ഇത് എന്റെ രാജാവല്ല...! ചാള്‍സിനെ നീക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍; റിപ്പബ്ലിക്കാകുമോ ഓസ്‌ട്രേലിയയും?

Britain's King Charles III  | Photo: Andrew Milligan/Pool via AP
Britain's King Charles III | Photo: Andrew Milligan/Pool via AP

''ന്യുസീലന്‍ഡ്‌ കാലക്രമേണ ഒരു സമ്പൂര്‍ണ സ്വതന്ത്ര രാജ്യമായി മാറും. ലോകത്തിന് മുന്നില്‍ സ്വന്തം കാലില്‍ ഉയര്‍ന്നു നില്‍ക്കും. എന്നാല്‍, ഗവര്‍ണര്‍ ജനറലിനെ മാറ്റി മറ്റൊരാളെ രാഷ്ടത്തലവന്റെ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ഒരു അടിയന്തര നടപടിയാണെന്ന് ഈ ഘട്ടത്തില്‍ കരുതുന്നില്ല'.  ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ന്യുസീലന്‍ഡ്‌ പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചതാണ് ഇക്കാര്യം. മുന്‍ ബ്രിട്ടീഷ് കോളനിയാണ് സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ന്യുസീലന്‍ഡ്‌. പക്ഷേ, ബ്രിട്ടീഷ് രാജാവാണ് ഇന്നും അവിടുത്തെ രാഷ്ട്രത്തലവന്‍. അദ്ദേഹത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്റ് വിളിച്ചുകൂട്ടുന്നതും പിരിച്ചുവിടുന്നതും തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും നിയമിക്കുന്നതും പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതുമെല്ലാം ഗവര്‍ണര്‍ ജനറലാണ്. സായുധ സേനകളുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ ആചാരപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതും ഗവര്‍ണര്‍ ജനറല്‍ തന്നെയാണ്. എന്നാല്‍, എലിസബത്ത് രാജ്ഞിക്ക് പകരം ചാള്‍സ് ബ്രിട്ടന്റെ സിംഹാസനത്തിലേക്ക് എത്തുമ്പോള്‍ രാജ്യവാഴ്ചയോടുള്ള വിധേയത്വം തുടരാന്‍ താല്പര്യമില്ലെന്ന് തുറന്നുപറയുകയാണ് ന്യുസീലന്‍ഡും. ബ്രിട്ടന്റെ മുന്‍കോളനികളെപ്പോലെ ആധുനിക കാലത്ത് ബ്രിട്ടീഷ് രാജവാഴ്ചയുടെ കീഴില്‍ തുടരേണ്ടതില്ലെന്ന ചര്‍ച്ച അവിടെയും വ്യാപകമാകുകയാണ്. 

യു.കെയ്ക്ക് പുറമേ മറ്റ് 14 പരമാധികാര രാജ്യങ്ങളുടെ രാജാവും രാഷ്ട്രത്തലവനുമാണ് ചാള്‍സ് മൂന്നാമന്‍ രാജാവ്. ചാള്‍സ് മൂന്നാമനെ രാജാവായി അംഗീകരിക്കുന്ന ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ (Antigua and Barbuda), ഓസ്ട്രേലിയ, ബഹാമസ്, ബെലീസ് (Belize), കാനഡ, ഗ്രനഡ (Grenada), ജമൈക്ക, ന്യുസീലന്‍ഡ്, പാപ്പുവ ന്യൂഗിനി, സെയ്ന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് (Saint Kitts and Nevis), സെയ്ന്റ് ലൂസിയ, സെയ്ന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനഡീന്‍സ് (Saint Vincent and the Grenadines), സോളമന്‍ ദ്വീപുകള്‍, ടുവാലു, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങള്‍ Commonwealth realms എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ചില രാജ്യങ്ങളില്‍ രാജവാഴ്ചയുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ വലിയ തോതിലാണ് ഉയര്‍ന്നുവരുന്നത്. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്ഥാനാരോഹണത്തോടെ ഇത് ശക്തമാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് കരീബിയന്‍ രാഷ്ട്രങ്ങളില്‍. ചാള്‍സിനെ രാഷ്ട്രത്തലവന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ആഹ്വാനങ്ങള്‍ ശക്തമാണവിടെ. ബാര്‍ബഡോസാണ് ബ്രിട്ടീഷ് സിംഹാസത്തോടുള്ള വിധേയത്വം അവസാനിപ്പിച്ച ഏറ്റവും ഒടുവിലത്തെ രാഷ്ട്രം. 2021-ല്‍ ബാര്‍ബഡോസ് എലിസബത്ത് രാജ്ഞിയെ അതിന്റെ രാഷ്ട്രത്തലവന്‍ എന്ന സ്ഥാനത്ത് നിന്ന് നീക്കി, ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കായി. 1992-ല്‍ മൗറീഷ്യസ് റിപ്പബ്ലിക്കായി മാറിയതിനു ശേഷം ബ്രിട്ടീഷ് രാജവാഴ്ചയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന ആദ്യ സംഭവമാണിത്. നിലവില്‍ ഓസ്‌ട്രേലിയും ന്യുസീലന്‍ഡും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളും കരീബിയന്‍ ദ്വീപുരാഷ്ട്രങ്ങളും സമാനപാതയിലാണ് ചിന്തിക്കുന്നത്. 

Content Highlights: Which nations will King Charles III head, Why do they Want to Leave the Monarchy Now?

Continue reading