ഇന്‍ഡോനീഷ്യന്‍ പ്രധാനമന്ത്രിയുമായി പട്‌നായിക് തിരിച്ചുപറന്നു; ഡക്കോട്ട DC-3 ചരിത്രത്തിന്‍റെ ഭാഗമായി

ഡക്കോട്ട ഡി.സി-3, ബിജു പട്‌നായിക് | Photo: PTI
ഡക്കോട്ട ഡി.സി-3, ബിജു പട്‌നായിക് | Photo: PTI

1947 ജൂലൈ 21. ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത ലക്ഷ്യമാക്കി ഒരു ചെറുവിമാനം പറന്നുപൊങ്ങി. തീതുപ്പിയ ഡച്ച് തോക്കുകളെ വകവെയ്ക്കാതെ ഡക്കോട്ട ഡി.സി- 3 എന്ന വിങ് പ്രൊപ്പലര്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡോനീഷ്യന്‍ മണ്ണുതൊട്ടത് മൂര്‍ച്ചയേറിയ ഒരു വാക്കിന്റെ പിന്‍ബലത്തിലായിരുന്നു. ഡക്കോട്ട ഡി.സി-3 വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ അത് ഓര്‍മ്മയിലേക്കു കൊണ്ടുവരുന്നത് ചരിത്രത്തിന്റെ ചില ശേഷിപ്പുകളാണ്. ഒപ്പം, ഒഡീഷ മുന്‍മുഖ്യമന്ത്രിയും ഒഡീഷക്കാരുടെ പ്രിയ നേതാവുമായ  ബിജു പട്‌നായികിനെയും ഭാര്യ ഗ്യാന്‍വതിയോടൊപ്പം അദ്ദേഹം പൂർത്തിയാക്കിയ ഒരു  രക്ഷാദൗത്യത്തെയുമാണ്.

നെഹ്‌റു എല്‍പ്പിച്ച ഐതിഹാസിക ദൗത്യം
1947 ജൂലായില്‍ സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പുള്ള ഇന്ത്യയാണ് പശ്ചാത്തലം. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ഏതു നിമിഷവും ഇന്ത്യ സ്വതന്ത്രമായേക്കുമെന്ന് പ്രതീക്ഷകളുയരുന്ന കാലം. അന്നത്തെ ഒഡീഷ നിയമസഭയിലെ കോണ്‍ഗ്രസ് എം.എല്‍.എയും പൈലറ്റുമായിരുന്ന ബിജു പട്നായ്കിന് ഒരു ഫോണ്‍ കോള്‍ വന്നു. ആശങ്കകളോടെ പട്നായിക് ഫോണെടുത്തു. കോണ്‍ഗ്രസിന്‍റെ സമുന്നത നേതാവും സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനിരിക്കുന്ന ആളുമായ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു മറുതലയ്ക്കല്‍. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ പൈലറ്റ് കൂടിയായിരുന്ന ബിജു പട്നായികിനു മുന്നില്‍ നെഹ്റു വെച്ചത് വിചിത്രമായ ഒരാവശ്യമായിരുന്നു. ഡച്ച് അധിനിവേശ ഇന്‍ഡോനീഷ്യയില്‍ വീട്ടുതടങ്കലിലുള്ള ഇന്‍ഡോനീഷ്യന്‍ പ്രധാനമന്ത്രിയായ സുതന്‍ സ്ജാഹിറിനെയും വൈസ് പ്രസിഡന്റ് മുഹമ്മദ് ഹത്തയേയും അവിടെനിന്ന് മോചിപ്പിക്കണം. 

Content Highlights: dakota aircraft, biju patnaik historical mission, odisha, indonesia, independence

Continue reading