പോലീസ് ലോക്കപ്പില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക്; ജസിന്‍ഡയ്ക്ക് പിന്‍ഗാമിയായി ഹിപ്കിന്‍സ്

'ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം' എന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചതിനെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. നിലപാടുകള്‍കൊണ്ടും പ്രതിച്ഛായ കൊണ്ടും അന്തര്‍ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട ജസീന്തയുടെ രാജി പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ന്യൂസിലന്‍ഡിനെ മാത്രമല്ല, ലോകത്തെ ഒന്നാകെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. 'ഞാന്‍ സ്ഥാനമൊഴിയുന്നു, കാരണം ഇത്തരമൊരു ചുമതല നിര്‍വഹിക്കുകയന്നത് ഉത്തരവാദിത്തമുള്ള കാര്യമാണ്. ഈ ജോലി ബുദ്ധിമുട്ടേറിയത് കൊണ്ടല്ല സ്ഥാനമൊഴിയുന്നത്. അതായിരുന്നുവെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ടതായിരുന്നു. എപ്പോഴാണ് നിങ്ങള്‍ ഈ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ അനുയോജ്യയായ ആളെന്നും അല്ലെന്നും തിരിച്ചറിനായുള്ള വിവേകമുണ്ടാവുക എന്നതാണ് പ്രധാനം. ഈ ജോലിക്ക് എന്തെല്ലാം ആവശ്യമുണ്ടെന്ന് എനിക്കറിയാം. അതിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ എനിക്കിനി സാധിക്കില്ലെന്നും അറിയാം.' സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചുകൊണ്ട് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജസിന്‍ഡ ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചതോടെ, അവരുടെ പിന്‍ഗാമിയാര് എന്നതായിരുന്നു പ്രധാന ചോദ്യം. അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. ചോദ്യങ്ങള്‍ ചെന്നുനിന്നത് നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സിലാണ്. ആദ്യഘട്ടത്തില്‍ മറ്റ് പലരുടേയും പേരുകള്‍ പറഞ്ഞുകേട്ടുവെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഹിപ്കിന്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി എം.പിമാര്‍ നാമനിര്‍ദേശം ചെയ്തത് ഹിപ്കിന്‍സിനെ മാത്രമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജസിന്‍ഡ ആര്‍ഡേണ്‍ മന്ത്രിസഭയില്‍ പോലീസ്- പൊതുസേവന വകുപ്പ് മന്ത്രി, രാജ്യം കോവിഡിന്റെ പിടിയിലമര്‍ന്നപ്പോള്‍ പ്രധാനമന്ത്രിക്കൊപ്പം നിന്ന് നയിച്ചയാള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പേരും പെരുമയും കേട്ട വ്യക്തിത്വം. ഏറെ കാരണങ്ങളുണ്ടായിരുന്നു, ക്രിസ് ഹിപ്കിന്‍സ് എന്ന പേരിലേയ്ക്ക് എത്താന്‍. പസഫിക് ദ്വീപുകളില്‍ വേരുകളുള്ള കാര്‍മല്‍ സെപുലോനിയാണ് ഉപപ്രധാനമന്ത്രി
Content Highlights: Chris Hipkins, New Zealand’s new Prime Minister, the troubleshooter in Jacinda Arden’s cabinet