'വളർത്തുമൃഗങ്ങളെ ഏൽപിച്ചുപോകാനിടമുണ്ട്, ഈ മക്കളെ ഞങ്ങളെവിടെ ഏൽപ്പിക്കും?'

.
.

'ഈ അമ്മമാർക്ക് ആത്മഹത്യ ചെയ്യാൻ പറ്റില്ല, ജീവിക്കാനും പറ്റില്ല. മരണം പോലും അവർക്ക് അഭയമല്ല. കുഞ്ഞിനെ കൊന്ന് ഞാനും മരിക്കും എന്ന് പറയുന്ന നിരവധി അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട്.. കഴിയില്ലെന്ന് തോന്നുന്ന നിമിഷം ജീവിതം അവസാനിപ്പിക്കാനായി വീട്ടിൽ ഞാൻ മണ്ണെണ്ണ വാങ്ങിവെച്ചിട്ടുണ്ട് എന്നുപറയുന്ന അമ്മമാരെ, അങ്ങനെ ചെയ്ത ഒരമ്മയെ എനിക്കറിയാം. കുഞ്ഞിനെന്താണെന്ന് ഡയഗണൈസ് ചെയ്താൽ പിന്നെ അമ്മയുടെ മുന്നിലുളളത് തീരാത്ത തീരാത്ത പരീക്ഷണങ്ങളാണ്.' സൊലെസ് സ്ഥാപകയായ ഷീബ അമീർ, പ്രിയപ്പെട്ടവരുടെ ഷീബാത്ത, സംസാരിച്ചു തുടങ്ങിയത് താൻ കണ്ട അമ്മജീവിതങ്ങളെ കുറിച്ചാണ്..

വാക്കുകളാൽ പറഞ്ഞൊതുക്കാൻ സാധ്യമല്ലാത്തത്രയും സങ്കീർണമാണ് ഓട്ടിസം, സെറിബ്രൽ പാൾസി, സ്പാസ്റ്റിക്, ബൗദ്ധികമായ വെല്ലുവിളി, സ്‌പൈനൽ മസ്‌കുലാർ അട്രോഫി തുടങ്ങി ഭിന്നശേഷി നേരിടുന്നവരുടെ ജീവിതം. അവരെ പരിചരിക്കുന്ന അമ്മമാരുടേത് നരകതുല്യവും. ഭിന്നശേഷിയുളള കുഞ്ഞിന്റെ ജനനത്തോടെ അമ്മയ്ക്ക് നഷ്ടമാകുന്നത് അതുവരെ തണലായി നിന്ന പ്രിയപ്പെട്ടവർ മുതൽ സാമൂഹിക ജീവിതവും തൊഴിലും വരെയാണ്. ആറ്റുനോറ്റുണ്ടായ
കുഞ്ഞ് ഭിന്നശേഷിയുളളവരാണെന്നറിയുമ്പോൾ മാനസികനില തെറ്റുന്ന അമ്മമാരുണ്ട്, ഉളള ധൈര്യത്തെ കൊരുത്തുപിടിച്ച് ഉളളുരുക്കത്തോടെ ജീവിതത്തെ നേരിടുന്നവരുണ്ട്. രണ്ടായാലും അവർക്ക് നഷ്ടപ്പെടുന്ന ഒന്നുണ്ട്, ലോകം കുഞ്ഞിലേക്കും തന്നിലേക്കും ചുരുങ്ങുന്നതോടെ ഇല്ലാതാകുന്ന സാമൂഹിക ജീവിതം.

ഉറ്റവരുടെ വീടുകളിലെ വിവാഹത്തിനോ മറ്റു ആഘോഷപരിപാടികൾക്കോ, എന്തിന് മരണം പോലുളള ഘട്ടങ്ങളിലോ മക്കളെ ആരെ ഏൽപ്പിച്ചുപോകുമെന്ന് ആധികൊളളുന്നവർ, അതുകൊണ്ടുതന്നെ അതൊന്നും ഇനി ജീവിതം വേണ്ടെന്ന് സ്വയം തീരുമാനിക്കുന്നവർ. ഒന്നു പുറത്തേക്കിറങ്ങാനാകാതെ, മനുഷ്യരെ കാണാനാകാതെ ശ്വാസംമുട്ടിക്കഴിഞ്ഞ ലോക്ഡൗൺ ദിനങ്ങൾ നമുക്ക് ഓർമയുണ്ടാകും. ഒന്നിനും കുറവില്ലാതിരുന്നിട്ടും വീട്ടിൽ വെറുതെയിരിക്കാൻ പോലും വെറുത്തുപോയവരാണ് നമ്മളെങ്കിൽ ഒരു കുഞ്ഞിന്റെ ജനനത്തോടെ സാമൂഹിക ജീവിതം എന്നന്നേക്കുമായി നഷ്ടപ്പെട്ട, സമൂഹത്തിൽനിന്നും സ്വന്തം കുടുംബത്തിൽനിന്നും ഒറ്റപ്പെട്ടുപോകുന്ന ഈ അമ്മമാരുടെ മാനസികസമ്മർദ്ദം എത്രത്തോളം വലുതായിരിക്കും? സിംഗിൾ പാരന്റ് ആണെങ്കിൽ ഉപജീവനമാർഗം കൂടി കണ്ടെത്തേണ്ട ചുമതല ഈ അമ്മയുടേതാണ്. അവിടെ പുറത്തിറങ്ങാൻ നിർബന്ധിതയാകുന്ന അമ്മ വിശക്കുന്നെന്നോ ശുചിമുറിയിൽ പോകണമെന്നോ പറയാനറിയാത്ത ഈ കുട്ടികളെ തൂണിൽ കെട്ടിയിട്ടും ശുചിമുറിയിൽ അടച്ചിട്ടും ജോലിക്കിറങ്ങേണ്ടി വരുന്നു.  

സാമൂഹിക സുരക്ഷാമിഷൻ ഭിന്നശേഷി സെൻസസ് 2015
ഭിന്നശേഷി ആൺ പെൺ ട്രാൻസ്‌ ജെൻഡർ ആകെ ശതമാനം
ബൗദ്ധിക വെല്ലുവിളി 38,245 30,546 146 68,934 8.6
ഓട്ടിസം 2179 950 06 3135 00.39
സെറിബ്രൽ പാൾസി 3781 2597 06 6385 00.80
മൾട്ടിപ്പിൾഡിസെബിലിറ്റി 75,982 61,197 262 1,37,446 17.31
പഠനവൈകല്യം 5257 2805 12 8074 01.02

'വളർത്തുമൃഗങ്ങളെ സുരക്ഷിതമായി ഏൽപ്പിച്ചു പോകാൻ ഉള്ള ഇടങ്ങൾ വരെ ഉണ്ട് നമ്മുടെ നാട്ടിൽ ചിലയിടത്തൊക്കെ. എന്നിട്ടും 24x365 ദിവസങ്ങളും ഓട്ടിസമോ ഭിന്നശേഷിയോ ഉള്ള കുഞ്ഞുങ്ങളെ 2 ദിവസം പോയിട്ടു 2 മണിക്കൂർ ഏൽപ്പിച്ചു പോകാൻ സൗകര്യമുളള ഒരിടമില്ല. ഇത്തരം പ്രശ്നങ്ങൾകൊണ്ട് എന്നന്നേക്കുമായി സാമൂഹിക ജീവിതം ഇല്ലാതായിപ്പോയ സ്ത്രീകളുടെ കണക്കെടുക്കണം സാമൂഹ്യനീതി വകുപ്പ്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും നാലാൾ കൂടുന്ന  ഒരു പരിപാടിയിലും പങ്കെടുക്കാൻ കഴിയാത്ത അമ്മമാരുണ്ട് ഈ നാട്ടിൽ. കുട്ടി ജനിച്ചതിനു ശേഷം പുറം ലോകം കാണാത്ത സ്ത്രീകൾ.' - മഹത്വവൽക്കരിക്കപ്പെട്ട മാതൃത്വമെന്ന വികല സങ്കല്പത്തിന്റെ മുഖത്തേറ്റ പ്രഹരമായിരുന്നു പ്രീത ജി.പി. സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഈ കുറിപ്പ്. ഒപ്പം ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ ഇതരസംസ്ഥാനങ്ങളെ പോലും  അവഗണിച്ചുകൊണ്ട് നേരെ വിദേശരാജ്യങ്ങളുമായി താരതമ്യത്തിന് മുതിരുന്ന കേരളത്തിന്റെ കപട വികസന നയത്തിന്റെ പൊളിച്ചെഴുത്തും

പ്രീത ജി.പി.

സാമൂഹിക നീതിക്ഷേമ വകുപ്പ് ആദ്യം ഭിന്നശേഷിക്കാരായ കുട്ടികളുടെ സെൻസസ് എടുക്കണം. സെൻസസ് എടുക്കുമ്പോൾ അവരുടെ ഡിസബിലിറ്റി കൃത്യമായി പരിശോധിക്കാനുളള സംവിധാനം വേണം. അതിനനുസരിച്ച് കുട്ടികളെ പരിചരിക്കാനുളള സംവിധാനങ്ങൾ ഒരുക്കണം. രക്ഷിതാക്കൾക്ക് പുറത്തിറങ്ങേണ്ടി വരുമ്പോൾ മൂന്നുനാലുദിവസത്തേക്ക് ഏൽപ്പിച്ച് പോകാനുളള സംവിധാനങ്ങൾ ലഭ്യമാകണം. അവരെ ഏൽപ്പിച്ച് പോകാനുളള സംവിധാനം സിംഗിൾ ആയിട്ടുളളവർക്ക് സ്ഥിരമായി വിടാനുളള സംവിധാനം ഇതൊക്കെയാണ് സർക്കാർ ചെയ്യേണ്ടത്. സർക്കാർ സംവിധാനമാകുമ്പോൾ നേരെ പ്രവർത്തിക്കുമോ കുട്ടികളെ നോക്കാൻ ആൾക്കാർ വേണ്ടേ, അവർ നമ്മുടെ കുട്ടികളെ ശരിക്ക് നോക്കുമോ ഇതൊക്കെ വിഷയമാകും. ഇതൊക്കെ ഉറപ്പുനൽകാൻ കഴിയണം. അതിനായി ഓഡിറ്റിങ് നടത്താനും കൃത്യമായ ഇടവേളകളിൽ ഇവരെകാണാനും വിലയിരുത്താനുമുളള സംവിധാനങ്ങൾ ഉണ്ടാക്കണം.' പ്രീത പറയുന്നു. 

ഓട്ടിസ്റ്റിക്കായ കുട്ടികൾക്ക് അത്യാവശ്യം വേണ്ട കാര്യങ്ങളിലൊന്നാണ് ഒക്യുപേഷണൽ തെറാപ്പി. കേരളത്തിൽ സർക്കാർ തലത്തിൽ ഒക്യുപേഷണൽ തെറാപ്പി നൽകാൻ കഴിയുന്ന എത്ര കേ്ന്ദ്രങ്ങളുടെയും തെറാപ്പിസ്റ്റുകളുടെയും എണ്ണമെടുക്കുമ്പോഴാണ് ഇക്കാര്യത്തിൽ കേരളം തുടരുന്ന കുറ്റകരമായ നിസ്സംഗത വെളിവാകുക. 'തെറാപ്പിയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പറയും തിരുവനന്തപുരത്ത നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്)ഉണ്ടല്ലോയെന്ന്. അങ്ങനെ ചുരുക്കം ചില സ്ഥാപനങ്ങളേയുളളൂ. കുട്ടികൾക്ക് എന്നും വേണ്ടതാണ് തെറാപ്പി. അതൊരു ട്രീറ്റ്‌മെന്റല്ല കറക്ഷനാണ്. ഒരു മണിക്കൂറെങ്കിലും ഓട്ടിസ്റ്റിക്കായ കുട്ടിക്ക് തെറാപ്പി കിട്ടിയിരിക്കണം. നടന്നുപോകാവുന്ന ദൂരത്തിൽ വേണമെന്നല്ല പക്ഷേ ഒരു ഓട്ടോയിലോ ടാക്‌സിയിലോ പോകാവുന്ന ദൂരത്തിലെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം തെറാപ്പി സെന്ററുകൾ ആവശ്യമില്ലേ? സർക്കാരിന് എത്ര കേന്ദ്രങ്ങളുണ്ട്. എന്നും വേണ്ട  തെറാപ്പിക്ക് ഇതര ജില്ലക്കാർ തിരുവനന്തപുരം വരെ ഭിന്നശേഷിക്കാരനായ കുട്ടിയെയും കൂട്ടി എത്തണമെന്ന് പറഞ്ഞാൽ അതിലെ പ്രായോഗികത ആരും ചിന്തിക്കുന്നില്ല.' പ്രീത ചൂണ്ടിക്കാണിക്കുന്നു. 

കെയർ ടേക്കറിനും കെയർ ആവശ്യമുണ്ട് 

ഭിന്നശേഷിക്കാരനായ കുട്ടിയെ പരിചരിക്കുക എളുപ്പമല്ല. ആ കുട്ടിക്കൊപ്പം അവരുടെ സഹോദരങ്ങൾക്കും അമ്മ തുല്യ പരിഗണനയും ശ്രദ്ധയും വാത്സല്യവും കൊടുക്കേണ്ടതുണ്ട്. ഒപ്പം കുടുംബം നോക്കൽ, അടുക്കളപ്പണി, ജോലിയുളളവരാണെങ്കിൽ ജോലിയും വീടും കുട്ടിയും എന്ന തിരക്കിൽ ശ്വാസംമുട്ടൽ.. കുട്ടി കൗമാരത്തിലെത്തുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങളെ കുറിച്ചുളള ആശങ്കകൾ, കാലശേഷം ആരിവരെ നോക്കുമെന്ന ഊണിലും ഉറക്കത്തിലുമുളള ചിന്ത, തെറാപ്പികളും ചികിത്സകളുമായുളള യാത്രകൾ, വിരുന്നുകാർ വരാൻ മടിക്കുന്ന വീടുകൾ, ഭിന്നശേഷി സർട്ടിഫിക്കറ്റ്, ലീഗൽ ഗാർഡിയൻഷിപ്പ് തുടങ്ങിയ നൂലാമാലകൾ, ഇതിനെല്ലാമുപരി കുടുംബത്തിൽ നിന്നുളളവരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകൾ..ഓടിക്കിതയ്ക്കുന്ന കെയർ ടേക്കറിന് ഇടനേരം ഭാരമിറക്കിവെക്കാനുളള ഒരു ചുമൽ പോലും പലർക്കും ലഭിക്കാറില്ല. സാധാരണജീവിതം നയിക്കാനുളള സമയമോ സാഹചര്യമോ ഇവർക്കില്ല. ഇവരനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി കൗൺസിലർമാരുടെ സേവനം ആവശ്യമുണ്ടെന്ന് പോലും തിരിച്ചറിഞ്ഞിട്ടില്ല. മാനസിക വൈകല്യമുളള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തെന്ന കാസർകോട്ടുനിന്നുളള വാർത്ത ഒരു മുന്നറിയിപ്പാണ്. നിങ്ങൾ കരുതുന്നതിനേക്കാൾ കരുതൽ അമ്മമാർക്കാവശ്യമുണ്ടെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ്. 

'കെയർ ടേക്കേഴ്‌സിന് കെയർ വേണമെന്ന് അറിയുന്ന സമൂഹമല്ലല്ലോ കേരളത്തിലേത്. ഈ അമ്മമാരെ മഹദ് വ്യക്തികളായി ആഘോഷിക്കുന്ന സമൂഹമാണ് നമ്മുടേത്. ഇതുപോലെയുളള കുട്ടികളെ നോക്കുന്ന അമ്മമാരെല്ലാം മഹത്വവൽക്കരിക്കപ്പെട്ട ആളുകളാണ്. അവർക്ക് കൗൺസിലിങ് വേണ്ട, അവരെ വേണമെങ്കിൽ രൂപക്കൂടുണ്ടാക്കി അതിനുളളിൽ ഇരുത്താം. പക്ഷേ, മാനുഷിക പരിഗണന നൽകില്ല. ഒറ്റപ്പെടലിന്റെ പ്രശ്‌നം എത്ര ഭീകരമാണെന്നോ.' പ്രീത ചോദിക്കുന്നു. മാതാപിതാക്കളുടെ കൈയിലിരിപ്പുകൊണ്ടാണ്, ദൈവകോപമാണ് തുടങ്ങിയ മുടന്തൻ ന്യായങ്ങൾ നിരത്തി കുറ്റപ്പെടുത്തുന്നതിന് പകരം അവരെ ചേർത്തുനിർത്തി കുടുംബമെന്ന ഇൻസ്റ്റിറ്റിയൂഷന്റെ കർത്തവ്യങ്ങൾ പാലിക്കപ്പെടേണ്ടത് ഇവിടെയാണ്. അമ്മയുടെ മാത്രം ഉത്തരവാദിത്തമായി കുട്ടിയെ മാറ്റാതിരിക്കുക, കുടുംബാംഗങ്ങൾ മുഴുവൻ ക്ഷമയോടെ പിന്തുണ നൽകുക. വിദേശരാജ്യങ്ങളിലുളളതുപോലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഏതുരാത്രിയിലും വിളിച്ച് സംസാരിക്കാൻ സാധിക്കുന്ന കൗൺസിലർമാരുടെ സേവനം ഉറപ്പുവരുത്തുക. 

ഷീബ അമീർ

'നിനക്ക് വരാൻ പറ്റില്ലല്ലോ, എന്നാലും നിന്നോട് പറയുകയാണ് അത്രയേയുളളൂ എന്ന മുഖവുരയോടെയാണ് സ്വന്തം സഹോദരങ്ങൾ പോലും കുടുംബവീട്ടിലെ കല്യാണത്തിന് ഈ അമ്മമാരെ ക്ഷണിക്കുക. ഈ അമ്മയും കുഞ്ഞും ഒരിടത്തും സ്വീകാര്യരല്ല. കുഞ്ഞുമായി ചെന്നാൽ തുറിച്ചുനോട്ടങ്ങൾ, കുഞ്ഞില്ലാതെ ചെന്നാൽ കുഞ്ഞിനെ ഇട്ടുവന്നോയെന്ന കുറ്റപ്പെടുത്തലുകൾ. ആൾക്കാരുടെ മധ്യത്തിൽ എങ്ങനെ പെരുമാറുമെന്നറിയാത്ത കുഞ്ഞുങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങൾ. ഇത്തരം സന്തോഷ ഇടങ്ങളിൽ ഈ കുട്ടികൾ ഒരു അധികപറ്റായിരിക്കും. അതുകൊണ്ട് ഇവർ വരണ്ട എന്ന വിചാരിച്ചാണ് ക്ഷണിക്കുന്നത് തന്നെ. അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും അതുകൊണ്ടുതന്നെ ആഘോഷങ്ങളില്ല. അതുകൊണ്ട് സൊലെസ് ഇവർക്കായി ആഘോഷങ്ങൾ സംഘിടിപ്പിക്കുന്നുണ്ട്. സ്‌നേഹസംഗമങ്ങൾ ഉണ്ടാക്കുന്നുണ്ട്. കുട്ടികളുമായി യാത്രകൾ നടത്തും അവരെ കടലു കാണിക്കാൻ കൊണ്ടുപോകും. ആഘോഷങ്ങളും സന്തോഷങ്ങളും ഇല്ലാത്തവർക്കും ജീവിതത്തിൽ ഹാപ്പി മൊമന്റ്‌സ് നൽകണ്ടേ...' സൊലെസ് സ്ഥാപക ഷീബ അമീർ പറയുന്നു. സന്നദ്ധ സേവന രംഗത്ത് സൊലെസ് നടത്തുന്ന പ്രവർത്തനങ്ങൾ യഥാർഥത്തിൽ ഒരു മാതൃകയാണ്. മൂവായിരത്തിലധികം കുട്ടികളെയാണ് സൊലെസ് പരിചരിക്കുന്നത്. കാൻസർ, ഓട്ടിസം, സെറിബ്രൽ പാൽസി തുടങ്ങി ദീർഘകാല പരിചരണവും ചികിത്സയും ആവശ്യമുളള കുട്ടികളുടെ കുടുംബത്തിന് പിന്തുണയേകുകയാണ് സൊലെസ്. രക്താർബുദം ബാധിച്ച മകൾ നീലൂഫയ്‌ക്കൊപ്പമുളള ആശുപത്രി ദിനങ്ങളിൽ ചുറ്റും കണ്ട നോവിന്റെ ജീവിതക്കാഴ്ചകളാണ് സൊലെസിന്റെ രൂപീകരണത്തിലേക്ക് ഷീബ അമീറിനെ എത്തിച്ചത്. 

ഔദാര്യമല്ല, അവകാശമാണ് 

'ലോകത്ത് ഏതു രാജ്യത്താണ് ഈ കുഞ്ഞുങ്ങളെ മികച്ച രീതിയിൽ നോക്കുന്ന സംവിധാനങ്ങളുളളത്, മറ്റൊരു പരിഷ്‌കൃത സമൂഹം എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നെല്ലാം അവിടെ പോയി പഠിച്ചിട്ടുവേണം നയങ്ങൾ ഇംപ്ലിമെന്റ് ചെയ്യാൻ, സർക്കാർ അതാണ് ചെയ്യേണ്ടത്. ഉദാഹരണത്തിന് കുട്ടികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പിലെ വ്യത്യാസം തന്നെ നോക്കൂ. സ്‌കൂളിൽ പോകുന്ന കുട്ടിക്ക് 28,500 രൂപയാണ് സ്‌കോളർഷിപ്പായി ലഭിക്കുന്നത്. അല്ലാത്ത കുട്ടിക്ക് 12,000 രൂപയും. ഓട്ടിസ്റ്റിക്കായ ഒരു കുട്ടി സ്‌കൂളിൽ പോകുന്നില്ലെങ്കിൽ, സ്‌കൂളിൽ പോകുന്ന കുട്ടികളേക്കാൾ ബുദ്ധിമുട്ടുണ്ട് അവന് എന്നാണ് അർഥം. സ്‌കൂളിൽ പോകുന്ന കുട്ടികളേക്കാൾ സാമ്പത്തികമായിട്ടും ഭൗതികമായിട്ടും എല്ലാ തരത്തിലും ഒരു വീടിന്റെ സാമ്പത്തിക ബാധ്യത ഉയർത്തുന്നത് സ്‌കൂളിൽ പോകാത്ത കുട്ടിയാണ്. അവരുടെ ഡയപ്പർ, ചില കുട്ടികൾക്ക് ചൂട് പ്രശ്‌നമാണ് അതുകൊണ്ട് മാതാപിതാക്കൾ സാധ്യമാകുന്ന തരത്തിൽ ഏസിയോ കൂളറോ ശരിയാക്കിയിട്ടുണ്ടാകും അപ്പോൾ സ്ഥിരം വീട്ടിലാകുന്നത് കൊണ്ടുളള ഇലക്ട്രിസ്റ്റി ബിൽ, അതുകൊണ്ട് എങ്ങനെ നോക്കിയാലും സ്‌കൂളിൽ പോകുന്ന കുട്ടികളേക്കാൾ ചെലവ് നൂറിരട്ടി കൂടിയ വിഭാഗമാണ് സ്‌കൂളിൽ പോകാത്തവർ. എന്നിട്ട് അവർക്ക് കുറഞ്ഞ സ്‌കോളർഷിപ്പ് നൽകുന്നത് എന്ത് അനീതിയാണ്. വളരെ യാന്ത്രികമായാണ് നിയമങ്ങൾ ഉണ്ടാക്കുന്നത്. അതിന്റെ തെളിവാണ് ഇത്.' പാളിച്ചകളിലേക്ക് പ്രീത വിരൽചൂണ്ടുന്നു. 

വിവിധ വകുപ്പുകൾക്ക് കീഴിൽ കോടിക്കണക്കിന് രൂപ പ്രതിവർഷം ഭിന്നശേഷിക്ഷേമത്തിനായി ചെലവഴിക്കുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരുടെയും അവരുടെ രക്ഷിതാക്കളുടെയും ആവലാതികൾക്ക് പരിഹാരമുണ്ടാകുന്നില്ല. ആലോചനാപൂർവമായ നയരൂപീകരണമില്ലാത്തതാണ് അതിനുളള പ്രധാനകാരണം. അശരണർക്കാവശ്യം പേരിന് ചില സാമ്പത്തിക സഹായവും ആശ്വാസപദ്ധതികളും മാത്രമാണെന്ന് കരുതുന്ന, അത് തങ്ങളുടെ ഔദാര്യമാണെന്ന് കരുതുന്ന, സാമൂഹിക ജീവിതം ഇവരർഹിക്കുന്നുണ്ടെന്ന് പോലും ചിന്തിക്കാത്ത ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സൃഷ്ടിയാകരുത് ഭിന്നശേഷിക്കാർക്കായുളള സ്റ്റേറ്റിന്റെ നയങ്ങൾ. പ്രായോഗികമായ പദ്ധതികൾ ആവിഷ്‌കരിക്കാത്തതും പ്രഖ്യാപിക്കപ്പെടുന്നവ ഫണ്ടില്ലെന്ന കാരണത്താൽ കടലാസിൽ മാത്രം ഒതുങ്ങുന്നതും നിത്യസംഭവങ്ങളാണ്. എന്തുകൊണ്ടാണ് ഇവർക്കായി ചെലവഴിക്കാൻ ഫണ്ടില്ലാത്തത്? ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഇവർ വോട്ടേഴ്‌സ് അല്ലാത്തതുകൊണ്ടോ? 

പരിഹാരങ്ങളുണ്ട്, പക്ഷേ മനസ്സുവെക്കണം

1) ഭിന്നശേഷിയുളള ഒരു കുഞ്ഞിന്റെ ജനനത്തോടെ അമ്മയ്ക്കില്ലാതാകുന്ന സാമൂഹിക ജീവിതവും തൊഴിലും തിരിച്ചുനൽകാൻ ആദ്യം വേണ്ടത് കുഞ്ഞിനെ സുരക്ഷിതമായി ഏൽപ്പിക്കാൻ സാധിക്കുന്ന ഇടങ്ങളാണ്. ഇതിനായി ഓരോ അങ്കണവാടിയുടെ പരിധിയിലും പകൽവീട് അല്ലെങ്കിൽ കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതരായ കുഞ്ഞുങ്ങൾക്ക് വേണ്ടി അമ്പലത്തറയിൽ പ്രവർത്തിക്കുന്ന സ്‌നേഹവീട് തുടങ്ങിയ മാതൃകയിലുളള ഇടങ്ങൾ ഭിന്നശേഷിക്കാർക്കായി ആരംഭിക്കാം. ഇതിനാവശ്യമായ ഫണ്ട് എവിടെ നിന്ന് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പ്ലാൻ ഫണ്ടിന്റെ പത്തുശതമാനം നിർബന്ധമായും വനിതാഘടക പദ്ധതി(WCP) ക്കായി മാറ്റിവെക്കുന്നുണ്ട്. വനിതകളുടെ സ്ത്രീകളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ടുവന്നതാണ് വനിതാഘടക പദ്ധതി. ഇപ്രകാരം വകയിരുത്തുന്ന ഫണ്ട് എന്തുകൊണ്ട് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരുടെ തൊഴിൽ-സാമൂഹികജീവിത ഉന്നമനത്തിനായി ചെലവഴിച്ചുകൂടാ? ഡബ്ല്യു.സി.പി. പ്രകാരമുളള തുക ഉപയോഗിച്ച് അനാവശ്യമായ കെട്ടിടങ്ങൾ പണിതുയർത്തി ഓരോ വർഷവും ടൈലുമാറ്റിയും ഗ്രില്ലു മാറ്റിയും മോടി പിടിപ്പിച്ചും ഫണ്ട് ചെലവഴിച്ചതായി റിപ്പോർട്ട് തയ്യാറാക്കുകയാണ് നിലവിൽ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചെയ്തുവരുന്നത്. ഈ പത്തുശതമാനം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരുടെ കണ്ണീരൊപ്പുന്ന വലിയൊരു സഹായത്തിനായി നീക്കിവെക്കുന്നതിനായി മുൻകൈ എടുക്കേണ്ടത് എൽഎസ്ജികളാണ്. 

2) നിലവിൽ ഏതാനും ജില്ലകളിൽ നാമമാത്ര സൗകര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെല്ലാം എത്ര ദൂരം പോകേണ്ടി വരും? ദൂരവും അതിന്റെ ചെലവും എല്ലാം രക്ഷിതാക്കൾക്ക് താങ്ങാനാവുമോ എന്നുകൂടി ചിന്തിക്കണം. അല്ലെങ്കിൽ തന്നെ ഓട്ടിസം പോലുളള ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്നതിനായി രക്ഷിതാക്കൾക്ക് വലിയ തുക ചെലവുവരുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് തീരുമാനങ്ങളെടുക്കേണ്ടതും സർക്കാരാണ്. 

3) വരുമാന നഷ്ടം പരിഹരിക്കുന്നതിനായി അമ്മയുടെ വിദ്യാഭ്യാസയോഗ്യതയനുസരിച്ച് അവർക്ക് എന്തുജോലി ലഭിക്കുമായിരുന്നോ അതിന് എന്ത് ശമ്പളം ലഭിക്കുമായിരുന്നോ അതുനൽകാൻ സ്‌റ്റേറ്റ് തയ്യാറാകണം. ഇങ്ങനെ ചെയ്യുന്ന ഗൾഫ്‌രാജ്യങ്ങളുണ്ട്. വരുമാന നഷ്ടം പരിഹരിക്കുക സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. 

4) മൂന്നാമത്തേതും പ്രധാനവും അവരെ സമൂഹം ഏറ്റെടുക്കുക എന്നുളളതാണ്. ഫണ്ടില്ല എന്നതുപോലെ മാൻപവറില്ല എന്നതും കേരളം നേരിടുന്ന വെല്ലുവിളിയാണ്. പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകൾ കൗൺസിലേഴ്‌സ് എല്ലാം കുട്ടികൾക്കും കുടുംബത്തിനും വേണം. നിലവിൽ പ്രിവിലെജ്ഡ് ആയ കുറച്ചുപേർക്ക് മാത്രമാണ് ഈ സൗകര്യങ്ങളെല്ലാം ലഭിക്കുന്നത്. കൂടുതൽ സോഷ്യൽ വർക്കേഴ്‌സിനെ എങ്ങനെ ഈ രംഗത്തേക്ക് കൊണ്ടുവരാം എന്നതിനെ കുറിച്ച് ആലോചിക്കണം. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രത്യേകം കോഴ്‌സുകൾ വിഭാവനം ചെയ്യുകയും കൂടുതൽ ആളുകളെ ആകർഷിക്കുകയും വേണം. മികച്ച ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളെ സ്വകാര്യമേഖലയ്ക്ക് പോലും ലഭിക്കാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. പഠനം പൂർത്തിയാക്കുന്നവർ പലരും മികച്ച ശമ്പളം തേടി പാശ്ചാത്യരാജ്യങ്ങളിലേക്ക് ചേക്കേറുന്നു. ഇവർക്ക് മികച്ച ശമ്പളം സംസ്ഥാനം വാഗ്ദാനം ചെയ്യുക മാത്രമല്ല, പഠിച്ചിറങ്ങിയ ശേഷം സർക്കാർ മേഖലയിൽ നിർബന്ധിതസേവനം നടപ്പാക്കുകയും വേണം. 

അമ്മമാർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ
  • കുട്ടികൾക്ക് എത്ര ശതമാനമാണ് ഭിന്നശേഷി എന്നുകണ്ടെത്തി കൃത്യമായി ഭിന്നശേഷി സെൻസസ് എടുക്കുക. 
  • ഭിന്നശേഷിയുളള കുട്ടികളുടെ വിവരങ്ങൾ ഡിജിറ്റിലൈസ് ചെയ്യുക. 
  • ഒരിടത്ത് കൂടുതൽ നേരം ചെലവഴിക്കാനാകാത്ത കുട്ടിയെക്കൂട്ടി ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ എടുക്കുന്നതിനായി രക്ഷിതാക്കൾ അങ്ങോട്ടുപോകുന്നതിന് പകരം അവരെ തേടി സർക്കാർ സംവിധാനങ്ങൾ എത്തുന്നരീതിയിൽ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുക.
  • ഓട്ടിസമുളള കുട്ടികൾ കൗമാരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകാനിടയുളള ശാരീരികവും മാനസികവുമായ മാറ്റങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് സെക്‌സോളജിസ്റ്റുകളുടെ സഹായത്തോടെ മാതാപിതാക്കളെ ബോധവൽക്കരിക്കുക. സെക്‌സ് എജുക്കേഷൻ നിർബന്ധമാക്കുക. 
  • പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ കെയർടേക്കറിന് കെയർ നൽകുന്ന കൗൺസിലർമാരുടെ സേവനം ഉറപ്പുവരുത്തുക
  • അമ്മയ്ക്ക് പുറത്തുപോകേണ്ട അത്യാവശ്യ ഘട്ടങ്ങളിൽ കുഞ്ഞിനെ വീട്ടിലെത്തി പരിചരിക്കുന്ന നഴ്‌സുമാരുടെ സേവനം ഒരുക്കുക.
  • തുടക്കത്തിൽ കുട്ടികൾക്കായി ആരംഭിക്കുന്ന കെയർ സെന്ററുകൾ പിന്നീട് അഡൾട്ട് റിഹാബിലിറ്റേഷൻ പരിഗണിക്കുന്ന തലത്തിലേക്ക് ഉയർത്തിയെടുക്കണം. 
  • സർക്കാർ സംവിധാനങ്ങൾ മാനുഷിക പരിഗണനയോടെ, വിദഗ്ധരെ നിയോഗിച്ച് നയരൂപീകരണം നടത്തണം.

സമൂഹത്തിലെ ഏറ്റവും ദുർബലന് അഭയമാകേണ്ട സ്‌റ്റേറ്റ് ചെലവഴിക്കാൻ ഫണ്ടില്ലെന്ന ന്യായീകരണം നടത്തി വിദഗ്ധമായി തടിയൂരുമ്പോൾ കോടികൾ കടമെടുത്ത് നടപ്പാക്കാൻ മടിക്കാത്ത വികസനമുന്നേറ്റങ്ങൾ പൊതുജനത്തിന് മുന്നിൽ മുഴച്ചുനിൽക്കുകയാണ്. ഇൻഫ്രാസ്ട്രക്ചർ വികസന രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നി എത്രകാലം ഭരണകൂടത്തിന് പൊതുജനങ്ങളെ കബളിപ്പിച്ച് മുന്നോട്ടുപോകാനാകും. ഇവർ സർക്കാരിന്റെ കുഞ്ഞുങ്ങളാണ് അവർ ഭിന്നശേഷി സൗഹൃദമായ സംസ്ഥാനത്താണോ അവർ ജീവിക്കുന്നത് എന്ന് സ്വയം ചോദിക്കേണ്ടത് ഭരണകൂടം തന്നെയാണ്.    


സമൂഹത്തിൽനിന്നും സ്വന്തം കുടുംബത്തിൽനിന്നും ഒറ്റപ്പെട്ടു പോകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് അവരുടെ സാമൂഹിക ജീവിതം നഷ്ടപ്പെട്ടു പോകില്ലെന്ന് ഉറപ്പു നൽകേണ്ടതുണ്ട്. കുട്ടികളെ അനുഭാവപൂർവം പരിചരിക്കാൻ കഴിയുന്ന ക്ഷമയും സ്‌നേഹവും നിറഞ്ഞ ഭിന്നശേഷിസൗഹാർദമായ ഇടങ്ങൾ സൃഷ്ടിക്കുകയാണ് അതിനുളള ആദ്യചുവടുവെയ്പ്. ഈ ആവശ്യത്തിലൂന്നിക്കൊണ്ട് പൊതുജനങ്ങളുടെയും സർക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെക്കുന്നു; ' ഇടം നൽകാം മക്കൾക്ക്, അമ്മയ്ക്ക് ജീവിതവും'. 

ലോകം തന്നിലേക്കും ഭിന്നശേഷിക്കാരായ കുഞ്ഞിലേക്കും ചുരുങ്ങിയ, വീടിന്റെ നാലുചുമരുകൾക്ക് ഇടയിൽ ജീവിതം കുരുങ്ങിപ്പോയ, തങ്ങളുടെ കാലശേഷം മക്കളെ ആരു നോക്കുമെന്ന് ആലോചിച്ച് നീറിപ്പുകയുന്ന ഒരുപാട് അമ്മമാർ നമുക്ക് ചുറ്റും ഉണ്ട്. നിങ്ങൾക്ക് ചുറ്റുമുളള ഇത്തരം അതിജീവനങ്ങളുടെ നൊമ്പരക്കാഴ്ചകൾ ഞങ്ങളോട് പറയാം..നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ പങ്കുവെക്കാം..Email-feedbackmathrubhumi.com@gmail.com

Content Highlights: Kerala need well planned policy for differently abled, Idam nalkam makkalk ammak jeevithavum