'ബേക്കറി' ഉപരോധം മുതൽ മണൽ നിരോധനം വരെ; ചൈനയ്ക്കായി ഇലോൺ മസ്കും കളത്തിൽ, പ്രതിരോധിച്ച് തായ്‌വാന്‍

തയ്‌വാനില്‍ കുമിന്താങ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം | Photo: AFP
തയ്‌വാനില്‍ കുമിന്താങ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം | Photo: AFP

ഒരാള്‍ക്ക് രണ്ട് തവണയില്‍ കൂടുതല്‍ പ്രസിഡന്റ് പദവി അനുവദിക്കരുതെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന പറയുന്നത്. അധികാര കേന്ദ്രീകരണം ഒഴിവാക്കുന്നതിനാണ് 1982 മുതല്‍ പാര്‍ട്ടി ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എന്നാല്‍ അതും മറികടന്നുകൊണ്ട് മൂന്നാം തവണയും കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിപനായിരിക്കുകയാണ് ഷി ജിന്‍ പിങ്. ഷി അധികാരമേറ്റതിന് പിന്നാലെ ലോകം ഉറ്റുനോക്കിയത് തായ്‌വാന്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ ഷിയുടെ നയമെന്തായിരിക്കുമെന്നാണ്‌. തായ്‌വാന്‍ കൂട്ടിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും പുറകോട്ടുപോകില്ല എന്നുറപ്പാണ്. പക്ഷേ, അതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്. തായ്‌വാനെ കൂട്ടിച്ചേര്‍ക്കുന്നതിന്റെ സൂചന പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ തന്നെ നല്‍കുകയും ചെയ്തു ഷി. സ്വതന്ത്രമെന്നും യഥാര്‍ഥ ചൈനയെന്നും അവകാശപ്പെടുന്ന ഒരു ദ്വീപിനെ തങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ എന്തിനാവും ചൈനയും ഷിയും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്നത്?

പെലോസിയുടെ പ്രകോപനം

'തായ്‌വാന്റെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഭാഗമാണ്  സന്ദര്‍ശനം.'

2022 ഓഗസ്റ്റ് രണ്ടാം തീയതി രാത്രി 8.30ന് അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വീറ്റാണിത്. സ്വതന്ത്രവും സുതാര്യവുമായ ഇന്‍ഡോ- പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തായ്‌വാന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്തുവെന്നും സ്വേച്ഛാധിപത്യമോ ജനാധിപത്യമോ എന്ന ചോദ്യത്തിനിടയില്‍ ലോകം നില്‍ക്കുമ്പോള്‍, തായ്‌വാനിലെ 2.3 കോടി ജനസംഖ്യയോടുള്ള അമേരിക്കയും ഐക്യപ്പെടലാണിതെന്നും പെലോസി അന്ന് കൂട്ടിച്ചേര്‍ത്തു. ലോകം മറ്റൊരു യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്കയ്ക്കിടെയാണ് തായ്‌വാനില്‍ പോര്‍മുഖം തുറന്ന് പെലോസിയുടെ പ്രകോപനപരമായ ഈ ട്വീറ്റ് വന്നത്.

പെലോസിയുടെ ട്വീറ്റ് പ്രകോപിപ്പിക്കുന്നത് ആരെയാണ്? സ്വാഭാവികമായും ചൈനയെ തന്നെയാണ്. ചൈന തങ്ങളുടേതും സ്വതന്ത്രമെന്ന് തദ്ദേശീയ ഭരണകൂടവും വാദിക്കുന്ന റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പരമാധികാരം അനുവദിച്ചുകൊടുക്കുന്ന ഏത് രാജ്യത്തേയും ചൈന ശത്രുപക്ഷത്തു തന്നെയാണ് നിര്‍ത്തുന്നത്. ഇതിന്റെ പ്രയോഗതലത്തിലുള്ള പ്രകടനമായിരുന്നു പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ മേഖലയില്‍ സൈനിക വിന്യാസം നടത്തിക്കൊണ്ട് ചൈന കാണിച്ചു തന്നത്. പെലോസിയുടെ സന്ദര്‍ശനം അത്ര നല്ല ആശയമല്ലെന്നാണ് അമേരിക്കന്‍ സൈന്യം ചിന്തിക്കുന്നതെന്നായിരുന്നു പ്രസിഡന്റ് ബൈഡന്റ് പ്രതികരണം. പെലോസിയുടെ സന്ദര്‍ശനത്തെ ബൈഡന്‍ പിന്തുണച്ചില്ലെങ്കിലും രാജ്യത്തെ പ്രബലയായ മൂന്നാമത്തെ രാഷ്ട്രീയക്കാരിയുടെ സന്ദര്‍ശനത്തെ തള്ളിപ്പറയാന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല. എന്നുമാത്രമല്ല, പെലോസി പുറപ്പെട്ടതിന് പിന്നാലെയുണ്ടായ ചൈനീസ് സൈനിക വിന്യാസം തായ്‌വാനുമേലുള്ള അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങളുടെ കാരണം കണ്ടെത്തല്‍ മാത്രമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തുറന്നുപറയുകയും ചെയ്തു.

സിങ്കപ്പുര്‍, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍. കൂട്ടത്തില്‍ ഒരുരാജ്യത്തേക്ക് കൂടിയുള്ള അധികയാത്രമാത്രമായിരുന്നു പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനം. പക്ഷേ, അത് തായ്‌വാനു സമീപം ചൈനയുടെ യുദ്ധക്കപ്പലുകളുടെ വിന്യാസത്തിന് മാത്രമല്ല കാരണമായത്. യുക്രൈനുമുകളില്‍ റഷ്യ അധിനിവേശം തുടരുമ്പോള്‍ ഇന്തോ- പസഫിക് മറ്റൊരു യുദ്ധമേഖലയായി മാറുമെന്ന് വിലയിരുത്തപ്പെട്ടു. പെലോസിയെത്തുന്നതിന് പിന്നാലെ തായ്‌വാനു സമീപം ചൈന മിസൈല്‍ ആക്രമണം നടത്തിയേക്കുമെന്ന് വരെ അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രതിനിധി പറഞ്ഞുവെച്ചു. നവംബറിലെ  മിഡ് ടേം ഇലക്ഷനില്‍ മേല്‍ക്കൈ നിലനിര്‍ത്താനുള്ള ജനപ്രതിനിധി സഭാ സ്പീക്കറുടെ തന്ത്രമാണെന്ന വായനയും സന്ദര്‍ശനത്തിനുണ്ടായി.

നാന്‍സി പെലോസിയും തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നും | Photo: AFP

ചൈനയുടെ തര്‍ക്കം കടലിലും കരയിലും 17 രാജ്യങ്ങളോട്

ഇന്ത്യയുമായുള്ള ചൈനയുടെ അതിര്‍ത്തി തര്‍ക്കങ്ങള്‍ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ നിരന്തരം ഇന്ത്യ ചൈനയെ നേരിടുന്നു. ലഡാക്കിനുപുറമേ, അരുണാചല്‍ പ്രദേശിലും ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ ചൈന അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്, അത് ലക്ഷ്യംവെച്ച് സൈനിക നടപടികള്‍ സ്വീകരിക്കാറുമുണ്ട്. എന്നാല്‍, എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പോലെ ഇന്ത്യയ്ക്ക് മുകളിലോ ഒരു തയ്‌വാനിലോ അതല്ലെങ്കില്‍ ഒരു ടിബറ്റിനുമുകളിലും മാത്രമല്ല ചൈന ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. കരയിലും കടലിലുമായി 17ഓളം രാജ്യങ്ങളുമായാണ് ചൈന സംഘര്‍ഷങ്ങളിലുള്ളത്.

പ്രതിവര്‍ഷം അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ വാണിജ്യ ചരക്കുനീക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലിലാണ് ഒരേസമയം ചൈന നിരവധി രാജ്യങ്ങളുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദക്ഷിണ ചൈനാ കടലില്‍ പൂര്‍ണ്ണമായും ചൈന അവകാശവാദം ഉന്നയിക്കുന്നു. ചൈനയ്ക്ക് പുറമേ വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ, തായ്‌വാന്‍ എന്നീ രാജ്യങ്ങളും ദക്ഷിണ ചൈനാ കടലിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ചൈനയ്ക്ക് ദക്ഷിണ ചൈനാ കടലില്‍ ചരിത്രപരമായി ഒരു അവകാശവും അധികാരവും നിലനില്‍ക്കുന്നില്ലെന്ന് അന്താരാഷ്ട്രാ ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഈ വിധി ചൈന തള്ളിക്കളഞ്ഞിട്ടുമുണ്ട്. കടലില്‍ കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിച്ചാണ് ചൈന ഇവിടെ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. സൈനിക താവളങ്ങള്‍ നിര്‍മ്മിച്ചും ചൈന പ്രകോപനം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എണ്ണ- പ്രകൃതി വാതക നിക്ഷേപമാണ് ഈ പ്രദേശത്തെ തര്‍ക്കമേഖലയായി നിലനിര്‍ത്തുന്നത്. വലിയ മത്സ്യസമ്പത്തും ദക്ഷിണ ചൈനാ കടലിന്റെ പ്രത്യേകതയാണ്. അങ്ങനെ, തായ്‌വാന്റെ കരമുഴുവനായി അവകാശപ്പെടുന്നതിനൊപ്പം കടലിലും ആ രാജ്യവുമായി ചൈന ഏറ്റുമുട്ടുന്നു.

കടലില്‍ മാത്രം ഒന്‍പത് രാഷ്ട്രങ്ങളുമായാണ് ചൈന സംഘര്‍ഷങ്ങളിലുള്ളത്. ദക്ഷിണ ചൈനാ കടലില്‍ വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ, തായ്‌വാന്‍ രാജ്യങ്ങളുമായുള്ളതിന് പുറമേ ഇന്‍ഡോനീഷ്യ, മലേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുമായും ചൈന പലവിധത്തില്‍ കടല്‍ തര്‍ക്കങ്ങളിലാണ്.  ഇന്ത്യയ്ക്കും ടിബറ്റിനും പുറമേ നേപ്പാള്‍, ഭൂട്ടാന്‍, ലാവോസ്, മംഗോളിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായും കരത്തര്‍ക്കമുണ്ട് ചൈനയ്ക്ക്. ഇതെല്ലാം അതിര്‍ത്തി തര്‍ക്കം തന്നെ. തര്‍ക്കഭൂമിക്ക് മേല്‍ അധികാരം ഉറപ്പിക്കാനുള്ള ചൈനയുടെ നടപടിയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നത്.

ദക്ഷിണ ചൈനാ കടല്‍ | Photo: AFP

രണ്ടു ചൈനയും ഒരു തര്‍ക്കവും

പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയെന്നാല്‍ മെയിന്‍ലാന്‍ഡ് ചൈന എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന, 'വെറും' ചൈനയാണ്. ഇന്നത് കുറച്ചുകൂടി എളുപ്പത്തില്‍ ഷിയുടെ ചൈന എന്ന് വിളിക്കാം. എന്നാല്‍, ഒരേ പേരുള്ള മറ്റൊരു രാജ്യത്തിന് മുകളിലാണ് കമ്മ്യൂണിസ്റ്റ് ചൈന അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ആ രാജ്യത്തിന്റെ പേര്, റിപ്പബ്ലിക്ക് ഓഫ് ചൈന. അഥവാ, തായ്‌വാന്‍.

തെക്കു- കിഴക്കന്‍ ചൈനീസ് തീരത്തുനിന്നും 160 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് തായ്‌വാന്‍. 35,985 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണ്ണം. വടക്ക്- പടിഞ്ഞാറു ഭാഗത്തായി ചൈന, വടക്ക് കിഴക്കായി ജപ്പാന്‍, തെക്ക് ഫിലിപ്പീന്‍സ് എന്നിവയാണ് തായ്‌വാന്റെ അയല്‍രാജ്യങ്ങള്‍. രണ്ടരക്കോടി ജനസംഖ്യ. സ്വന്തമായി ഭരണഘടനയും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമുള്ള രാജ്യം. ചൈനീസ് ഭാഷ സംസാരിക്കുന്ന രാജ്യത്തിന്റെ തലസ്ഥാനം തായ്പേയ് ആണ്.

2,500 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട് ഈ ദ്വീപ് രാഷ്ട്രത്തിന്. 17-ാം നൂറ്റാണ്ടില്‍ ക്വിങ് സാമ്രാജ്യത്തിന് കീഴിലായിരുന്നു തായ്‌വാന്‍. ഇതാണ് രാജ്യത്തിന് മുകളിലെ ആദ്യത്തെ ചൈനീസ് ആധിപത്യമായി കരുതപ്പെടുന്നത്. 1895ലെ ആദ്യ സൈനോ- ജപ്പാനീസ് യുദ്ധത്തില്‍ പരാജയപ്പെട്ട ക്വിങ് ഭരണകൂടം രാജ്യം ജപ്പാന് കൈമാറി. 1945ല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതിന് പിന്നാലെ ചൈന കൈക്കലാക്കി. എന്നാല്‍, 1949ല്‍ ചൈനയില്‍ ആഭ്യന്തര സംഘര്‍ഷം ഉടലെടുത്തു. മാവോ സെ തുങ്ങിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചിയാങ് കയ്- ഷെക്കിന്റെ നേതൃത്വത്തിലുള്ള ഭരണകൂടവും തമ്മിലായിരുന്നു ഏറ്റമുട്ടിയത്. മാവോ സെ തുങ്ങും കൂട്ടരും ആഭ്യന്തര യുദ്ധം വിജയിക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. പരാജയപ്പെട്ട കുമിന്താങ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തായ്‌വാനിലേക്ക് കുടിയേറ്റമുണ്ടായി. ഇവിടെ അവര്‍ തങ്ങളാണ് യഥാര്‍ഥ ചൈനയെന്ന് അവകാശപ്പെട്ട് ഭരണം സ്ഥാപിച്ചു. പിന്നീട് ദശാബ്ദങ്ങളോളം അവര്‍ തായ്‌വാന്‍ ഭരിച്ചു. അതേസമയം, ബീജിങ്ങില്‍ ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിച്ചു ഭരണം തുടങ്ങി. ഇതാണ് തായ്‌വാന്‍ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടാന്‍ കമ്മ്യൂണിസ്റ്റ് ചൈന ചൂണ്ടിക്കാണിക്കുന്ന ചരിത്രം. എന്നാല്‍ തങ്ങളൊരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന് തായ്‌വാന്‍ അവകാശപ്പെടുന്നു.

1911ലെ വിപ്ലവത്തിനു ശേഷം രൂപീകരിക്കപ്പെട്ട ആധുനിക ചൈനയുടേയോ 1949ല്‍ സ്ഥാപിക്കപ്പെട്ട ചൈനീസ് റിപ്പബ്ലിക്കിന്റേയോ ഭാഗമായിരുന്നില്ല ഒരിക്കലും തങ്ങളെന്ന് തായ്‌വാന്‍ അവകാശപ്പെടുന്നു. ലോകരാജ്യങ്ങളില്‍ 14 രാജ്യങ്ങള്‍ മാത്രമാണ് തായ്‌വാന്റെ പരമാധികാരത്തെ അംഗീകരിക്കുന്നത്. മറ്റെല്ലാ രാജ്യങ്ങളും ചൈനയുടെ അവകാശവാദത്തിനൊപ്പമാണ്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്‍ ചൈനയെ അംഗീകരിച്ചപ്പോള്‍ അമേരിക്ക തായ്‌വാനെ പിന്തുണച്ചു. അമേരിക്കന്‍ പിന്തുണയില്‍ ഐക്യരാഷ്ട്രസഭാ അംഗമായി തായ്‌വാന്‍ തുടരുമ്പോഴും റിപ്പബ്ലിക്ക് ഓഫ് ചൈന എന്നത് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെട്ടു. 1950കളുടെ തുടക്കത്തില്‍ തന്നെ തായ്‌വാനെ ഒപ്പം ചേര്‍ക്കാന്‍ ചൈന സൈനിക നീക്കങ്ങള്‍ നടത്തി. എന്നാല്‍ രണ്ടുതവണയായി നടന്ന സൈനിക നീക്കങ്ങള്‍ അമേരിക്കന്‍ പിന്തുണയോടെ തായ്‌വാന്‍ മറികടന്നു.

ഷിയുടെ സ്വപ്‌നം, മസ്‌കിന്റെ ഉപദേശം

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഷി ജിന്‍ പിങ് ദേശീയ മ്യൂസിയം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് 'ചൈനീസ് ഡ്രീം' എന്ന വാക്ക് ഉപയോഗിക്കുന്നത്. ചൈനീസ് ദേശീയതയുടെ വിപുലമായ പുനരുജ്ജീവനമെന്നാണ് ചൈനീസ് സ്വപ്‌നത്തെ ഷി നിര്‍വ്വചിച്ചത്. യുവാക്കള്‍ സ്വപ്‌നം കാണണമെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്നും അത് രാജ്യത്തിന്റെ പുനരുജ്ജീവനത്തിന് വഴിവെക്കണമെന്നും ഷി അന്ന് ആവശ്യപ്പെട്ടു. പുനരുജ്ജീവിക്കപ്പെട്ട ചൈന, ഐക്യ ചൈനയായിരിക്കുമെന്നും അത് തായ്‌വാന്‍ കൂടെ ചേര്‍ന്നതായിരിക്കുമെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു. 2049ല്‍ റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ സ്ഥാപനത്തിന്റെ നൂറാം വര്‍ഷമാണ്. അതിന് മുമ്പ് വിശാല ചൈനയെന്ന സ്വപ്‌നം പൂര്‍ത്തിയാക്കണമെന്നാണ് ചൈനീസ് ആഗ്രഹം. മാതൃരാജ്യത്തെ അനിവാര്യമായും ഏകീകരിക്കണമെന്നും പുനരുജ്ജീവിപ്പിക്കണമെന്നുമാണ് ആഗ്രഹമെന്ന് അടുത്ത ദിവസവും ചൈന വ്യക്തമാക്കിയിരുന്നു. സ്വന്തം പ്രദേശം സംരക്ഷിക്കാനുള്ള തങ്ങളുടെ നിശ്ചയം അചഞ്ചലമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൈനീസ് തായ്‌വാന്‍കാര്യ വക്താവ് മാസിയാവുഗ്വാങ് വ്യക്തമാക്കി. ഹോങ്കോങ് ചൈനീസ് ഭരണത്തിലേക്ക് തിരിച്ചുവന്നതിന് സമാനമായി ഒരു രാജ്യം രണ്ടു സംവിധാനം എന്ന മാതൃക അവര്‍ക്ക് സ്വീകരിക്കാമെന്നും അന്ന് വ്യക്തമാക്കി.

20-ാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതോടെ പാര്‍ട്ടിയുടെ- ചൈനയുടേയും, സര്‍വ്വാധികാരിയായി മൂന്നാം വട്ടവും ഷി ജിന്‍ പിങ് തിരിച്ചെത്തിയിരിക്കുകയാണ്. തായ്‌വാനെ മെയിന്‍ലാന്‍ഡിനോട് കൂട്ടിച്ചേര്‍ക്കുന്നതില്‍ കുറഞ്ഞ സ്വപ്‌നങ്ങളൊന്നുമില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസിലും ഷി വ്യക്തമാക്കിയിരുന്നു. തായ്‌വാനെ കൂട്ടിച്ചേര്‍ക്കുന്നത് സമാധാനപരമായി വേണോ അതോ സംഘര്‍ഷത്തിനൊടുവില്‍ വേണോ എന്ന തായ്‌വാന് സ്വീകരിക്കാമെന്ന 'ഓഫറാണ്' പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഷി തായ്‌വാനുമുന്നില്‍ വെച്ചത്. തയ്‌വാന്‍ പ്രശ്നം പരിഹരിക്കുമെന്ന് ചൈനീസ് ജനതയുടെ തീരുമാനമാണെന്നും ബലം പ്രയോഗിക്കാനുള്ള അവകാശം വേണ്ടെന്നും വച്ചിട്ടില്ലെന്നും ചൈനീസ് പ്രസിഡന്റ് അന്ന് പറഞ്ഞു. തങ്ങളുടെ ആദ്യ പരിഗണന സമാധാനപരമായ പരിഹാരത്തിനായിരിക്കുമെന്നും ഷി പറഞ്ഞുവെച്ചു. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് അതിന് തായ്‌വാന്‍ മറുപടി നല്‍കി. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്നും പ്രസിഡന്റ് സായ് ഇങ് വെന്റെ ഓഫീസ് മറുപടി നല്‍കി.

ചൈന- തായ്‌വാന്‍ സംഘര്‍ഷത്തില്‍ അടുത്തിടെ ശ്രദ്ധപിടിച്ചുപറ്റിയ പ്രതികരണം ടെസ്ല സ്ഥാപകനും ട്വിറ്ററിന്റെ പുതിയ മുതലാളിയുമായ ഇലോണ്‍ മസ്‌കിന്റേതായിരുന്നു. റഷ്യ- യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന ആവശ്യപ്പെട്ട അതേ മസ്‌ക് തന്നെ, തായ്‌വാനെ ഹോങ്കോങ്ങിനെപ്പോലെ ചൈനയുടെ പ്രത്യേക ഭരണപ്രദേശമാക്കണെമന്ന് ആവശ്യപ്പെട്ടു. താന്‍ ചൈനയുടെ ആരാധകനാണെന്ന് അവകാശപ്പെട്ട മസ്‌കിന്റെ നിര്‍ദ്ദേശത്തിനെതിരെ തായ്‌വാനും ചൈനയും ഒരുപോലെ രംഗത്തുവന്നു. മസ്‌കിന്റെ പരാമര്‍ശം ദേശീയപരമാധികാരത്തെ മാത്രമല്ല, ജനാധിപത്യത്തെയും ഹനിക്കുന്നതാണെന്ന് തായ്‌വാനിലെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി വക്താവ് ഹുവാങ് സായ് ഫിന്‍ പറഞ്ഞു. മസ്‌കിന്റെ അനുചിതമായ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ തായ്‌വാന്‍ പ്രശ്നം ചൈനയുടെ ആഭ്യന്തര രാഷ്ട്രീയമാണെന്നാണെന്നായിരുന്നു ചൈനീസ് വിദേശകാര്യവക്താവ് മാവോ നിങ്ങിന്റെ പ്രതികരണം. വിദേശശക്തികളുടെ ഇടപെടല്‍ ചൈന ശക്തമായി അടിച്ചമര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് | Photo: AP

'ലോകം ഭരിക്കുന്ന' ഒരു ചിപ്പ് കമ്പനി

ആഗോള സമ്പദ്ഘടനയേയും വ്യവസായത്തേയും സ്വാധീനിക്കാന്‍ മാത്രം ശേഷി ഇന്ന് തായ്‌വാനുണ്ട്. ലോകത്ത് ഉപയോഗിക്കപ്പെടുന്ന കമ്പ്യൂട്ടര്‍ ചിപ്പുകളുടെ 65 ശതമാനത്തിലേറെ നിര്‍മ്മിക്കുന്നത് തായ്‌വാനാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ജീവനാഡിയായ സെമി കണ്ടക്ടര്‍ ചിപ്പുകള്‍, ലാപ്ടോപ്പിലും മൊബൈലിലും വാച്ചിലും മുതല്‍ റഷ്യന്‍ യുദ്ധവിമാനങ്ങളില്‍ പോലും ഉപയോഗിക്കുന്നു. ചിപ്പ് നിര്‍മ്മാണത്തില്‍ ദക്ഷിണ കൊറിയയ്ക്കും ശേഷം മൂന്നാമത് മാത്രമാണ് ചൈന. ടെക് രംഗത്തെ ഭീമന്‍മാരായ ആപ്പിളും ക്വാല്‍ക്കോമും എ.എം.ഡിയും ഇന്റലും അടക്കമുള്ള കമ്പനികളൊക്ക ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ചിപ്പ് നിര്‍മ്മിക്കാന്‍ തായ്‌വാനെയാണ് ആശ്രയിക്കുന്നത്. ടി.എസ്.എം.സി. അഥവാ തായ്‌വാന്‍ സെമി കണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനിയാണ് ലോകത്തെ 54% ചിപ്പ് നിര്‍മ്മാണ വ്യവസായം കയ്യാളുന്നത്. ഇതും തായ്‌വാനെ തങ്ങള്‍ക്ക് കീഴിലാക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നു. തയ്‌വാന്റെ ചിപ്പ് വ്യവസായം തങ്ങളുടെ നിയന്ത്രണത്തിലാവുന്നതോടെ ലോക വ്യാപാരം തന്നെ നിയന്ത്രിക്കാമെന്നാണ് ചൈനീസ് കണക്കുകൂട്ടല്‍.

'ഏക ചൈന'യ്ക്ക് അവ്യക്തത തന്ത്രം

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്‍ ചൈനയെ പിന്തുണച്ചപ്പോള്‍ അമേരിക്കന്‍ പിന്തുണ തായ്‌വാനായിരുന്നു, എന്നാല്‍, 1970കളോടെ അമേരിക്കയുടെ ചൈനാനയത്തില്‍ കാതലായ മാറ്റം കണ്ടുതുടങ്ങി. ജിമ്മി കാര്‍ട്ടര്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്ക കമ്മ്യൂണിസ്റ്റ് ചൈനയുമായി നയതന്ത്ര ബന്ധം ആരംഭിച്ചു. തായ്‌വാനുമായി ഔദ്യോഗിക ബന്ധം അവസാനിപ്പിച്ചെങ്കിലും അനൗദ്യോഗികമായി സഹകരണം അമേരിക്ക  നിലനിര്‍ത്തി. തായ്‌വാന്‍ സൈന്യത്തിന് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ വില്‍ക്കുന്നത് അപ്പോഴും അമേരിക്ക തുടര്‍ന്നു. എന്നാല്‍ ഇത് അവസാനിപ്പിക്കണമെന്ന് ചൈന അമേരിക്കയോട് നിരന്തരം ആവശ്യപ്പെട്ടു.

തന്ത്രപരമായ അവ്യക്തതയെന്ന പേരില്‍ തായ്‌വാന്‍ വിഷയത്തില്‍ ഇരുപുറത്തും നിലയുറപ്പിക്കാത്ത നിലപാടാണ് അമേരിക്ക തുടര്‍ന്നുപോന്നിരുന്നത്. ചൈനയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്തുമ്പോള്‍ തന്നെ തായ്‌വാനെ അമേരിക്ക പിന്തുണച്ചു. ബെയ്ജിങ്ങില്‍ നയതന്ത്രകാര്യാലയം തുറന്നതിന് പിന്നാലെ തായ്‌വാന്‍ റിലേഷന്‍സ് ആക്ട് പാസാക്കി റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്കൊപ്പമുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. തായ്‌വാനുമായുള്ള വ്യാപാരസാംസ്‌കാരിക ബന്ധം ഊഷ്മളമായി തുടരുമെന്ന് പറയുന്ന ആക്ടില്‍ തയ്വാന്‍ ജനതയുടെ സുരക്ഷയുറപ്പാക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പറയുന്നു.

പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ തങ്ങള്‍ ചൈനയുടെ ഏക ചൈനാ നയത്തിനൊപ്പം ഉണ്ടാവില്ലെന്നും തന്ത്രപരമായ അവ്യക്തത ഇനിതുടരില്ലെന്നുമുള്ള സൂചനയാണ് നല്‍കിയത്. യുക്രൈനില്‍ അധിനിവേശം തുടരുന്ന റഷ്യയ്ക്കെതിരെ തങ്ങളുടെ സേനയെ അയക്കില്ലെന്ന് പറഞ്ഞ ബൈഡന്‍, പക്ഷേ തായ്‌വാന്റെ കാര്യത്തില്‍ മറിച്ചായിരുന്നു നിലപാട് എടുത്തത്. തായ്‌വാനുമേല്‍ ചൈന ബലം പ്രയോഗിച്ചാല്‍ സൈനികമായി ചെറുക്കുമെന്ന തുറന്ന നിലപാട് എടുത്തു. എന്നാല്‍, ബൈഡനും മുമ്പേ ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് തന്നെ അമേരിക്കന്‍ നയത്തില്‍ വലിയ മാറ്റം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ച മാത്രമാണ് അമേരിക്കയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടി ബൈഡനും പാര്‍ട്ടിയും എടുത്തത് എന്നാണ് കരുതപ്പെടുന്നത്. ചൈനയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് മറികടന്ന് 'ട്രംപിന്റെ അമേരിക്ക' വലിയ തോതില്‍ ആയുധങ്ങള്‍ തായ്‌വാന് നല്‍കി. തായ്‌വാന്‍ പ്രതിനിധികളുമായി അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ചര്‍ച്ച നടത്താനുള്ള നിയന്ത്രണങ്ങള്‍ നീക്കി.

1949ലെ ആഭ്യന്തരയുദ്ധത്തിന് ശേഷം രൂപപ്പെട്ട രണ്ടു രാജ്യങ്ങളും തങ്ങളാണ് യഥാര്‍ഥ ചൈനയെന്ന് അവകാശപ്പെട്ടു. എന്നാല്‍, തങ്ങളാണ് യഥാര്‍ഥ ചൈനയെന്ന കമ്മ്യൂണിസ്റ്റ്- മെയിന്‍ലാൻഡ് ചൈനയുടെ അവകാശവാദത്തെ വകവെച്ചുകൊടുക്കുന്ന നയതന്ത്ര അംഗീകാരമാണ് അമേരിക്കയുടെ വണ്‍ ചൈനാ പോളിസി അഥവാ ഏകചൈനാ നയം. എന്നാല്‍, ഏക ചൈനാ 'സിദ്ധാന്ത'ത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും അമേരിക്ക വ്യക്തമാക്കുന്നു. ചൈന ഒന്നേയുള്ളു എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ തായ്‌വാന്‍ അതിനോട് ചേര്‍ക്കപ്പെടേണ്ടതാണ് എന്ന നിലപാട് തങ്ങള്‍ക്കില്ലെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്റായിരിക്കെയാണ് അമേരിക്ക ഏക ചൈനാ നയം അംഗീകരിക്കുന്നത്. അതോടെ അന്ന് അമേരിക്കക്ക് തായ് പേയിലെ എംബസി അടയ്ക്കേണ്ടി വന്നു.

ഒരൊറ്റ രാജ്യമായിരിക്കെ തന്നെ രണ്ടു ഭരണം എന്നുള്ളതാണ് ചൈന തായ്‌വാനു മുന്നില്‍വെക്കുന്ന ഓപ്ഷന്‍. ഇത് ഹോങ്കോങ്ങിന്റെ കാര്യത്തില്‍ അവര്‍ നടപ്പിലാക്കിയതുമാണ്. തായ്‌വാന്‍ ചൈനയ്ക്കു കീഴില്‍ ഒരു രാജ്യമായിരിക്കുമ്പോള്‍ തന്നെ സമ്പത്തികവും രാഷ്ട്രീയവുമായി സ്വന്തമായി നിയന്ത്രണം എന്നതാണ് ഈ നയം. തായ്‌വാനെ ചൈനയോട് കൂട്ടിച്ചേര്‍ക്കാന്‍ ഡെങ് സിയോവോ പിങ് ആണ് ഈ നയം അവതരിപ്പിക്കുന്നത്. എന്നാല്‍ ഹോങ്കോങ്ങിലും മക്കാവോയിലും മാത്രമേ ചൈനയ്ക്ക് നടപ്പിലാക്കാന്‍ സാധിച്ചിട്ടുള്ളൂ.

അടുത്തും അകന്നും

1980കളുടെ തുടക്കത്തിലാണ് ഒരു രാജ്യം രണ്ടുഭരണം എന്ന നയം ചൈന തായ്‌വാനുമുന്നില്‍ വെക്കുന്നത്. എന്നാല്‍ അത് സ്വീകരിക്കാന്‍ തയ്യാറാവാത്ത തായ്‌വാന്‍ പക്ഷേ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ തുടങ്ങി. ചൈനയിലേക്കുള്ള സഞ്ചാരത്തിനും നിക്ഷേപത്തിനുമുള്ള നിയന്ത്രണം ഇളവ് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിനിധികള്‍ അനൗദ്യോഗികമായി ചര്‍ച്ചകള്‍ നടത്താനും അരംഭിച്ചു. ഇതിന്റെ ഫലമായി വ്യാപരപരമായും സഹകരണം ഇരുരാജ്യങ്ങളും തമ്മിലുണ്ടായി. 1992ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കുമിന്താങ് പാര്‍ട്ടിയും അനുരഞ്ജന കരാര്‍ ഒപ്പിട്ടു. അപ്പോഴും യഥാര്‍ഥ ചൈന തങ്ങളാണെന്ന് ഇരുപക്ഷവും വാദിച്ചുകൊണ്ടിരുന്നു. ഇതോടെ 2000ത്തില്‍ ചെന്‍ ഷൂയ് ബിയന്‍ തായ്‌വാന്‍ പ്രസിഡന്റായി അധികാരമേറ്റതോടെ കരാറില്‍ നിന്നും ചൈന പിന്മാറി. തയ്‌വാന്‍ സ്വാതന്ത്ര്യവാദിയായിരുന്നു ചെന്‍ ഷൂയ് ബിയന്‍. തയ്‌വാനില്‍ സ്വാതന്ത്ര്യത്തിന് മുറവിളി ഉയര്‍ന്നതോടെ തായ്‌വാന്‍ വിട്ടു പോകാന്‍ ശ്രമിച്ചാല്‍ ബലം പ്രയോഗിക്കാന്‍ അധികാരമുണ്ടെന്ന നിയമം ചൈന പാസാക്കി.

2008 മാ യിങ് ജിയൂ തായ്‌വാന്‍ പ്രസിഡന്റായതോടെ വീണ്ടും ഇരുരാജ്യങ്ങളും അടുക്കാന്‍ തുടങ്ങി. എന്നാല്‍, നിലവിലെ പ്രസിഡന്റ് ഷായ് ഇങ് വെന്‍ അധികാരത്തിലെത്തിയതോടെ ചൈനീസ് മേധാവത്വത്തിനെതിരായ നിലപാട് തായ്‌വാന്‍ സ്വീകരിക്കാന്‍ തുടങ്ങി.

ജനതയുടെ അഭിലാഷം

2021ൽ നാഷണല്‍ ഷാങ്ചി യൂണിവേഴ്സിറ്റി നടത്തിയ പഠനം പ്രകാരം 62% തായ്‌വാന്‍ ജനതയും ചൈനയേക്കാള്‍ തായ്‌വാനോടാണ് താത്പര്യം എന്ന് അഭിപ്രായമുള്ളവരാണ്. 32% പേര്‍ തങ്ങള്‍ രണ്ട് ദേശീയതയിലും ഉള്‍പ്പെടുന്നുവെന്ന് പറയുന്നു. മൂന്ന് ശതമാനത്തില്‍ താഴെയാണ് ചൈനയ്ക്കൊപ്പമുള്ളത്. 1994ല്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഇത് 26 ശതമാനമായിരിക്കെയാണ് ഇത്രയും കുറഞ്ഞ കണക്ക്.

പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ തയ്‌വാനെ ചൈനയുമായി കൂട്ടിച്ചേര്‍ക്കുന്നതിനെ അനുകൂലിക്കുന്നവര്‍ നടത്തിയ പ്രതിഷേധം | Photo: AFP

സൂര്യകാന്തി കയ്യിലേന്തിയ പ്രക്ഷോഭം

അധികാരത്തിലുള്ള കുമിന്താങ് പാര്‍ട്ടി, തങ്ങളുടെ രാജ്യത്തെ വളഞ്ഞവഴിയില്‍ ചൈനയുമായി കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പുറത്ത് വലിയൊരു സാമൂഹിക മുന്നേറ്റം തന്നെ തായ്‌വാനില്‍ നടന്നിട്ടുണ്ട്. അതിന്റെ കൂടെ പ്രതിഫലനമാണ് കുമിന്താങ് പാര്‍ട്ടി അധികാരത്തില്‍ എത്തുമ്പോള്‍ പോലും ചൈനയുമായി ചേരേണ്ട എന്ന ഭൂരിപക്ഷ നിലപാട് തായ്‌വാനില്‍ പലപ്പോഴും ഉണ്ടാവുന്നത്. 2014ല്‍ ആയിരുന്നു സണ്‍ഫ്‌ളവര്‍ മൂവ്‌മെന്റ് എന്ന് അറിയപ്പെടുന്ന അത്തരത്തിലൊരു സാമൂഹികമുന്നേറ്റം തായ്‌വാനില്‍ നടന്നത്. 2014 മാര്‍ച്ച് 18നും ഏപ്രില്‍ 10നും ഇടയിലാണ് ഈ മുന്നേറ്റം നടക്കുന്നത്. 2008- 2016 കാലഘട്ടത്തില്‍ അവിടെ അധികാരത്തിലുണ്ടായിരുന്ന മാ യിങ് ജിയുവിന്റെ നേതൃത്വത്തിലുള്ള ഭരണം, 2010ല്‍ ചൈനയുമായി ഒരു കരാറിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് ചട്ടക്കൂട് ഉണ്ടാക്കാനുള്ള ധാരണയായിരുന്നു അത്. അതിന്റെ തുടര്‍ച്ചയായി, 2013ല്‍ ക്രോസ് സ്‌ട്രെയ്റ്റ് സര്‍വീസ് ട്രേഡ് എഗ്രിമെന്റിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ബാങ്കിങ്, ആരോഗ്യ, ടൂറിസം, സിനിമാ, ടെലികമ്മ്യൂണിക്കേഷന്‍, പ്രസിദ്ധീകരണ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഉദാരമാക്കാനുള്ള കരാറായിരുന്നു അത്. എന്നാല്‍ അതിനോടുള്ള പെട്ടെന്നുള്ള പ്രതികരണമായാണ് സണ്‍ഫ്‌ളവര്‍ മൂവ്‌മെന്റ് ആരംഭിക്കുന്നത്. കരാര്‍ രാജ്യത്തിന്റെ സമ്പദ്ഘടനയേയും വളര്‍ച്ചയേയും ഇല്ലാതാക്കുന്നുവെന്നും ബെയ്ജിങിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നുവെന്നും പ്രക്ഷോഭകാരികള്‍ ചൂണ്ടിക്കാട്ടി. കരാര്‍ പുനഃപരിശോധിക്കണമെന്നും പിന്നീട് പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട പ്രക്ഷോഭകര്‍ നിയമനിര്‍മ്മാണസഭയായ യുവാന്‍ കൈയ്യടക്കി. സൂര്യകാന്തിപൂക്കളുമായിട്ടായിരുന്നു പ്രക്ഷോഭകര്‍ ഈ മുന്നേറ്റത്തില്‍ പങ്കെടുത്തത്. അതിനാലാണ് സണ്‍ഫ്‌ളവര്‍ മൂവ്‌മെന്റ് എന്ന് പേര് പ്രക്ഷോഭത്തിന് വന്ന് ചേര്‍ന്നത്. പ്രക്ഷോഭത്തിന്റെ ഫലമായി 2013ലെ കരാറില്‍നിന്നും പിന്മാറാന്‍ അന്നത്തെ കുമിന്താങ് സര്‍ക്കാര്‍ നിര്‍ബന്ധിതരായി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റത്തിന്റെ ഫലമായി രണ്ടുകാര്യങ്ങളാണ് അന്ന് തായ്‌വാനില്‍ സംഭവിച്ചത്. 2016ല്‍ കുമിന്താങ് പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടു. ന്യൂപവര്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയൊരു രാഷ്ട്രീയപ്പാര്‍ട്ടി രാജ്യത്ത് നിലവില്‍ വന്നു.

മധുരിക്കാത്ത 'യുദ്ധം'

അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ചൈന ആദ്യം ചെയ്തത് തായ്‌വാനില്‍ നിര്‍മ്മിക്കുന്ന മധുരപലഹാരങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി നിരോധനമായിരുന്നു. തായ്‌വാനില്‍ നിന്നും ചൈനയിലേക്കും ചൈനയുടെ ഭാഗമായ ഹോങ്കോങ്ങിലേക്കുമുള്ള പ്രധാന കയറ്റുമതിയാണ് മധുരപലഹാരങ്ങള്‍. 646 മില്ല്യണ്‍ ഡോളറിന്റെ ബിസ്‌കറ്റുകള്‍ ഉള്‍പ്പെടെയുള്ള പലഹാരങ്ങളാണ് 2021ല്‍ തായ്‌വാന്‍ ചൈനയിലേക്ക് കയറ്റിയയച്ചത്. ഇതിന് പുറമേ മത്സ്യ ഇറക്കുമതിയും ചില പഴങ്ങളുടെ ഇറക്കുമതിയും ചൈന വിലക്കി. ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തി പ്രധാനപ്പെട്ട ഒരു പഴം ഷുഗര്‍ ആപ്പിള്‍ എന്ന് വിളിക്കപ്പെടുന്ന അറ്റമോയ പഴങ്ങളായിരുന്നു.

'എന്നിട്ടും അരിശം തീരാത്ത' ചൈന സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത് മണല്‍ കയറ്റുമതി നിരോധിച്ചായിരുന്നു. ലോക ചിപ്പ് വ്യവസായത്തെ നിയന്ത്രിക്കുന്ന തയ്‌വാന് വലിയ തിരിച്ചടി ഉണ്ടാക്കിയേക്കാവുന്ന നടപടിയായിരുന്നു അത്. ചിപ്പിനൊപ്പമുള്ള സിലിക്കണ്‍ വേഫറുകള്‍ നിര്‍മ്മിക്കുന്നത് മണലും കൂടി ഉപയോഗിച്ചാണ്. ഈ വര്‍ഷത്തിന്റെ ആദ്യം ആറു മാസങ്ങളില്‍ 15,703 ടണ്‍ മണലാണ് മെയിന്‍ലാന്‍ഡ് ചൈനയില്‍ നിന്നും തായ്‌വാന്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍, ഇത് തായ്‌വാന്റെ ഇറക്കുമതിയുടെ രണ്ടു ശതമാനത്തില്‍ താഴെ മാത്രമേ വരൂ. പെലോസിയുടെ സന്ദര്‍ശനമായിരുന്നു അനൗദ്യോഗിക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ ചൈനയെ പ്രകോപിപ്പിച്ചത്. പക്ഷേ, ഇറക്കുമതിചെയ്യുന്ന സാധനങ്ങള്‍ക്ക് നിരോധനമില്ലെന്നും അനധികൃതമായി കയറ്റിയയ്ക്കുന്ന മണലിനേ നിരോധനമുള്ളൂ എന്നുമായിരുന്നു ചൈന ഔദ്യോഗിമായി അറിയിച്ചിരുന്നത്.

Content Highlights: china taiwan conflict malayalam explained