'രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല'; സിന്ധു നദീജല കരാര്‍ പരിഷ്‌കരണം പാകിസ്താന് തിരിച്ചടിയോ?

അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയും പാകിസ്താനും. സ്വതന്ത്രരാജ്യങ്ങളായി മാറിയത് മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരംഭിച്ച തര്‍ക്കങ്ങള്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. അതിര്‍ത്തികള്‍ അശാന്തമായി തുടരുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യന്‍ മണ്ണില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നിട്ടും വലിയ പരിക്ക് പറ്റാതെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുടരുന്ന ഒരു കരാറുണ്ട്. അത് സിന്ധു നദീജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ചാണ്. ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുമ്പോഴും സിന്ധുനദീജല കരാറിന് വലിയ ഉലച്ചില്‍ തട്ടിയിട്ടില്ല.
തുടക്കകാലത്ത് ഇരുഭാഗത്തുനിന്നും ചില എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും കരാര്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ജലം പങ്കിടുന്നത് സംബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ കരാറുകളിലൊന്നാണ് സിന്ധു നദീജല ഉടമ്പടി (Indus Waters Treaty). സമാധാനപരമായി ജലം പങ്കിടുന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കരാര്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മൂന്ന് യുദ്ധങ്ങളെ കരാര്‍ അതിജീവിച്ചു. കരാറിന്റെ നിബന്ധനകള്‍ പ്രകാരം കിഴക്കന്‍ നദികളായ സത്‌ലജ്, രവി, ബിയാസ് എന്നിവ ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവ പാകിസ്താനും വീതിച്ചുനല്‍കിയിരിക്കുന്നു. ഉടമ്പടി പ്രകാരം, പടിഞ്ഞാറന്‍ നദികളിലെ ജലം കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം പാകിസ്താനാണ്, അതേസമയം, കിഴക്കന്‍ നദികളുടെ പ്രാഥമിക ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്.
Content Highlights: What is the Indus Waters Treaty and why is India seeking to modify the Treaty?