ഇടത് പ്രസിഡന്റ് പുറത്ത്, ഭരണംപിടിച്ച് വൈസ് പ്രസിഡന്റ്, പിന്നാലെ സംഘര്‍ഷം; പെറുവില്‍ ആരുടെ അട്ടിമറി?

ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രസിഡന്റിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്യുക, അഭയം തേടി പ്രസിഡന്റും കുടുംബവും അയല്‍രാജ്യത്തിന്റെ എംബസിയിലേക്ക് പലായനം ചെയ്യുക, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹത്തെ ജയിലിലടയ്ക്കുക, മണിക്കൂറുകള്‍ക്കുള്ളില്‍ വൈസ് പ്രസിഡന്റ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുക, ഇതൊന്നും അംഗീകരിക്കാത്ത ജനം പ്രതിഷേധവുമായി തെരുവിലിറങ്ങുക, ദേശീയപാതകള്‍ ഉപരോധിക്കുക, റെയില്‍പാതകള്‍ തകര്‍ക്കുക, വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുക, ഇതോടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രം സര്‍ക്കാരിന് അടച്ചുപൂട്ടേണ്ടിവരിക.... ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലാണ് ഇതെല്ലാം നടക്കുന്നത്. രണ്ട് മാസക്കാലമായി വലിയ പ്രതിഷേധത്തിനാണ് പെറു സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രീയ അസ്ഥിരാവസ്ഥയില്‍ തകര്‍ന്ന നിലയിലാണ് രാജ്യം.
മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തതിനേത്തുടര്‍ന്ന് ഉടലെടുത്ത രാജ്യവ്യാപക പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പരിക്കേറ്റവരും ജയിലിലായവരും അനവധി. ഇതോടെ നിലവിലെ പ്രസിഡന്റ് ദിനാ ബൊല്വാര്‍ദേയ്ക്ക് എതിരേ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി. 'ഞങ്ങള്‍ അസ്വസ്ഥരാണ്. ഇതെല്ലാം കാണുമ്പോള്‍ കടുത്ത രോഷമാണ് തോന്നുന്നത്. ഈ സംഭവങ്ങളെല്ലാം വലിയ ആഘാതവും ഞെട്ടലുമാണ് തരുന്നത്. അതുകൊണ്ട് തന്നെയാണ് ഗ്രാമങ്ങളില്‍ നിന്ന് ഞങ്ങള്‍ ലിമയിലേക്ക് എത്തിയത്. സ്വേച്ഛാധിപത്യസര്‍ക്കാരിന് കീഴിലായ ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാനാണ് ഞങ്ങള്‍ എത്തിയത്. ദിനാ ബൊല്വാര്‍ദേയുടെ രാജിയ്ക്കൊപ്പം, പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണം. ജനങ്ങള്‍ അവരേയും കോണ്‍ഗ്രസിനെയും പുറത്താക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്', പ്രതിഷേധക്കാര്‍ പറഞ്ഞു.
Content Highlights: What's behind the violence, protests in Peru