ഉര്‍ദുഗാന് 'ചെക്ക് ' പറയാന്‍ വിശാലസഖ്യം മതിയാകില്ലേ? തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്

പതിഞ്ഞ തുടക്കം, പലവിധ പരീക്ഷണങ്ങള്‍; സൈനിക അട്ടിമറി മുതല്‍ ഭൂകമ്പവും സാമ്പത്തിക പ്രതിസന്ധിയും എന്തിന് ജയില്‍ശിക്ഷ വരെ അതിജീവിച്ച രാഷ്ട്രീയ കാലഘട്ടം. റജബ് തയ്യിബ് ഉര്‍ദുഗാനെന്ന തുര്‍ക്കിയുടെ രാഷ്ട്രീയ അതികായന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ കഠിനാധ്വാനത്തിന്റെ ഇച്ഛാശക്തിയുടെ കഥ പറയാനുണ്ട്. മേയറില്‍ തുടങ്ങി കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായുള്ള തുര്‍ക്കിയിലെ ഉര്‍ദുഗാന്റെ തേരോട്ടത്തിന് തടയിടാന്‍ ഇനി മഹാസഖ്യം മാത്രമാണ് പോംവഴിയിയെന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക് വരെ പ്രതിപക്ഷ പാര്‍ട്ടികളെത്തി. ഇതിനിടെയാണ് ജയിച്ചാലും തോറ്റാലും ചരിത്രമായേക്കാവുന്ന തിരഞ്ഞെടുപ്പ് വെല്ലുവിളി ഉര്‍ദുഗാന് മുന്നിലേക്കെത്തുന്നത്. ആറര കോടിയോളം വരുന്ന തുര്‍ക്കി ജനത വിധിയെഴുതി മാറിനിന്ന് പെട്ടി തുറക്കുമ്പോള്‍ ഉര്‍ദുഗാന്റെ ഭരണത്തുടര്‍ച്ച ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും മഹാസഖ്യത്തിനും തോല്‍പിക്കാനാവില്ലെന്ന സൂചനയാണ് തുര്‍ക്കിയില്‍നിന്നു വരുന്നത്.
കഴിഞ്ഞ ഇരുപത് വര്‍ഷക്കാലം ഒരു രാഷ്ട്രീയ വെല്ലുവിളിയും നേരിടേണ്ടി വന്നിട്ടില്ലാത്ത ഉര്‍ദുഗാന് തുര്‍ക്കി ഗാന്ധിയെന്നറിയപ്പെടുന്ന കെമാല്‍ ക്ലിച്ദരോലുവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യമാണ് ഇത്തവണ വലിയ വെല്ലുവിളി ഉയര്‍ത്തിയത്. ഇത് തിരഞ്ഞെടുപ്പിനെ രണ്ടാംഘട്ടത്തിലേക്ക് നയിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തില്‍ ഇരുസ്ഥാനാര്‍ഥികളും അമ്പത് ശതമാനം വോട്ട് നേടാതായതോടെയാണ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ഉര്‍ദുഗാന് 49.42% വോട്ടും കെമാല്‍ ക്ലിച്ദരോലുവിന് 44.95% വോട്ടുമാണ് ലഭിച്ചത്. ഈ മാസം 28-ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആര് ജയിച്ചാലും അത് ചരിത്രമാവും.
Content Highlights: Turkey election in second stage