം വഴിവക്കില്‍ അഗ്നികുണ്ഡമൊരുക്കി. അതുവഴി എണ്ണയുമായി പോകുകയായിരുന്ന മുച്ചിലോടന് വാണിയനോട് എണ്ണ തീയില്‍ ഒഴിക്കാന്‍ അപേക്ഷിച്ചു. ഇവിടെ വേറൊരു കാര്യം കൂടി ചേര്ത്തുപറയട്ടേ. എണ്ണയാട്ടി വില്‍ക്കുകയാണ് വാണിയ സമുദായത്തിന്റെ കുലത്തൊഴില്‍. വാണിയന്‍ അവളുടെ അന്ത്യാഭിലാഷം നിറവേറ്റിക്കൊടുത്തു. കന്യക അഗ്നി പ്രവേശം ചെയ്തു. അവിടെ നിന്ന് മടങ്ങിയ വാണിയന്റെ പാത്രത്തില്‍ എണ്ണ നിറഞ്ഞുകിടക്കുന്നത് കണ്ടു. വീട്ടിലെത്തിയപ്പോള്‍ കിണറ്റില്‍ ഒരു ദിവ്യരൂപം കാണുകയും ചെയ്തു. രാശിവച്ചു നോക്കിയപ്പോള്‍ ആ കന്യക ഭഗവതിയായി മാറിയതായി മനസ്സിലായി. ഭഗവതിക്ക് കളിയാട്ടവും നിശ്ചയിക്കപ്പെട്ടു. അങ്ങനെ മുച്ചിലോടന് വാണിയനും കുടുംബവും ആരാധിച്ചുതുടങ്ങിയതുകൊണ്ട് മുച്ചിലോട്ട് ഭഗവതി എന്ന പേരുവന്നു. ഭഗവതി പിന്നീട് വാണിയരുടെ കുലദേവതയായും മാറി.
ആരൂഢസ്ഥാനമായ കരിവെള്ളൂരടക്കം പതിനേഴ് നാടുകളില്‍ പതിനെട്ട് സ്ഥാനങ്ങളാണ് മുച്ചിലോട്ട് ഭഗവതിക്കുള്ളത്. പിന്നീട് വാണിയസമുദായമുള്ളിടത്തെല്ലാം അനേകം സ്ഥാനങ്ങളുണ്ടായി. പ്രാക്കഴുത്ത് എന്നാണ് മുച്ചിലോട്ട് ഭഗവതിയുടെ മുഖത്തെഴുത്ത് അറിയപ്പെടുന്നത്. വലിയ വട്ടമുടിയും അരച്ചമയങ്ങളും മാര്വട്ടവുമൊക്കെയായി വര്ണോജ്വലമാണ് മുച്ചിലോട്ട് ഭഗവതിയുടെ കോലം. പെരുവണ്ണാന് സമുദായത്തില്‍ പെട്ടവരാണ് ഈ കോലം കെട്ടിയാടുന്നത്.
4. വിഷ്ണുമൂര്‍ത്തി
നരസിംഹാവതാരത്തെ പ്രതിനിധീകരിക്കുന്ന തെയ്യമാണ് വിഷ്ണുമൂര്‍ത്തി. പാലന്തായി കണ്ണന് എന്ന തീയ്യ യുവാവിനൊപ്പം തുളുനാട്ടില്‍ നിന്ന് (മംഗലാപുരം) നീലേശ്വരത്തെത്തിയെന്നാണ് തോറ്റത്തില്‍ പറയുന്നു. വിഷ്ണുമൂര്‍ത്തി നരസിംഹമൂര്‍ത്തി മാത്രമല്ല, ചാമുണ്ഡിയും കൂടിയാണെന്ന പ്രത്യേകതയുണ്ട്. തെയ്യങ്ങളില്‍ സൗന്ദര്യത്തിന്റെ നിറഭാവമാണ് വിഷ്ണുമൂര്‍ത്തി.
വിഷ്ണുമൂര്‍ത്തി തെയ്യത്തിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് പാലന്തായി കണ്ണന് എന്ന കീഴാള യുവാവിന്റെ രക്തഗന്ധമുള്ള കഥ. നീലേശ്വരത്തുള്ള കുറുവാട്ട് കുറുപ്പിന്റെ വീട്ടുവേലക്കാരനായിരുന്നു പാലന്തായി കണ്ണന് എന്ന യുവാവ്. ഒരു ദിവസം കുറുപ്പിന്റെ വീട്ടുവളപ്പിലെ മാവില്‍ കയറി മാമ്പഴം കഴിക്കുകയായിരുന്ന കണ്ണന്റെ കൈയില്‍ നിന്ന് മാങ്ങ താഴെ വീണത് അതുവഴി പോകുകയായിരുന്ന കുറുപ്പിന്റെ അനന്തിരവളുടെ ദേഹത്തായിരുന്നു. ഈ വിവരം മൂത്തകുറുപ്പ് അറിഞ്ഞാലുള്ള ഭവിഷ്യത്ത് ഓര്‍ത്ത് ഭയന്ന കണ്ണന് നാടുവിട്ടു. അങ്ങനെയാണ് അവന് മംഗലാപുരത്തെത്തിയത്. മംഗലാപുരം കുറുപ്പാടിയില് അവന് ജോലിക്കാരനായി നിന്ന വീട്ടിലെ പരദേവത വിഷ്ണുമൂര്‍ത്തിയായിരുന്നു. വിഷ്ണുമൂര്ത്തിയുടെ തികഞ്ഞ ഭക്തനായിത്തീര്‍ന്ന കണ്ണന് നാട്ടിലേക്ക് പോകണമെന്ന ആഗ്രഹമുണ്ടായി. ഒരിക്കല്‍ അവന് ഒരു സ്വപ്നം സ്വപ്നം കണ്ടു. ചുരികയായിരുന്നു സ്വപ്നത്തില്‍. ഉണര്‍ന്നപ്പോള്‍ ചുരിക തുള്ളിക്കളിക്കുന്നതായി കണ്ടു. അവന് ചുരികയും കുടയുമായി പുറപ്പെട്ടു. തറവാട്ടമ്മ സ്വയരക്ഷയ്ക്കായി ആയുധം കണ്ണന് നല്‍കുകയായിരുന്നെന്നും പറയപ്പെടുന്നു.
പാലന്തായി കണ്ണന് നീലേശ്വരത്ത് തിരിച്ചെത്തിയ വാര്‍ത്ത അറിഞ്ഞ കുറുപ്പ് അവനെ ശിക്ഷിക്കാനായി ഓടിയെത്തി. കണ്ണന് കുളത്തില്‍ കുളിക്കുന്നതാണ് കുറുപ്പ് കണ്ടത്. ചുരികയും കുടയും കുളക്കടവില്‍ വച്ചിട്ടുണ്ടായിരുന്നു. കോപിഷ്ഠനായ കുറുപ്പ് ചുരികയെടുത്ത് കുളത്തിലെറിഞ്ഞു. വാള്‍കൊണ്ട് കണ്ണന്റെ തലയരിഞ്ഞു. എന്നാല്‍ കണ്ണന്റെ ചുരിക കുളത്തില്‍ തുള്ളിക്കളിക്കുന്നതാണ് കണ്ടത്. അതേസമയം കുറുപ്പിന്റെ വീട്ടിലുള്ളവര്‍ക്കെല്ലാം പല വിപത്തുകളും ദുര്ന്നിമിത്തങ്ങളും അനുഭവപ്പെട്ടു. തൊഴുത്തിലെ പശുക്കള്‍ തീക്കണ്ണുകളുമായി വീടിനുനേരെ കുതിച്ചെത്തി. രാശിവച്ചു നോക്കിയപ്പോള്‍ കണ്ണന്റെ കൂടെ ഒരു പരദേവത എഴുന്നള്ളിയിട്ടുണ്ടെന്നും കണ്ണനെ കൊന്നതില്‍ ആ ദേവതയ്ക്കുള്ള കോപമാണ് വിപത്തുകള്‍ക്ക് കാരണമെന്നും മനസ്സിലായി. മംഗലാപുരത്ത് നിന്ന് വരുമ്പോള്‍ കണ്ണന്റെ കയ്യിലുണ്ടായിരുന്ന ചുരികയിലേറി വിഷ്ണുമൂര്ത്തിയും അവനൊപ്പം യാത്രതിരിച്ചിരുന്നു. വിപത്തുകളകറ്റാന് പാലന്തായി കണ്ണന്റെയും കൂടെവന്ന വിഷ്ണുമൂര്‍ത്തിയുടെയും കോലങ്ങള്‍ കെട്ടിയാടണമെന്നും അങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ടു.
കൊടുംപിരിയവും കോയിപ്പൂവും എന്ന പേരിലുള്ള മുഖത്തെഴുത്താണ് ഈ തെയ്യത്തിന്റെ പ്രത്യേകത. നെഞ്ചോളമുള്ള കുരുത്തോല കൊണ്ടുള്ള ഒടയുമായി എഴുന്നെള്ളുന്ന വിഷ്ണുമൂര്ത്തിയുടെ വേഷം കാണേണ്ടതുതന്നെയാണ്. മേലേരിയില്‍ അതായത് കനല്‍കൂമ്പാരത്തില്‍ എടുത്തുചാടുന്ന തീച്ചാമുണ്ഡി (ഒറ്റക്കോലം) വിഷ്ണുമൂര്ത്തിതന്നെയാണ്.
5. വയനാട്ടുകുലവന്‍
വയനാട്ടുകുലവന്‍ പ്രപിതാമഹന് എന്ന അര്‍ത്ഥത്തിലുള്ള തൊണ്ടച്ചന് എന്നും പേരുണ്ട്. തീയ്യസമുദായത്തിന്റെ ആദിപിതാവായി സങ്കല്പിക്കപ്പെടുന്ന തെയ്യത്തെ ആദിതീയ്യന്‍ എന്നും വിളിച്ചുപോരുന്നു. കോലസ്വരൂപത്തിന്റെ അതായത് കോലത്തിരി രാജവംശത്തിന്റെ ആരാധനാമൂര്‍ത്തികളായ മുപ്പത്തെ വരില്‍ (35 തെയ്യങ്ങള്‍) ഒന്നാണ് വയനാട്ടുകുലവന്‍. കോലത്തിരി രാജവംശത്തിന്റെ പഴയ ആസ്ഥാനമായിരുന്ന വളപട്ടണം കോട്ടയുടെ സംരക്ഷകനാണ് ഈ തെയ്യം. ബാണാസുരന്റെ കോട്ടയ്ക്ക് കാവല്‍ നിന്ന ശ്രീപരമേശ്വരനാണ് വയനാട്ടുകുലവന്‍ എന്നാണ് സങ്കല്പം. പുരാവൃത്തമനുസരിച്ച് പരമശിവന്റെ അവതാരം തന്നെയാണ് ഈ ദൈവം.
ആ അവതാരകഥ ഇങ്ങനെയാണ്. ഒരിക്കല്‍ ശിവബീജത്തില്‍ നിന്നുരുവായ തേന്മകള് എന്ന വൃക്ഷത്തിന്റെ (തെങ്ങ്) മുരട്ടില്‍ നിന്നൊഴുകുന്ന മദ്യം കുടിച്ച് മദോന്മത്തനായ ശിവനെ കണ്ട് പാര്‍വ്വതി ഭയന്നു. ശിവനറിയാതെ പാര്‍വ്വതി കാട്ടില്‍ ചെന്ന് ആ വൃക്ഷത്തില്‍ നിന്നൊഴുകുന്ന മദ്യം കൈകൊണ്ടുതടവി വൃക്ഷത്തിന്റെ തലപ്പിലേക്കാക്കി. പതിവുപോലെ ശിവന് മധുപാനത്തിനായി ചെന്നപ്പോള്‍ വൃക്ഷത്തിന്റെ ചുവട്ടില്‍ മദ്യം ഒഴുകുന്നതായി കണ്ടില്ല. പാര്‍വ്വതിയുടെ സൂത്രമാണിതെന്ന് മനസ്സിലാക്കി, ക്രോധത്തോടെ ശിവന് തന്റെ വലതുതുടയില്‍ അടിച്ചു. തത്ഫലമായി 'ദിവ്യന്' എന്നുപേരായ പുത്രന് ഉണ്ടായി. വൃക്ഷത്തിലേറി മദ്യം എടുക്കാനായിരുന്നു ദിവ്യനോടുള്ള ആജ്ഞ. ഇതനുസരിച്ച് ദിവ്യന് വൃക്ഷത്തില്‍ കയറി മദ്യമെടുത്ത് നല്‍കുകയും ചെയ്തു. പിന്നീട് മലകളില്‍ നായാടി നടന്ന ദിവ്യനോട് കദളി എന്ന മധുവനത്തില്‍ നായാടരുതെന്ന് ശിവന് കല്പിച്ചു. എന്നാല്‍ ഒരിക്കല്‍ ദിവ്യന് അറിയാതെ കദളി മധുവനത്തില്‍ പ്രവേശിക്കുകയും ശിവനുവേണ്ടി തയ്യാറാക്കിവച്ച നൂറ്റെട്ട് മധുകുംഭങ്ങളില് ഒന്നെടുത്ത് കുടിക്കുകയും ചെയ്തു. ദിവ്യന്റെ കാഴ്ച നഷ്ടപ്പെട്ടു. ശിവന്റെ അടുക്കല്‍ ചെന്ന് മാപ്പപേക്ഷിച്ച ദിവ്യന് പരമേശ്വരന് പൊയ്ക്കണ്ണ് നല്കി, ചൂട്ടും കത്തിച്ച് കീഴ്ലോകത്തേക്ക് പറഞ്ഞയച്ചു. മേല്‍ലോകം നഷ്ടപ്പെട്ട ദിവ്യന് ആദ്യം എത്തിച്ചേര്‍ന്നത് വയനാട്ടിലാണ്. ദിവ്യന് വയനാട്ടുകുലവന്‍ എന്ന പേര് ലഭിച്ചതും അങ്ങനെയാണ്. നരിയന്‍ കോരന് എന്ന തന്റെ സേവകന്റെ ആഗ്രഹപ്രകാരമാണ് ദൈവം കോലത്തുനാട്ടില്‍ എത്തിയതെന്നും കരുതുന്നു.
വൃദ്ധനായ ഒരു പടയാളിയെ ഓര്‍മ്മിപ്പിക്കുന്നതാണ് വയനാട്ടുകുലവന്റെ വേഷം.
(തുടരും)
Content Highlights: theyyakkalam series part 4, stories behind theyyams, varieties of theyyams