ജീവിക്കാനും പുസ്തകം വാങ്ങാനുമായി മോഷണം നടത്തിയ സജീവന്‍; ഒരു അപൂര്‍വ ജീവിത പുസ്തകം

#എം.ബി. ബാബു | mbbabumb@gmail.com
സജീവൻ വിയ്യൂർ സെൻട്രൽ ജയിലിൽ | ഫോട്ടോ: ജെ.  ഫിലിപ്പ്‌
സജീവൻ വിയ്യൂർ സെൻട്രൽ ജയിലിൽ | ഫോട്ടോ: ജെ. ഫിലിപ്പ്‌

ഒരുപക്ഷേ, കേരളത്തിലെത്തന്നെ ഏറ്റവും വലിയ ഒരു പുസ്തക വായനക്കാരന്റെ വിരുദ്ധജീവിതമാണിത്. ഇയാള്‍ ജയിലിലാണ്, മോഷ്ടാവാണ്.ജീവിക്കാനും പുസ്തകം വാങ്ങാനുമായി ഇന്ത്യമുഴുവന്‍ മോഷണം നടത്തിയ ഈ മനുഷ്യന്‍ കിടക്കാത്ത ജയിലുകളില്ല. ഒറ്റപ്പാലത്തെ ഒരു വലിയ തറവാട്ടില്‍ ജനിച്ച ഈ മനുഷ്യന്റെ ജീവിതം ഏതോ നക്ഷത്രനിയോഗങ്ങളാല്‍ ചരടറ്റ പട്ടംപോലെ എങ്ങോട്ടൊക്കെയോ അലഞ്ഞുപറന്നു. എവിടെയും ഇയാളുടെകൂട്ട് പുസ്തകങ്ങളായിരുന്നു; ലക്ഷ്യം മോഷണവും. തൃശ്ശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലിരുന്നാണ് സജീവന്‍ തന്റെ കഥ പറഞ്ഞത്...


എങ്ങും പൂര്‍ണ നിശ്ശബ്ദത. പാതിരയിലെ കൂരിരുട്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എ ബ്ലോക്കിലെ പത്തൊമ്പതാം നമ്പര്‍ സെല്‍. വരാന്തയിലെ അരണ്ടവെളിച്ചം സെല്ലിലേക്ക് പരന്നിട്ടുണ്ട്. സെല്ലിന്റെ ഇരുമ്പഴി വാതിലില്‍ ചാരിയിരുന്ന് 4178-നമ്പര്‍ തടവുകാരന്‍ വായനയിലാണ്. ജയില്‍ വസ്ത്രങ്ങളണിഞ്ഞ്, തലയും താടിരോമങ്ങളും നരച്ച ഒരാള്‍. വായനയ്ക്ക് കണ്ണടയുണ്ട്. സെല്ലില്‍ അയാള്‍ ഏകനാണ്. കൂട്ടിന് കുറെ പുസ്തകങ്ങളുണ്ട്. പിന്നെ കുറെ പത്രങ്ങളും മാസികകളും. രാത്രി റോന്തുകാരുടെ ബൂട്ടിന്റെ ശബ്ദത്തില്‍ പോലും വായന മുറിയാതെ ഏകാഗ്രതയിലാണ് അയാള്‍. ജയില്‍ വരാന്തയിലെ വെളിച്ചമാണ് വായനയ്ക്ക് തുണ.

വായനയും കഴിഞ്ഞ് കിടക്കുംമുമ്പേയുള്ള ആലോചനാ നിമിഷങ്ങളില്‍ അയാളുടെ മനസ്സില്‍ ഒറ്റപ്പാലത്തെ വലിയ തറവാട് തെളിയും. സ്വത്തും പ്രതാപവും സത്‌പ്പേരുമുളള തറവാട്. സര്‍ക്കാര്‍ ജീവനക്കാരനായ ഗൃഹനാഥന്‍. മെച്ചപ്പെട്ട ജോലി. സന്തുഷ്ട കുടുംബം. ആ കുടുംബത്തില്‍ 1956-ല്‍ ഇരട്ട ആണ്‍കുട്ടികള്‍ പിറന്നു. കുടുംബത്തിലെത്തിയ വലിയ സന്തോഷം സന്താപത്തിലേക്ക് വഴി മാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല. ജാതകം കുറിച്ചയാള്‍ പറഞ്ഞു: 'ജനിച്ചത് ഇരട്ടക്കുട്ടികളാണെങ്കിലും ഇരുവരുടെയും ഗ്രഹനില ഒരേ പോലെയല്ല. ഇവരില്‍ ഒരാള്‍ക്ക് കുപ്രസിദ്ധിക്കും കാരാഗൃഹവാസത്തിനും യോഗം കാണുന്നു'. മറു ചെവിയറിയാതെ, ഇരട്ടകള്‍ അറിയാതെ, മറ്റുമക്കള്‍ അറിയാതെ, അതൊന്നും വിശ്വസിക്കാതെ, അച്ഛനും അമ്മയും ആ രഹസ്യം കാത്തു. ഇരട്ടകളെ പൊന്നുപോലെ വളര്‍ത്തി.

ജോലിയുടെ ഭാഗമായുള്ള സ്ഥലംമാറ്റങ്ങളില്‍ അച്ഛനുമമ്മയും ഇരട്ടകളായ മക്കളെയും കൂടെക്കൂട്ടി. ജോത്സ്യന്റെ പ്രവചനപ്രകാരം ദോഷജാതകമുള്ള ഇരട്ടകളില്‍ ഒരാളായ സജീവന് കൂടുതല്‍ കരുതല്‍ നല്‍കി ഗൃഹനാഥനും ഭാര്യയും. നല്ല കഥകള്‍ പറഞ്ഞു കൊടുത്തു. ഒരുപാട് പുസ്തകങ്ങള്‍ വായിക്കാന്‍ വാങ്ങിക്കൊടുത്തു. നന്നായി പഠിപ്പിച്ചു. പ്രാര്‍ഥനകളും വഴിപാടുകളും നടത്തി. തലശ്ശേരിയിലെ ബ്രണ്ണന്‍ സ്‌കൂളിലും കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലും സജീവന്‍ പഠനമികവ് പുലര്‍ത്തി. പഠനത്തിലും പ്രവര്‍ത്തനങ്ങളിലും മകന്‍ നല്ല പേര് നേടി സത്സ്വഭാവം പുലര്‍ത്തിയപ്പോള്‍ അച്ഛനും അമ്മയും നെടുവീര്‍പ്പിട്ടു, ആശ്വസിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് 1978-ല്‍ എം.എസ്സി. കെമിസ്ട്രിക്ക് ഒന്നാം ക്ലാസ് മാര്‍ക്ക് നേടി പാസായ സജീവനെ തേടി ജോലിവാഗ്ദാനങ്ങള്‍ ഏറെ എത്തിയെങ്കിലും അച്ഛന്‍ വിട്ടില്ല. ഒന്നരവര്‍ഷംകൂടി ഒറ്റപ്പാലത്തെ വീട്ടില്‍ കഴിയാനായിരുന്നു അച്ഛന്റെ നിര്‍ദേശം. നിര്‍ദേശം പാലിച്ച്, അച്ഛന്‍ വാങ്ങിക്കൊടുത്ത നൂറുകണക്കിന് പുസ്തകങ്ങള്‍ വായിച്ച്, സജീവന്‍ കഴിഞ്ഞുകൂടി. മോശം കൂട്ടുകെട്ടില്ല. മുന്‍ശുണ്ഠിയില്ല. ചീത്ത സ്വഭാവങ്ങള്‍ ഇല്ല. ചിരിയൊഴിഞ്ഞ മുഖമില്ല. അതായിരുന്നു സജീവന്‍.വായനയായിരുന്നു സജീവന്റെ ജീവന്‍.

1980-ല്‍ മാതാപിതാക്കളുടെ സമ്മതത്തോടെ സജീവന്‍ മുംബൈയിലേക്ക് തീവണ്ടി കയറി. ഒറ്റപ്പാലം റെയില്‍വേസ്റ്റേഷനില്‍ തീവണ്ടി കയറ്റിവിടാന്‍ കൂടെ വന്ന അച്ഛന്‍ സജീവനോട് ഒരുകാര്യം മാത്രമാണ് പറഞ്ഞത്:

''നിന്നെ എനിക്ക് അറിയാം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉടന്‍ മടങ്ങി വരുക. ഇവിടെ നിനക്ക് സുഖമായി ജീവിക്കാനുള്ള വക ഞാന്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്.''

മുംബൈ: നഗരം പഠിപ്പിച്ച പാഠങ്ങള്‍

ഒരു കെട്ട് പുസ്തകങ്ങളുമായാണ് സജീവന്‍ വണ്ടികയറിയത്. മുംബൈയിലെ ആഗോള പ്രശസ്തങ്ങളായ മരുന്നു കമ്പനികളില്‍ അയാള്‍ക്ക് ജോലികിട്ടി. ആറടി ഉയരം. പ്രസന്നമായ മുഖം. ജീന്‍സും ഡെനീം ഷര്‍ട്ടും സ്ഥിരംവേഷം. വിലകൂടിയ ഷൂസുകള്‍ . കൂളിങ് ഗ്ലാസ്. നല്ല പെരുമാറ്റം. നല്ല ശമ്പളം വാഗ്ദാനം ചെയ്ത മുംബൈയിലെ പ്ലൈവുഡ് നിര്‍മാണ കമ്പനിയിലേക്ക് സജീവന്‍ ചേക്കേറിയത് 1984-ല്‍. കഴിവും സാമര്‍ഥ്യവുമുള്ള സജീവനെ കമ്പനി മുതലാളി ഫിനാഷ്യല്‍ മാനേജരായി നിയമിച്ചു. അവിടെയും നല്ല ശമ്പളം. ഒറ്റത്തടി. വിശാലമായ കൂട്ടുകെട്ട്. വായിച്ചും ജോലി ചെയ്തും മുന്നേറിയ കാലം. നിയന്ത്രിക്കാന്‍ ആരുമില്ലാത്ത ചെറുപ്പത്തിന്റെ ആവേശം അറിയാതെ പിടികൂടി. അത് സജീവനെ നയിച്ചത് മുംബൈയിലെ കുതിരപ്പന്തയ വാതുവെപ്പിലേക്ക്.

വാതുവെപ്പിന്റെ ലഹരിയില്‍ കൈയിലുളള പണമെല്ലാം നഷ്ടമായതോടെ സജീവന്‍ പിന്മാറി. പക്ഷേ, കൂട്ടുകാര്‍ സജീവനെ പിന്മാറാന്‍ അനുവദിച്ചില്ല. അവരുടെ ഉപദേശം ഇങ്ങനെയായിരുന്നു: പ്രതിസന്ധികളുണ്ടാകും. നീ വലിയൊരു സ്ഥാപനത്തിലെ ഫിനാന്‍ഷ്യല്‍ മാനേജരല്ലേ. കമ്പനി അറിയാതെ അല്പം പണം എടുക്കുക. അതുകൊണ്ട് വീണ്ടും വാതുവെക്കുക. ജയം ഉറപ്പ്. ലക്ഷങ്ങള്‍ കിട്ടും. കിട്ടുന്ന തുകകൊണ്ട് പിറ്റേന്നുതന്നെ കമ്പനിയില്‍ എടുത്ത തുക തിരികെ വെക്കുക. ആരും അറിയില്ല.

1985 മേയ്. പ്ലൈവുഡ് കമ്പനിയില്‍നിന്ന് ആരുമറിയാതെ മുപ്പതിനായിരം രൂപയെടുത്ത് സജീവന്‍ കുതിരപ്പന്തയത്തില്‍ വാതുവെച്ചു. പരാജയമായിരുന്നു ഫലം. പിറ്റേന്നുതന്നെ പണം തിരികെ കമ്പനിയില്‍ വെക്കണം. പണം തിരികെ വെക്കാതെ കമ്പനിയില്‍ പോകാനാകില്ല. ഒരുദിവസംകൊണ്ട് പണം ഉണ്ടാക്കണം. എന്താണ് വഴി?

വീണ്ടും കൂട്ടുകാര്‍ ഉപദേശിച്ചു: ഒരു വഴിയേയുള്ളൂ; മോഷണം. ഉപദേശിച്ച കൂട്ടുകാര്‍ മെല്ലെ സ്ഥലം കാലിയാക്കി. മോഷണം എന്നുകേട്ടിട്ടും സജീവന്‍ നടുങ്ങിയില്ല. കാരണം, പണം ഉണ്ടാക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. പണം തിരികെ വെച്ചില്ലെങ്കില്‍ ഇതിലും വലിയ നടുക്കം അനുഭവിക്കേണ്ടിവരും. മാട്ടുങ്കയിലെ അടഞ്ഞുകിടന്ന വീട്ടില്‍ വൈകീട്ട് നാലുമണിയോടെ സജീവന്‍ കയറി. 10 മിനിറ്റില്‍ തിരികെ ഇറങ്ങുമ്പോള്‍ കീശയില്‍ 50,000 രൂപ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ കമ്പനിയില്‍ എത്തി മുപ്പതിനായിരം രൂപ തിരികെ വെച്ചു. അന്ന് അവധി പറഞ്ഞിറങ്ങി. അയ്യായിരം രൂപയ്ക്ക് പുസ്തകങ്ങള്‍ വാങ്ങി. ബാക്കി പണംകൊണ്ട് അടിച്ചുപൊളിച്ചു. വായനയുടെ ലഹരി. അധ്വാനിക്കാതെ കിട്ടിയ പണംകൊണ്ടുള്ള ധൂര്‍ത്തടി. പണവും പുസ്തകങ്ങളും തീരുംവരെ കമ്പനിയില്‍ ജോലിക്കുപോകുന്നതിനെപ്പറ്റി ചിന്തിച്ചില്ല.

വായനയും മോഷണവും ലഹരി

വായനയും മോഷണവും ഇത്തരക്കാര്‍ക്ക് ഒരേപോലെ ലഹരിയാണ്. ഒരുതരം ഉന്മാദാവസ്ഥയാണിത്. മാറ്റിയെടുക്കാന്‍ പറ്റാത്ത തരത്തില്‍ അതിന് അടിമപ്പെട്ടുപോകും. ഇവരുടെ ബുദ്ധിശക്തി എപ്പോഴും ശരാശരിക്കുമുകളിലായിരിക്കും. ബുദ്ധിശക്തി ഉപയോഗിക്കുന്നത് നല്ലതിനായിരിക്കില്ലെന്നുമാത്രം. ഇത്തരക്കാര്‍ക്ക് ആത്മസ്‌നേഹം മാത്രമായിരിക്കും ഉണ്ടാകുക. മറ്റുള്ളവരെപ്പറ്റി ഇവര്‍ ബോധവാന്മാരല്ല. ഈ സ്വഭാവം ഒരിക്കലും മാറ്റിയെടുക്കാനും സാധിക്കില്ല. ഒരുതരം കുപ്രസിദ്ധിയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ജയിലുകളിലെ ചിലര്‍ക്ക് ഈ അവസ്ഥയുണ്ട്. അതില്‍ കള്ളക്കടത്തുകാരും ഗുണ്ടകളുമുണ്ടാകും. ഇവരുടെയെല്ലാം ബുദ്ധിശക്തി എപ്പോഴും ശരാശരിക്ക് മുകളിലായിരിക്കുമെന്ന് കണ്ടെത്താനാകും.- (കെ.ജി. ജയേഷ്,കൗണ്‍സലര്‍ ആന്‍ഡ് സൈക്യാട്രിസ്റ്റ്, ഗവ. ജനറല്‍ ഹോസ്പിറ്റല്‍, ഇരിങ്ങാലക്കുട)

പിന്നീട് കമ്പനിയില്‍ ജോലിക്ക് പോകുന്നതിനെപ്പറ്റി ആലോചിച്ചപ്പോള്‍ മനസ്സിലൊരു കുറ്റബോധം നിറഞ്ഞു. സ്വയം ചോദിച്ചു: ആദ്യത്തെ മോഷണം ഏതായിരുന്നു? കമ്പനിയില്‍നിന്ന് മുപ്പതിനായിരം എടുത്തതോ അതോ മാട്ടുങ്കയിലെ വീട്ടില്‍നിന്ന് അമ്പതിനായിരം കവര്‍ന്നതോ? അതൊന്നും അധികം ചിന്തിക്കാന്‍ സജീവന് സമയം ഉണ്ടായില്ല. പിടിക്കപ്പെടാതെ മോഷണം നടത്തുന്നതിലേക്ക് ചിന്ത തിരിഞ്ഞു. ചിന്ത കാടുകയറിയ സമയത്ത് വായിച്ച പുസ്തകങ്ങള്‍ വീണ്ടും വായിച്ചു. വീട്ടിലേക്കുള്ള വിളി കുറഞ്ഞു. പണമുണ്ടാക്കാന്‍ ജോലി ചെയ്യേണ്ടതില്ലെന്ന ചിന്ത മനസ്സിലുദിച്ചു. ഇടയ്ക്കിടെ പട്ടാപ്പകല്‍ ഒറ്റയ്ക്ക് നടത്തുന്ന ഭവനഭേദനം ഒരു പരീക്ഷണമാക്കി. ആ പരീക്ഷണങ്ങളില്‍ പണം ഏറെക്കിട്ടി. അത്, ജോലിചെയ്യാതെ പണം സമ്പാദിക്കാമെന്ന ചിന്ത ശരിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. 1987 -ല്‍ ജോലിവിട്ടു. മുംബൈയോട് യാത്ര പറഞ്ഞു.

യാത്ര; മോഷണങ്ങള്‍...

ഒരു കെട്ട് പുസ്തകങ്ങള്‍ മാത്രം കൈയില്‍ക്കരുതിയുള്ള യാത്ര. പണം വേണ്ടാ. അത് പോകുംവഴിയുണ്ടാക്കാമെന്ന വിശ്വാസവും കൂടെയുണ്ടായിരുന്നു. സംസ്ഥാനങ്ങള്‍ താണ്ടി യാത്ര തുടര്‍ന്നു. പണം ആവശ്യമുള്ളപ്പോള്‍ ഒരു വീട് അല്ലെങ്കില്‍ ഒരു സ്ഥാപനം ലക്ഷ്യമിട്ട് കയറി. അവിടെനിന്നുള്ള പണംകൊണ്ട് ആഡംബര ജീവിതം നയിച്ചു, വായനയെന്ന ലഹരി മാത്രം കൈവിട്ടില്ല. ചെലവിന്റെ നല്ലൊരു പങ്ക് പുതിയ പുസ്തകങ്ങള്‍ക്കായി മാറ്റിവെച്ചു. വായിച്ച് തീര്‍ത്ത പുസ്തകങ്ങള്‍ താമസിച്ചയിടങ്ങളില്‍ ഉപേക്ഷിച്ച് യാത്ര തുടര്‍ന്നു.

ഒറ്റയ്ക്കായിരുന്നു മോഷണങ്ങള്‍. എല്ലാം പട്ടാപ്പകലും. മോഷണത്തിന് ആയുധങ്ങളില്ല. ഗുരുവില്ല, ശിഷ്യനും ഇല്ല. പുണെയിലെ ഒരു വീട്ടില്‍നിന്ന് മോഷ്ടിച്ച പണവുമായി നേരെ പോയത് ബാറിലേക്ക്. അവിടെ പരിധി വിട്ടപ്പോള്‍ ബഹളമുണ്ടാക്കി. അടിപിടിയായി. പോലീസെത്തി. സജീവനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പ്രതിയുടെ ൈകയില്‍ ആയിരങ്ങളുടെ കെട്ട് കണക്കിന് നോട്ട്. എവിടെനിന്നാണ് പണം എന്ന് പോലീസ് ചോദിച്ചു. ഉത്തരംമുട്ടി. ആദ്യമായി പിടിക്കപ്പെട്ടു. ആദ്യത്തെ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു, 1988-ല്‍. ആ കേസില്‍ ജീവിതത്തില്‍ ആദ്യത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു. ഗാന്ധിജി കിടന്ന യെര്‍വാദ ജയിലില്‍ മൂന്നുമാസം.

ജയിലുകളില്‍നിന്ന് ജയിലുകളിലേക്ക്

ജയില്‍മോചിതനായി അടുത്ത യാത്ര കൊല്‍ക്കത്തയിലേക്ക്. അവിടെ മോഷണം കഴിഞ്ഞ് പണക്കെട്ടുമായി പുസ്തകക്കട തേടി നടക്കവേ റോന്ത് പോലീസിന്റെ പിടിയിലായി. മോഷണക്കേസില്‍ മൂന്നുമാസം കൊല്‍ക്കത്ത ജയിലില്‍. 1988-ന്റെ അവസാനം കേരളത്തില്‍ എത്തി. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം സ്വകാര്യ കമ്പനിയുടെ ഓഫീസില്‍ കയറി വലിയ തുക മോഷ്ടിച്ചു. അതുമായി പോകുമ്പോള്‍ മ്യൂസിയം പോലീസ് പിടികൂടി. അട്ടക്കുളങ്ങര സബ് ജയിലില്‍ ആറുമാസം തടവിലേക്ക് സംഭവം നയിച്ചു. മലയാളഗ്രന്ഥങ്ങളുടെ വായനക്കാലമായിരുന്നു ആ തടവുകാലം.

1990 മുതല്‍ തുടങ്ങി തുടര്‍ച്ചയായ മോഷണങ്ങളും അതിന്റെ പേരില്‍ തുടര്‍ ജയില്‍വാസങ്ങളും മിക്ക കേസുകളിലും പിടിക്കപ്പെട്ടതോടെ സ്വയം വാദിക്കാനായി വായന നിയമ പുസ്തകത്തിലേക്കുമാറ്റി. പിന്നീടുള്ള എല്ലാ കേസുകളും സ്വന്തമായി വാദിക്കുകയായിരുന്നു സജീവന്‍. ഇതിനുശേഷം വക്കീല്‍ സജീവന്‍ എന്നയാള്‍ വിളിക്കപ്പെടാന്‍ തുടങ്ങി. 1990 മുതല്‍ '91 വരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ സജീവന്റെ പേരില്‍ നാല് മോഷണക്കേസുകള്‍ ഉണ്ടായിരുന്നു. ചിലത് സജീവന്‍ സ്വയം വാദിച്ചു ജയിച്ചു. ചിലത് പരാജയപ്പെട്ടു. തോറ്റ കേസിന്റെ പേരില്‍ എറണാകുളം സബ് ജയിലില്‍ ആറുമാസം കിടക്കേണ്ടി വന്നു. ജാമ്യമെടുക്കാന്‍ ആരുമില്ലാത്തതിനാല്‍ ശിക്ഷ കഴിഞ്ഞ് മാത്രം പുറത്തിറങ്ങുക എന്നതായിരുന്നു സജീവന്റെ രീതി. എറണാകുളം സബ് ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ കേരളം വിട്ടു. 1992-ല്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ആന്ധ്രയിലുമായി കറങ്ങിനടന്നു. പല മോഷണവും നടത്തിയെങ്കിലും പിടിക്കപ്പെട്ടില്ല. 1993-ല്‍ സ്വര്‍ണവും പണവും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുമായി ചെന്നൈ പോലീസിന്റെ പിടിയിലായി. കുറ്റം സമ്മതിച്ചാല്‍ ശിക്ഷ കുറവ് എന്ന തമിഴ്നാട് നയമറിഞ്ഞ് കുറ്റം സമ്മതിച്ചു. കിട്ടിയത് ഒന്‍പതുമാസം തടവ്.

ജയിലില്‍ നല്ല സ്വഭാവം പുലര്‍ത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനത്തില്‍ കിട്ടുന്ന ശിക്ഷയിളവ് സജീവനും കിട്ടി. ഒന്‍പത് മാസത്തെ തടവ് ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കി പുറത്തിറങ്ങി. 1994-ല്‍ വടക്കേ ഇന്ത്യയിലായിരുന്നു കറക്കം. ആ വര്‍ഷം പോലീസിന്റെ കണ്ണില്‍പ്പെടാതെ മോഷണവും വായനയും ആര്‍ഭാടജീവിതവും തുടര്‍ന്നുകൊണ്ടേയിരുന്നു. 1995-ല്‍ കേരളത്തില്‍ തിരിച്ചെത്തി. ഏറെ വൈകാതെ കോഴിക്കോട് സിറ്റി പോലീസിന്റെ പിടിയിലായി. ഒന്നേമുക്കാല്‍ വര്‍ഷത്തെ തടവു കഴിഞ്ഞ് 1996-ല്‍ പുറത്തിറങ്ങി. 1997-ല്‍ തട്ടകം കോയമ്പത്തൂരായിരുന്നു. അവിടെയും പിടിക്കപ്പെട്ടു. തടവുകാരനായി നാലുമാസം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. കോയമ്പത്തൂരില്‍നിന്ന് കേരളത്തിലേക്ക് ചേക്കേറി പത്താം നാള്‍ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റുചെയ്തു. ഇവിടെ പോലീസ് കള്ളക്കേസ് ചുമത്തുകയാണുണ്ടായത്. കോട്ടയം സബ്ജയില്‍ മൂന്നുമാസത്തെ തടവ്.

ഹൈദരാബാദില്‍ ആര്‍ഭാടമായി...

1997 മുതല്‍ '99 വരെ ഹൈദരാബാദിലായിരുന്നു. അവിടെ നഗരത്തില്‍ വലിയൊരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു. മോഷണം, വായന എന്നിവ ആസ്വദിച്ചു. ലക്ഷങ്ങളുടെ പുസ്തകങ്ങളാണ് വാങ്ങിക്കൂട്ടിയത്. ഹൈദരാബാദില്‍ താമസിക്കുന്നിടത്ത് 12 നിലയുള്ള കെട്ടിടമുള്ള കമ്പനിയില്‍ മോഷ്ടിക്കാന്‍ ശ്രമിക്കവേ കൈയോടെ പിടിക്കപ്പെട്ടു.

ആ സംഭവം ഇങ്ങനെ: അവധിദിനത്തില്‍ നാലുമണിയോടെ സജീവന്‍ ജീന്‍സും ഷര്‍ട്ടും കൂളിങ് ഗ്ലാസും ധരിച്ച് ഓഫീസില്‍ എത്തി. ഗേറ്റില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനോട് പുതിയ ഓഫീസറാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് അകത്തുകടന്നു. എട്ടാം നിലയിലാണ് ലോക്കര്‍ എന്ന് മനസ്സിലാക്കി അവിടെയെത്തി.മുറി തുറന്ന് ലോക്കര്‍ തകര്‍ത്ത് ആവശ്യത്തിന് പണം എടുത്തു. അവധി ദിവസത്തില്‍ ഓഫീസില്‍ എത്തിയ പുതിയ ഓഫീസറില്‍ സംശയംതോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ സജീവന്‍ കാണാതെ പിന്തുടരുന്നുണ്ടായിരുന്നു. ലോക്കര്‍ തുറക്കുന്നതുകണ്ട് മോഷണമാണെന്ന് മനസ്സിലാക്കിയ സെക്യൂരിറ്റി ജീവനക്കാരന്‍ വാതില്‍ പുറമേ നിന്നടച്ചു.വിസിലടിച്ച് മറ്റ് സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചുകൂട്ടി. ക്രൂരമായ മര്‍ദനമാണ് പിന്നീട് നടന്നത്. ദേഹമാസകലം ചോരയില്‍ കുളിച്ച സജീവനെ കാറില്‍ കയറ്റി ഏറെദൂരം കൊണ്ടുപോയി റോഡോരത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. വിജനമായ സ്ഥലത്ത് ഏറെനേരം കിടന്നു. എണീക്കാന്‍ പോലും സാധിക്കുന്നില്ല. അതുവഴി വന്ന ഒരു ഓട്ടോറിക്ഷ കണ്ട് വിളിച്ചുകൂവി സഹായത്തിനപേക്ഷിച്ചു. ഭയന്നുനിന്ന ഓട്ടോഡ്രൈവര്‍ക്ക് സജീവന്‍ കൈയിലെ മോതിരം ഊരി നീട്ടി. അതോടെ ഓട്ടോറിക്ഷക്കാരന്‍ സജീവിനെ കയറ്റി ആശുപത്രിയിലെത്തിച്ചു. ചോരയില്‍ കുളിച്ച സജീവനെ ചികിത്സിക്കാന്‍ ആശുപത്രിക്കാര്‍ വിസമ്മതിച്ചു. ചികിത്സയ്ക്ക് ഏറെ പണം വേണം. അത്‌ ൈകയില്‍ ഉണ്ടോ എന്ന് ഡോക്ടര്‍ ചോദിച്ചു.

വലതുകാലിലെ ഷൂസ് ഊരി സജീവന്‍ ഡോക്ടര്‍ക്ക് നീട്ടി. എന്നിട്ട് അതിന്റെ അടിയിലെ രഹസ്യ അറ തുറക്കാന്‍ പറഞ്ഞു. ഷൂസിന്റെ രഹസ്യ അറയില്‍നിന്ന് ആയിരത്തിന്റെ രണ്ടുമൂന്നു കെട്ട് നോട്ടുകള്‍ താഴെവീണു. നാലാംനാള്‍ ചികിത്സകഴിഞ്ഞ് സജീവന്‍ ആശുപത്രി വിട്ടു. ക്രൂരമര്‍ദനത്തിന് ഇരയായെങ്കിലും ഹൈദരാബാദ് വിട്ടില്ല. മോഷണത്തിന് ഏറ്റവും സാധ്യതയുള്ള നഗരമാണത്. എന്നാല്‍, മോഷണവും സുഖവും അധികനാള്‍ നീണ്ടില്ല. മറ്റൊരു മോഷണക്കേസില്‍ പിടിക്കപ്പെട്ടു. ചഞ്ചല്‍ ഗുഡ സെന്‍ട്രല്‍ ജയില്‍ ആറുമാസം കിടന്നശേഷം നാട്ടിലേക്ക് തിരിച്ചെത്തി.

1999 അവസാനം തേവര പോലീസിന്റെ പിടിയിലായി മൂന്നുമാസം എറണാകുളം സബ്ജയിലിലും 2000 നവംബര്‍ വരെ തൃശ്ശൂര്‍ സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞു പുറത്തിറങ്ങി. 2001-ല്‍ എറണാകുളം പോലീസിന്റെ പിടിയിലായി ഒരുവര്‍ഷം ആലുവ സബ്ജയില്‍ കിടന്നു. 2002 ഏപ്രിലില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്ത കേസില്‍ തൃശ്ശൂര്‍ സബ്ജയിലിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമായി ഒരു വര്‍ഷം തടവുശിക്ഷ അനുഭവിച്ചു.

2003-ല്‍ പുറത്തിറങ്ങി. 2004-ല്‍ മംഗലാപുരം പോലീസ് അറസ്റ്റുചെയ്ത സജീവനെ കുമ്പള പോലീസിന് കൈമാറി. കേസില്‍ 2004 മുതല്‍ 2007 വരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും 2007 മുതല്‍ 2012 വരെ തൃശ്ശൂര്‍ സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞു. 2012 ഒക്ടോബറില്‍ കളമശ്ശേരി പോലീസ് പിടികൂടിയ കേസില്‍ ആലുവ സബ്ജയിലിലും തൃശ്ശൂര്‍ സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞു. കേരളത്തിലെ ജയിലുകളില്‍ സജീവന്റെ വായനയുടെ വസന്തകാലമായിരുന്നു അത്.

ഇതാണ് സജീവന്‍


• ജീവിതത്തില്‍ എത്ര മോഷണം നടത്തിയെന്നോ എത്ര പുസ്തകങ്ങള്‍ വായിച്ചു എന്നോ സജീവന് നിശ്ചയമില്ല.

• 12 വയസ്സ് മുതല്‍ ഏതാണ്ട് 75,000 പുസ്തകങ്ങള്‍ വായിച്ചു എന്നാണ് നിഗമനം.

• സജീവന് ഇരട്ട സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് സഹോദരങ്ങളുണ്ട്. അമ്മയും ജീവിച്ചിരിക്കുന്നു.

• മലയാളം, ഇംഗ്ലീഷ് , ഹിന്ദി തുടങ്ങിയ ഭാഷകളിലെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും വായിക്കാറുണ്ട്.

• വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലൈബ്രറിയുടെ ചാര്‍ജ് സജീവനാണ് .

• സജീവന്റെ വായനശീലം അറിഞ്ഞ് മിക്ക പ്രസിദ്ധീകരണസ്ഥാപനങ്ങളും സൗജന്യമായി പുസ്തകങ്ങള്‍ അയച്ചുകൊടുക്കാറുണ്ട്.

• വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ ജയില്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് രീതി

• അവിവാഹിതനായ സജീവന്‍ ജീവിതത്തില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു എന്ന ത്രില്ലിലാണ്.

• ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്ന കേസില്‍ അപ്പീല്‍ പോയാല്‍ ശിക്ഷ ഇളവ് കിട്ടും എന്ന് ഉറപ്പുണ്ട്. പക്ഷേ പുറത്തിറങ്ങിയാല്‍ ജീവിക്കാന്‍ എന്തുചെയ്യും എന്ന ചിന്തയിലാണ് അപ്പീല്‍ നല്‍കാത്തത് .

• സജീവന് ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ജയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലാണ്.

• ജയിലില്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍നിന്ന് ഏറ്റവും പുതിയ പുസ്തകങ്ങളും പ്രതിദിനം ആറ് പത്രങ്ങളും നാല് ആനുകാലികങ്ങളും വാങ്ങുന്നുണ്ട്.

• ഏറ്റവും വലിയ മോഷണം ഒരു ഷിപ്പിങ് കമ്പനി ഓഫീസില്‍ നിന്നാണ്. എട്ടേമുക്കാല്‍ ലക്ഷം രൂപയാണ് കവര്‍ന്നത്.

ചെന്നൈയിലേക്ക്...

2015 ഏപ്രിലില്‍ പുറത്തിറങ്ങി നേരെ പോയത് ചെന്നൈയിലേക്ക്. പ്രതിദിനം 11,000 രൂപ വാടകയുള്ള സ്റ്റാര്‍ ഹോട്ടലില്‍ തങ്ങി മോഷണം തുടങ്ങി. ഒക്ടോബറില്‍ ചെന്നൈ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ നടത്തിയ റെയ്ഡില്‍ പിടിയിലായി. ഹോട്ടല്‍മുറിയില്‍ ഇരുപതിനായിരം രൂപ വിലയുള്ള പുസ്തകങ്ങളും വായിക്കാനായി സജീവന്‍ വാങ്ങിവെച്ചിട്ടുണ്ടായിരുന്നു. അത് പോലീസ് തട്ടിത്തെറിപ്പിച്ചു. കേസില്‍ 2017 ഓഗസ്റ്റുവരെ കുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടിവന്നു. പക്ഷേ, ജയില്‍ ജീവിതത്തിലെ നല്ല ഓര്‍മകളുടെ ഏറ്റവും തീവ്രമായ അനുഭവം സമ്മാനിച്ചതും ഇവിടെത്തന്നെ. കുഴല്‍ സെന്‍ട്രല്‍ ജയില്‍ എത്തിയതോടെ എം. എസ്.സി. കെമിസ്ട്രിക്കാരനായ മോഷ്ടാവിനെ ജയില്‍ ഡോക്ടര്‍ നവീന്‍ കുമാറിന് നന്നേ ബോധിച്ചു. ജയിലില്‍ ഡോക്ടറുടെ സഹായിയായി നില്‍ക്കാന്‍ സജീവനെ അനുവദിച്ചു. തടവു കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഡോക്ടര്‍ 2000 രൂപ കൈയില്‍ വെച്ചുകൊടുത്തു എന്നിട്ട് പറഞ്ഞു: ''സജീവന്‍ സാര്‍, നിങ്ങള്‍ എനിക്ക് അച്ഛനെപ്പോലെയാണ്.''

ഡോക്ടറുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കുഴല്‍ ജയിലില്‍ പരിചയപ്പെട്ട, ഒരേ സെല്ലില്‍ കഴിഞ്ഞിരുന്ന സേലം സ്വദേശിയായ ബ്രഹ്‌മമൂര്‍ത്തിയും നല്ല ഓര്‍മകള്‍ സമ്മാനിച്ചു. കൊടും ഗുണ്ടയായ യുവാവായ ബ്രഹ്‌മമൂര്‍ത്തിയെ തോക്കുചൂണ്ടിയാണ് പോലീസ് സംഘം പിടികൂടിയത്. ദീപാവലിത്തലേന്ന് ബ്രഹ്‌മമൂര്‍ത്തി സജീവനോട് പറഞ്ഞു: 'നാളെ രാവിലെ കുളിച്ചു റെഡിയായി നില്‍ക്കണം'. പറഞ്ഞപ്രകാരം ദീപാവലിയുടെ അന്ന് രാവിലെ സജീവന്‍ കുളിച്ചു റെഡിയായി നിന്നു. കുളിച്ച് ഈറന്‍ ഉടുത്തുവന്ന് ബ്രഹ്‌മമൂര്‍ത്തി സജീവന്റെ കാലില്‍ വീണ് അനുഗ്രഹം തേടി. നിങ്ങള്‍ എനിക്ക് അച്ഛന് തുല്യനാണ് എന്നുപറഞ്ഞു. സജീവന്‍ ബ്രഹ്‌മമൂര്‍ത്തിയെ പിടിച്ചെണീപ്പിച്ചു. നിറകണ്ണുകളുമായി ബ്രഹ്‌മമൂര്‍ത്തി സജീവന് ഒരു പൊതി നല്‍കി. ഒരു ജോടി പുതുവസ്ത്രമായിരുന്നു. ദീപാവലി നാളില്‍ തമിഴ്നാട്ടില്‍ മക്കള്‍ അച്ഛന് നല്‍കുന്ന സമ്മാനവസ്ത്രം!

വിടുതല്‍ രേഖകളെല്ലാം പൂര്‍ത്തിയാക്കി രാത്രി 12.30-നാണ് കുഴല്‍ ജയിലില്‍നിന്ന് സജീവന്‍ മോചിതനായത്. എങ്ങോട്ടുപോകും എന്നായി ചിന്ത. ജയില്‍ ആശുപത്രിയില്‍ സജീവന്റെ നല്ല ആതുരസേവനങ്ങള്‍ ഏറെ ഏറ്റുവാങ്ങി ജയിലില്‍നിന്ന് പുറത്തിറങ്ങിയ തിരുത്തണി സ്വദേശി കാര്‍ത്തിക് രാജയെ അപ്പോഴാണ് ഓര്‍മവന്നത്. ജയിലില്‍നിന്ന് ഇറങ്ങിയാല്‍ വിളിക്കണമെന്ന് പറഞ്ഞ് കാര്‍ത്തിക് രാജ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. ആ നമ്പറില്‍ ബന്ധപ്പെട്ട് കാര്‍ത്തിക് രാജയുടെ തിരുത്തണിയിലെ വീട്ടിലെത്തി. ഒരു ദിവസം അവിടെ തങ്ങി. പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് മര്‍ദനമേറ്റ കാര്‍ത്തിക് രാജ കള്ളക്കേസില്‍ കുടുങ്ങി ജയിലിലെത്തിയത്. ഇപ്പോള്‍ സ്ഥിതി വളരെ മോശമാണ്. കാര്യം മനസ്സിലാക്കിയ സജീവന്‍ നേരെ ചെന്നൈയിലേക്ക് വണ്ടികയറി. കാലങ്ങളേറെ കഴിഞ്ഞ് ഒരു രക്തബന്ധം തേടിയുള്ള സജീവന്റെ യാത്രയായിരുന്നു അത്.

ചെന്നൈയില്‍ സ്വന്തം പെങ്ങള്‍ താമസിക്കുന്ന സ്ഥലം സജീവന് അറിയാമായിരുന്നു. വര്‍ഷങ്ങളായി പെങ്ങളുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. അതുവേണ്ടെന്ന് കരുതിത്തന്നെ ആയിരുന്നു. എങ്കിലും ആ വീട്ടിലേക്കുചെന്നു. എന്നിട്ട് 15,000 രൂപ ആവശ്യപ്പെട്ടു. സജീവനെ കണ്ട് പെങ്ങള്‍ കരഞ്ഞുകൊണ്ടു പറഞ്ഞു:

'നിനക്ക് എത്ര പണം വേണമെങ്കിലും തരാം . നീ ഇവിടെനിന്ന് പോകരുത്. ഇവിടെ താമസിക്കാം.'

ആ കരച്ചില്‍ കേട്ട് അകത്തുനിന്ന് ഒരാള്‍ ഇറങ്ങിവന്നു. സജീവന്റെ അമ്മയായിരുന്നു അത്. പുറത്തേക്കുവന്ന് സജീവനെ തിരിച്ചറിഞ്ഞ് അമ്മ നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. 15,000 രൂപ വാങ്ങി മടങ്ങാന്‍ തയ്യാറായ സജീവനോട് പെങ്ങള്‍ ചോദിച്ചു:

'അച്ഛന്‍ മരിച്ചത് നീ അറിഞ്ഞോ?'

ഒരുമാസം മുമ്പ് അച്ഛന്‍ മരിച്ചു. സജീവന്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അതുകൊണ്ട് അറിയിക്കാന്‍ സാധിച്ചില്ല. അച്ഛന്റെ മരണശേഷമാണ് അമ്മ ചെന്നൈയിലെ മകളുടെ വീട്ടിലെത്തിയത്. 15,000 രൂപ കാര്‍ത്തിക് രാജയുടെ വീട്ടില്‍ എത്തിച്ചുനല്‍കി സജീവന്‍ നേരെ പോയത് ഒറ്റപ്പാലത്തെ തറവാട്ടിലേക്കായിരുന്നു.തറവാട് ശൂന്യമായിരുന്നു. ഏറെനേരം ആ പൂമുഖത്തേക്ക് നോക്കിനിന്നു. അച്ഛനും അമ്മയും താന്‍ ഉള്‍പ്പെടെ നാലു മക്കളും സന്തോഷമായി ജീവിച്ച ആ വീട്. അപ്പോള്‍ അയല്‍വാസി സംശയിച്ച് അടുത്ത് വന്നു ചോദിച്ചു:

''സജീവന്‍ ആണോ?'' ആണെന്ന് സജീവന്‍ തലയാട്ടി. വീട്ടിലേക്ക് മടങ്ങിയ അയല്‍വാസി ഉടന്‍ തന്നെ തിരികെ വന്ന് ഒരു കത്ത് സജീവന്റെ കൈയില്‍ ഏല്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു: ''സജീവന്‍ എന്നെങ്കിലും വന്നെങ്കില്‍ നല്‍കാന്‍ അച്ഛന്‍ ഏല്‍പ്പിച്ചതാണ്." സജീവന്‍ അത് പൊട്ടിച്ചുവായിച്ചു:

'എന്റെ പൊന്നു മകനേ, ഇതാ നിന്റെ ദോഷ ജാതകം.' -അച്ഛന്‍ വടിവൊത്ത കൈപ്പടയില്‍ എഴുതിയത് അത്രമാത്രമായിരുന്നു. കൂടെ സജീവന്റെ ജാതകക്കുറിപ്പും. ഒറ്റപ്പാലത്തെ നിളാതീരത്തെത്തി സജീവന്‍ അതേ വേഷത്തില്‍ നിളയില്‍ മുങ്ങിപ്പൊങ്ങി. പിന്നെ, ജാതകക്കുറിപ്പ് നിളയിലൊഴുക്കി. നിളയിലെ മണല്‍പ്പരപ്പില്‍ കൈകൊണ്ട് എഴുതി: 'അച്ഛാ, മാപ്പ്.'

നേരെ പോയത് ആലപ്പുഴയിലെ ബന്ധുവീട്ടില്‍. 2017 ഒക്ടോബറില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടി കേസെടുത്തു. ഈ കേസില്‍ ജയിലില്‍ കിടന്നപ്പോള്‍ രണ്ടാം മാസം ആലപ്പുഴയിലെ ബന്ധുവന്ന് ജാമ്യത്തില്‍ ഇറക്കി. ജീവിതത്തിലെ ആദ്യത്തെയും അവസാനത്തേതുമായ ജാമ്യം. ജാമ്യത്തിലിറക്കിയ ബന്ധുവിന്റെ ആവശ്യം വിചിത്രമായിരുന്നു: വലിയൊരു മോഷണം നടത്തി ആ മുതല്‍ ബന്ധുവിന് നല്‍കണം. മറ്റൊരാള്‍ക്കുവേണ്ടി മോഷ്ടിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച് സജീവന്‍ അവിടം വിട്ടു.

പിന്നെ ദക്ഷിണേന്ത്യ മുഴുവന്‍ കറങ്ങി. കേരളത്തില്‍ തിരിച്ചെത്തിയ സജീവനെ 2018-ല്‍ ആലപ്പുഴ വെച്ച് തിരുവനന്തപുരം പോലീസ് പിടികൂടി. ഗവണ്‍മെന്റ് പ്ലീഡറുടെ വീട്ടില്‍ മോഷണം നടത്തിയ കുറ്റത്തിനായിരുന്നു അറസ്റ്റ്. കേസില്‍ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സജീവനെ ആറുവര്‍ഷം തടവിന് ശിക്ഷിച്ചു. ഒരു മാസം ആറ്റിങ്ങല്‍ സബ്ജയിലില്‍. രണ്ടുമാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍. മൂന്നുവര്‍ഷമായി തൃശ്ശൂര്‍ സെന്‍ട്രല്‍ ജയിലില്‍. ഇനി രണ്ടേമുക്കാല്‍ വര്‍ഷം ബാക്കിയുണ്ട് ശിക്ഷ തീരാന്‍. 2024 വരെ സജീവന്‍ മോഷ്ടിക്കില്ല. അതേവരെ പുറത്തിറങ്ങാനാകില്ല...

4178 നമ്പര്‍ തടവുകാരന്റെ വായനയ്ക്ക് തടസ്സമുണ്ടാക്കി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ എ ബ്ലോക്കിലെ പത്തൊമ്പതാം നമ്പര്‍ സെല്ലിന്റെ വരാന്തയിലേക്ക് ബൂട്ട് ശബ്ദം അടുത്തു വന്നു. രാത്രി റോന്ത് നടത്തുന്ന വാര്‍ഡന്മാരാണ്.

അവര്‍ ചോദിച്ചു: ''എന്താണ് സജീവാ ഇന്നത്തെ വായന?''

ഒന്നുമെഴുതാത്ത ഒരു നോട്ട് ബുക്കിലേക്ക് നോക്കിയിരിക്കുകയായിരുന്ന സജീവന്‍ പറഞ്ഞു: ''ഇപ്പോള്‍ ഞാന്‍ വായിക്കുന്നത് എന്റെ ജീവിതമാണ് സാര്‍.''

ആ നോട്ടുബുക്ക് അടച്ചുവെച്ച് , സെല്ലിലെ ഇരുപതോളം പുസ്തകങ്ങള്‍ ഒതുക്കിവെച്ച്, ആറ് പത്രങ്ങള്‍ മടക്കിവെച്ച്, സജീവന്‍ ഉറക്കം തേടി കിടന്നു.

കെ. സജീവന്‍
65 വയസ്സ്
അന്തേവാസി നമ്പര്‍ 4178 എന്ന ചെറിയ ബാഡ്ജ് സെല്ലിലെ ഇരുണ്ട വെളിച്ചത്തില്‍ തെളിഞ്ഞുകണ്ടു.


വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Extraordinary life of a thief Sajeevan, who loves reading 

Content Highlights: