കേൾക്കാതെ പോകരുത് ഈ കരച്ചിലുകൾ

കൈപിടിച്ചു നടത്തേണ്ടവർ ഘാതകരാവുമ്പോൾ നിസ്സഹായതയിൽ വീർപ്പുമുട്ടി പകച്ചുനിൽക്കുകയാണവർ. എല്ലാവരുമുണ്ടായാലും ആരുമില്ലാതായിപ്പോവുന്ന നമ്മുടെ കുഞ്ഞുങ്ങൾ. അരക്ഷിതരാണവർ. കേൾക്കാതെ പോകരുത് ആ നിലവിളികൾ..
''ഞാനുമെന്റെ വാവച്ചീം ഒന്നിച്ചുജീവിച്ച് ഒന്നിച്ച് മരിക്കണേന്നാ എന്റെ പ്രാർഥന... കഷ്ടപ്പാട് കുന്നോളമുണ്ട്. പക്ഷേ, സന്തോഷമേയുള്ളൂ അവന്റെ കൂടെയുള്ള ജീവിതം. ഞാൻ മാറിക്കഴിഞ്ഞാ അവൻ ഏങ്ങത്തില്ലേ എന്റെ അമ്മ എന്നെ ഇട്ടേച്ചുപോയെന്ന്. ഞാനില്ലാതെ അവനുപറ്റത്തില്ല, അവനില്ലാതെ എനിക്കും പറ്റത്തില്ല മോളേ...'' -തൊണ്ട കനംവെച്ചതോടെ പൊടുന്നനെ നിശ്ശബ്ദയായി രാഗിണി.
ആറുവർഷംമുമ്പ് അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടിയ മർദനത്തെത്തുടർന്ന് മരണത്തിന്റെ വക്കോളമെത്തി ഒടുവിൽ ജീവിതത്തിലേക്ക് മടങ്ങിയ കുമളിയിലെ അഞ്ചുവയസ്സുകാരൻ ഷെഫീക്കിനെ കേരളം മറക്കാനിടയില്ല. 90 ശതമാനം മസ്തിഷ്കമരണം സംഭവിച്ച ഷെഫീക്ക് മാസങ്ങളോളമാണ് അബോധാവസ്ഥയിൽ കഴിഞ്ഞത്. അന്നുമുതൽ മരുന്നിനൊപ്പം ഒരു അമ്മയുടെ സ്നേഹവും കരുതലുമായി കൂടെയുണ്ട് രാഗിണി. ഇടുക്കി അഴുതയിൽ അങ്കണവാടി ഹെൽപ്പറായിരുന്ന രാഗിണിയെ, ഷെഫീക്കിനെ പരിപാലിക്കാനായി നിയോഗിച്ചത് സാമൂഹികക്ഷേമ വകുപ്പാണ്. എഴുപതുദിവസം പ്രായമുള്ളപ്പോൾ ഉപേക്ഷിച്ചുപോയ പെറ്റമ്മയും ക്രൂരതയുടെ പ്രതീകമായിരുന്ന പോറ്റമ്മയും പരാജയപ്പെട്ടിടത്ത് അവിവാഹിതയായ രാഗിണി അവനെ സ്നേഹിച്ച്, ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.
കുട്ടികളോടുള്ള അതിക്രമങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഷെഫീക്ക്. വർഷമിത്രകഴിഞ്ഞിട്ടും ആരോഗ്യസ്ഥിതിയിൽ 20 ശതമാനം പുരോഗതിമാത്രമേ ഉണ്ടായിട്ടുള്ളൂ. ചികിത്സകളും ഫിസിയോ തെറാപ്പിയും ഇപ്പോഴും തുടരുന്നു. ഒമ്പതുവയസ്സായെങ്കിലും പത്തുമാസം പ്രായമുള്ള കുഞ്ഞിനെപ്പോലെയാണ്. ഓടിച്ചാടി കളിച്ചുനടക്കേണ്ട പ്രായത്തിൽ കിടക്കയിലും വീൽച്ചെയറിലുമായി അവന്റെ ജീവിതം തളച്ചിട്ടത് വേണ്ടപ്പെട്ടവർ ചേർന്നാണ്. അപരിചിതരല്ല കുട്ടികളെ മുറിവേൽപ്പിക്കുന്നതും മർദിക്കുന്നതും കൊലപ്പെടുത്തുന്നതും ലൈംഗികചൂഷണങ്ങൾക്ക് ഇരയാക്കുന്നതും. മറിച്ച്, പ്രിയപ്പെട്ടവരെന്ന് അവർ വിശ്വസിക്കുന്നവരാണ്.
കുട്ടികളുടെ അവകാശങ്ങൾ
കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട് പ്രകാരം 18 വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടിയെന്ന് നിർവചിക്കുന്നത്. കുട്ടികളുടെ സുരക്ഷിത ബാല്യത്തിനായുള്ള നിയമങ്ങളും വ്യവസ്ഥകളും ഇന്ത്യൻ ഭരണഘടനയിൽ അനുശാസിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭ മുന്നോട്ടുെവച്ച കുട്ടികളുടെ അവകാശ ഉടമ്പടിയിൽ 1992-ൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിതമായ ബാല്യം കുട്ടിക്ക് നൽകാൻ രാജ്യം ബാധ്യസ്ഥമാണ്.
കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട് 2015 പ്രകാരം കുട്ടികളെ ആക്രമിക്കുകയോ അവഗണിക്കുകയോ അതിലൂടെ കുട്ടിക്ക് മാനസികവും ശാരീരികവുമായ സമ്മർദം ഏൽപ്പിക്കുകയോ ചെയ്യുന്നത് മൂന്നുവർഷംവരെ തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
തുടർച്ച നഷ്ടപ്പെടുന്ന പദ്ധതികൾ
ഇനിയൊരു ഷെഫീക്ക് ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളോടുള്ള അതിക്രമങ്ങൾ തടയുന്നതിനായി 2013-ൽ മാസ്റ്റർ ഷെഫീക്ക് കമ്മിറ്റി രൂപംകൊണ്ടത്. കുട്ടികളോടുള്ള അതിക്രമം കണ്ടെത്തിയാൽ ഉടനടി ചെയ്യേണ്ട നടപടികൾ, അതിക്രമങ്ങൾ തടയാൻ സമൂഹത്തിൽ നടപ്പാക്കേണ്ട കാര്യങ്ങൾ, സ്കൂൾതലത്തിൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി മാസ്റ്റർ ഷെഫീക്ക് കമ്മിറ്റി പഠനറിപ്പോർട്ട് (2014) ഒട്ടേറെ ശുപാർശകൾ മുന്നോട്ടുവെച്ചിരുന്നു. സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു. എന്നിട്ടും ഷെഫീക്ക് ഒടുവിലത്തെയാളായില്ല.
ചോറ്റാനിക്കരയിൽ അമ്മയും കാമുകന്മാരും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ നാലുവയസ്സുകാരി, തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് മരിച്ച ഏഴുവയസ്സുകാരൻ, എറണാകുളം ഏലൂരിൽ അമ്മയുടെ ക്രൂരമർദനത്തെത്തുടർന്ന് മരിച്ച മൂന്നരവയസ്സുകാരൻ എന്നിങ്ങനെ വർഷങ്ങൾക്കിപ്പുറവും അവന് തുടർച്ചകളുണ്ടായി.
ഷെഫീക്ക് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളഭരണകൂടം കൈക്കൊണ്ട നടപടികൾ ചോദ്യംചെയ്യപ്പെടുന്നത് ഇവിടെയാണ്. മാറിമാറിവരുന്ന സർക്കാരിന് അനുസരിച്ച് തുടർച്ച നഷ്ടപ്പെടുന്ന നിരവധി പദ്ധതികളിലൊന്നായി കുട്ടികളുടെ സുരക്ഷയും. ദുരന്തം വീണ്ടുമുണ്ടാകുമ്പോൾമാത്രം സടകുടഞ്ഞെണീക്കുകയും കെട്ടടങ്ങുമ്പോൾ വിസ്മൃതിയിലേക്ക് ആഴ്ന്നുപോകുന്നതുമായ പതിവുരീതികളിൽ അതിക്രമങ്ങൾ പെരുകി.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ (2018 ഏപ്രിൽമുതൽ 2019 മാർച്ചുവരെ) 2197 കേസുകളാണ് ചൈൽഡ്ലൈനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടുചെയ്തത് തിരുവനന്തപുരം ജില്ലയിൽ 311 കേസുകൾ. 200, 195, 190 കേസുകളുമായി മലപ്പുറവും കൊല്ലവും തൃശ്ശൂരും യഥാക്രമം തൊട്ടുപിന്നിലുണ്ട്.
റിപ്പോർട്ടിങ് വർധിച്ചു
കുട്ടികളോടുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ പെരുകുന്നുണ്ടെങ്കിലും അതിക്രമങ്ങളിൽ അത്തരമൊരു വർധനയുണ്ടെന്ന് പറയാനാകില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ''ചൈൽഡ് പ്രൊട്ടക്ഷൻ സ്കീം എ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് 2014-ൽ ആണ്. കുട്ടികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംവിധാനങ്ങളുടെ എണ്ണവും ഇന്ന് കൂടിയിട്ടുണ്ട്. അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനുള്ള ഇടം സംസ്ഥാനത്ത് വർധിച്ചു. അതിക്രമങ്ങൾ നിസ്സാരമാണെങ്കിലും അല്ലെങ്കിലും അത് റിപ്പോർട്ടുചെയ്യുന്ന രീതിയും കൂടി. ഇതിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ വർധിച്ചു എന്നുപറയാൻ സാധിക്കില്ല. മറിച്ച് റിപ്പോർട്ടിങ് വർധിച്ചു എന്നുവേണം മനസ്സിലാക്കാൻ'' -പന്ത്രണ്ടുവർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചൈൽഡ്ലൈൻ ഇന്ത്യ ഫൗണ്ടേഷൻ വക്താവ് പറയുന്നു.
കഴിഞ്ഞവർഷം റിപ്പോർട്ടുചെയ്ത കേസുകളിൽ 109 എണ്ണത്തിൽ കുട്ടികളുടെ തലയ്ക്കാണ് പരിക്ക്. 73 കേസിൽ എല്ലുകൾ പൊട്ടിയിട്ടുണ്ട്, 583 കേസിൽ കുട്ടിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. കൃത്യമായ ഇടപെടൽ നടന്നില്ലെങ്കിൽ കുട്ടിയുടെ ജീവനുതന്നെ ഭീഷണിയായേക്കാവുന്ന പരിക്കുകളാണ് ഇതെല്ലാം. പൊതുജനങ്ങൾക്കിടയിലുണ്ടായ അവബോധത്തെത്തുടർന്ന് റിപ്പോർട്ടിങ് കൂടിയതാണെങ്കിലും അല്ലെങ്കിലും കേരളത്തിൽ ഇത്രത്തോളം കുട്ടികൾ ദുരിതമനുഭവിക്കുന്നുണ്ടെന്നത് പ്രശ്നത്തിന്റെ ആഴവും ഗൗരവവുമാണ് കാണിക്കുന്നത്. അതിനർഥം ഇടപെടൽ ഇനിയും ശക്തമാക്കാനുണ്ടെന്നും.
അന്തകരാവുന്നത് ഉറ്റവർ തന്നെ
'വൈകുന്നേരമായാൽ കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേൾക്കുന്നു, ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്, വീട്ടുകാർ കുട്ടിയെ ഉപദ്രവിക്കുന്നതായി സംശയിക്കുന്നു' എന്നുപറഞ്ഞാണ് ചൈൽഡ്ലൈനിന്റെ 1098 ടോൾഫ്രീ നമ്പറിലേക്ക് രണ്ടുമാസംമുമ്പ് ഒരു ഫോൺകോൾ എത്തുന്നത്. വിളിച്ചയാൾ തന്ന അഡ്രസുമായി പ്രവർത്തകർ അന്വേഷണത്തിനിറങ്ങി.
നാലുവർഷംമുമ്പ് തൊഴിൽതേടി തമിഴ്നാട്ടിൽനിന്ന് മലപ്പുറത്തെത്തിയ ഏഴും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളും അമ്മയും അടങ്ങുന്ന കുടുംബമായിരുന്നു അത്. ലൈംഗികത്തൊഴിലാളിയാണ് അമ്മ. അയൽവാസിയുടെ വീട്ടിൽനിന്ന് പഴം കഴിച്ചു എന്ന കുറ്റത്തിന് മൂത്തകുട്ടിയെ അമ്മ കത്തിപഴുപ്പിച്ച് തുടയിൽ പൊള്ളിച്ചിരിക്കയാണ്. തുടയിൽ കത്തിയുടെ ആകൃതിയിൽ മാംസം പഴുത്ത് വ്രണമായിരിക്കുന്നു. കൂടുതൽ പരിശോധിച്ചപ്പോൾ പുറത്തും കാലിലുമായി അടിയേറ്റ പാടുകളും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച പാടുകളും കണ്ടെത്തി. സ്കൂളിൽ ചേർത്തിരുന്നെങ്കിലും അവൻ പോകുന്നുണ്ടായിരുന്നില്ല. അമ്മ ജോലിക്കുപോകുമ്പോൾ ഇളയകുഞ്ഞിനെ നോക്കുന്നതിനായി പഠിപ്പുമുടക്കിയിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട് ആൺസുഹൃത്തിനെയും കൂട്ടിയാണ് മിക്കരാത്രിയിലും അമ്മ തിരികെയെത്തുക. മദ്യലഹരിയിൽ കുട്ടിയുടെ തെറ്റുകളെ വിചാരണചെയ്ത് അടിച്ചും പൊള്ളിച്ചും ശിക്ഷിക്കുന്നത് രാത്രികളിലെ പതിവാണ്. അമ്മയിൽനിന്നുള്ള പീഡനത്തിന്റെ കഥകൾ ഒന്നൊന്നായി അധികൃതരോട് തുറന്നുപറഞ്ഞ കുട്ടി, തന്നെ പൊള്ളിക്കാൻ അമ്മ ഉപയോഗിച്ച കത്തിയും അവർക്ക് എടുത്തുകൊടുത്തു. ചൈൽഡ്ലൈൻ പ്രവർത്തകർ വിവരം പോലീസിൽ അറിയിച്ചു. കേസ് രജിസ്റ്റർചെയ്ത് കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
തണൽ - 1517
സംസ്ഥാന ശിശുക്ഷേമസമിതിയുടെ സംരംഭമാണ് തണൽ. കുട്ടികളുമായി ബന്ധപ്പെട്ട പരാതികൾക്കും അന്വേഷണങ്ങൾക്കും തണലിലേക്ക് വിളിക്കാം. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. ജില്ലാ കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും തണൽ കമ്മിറ്റികളുണ്ട്. 2017 നവംബർ ഒന്നാണ് തണൽ സേവനം ആരംഭിക്കുന്നത്. 2017 നവംബർ ഒന്നുമുതൽ 2019 മേയ് 31 വരെ 30,061 ഫോൺകോളുകളാണ് തണലിലേക്കെത്തിയത്.
കുട്ടികളോട് ദാക്ഷിണ്യമില്ലാതെ പെരുമാറുക രണ്ടാനച്ഛനോ രണ്ടാനമ്മയോ ആയിരിക്കുമെന്നത് മൂഢസങ്കല്പമാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് ചൈൽഡ് ലൈനിന്റെ പക്കലുള്ളത്. കഴിഞ്ഞവർഷം ചൈൽഡ് ലൈനിൽ റിപ്പോർട്ടുചെയ്ത കേസുകളിൽ 1131 എണ്ണത്തിലും കുറ്റക്കാർ കുടുംബക്കാരായപ്പോൾ അതിൽ 546 കേസിൽ പ്രതിസ്ഥാനത്ത് അച്ഛനായിരുന്നു; 176-ൽ അമ്മയും. 99 കേസിലാണ് രണ്ടാനച്ഛൻ കുറ്റക്കാരായിരുന്നത്; രണ്ടാനമ്മ പ്രതിയായത് 51 കേസിലും.
യൂണിസെഫ് തയ്യാറാക്കിയ 2017-ലെ പഠനറിപ്പോർട്ടിൽ രണ്ടുമുതൽ നാലുവയസ്സുവരെയുള്ള പത്തുകുട്ടികളിൽ ഏഴുപേരും സ്വന്തം വീട്ടിൽ അതിക്രമങ്ങൾക്ക് ഇരയാകുന്നതായി പരാമർശമുണ്ട്. കേരളത്തിൽ റിപ്പോർട്ടുചെയ്യപ്പെടുന്ന കേസുകൾ പരിശോധിച്ചാൽ 45 മുതൽ 65 ശതമാനംവരെ കുട്ടികൾ അതിക്രമത്തിന് ഇരയാകുന്നത് സ്വന്തം കുടുംബത്തിൽനിന്നുതന്നെയാണെന്ന് കാണാം. ഭൂരിഭാഗം കേസിലും കുട്ടികളെ ഉപദ്രവിക്കുന്നവർ മദ്യമോ മറ്റുലഹരിയോ ഉപയോഗിക്കുന്നവരാണ്.
ഒത്തുതീർപ്പിൽ ഒതുങ്ങുമ്പോൾ
പ്രതികൾ രക്ഷിതാക്കളോ, അടുത്ത ബന്ധുക്കളോ ആയതിനാൽത്തന്നെ ഒത്തുതീർപ്പായിപ്പോകുന്ന കേസുകൾ ഒട്ടേറെയാണ്. കുടുംബത്തിൽനിന്നും ബന്ധുക്കളിൽനിന്നുമുള്ള സമ്മർദം, കുഞ്ഞിന്റെ ഭാവി തുടങ്ങി മാനുഷികപരിഗണനയുടെ മേലങ്കിയണിഞ്ഞവയാണ് ഒത്തുതീർപ്പിനുള്ള ന്യായീകരണങ്ങൾ. 1365 കേസുകളാണ് കഴിഞ്ഞവർഷം ഇത്തരത്തിൽ ഒത്തുതീർപ്പിൽ അവസാനിച്ചത്. വൈകീട്ട് മദ്യപിച്ചുവന്ന് കിടപ്പിലായ മകനെ നിരന്തരം ശാരീരികോപദ്രവമേൽപ്പിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെക്കുറിച്ചുള്ള പരാതി റിപ്പോർട്ടുചെയ്തത് തലസ്ഥാനത്താണ്. മകൻ എൻഡോസൾഫാൻ ഇരയാണ്. കുട്ടിയെ കാണുമ്പോൾ ഉണ്ടാകുന്ന മനോവിഷമത്താലാണ് കുട്ടിയെ ഉപദ്രവിക്കുന്നതെന്നാണ് അച്ഛൻ നൽകുന്ന വിശദീകരണം. വലിയ സാമ്പത്തികസ്ഥിതിയുള്ള കുടുംബമല്ല. പോലീസിൽ അറിയിച്ച് അയാളെ അറസ്റ്റുചെയ്യുകയാണ് വേണ്ടത്. നിയമനടപടികളുമായി മുന്നോട്ടുപോയാൽ കുടുംബത്തിന്റെ ആകെ വരുമാനമായ അയാളുടെ ജോലിതന്നെ പോയേക്കാം. അതിനാൽ, കുട്ടിയുടെ അച്ഛനെയും അമ്മയെയും വിളിച്ച് കൗൺസലിങ് നൽകി വിടുകയാണ് അധികൃതർ ചെയ്തത്.
വ്യാജപരാതികൾ വ്യാപകമല്ല
കുട്ടികളോടുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജപരാതികൾ വരുന്നുണ്ട്. ഇല്ലെന്ന് പറയാനാകില്ല. കുട്ടിയുടെ സംരക്ഷണം ലഭിക്കുന്നതിനുവേണ്ടി പോക്സോ കേസുകൾ ആരോപിക്കുന്ന പ്രവണത കൂടിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് അടുത്തിടെയാണ്. സ്വത്തുതർക്കത്തിൽപ്പോലും കുട്ടിയെ ഉപയോഗിക്കുന്നവരുണ്ട്. എതിർകക്ഷി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതിപ്പെട്ട് ഇവർ കേസുകൾ നൽകും. എന്നാൽ, ഇത് വ്യാപകമാണെന്ന് പറയാനാകില്ല. പോക്സോ കേസിൽ ഉൾപ്പെടെ കുട്ടിയുടെ ഭാവി ആലോചിച്ചും വീട്ടുകാരുടെ സമ്മർദത്തെത്തുടർന്നുമെല്ലാം തീർപ്പാകുന്ന കേസുകളുണ്ട്. അവയെ ഒരിക്കലും വ്യാജ പരാതികളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. വ്യാജപരാതി ഇല്ലെന്നുപറയാൻ കഴിയില്ല. പക്ഷേ, വളരെ കുറവാണ്.
-അഡ്വ. ശ്രീല മേനോൻ
ബാലാവകാശകമ്മിഷൻ അംഗം
ശാരീരികാതിക്രമങ്ങൾക്ക് ഇരകളാകുന്നത് കൂടുതലും ആൺകുട്ടികളാണ്. കഴിഞ്ഞവർഷം റിപ്പോർട്ടുചെയ്ത കേസുകളിൽ 62 ശതമാനത്തിലും (1372) ആൺകുട്ടികളാണ് ഇരകൾ; 37 ശതമാനം (825) പെൺകുട്ടികളാണ്. എന്നാൽ, ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നത് കൂടുതലും പെൺകുട്ടികളാണ് (65 മുതൽ 70 ശതമാനംവരെ) 2007-ൽ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പഠനറിപ്പോർട്ട് പുറത്തുവിട്ടിരുന്നു. രാജ്യത്തെ 69 ശതമാനം കുട്ടികളും ഏതെങ്കിലും വിധത്തിലുള്ള ശാരീരികാതിക്രമങ്ങൾക്ക് ഇരയായിട്ടുള്ളതായി പഠനത്തിൽ കണ്ടെത്തിയിരുന്നു. അവരിൽ 54.68 ശതമാനം പേർ ആൺകുട്ടികളാണ്. സ്വന്തം വീട്ടിൽപ്പോലും കിടന്നുറങ്ങാൻ ഭയപ്പെടേണ്ട അവസ്ഥയിലാണ് നമ്മുടെ കുഞ്ഞുങ്ങൾ. ശബ്ദമുയർത്താനോ സഹായം തേടാനോ കെൽപ്പില്ലാത്ത ദുർബലവിഭാഗമായ കുട്ടികളെ യഥാർഥത്തിൽ മുതിർന്നവർ മുതലെടുക്കുകയാണ്.
********
അച്ഛൻ കുട്ടിയെ മുക്കിക്കൊല്ലാൻ ശ്രമിച്ചതറിഞ്ഞാണ് തിരുവനന്തപുരം സ്വദേശിനി ഉഷയെയും (യഥാർഥപേരല്ല) കുട്ടിയെയും തണൽ അധികൃതർ വിളിച്ചുവരുത്തുന്നത്. കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോൾ ആ എട്ടുവയസ്സുകാരൻ ഭയന്നുവിറച്ചു. ആദ്യം മിണ്ടാൻ കൂട്ടാക്കാതിരുന്ന കുട്ടി പിന്നെ കരച്ചിലായി. അമ്മയെന്നെ കൊല്ലുമെന്നുറക്കെ നിലവിളിച്ച് തലമുടി പിച്ചിപ്പറിച്ചു. ഉഷയുമായി ദീർഘനേരം സംസാരിച്ചപ്പോൾ കാര്യങ്ങൾ തുറന്നുപറയാൻ അവർ തയ്യാറായി. കുട്ടിയെ കൊല്ലാൻ ശ്രമിച്ചത് കുട്ടിയുടെ അച്ഛനല്ല, ഉഷയുടെ കാമുകനാണ്. ഭർത്താവുമായി പിരിഞ്ഞിട്ടു മാസങ്ങളായി. രണ്ടാമത്തെ കുഞ്ഞ് തന്റേതല്ല എന്ന സംശയത്തിന്റെ പുറത്താണ് ഉഷയെ ഭർത്താവ് ഉപേക്ഷിക്കുന്നത്. ഭർത്താവിന്റെ സംശയം സത്യമാണെന്നും ഉഷ സമ്മതിച്ചു. കാമുകനുമൊത്തുള്ള സൈ്വരജീവിതത്തിന് മൂത്തകുട്ടി തടസ്സമാകുമെന്ന് തോന്നിയപ്പോഴാണ് കുഞ്ഞിനെ കൊന്നുകളയാൻ ഉഷയും കാമുകനും തീരുമാനിക്കുന്നത്. കുട്ടി മുങ്ങിമരിച്ചതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. അധികൃതർ കുട്ടിയെ അച്ഛനൊപ്പം അയച്ചു. കുട്ടിയെ കൊല്ലാൻ ശ്രമിച്ചതിന് ഉഷയുടെ കാമുകനെതിരേ അന്വേഷണം നടക്കുകയാണ്.
ശിഥിലബന്ധങ്ങളുടെ ഇരകൾ
അച്ഛനും അമ്മയും പിണങ്ങി താമസിക്കുന്ന വീടുകൾ, മദ്യപനായ അച്ഛനുള്ള വീടുകൾ, ദമ്പതിമാർക്കിടയിലെത്തുന്ന മൂന്നാമതൊരാൾ, അണുകുടുംബങ്ങൾ എന്നീ സാഹചര്യങ്ങളിലുള്ള കുട്ടികളാണ് പ്രധാനമായും പ്രശ്നങ്ങൾ നേരിടുന്നത്. മാതാപിതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങളും അഭിപ്രായഭിന്നതകളും അതിർവരമ്പുകൾ ഭേദിക്കുമ്പോൾ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് കുട്ടികളാണ്. ശിഥിലമായ കുടുംബബന്ധങ്ങൾ ഒരു വിഭാഗം കുട്ടികളെ മാനസികമായി തളർത്തുമ്പോൾ മറ്റൊരു വിഭാഗം രക്ഷിതാക്കളുടെ അരിശം തീർക്കാനുള്ള ഉപകരണമായി അവർ മാറുന്നു.
സാമൂഹികക്ഷേമ വകുപ്പ് നടത്തിയ കുടുംബ സർവേയിൽ 11,72,433 കുടുംബങ്ങളിലെ കുട്ടികൾ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയ വാർത്ത പുറത്തുവന്നത് കഴിഞ്ഞമാസമാണ്. ഷെഫീക്ക് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് അങ്കണവാടി പ്രവർത്തകരെ നിയോഗിച്ച് വർഷാവർഷം സാമൂഹിക നീതിക്ഷേമവകുപ്പു സർവേ നടത്തിയത്. സിംഗിൾ പാരന്റിങ് കുടുംബങ്ങൾ, ഗാർഹിക പീഡനക്കേസുകളിൽ ഉൾപ്പെട്ട കുടുംബം, മദ്യപരായ രക്ഷിതാക്കൾ, കേസിൽ അകപ്പെട്ട സഹോദരങ്ങൾളുള്ള കുടുംബങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾ തുടങ്ങി പന്ത്രണ്ടോളം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ആ സർവേ നടത്തിയത്. എന്നാൽ, സർവേയ്ക്കുശേഷം തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. തൊടുപുഴയിലും തൊട്ടടുത്ത ദിവസങ്ങളിൽ ആലുവയിലും രണ്ടുകുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് സർവേയുടെ അടിസ്ഥാനത്തിൽ ഒരു കരുതൽ നടപടി വേണമെന്ന് അധികൃതർക്ക് തോന്നിയതുതന്നെ. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് പ്രധാന കാരണക്കാർ രക്ഷിതാക്കളാണെന്നാണ് സാമൂഹിക നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. രണ്ടാമതേയുള്ളൂ സമൂഹത്തിനുള്ള പങ്ക്.
സ്വാർഥതയുടെ നിശ്ശബ്ദ സാക്ഷികൾ
ആറുമാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തിൽ തുടർച്ചയായി മോണകൂട്ടിക്കടിക്കുന്നു(പല്ലുകടി)എന്ന പ്രശ്നവുമായാണ് ആ മാതാപിതാക്കൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഗംഗയെ സമീപിക്കുന്നത്. കുട്ടിയെ സൈക്കോളജിസ്റ്റിനെ കാണിക്കുന്നതിനായി നിർദേശിച്ചത് പരിശോധിച്ച ഒരു ഡോക്ടറാണ്. കുട്ടിയുടെ മാതാപിതാക്കളോട് സംസാരിക്കവേ അവർ തമ്മിലുള്ള ബന്ധത്തിൽ ഗൗരവമേറിയ പ്രശ്നങ്ങളുള്ളതായി മനസ്സിലായി. കുഞ്ഞിനുമുന്നിൽ വെച്ച് വഴക്കിടാറുണ്ടോ എന്ന സൈക്കോളജിസ്റ്റിന്റെ ചോദ്യത്തിന് ആറുമാസമായ കുഞ്ഞിന് എന്തുമനസ്സിലാകാനാണ് എന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. വഴക്കിട്ടോളൂ, എന്നാൽ, അത് കുഞ്ഞിനുമുന്നിൽ വെച്ചുവേണ്ടെന്നും രണ്ടാഴ്ച കഴിഞ്ഞുവരാനും നിർദേശിച്ചു. രണ്ടാഴ്ച കഴിഞ്ഞ് അവർ മടങ്ങിയെത്തിയത് കുഞ്ഞിന്റെ പല്ലുകടി മാറിയെന്ന സന്തോഷവുമായാണ്. ഒന്നുമറിയാത്ത പ്രായമെന്ന് നാം കരുതുന്ന ആദ്യമാസങ്ങളിൽ അമ്മയും അച്ഛനും തമ്മിലുള്ള പ്രശ്നങ്ങൾ കുഞ്ഞിലുണ്ടാക്കിയ മാനസികസമ്മർദത്തിന്റെ ബഹിർസ്ഫുരണമായിരുന്നു പല്ലുകടി.
''വീട്ടുകാർ പരസ്പരം നടത്തുന്ന കാളക്കച്ചവടത്തിന്റെ ഇരകളാകുകയാണ് കുട്ടികൾ. ഒരു തൂപ്പുകാരിയെ ജോലിക്കെടുക്കുമ്പോൾ പോലും രണ്ടാഴ്ച നോക്കും ജോലിചെയ്യാനറിയാമോ എന്ന്. എന്നാൽ വിവാഹത്തിനുമുമ്പ് എന്ത് പ്രൊബേഷനാണ് ഉള്ളത്. ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹത്തോടെയല്ല സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. കുഞ്ഞുങ്ങൾ ലൈംഗികബന്ധത്തിന്റെ ഉപോത്പന്നമാണ്. പക്ഷേ, കുട്ടിയെ ഈ ലോകത്തേക്ക് കൊണ്ടുവരുന്ന മാതാപിതാക്കൾക്ക് ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. സ്വാർഥ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുമ്പോൾ കുട്ടിയെ പരിഗണിക്കാൻ മാതാപിതാക്കൾ മറക്കുന്നു. രക്ഷിതാക്കളുടെ തെറ്റുകൾ ഒരിക്കലും ചോദ്യംചെയ്യപ്പെടാതെ പോകുന്നു. മാതാപിതാക്കൾ ദൈവങ്ങളാണ് അവരെ ചോദ്യംചെയ്യുന്നവൻ ചോദ്യം ശരിയാണെങ്കിൽ കൂടി കുടുംബദ്രോഹിയാകുന്നു. ജനാധിപത്യം തൊട്ടുതെറിക്കാത്ത ഇടമാണ് കുടുംബങ്ങൾ. അവിടെ ഇപ്പോഴും ഫ്യൂഡൽ വ്യവസ്ഥിതിയാണ്. അഭിപ്രായംപറയാനുള്ള സ്വാതന്ത്ര്യവും എല്ലാവരെയും ഉൾക്കൊള്ളുകയുമാണ് ജനാധിപത്യത്തിന്റെ അടിത്തറ അത് എത്ര കുടുംബങ്ങളിൽ ഉണ്ട്. കൗൺസിലറായ ജെ. രാജശേഖരൻ നായർ(തിരുവനന്തപുരം) ചോദിക്കുന്നു.
വിവാഹം എന്ന സ്ഥാപനത്തിന്റെ പോരായ്മകളിലേക്കാണ് സമീകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പല പ്രശ്നങ്ങളും വിരൽചൂണ്ടുന്നത്. സാമൂഹികനിർമാണത്തിൽ പുതിയകാലത്തായി ഉണ്ടായിട്ടുള്ള പലമാറ്റങ്ങളുടെയും ഭാഗമായി ബന്ധങ്ങളിൽ വലിയതോതിൽ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കുടുംബകോടതികളിൽ 19,693 വിവാഹമോചനക്കേസുകൾ നിലവിലുണ്ടെന്ന് 2017-ൽ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. നിയമപരമായും അല്ലാതെയും വിവാഹമോചനം കേരളത്തിൽ വർധിച്ചുവരുകയാണ്. ഇതിന്റെ ഫലമായി സിംഗിൾ പാരന്റിങ്ങും വർധിക്കുന്നു. ഒറ്റപ്പെട്ടുപോകുന്ന ഈ അവസ്ഥയിൽ സ്ത്രീയും പുരുഷനും സമ്മർദത്തിനടിപ്പെടുന്നു. ഇതെല്ലാം ഇറക്കിവെക്കാനുള്ള ഇടമായി പലരും കുട്ടികളെ കാണുന്നു. അച്ഛന്റെയും അമ്മയുടെയും സ്നേഹവും പരിഗണനയും കുട്ടി ആഗ്രഹിക്കുന്നുണ്ട്. കുട്ടിക്കത് ലഭിക്കുന്നില്ല, ശാരീരികവും മാനസികവുമായ ഉപദ്രവങ്ങളും ചൂഷണങ്ങളും മാത്രമല്ല കുട്ടിയോടുള്ള അവഗണനയും കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ചെയ്യുന്ന തെറ്റെന്താണ് എന്ന് മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ല. സ്വയം തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല തെറ്റേത് ശരിയേത് എന്ന് പറഞ്ഞുകൊടുക്കാനും ആരുമില്ല.
എന്നാൽ, കേരളത്തിലെ വിവാഹമോചനക്കേസുകളിൽ ഉണ്ടാകുന്ന വർധനയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് സാമൂഹിക നിരീക്ഷകരുടെ അഭിപ്രായം. മുൻകാലത്തെ അപേക്ഷിച്ച് സ്ത്രീ അഭിപ്രായസ്വാതന്ത്ര്യമുള്ളവളായി മാറുകയും സാമ്പത്തികസ്വാതന്ത്ര്യം നേടുകയും ചെയ്തു. എന്തും സഹിച്ചു ക്ഷമിച്ചുനിൽക്കുന്നതിന് പകരം ഞാനെന്തിന് ഇതെല്ലാം സഹിക്കണമെന്ന് അവൾ ചോദിച്ചുതുടങ്ങി. ഇത് സാമൂഹികപരിവർത്തനത്തിന്റെ തുടക്കമായാണ് സാമൂഹികനിരീക്ഷകർ വിലയിരുത്തുന്നത്.
വില്ലനാകുന്ന മൂന്നാമൻ
വിവാഹേതര ബന്ധങ്ങൾക്ക് കുട്ടി തടസ്സമാകുമ്പോൾ കൊന്നുകളഞ്ഞ് ഒഴിവാക്കുക എന്ന രീതിയിലേക്ക് മാതാപിതാക്കൾ എത്തിക്കഴിഞ്ഞോ?. 2013 ഒക്ടോബറിൽ ചോറ്റാനിക്കരയിൽ എൽ.കെ.ജി. വിദ്യാർഥിനിയെ അമ്മയും കാമുകന്മാരും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന വാർത്തയുണ്ടാക്കിയ നടുക്കം ചെറുതായിരുന്നില്ല. കേസിൽ ഒന്നാംപ്രതി രഞ്ജിത്തിന് വധശിക്ഷയാണ് കോടതി വിധിച്ചത്. അമ്മ റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ട ജീവപര്യന്തവും. കുട്ടിയെ കൊലപ്പെടുത്തിയ രഞ്ജിത്തിനുവേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുത്ത് അന്നുരാത്രി പോലും അവനൊപ്പം കിടക്കപങ്കിട്ടു ആ അമ്മ. ''കുറ്റവാളിയായ സ്ത്രീക്ക് ഒരു കൂസലുമുണ്ടായിരുന്നില്ല. കുട്ടിയുടെ മൃതശരീരം വീണ്ടെടുത്തപ്പോൾ ഒന്നുകാണാൻ പോലും കൂട്ടാക്കിയില്ല അവർ. ജാമ്യത്തിലിറങ്ങി പിന്നീട് അവർ സ്റ്റേഷനിലെത്തിയതുകണ്ട് ഞങ്ങൾ പോലും അമ്പരന്നു. മുടിയെല്ലാം സ്ട്രെയ്റ്റൻ ചെയ്ത് പുതുവസ്ത്രങ്ങളിൽ. ആദ്യമായിട്ടായിരുന്നില്ല ആ കുട്ടിക്ക് നേരെ വധശ്രമം. ഒരിക്കൽ ഗോവണിയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് ഗുരുതരമായ പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിർബന്ധപൂർവം അവിടെ നിന്ന് ഡിസ്ച്ചാർജ് വാങ്ങിപ്പോകുകയായിരുന്നു അവർ. രണ്ടുപെൺകുട്ടികളായിരുന്നു അവർക്ക്, മിടുക്കിക്കുട്ടികൾ.'' -കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ഓർമിക്കുന്നു. രണ്ടാമത്തെ കുട്ടി റാണിയുടെ അച്ഛന്റെ സംരക്ഷണയിലാണ് ഇപ്പോൾ കഴിയുന്നത്.
ഇവിടെ ചോദ്യമുയരുന്നത് മഹനീയമെന്ന് വാഴ്ത്തപ്പെട്ട മാതൃത്വത്തിന് നേർക്കാണ്. ഈ ക്രൂരതകൾക്കെല്ലാം കൂട്ടുനിൽക്കാൻ ഒരമ്മയ്ക്ക് എങ്ങനെ സാധിക്കുന്നു? ''ഒരു ജീവിതം മുഴുവൻ അരക്ഷിതരായ സ്ത്രീകൾ തന്നോട് കുറച്ചു സ്നേഹം പ്രകടിപ്പിക്കുന്നവരിലേക്കു വീണുപോവുകയാണ്. വിവാഹിതരാണെങ്കിൽപ്പോലും. സ്ത്രീക്ക് അവൾ അർഹിക്കുന്ന അംഗീകാരം എവിടെനിന്നും ലഭിക്കുന്നില്ല. സാമൂഹികരംഗത്തേക്ക് കടന്നുവരുമ്പോൾ അവളെ അംഗീകരിക്കാൻ സമൂഹം തയ്യാറാകുന്നില്ല. ഭർത്താവിൽനിന്നോ, വീട്ടുകാരിൽനിന്നോ പോലും പരിഗണന ലഭിക്കുന്നില്ല. മറിച്ച് പരിഹാസം മാത്രമാണ്. അതുകൊണ്ടാണ് അവളുടെ സൗന്ദര്യത്തെക്കുറിച്ചോ, പാചകത്തെക്കുറിച്ചോ, ഫെയ്സ്ബുക്കിൽ കുറിക്കുന്ന നാലുവരി കവിതകളെക്കുറിച്ചോ ആരെങ്കിലും പ്രശംസിക്കുമ്പോൾ അവൾ വീണുപോകുന്നത്. അവർ അനാഥരാണ്. ഒരു വീട്ടിൽ താമസിക്കുമ്പോൾ പോലും ഒരു ദ്വീപായി അവൾ മാറുന്നത് അതുകൊണ്ടാണ്. ഇതേ സമൂഹത്തിൽ ജീവിക്കുന്ന എന്റെ അത്രതന്നെ സമൂഹത്തെ മനസ്സിലാക്കുന്ന ഒരാളാണ് അവളെന്ന ബോധം, അംഗീകാരം അവൾക്ക് നൽകാൻ പുരുഷന് കഴിയണം. അവളെ ഒരു സഹജീവിയായി കാണാൻ പുരുഷൻ പഠിക്കണം.'' -ജെൻഡർ അഡൈ്വസർ ടി.കെ. ആനന്ദി പറയുന്നു.
അണുകുടുംബങ്ങളും മൊബൈൽഫോണുകളും
അച്ഛനും അമ്മയും വഴക്കുകൂടുമ്പോൾ അല്ലെങ്കിൽ അമ്മയിൽനിന്നോ അച്ഛനിൽനിന്നോ വഴക്കു കേൾക്കുമ്പോൾ ചേർത്തുനിർത്താൻ പഴയകാലത്ത് മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടായിരുന്നു. ഇന്നാണെങ്കിൽ അവരെല്ലാം വൃദ്ധസദനങ്ങളിലും. തൊഴിലുമായി ബന്ധപ്പെട്ട് കുടുംബവീട്ടിൽനിന്ന് നഗരങ്ങളിലേക്ക് ചേക്കേറിയ അണുകുടുംബങ്ങളിൽ കുട്ടികൾക്ക് നഷ്ടമായത് മുതിർന്നവരുടെ സ്നേഹസ്പർശമാണ്, സാരോപദേശ കഥകളിലൂടെ ശരിതെറ്റുകൾ തിരിച്ചറിയാനുള്ള അവസരമാണ്. ആദ്യകാലത്ത് കുട്ടിയുടെ സാമൂഹ്യവത്കരണം നടന്നിരുന്നത് കൂട്ടുകുടുംബങ്ങളിൽനിന്നാണ്. അച്ഛനും അമ്മയും രണ്ടുകുട്ടികളും അടങ്ങുന്നതാണ് ഇന്നത്തെ കുടുംബം. ഓഫീസും വീടുമായി ജീവിതത്തിരക്കുകളുടെ സമ്മർദം പേറിയാണ് ഓരോ രക്ഷിതാവും ജീവിക്കുന്നത്. വീണുകിട്ടുന്ന ഇടവേളകൾ മൊബൈൽ ഫോണും കവരുന്നു. കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നേരമില്ലാതെ സോഷ്യൽ മീഡിയയിൽ രക്ഷിതാക്കൾ മുങ്ങിനിവരുമ്പോൾ അതേ മൊബൈലിലൂടെ സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് കുട്ടികൾ.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പരിശോധിക്കുമ്പോൾ പ്രതിസ്ഥാനത്തു നിൽക്കുന്നവയിൽ അണുകുടുംബങ്ങളും മൊബൈൽഫോണുകളുമുണ്ട്. കേരളത്തിലുണ്ടായിട്ടുള്ള 'വെർട്ടിക്കൽ ഗ്രോത്തി'നെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇതിനുള്ള പോംവഴി. കൂട്ടുകുടുംബങ്ങൾക്ക് പകരമാകാൻ ഫ്ളാറ്റുകൾക്ക് കഴിയണം. ഫ്ളാറ്റുകളെ സാമൂഹികകേന്ദ്രങ്ങളാക്കാനുള്ള സാധ്യതകളെ വർധിപ്പിക്കുകയാണുവേണ്ടത്. രണ്ടുമുറിയുള്ള വീട്ടിലാണ് കഴിയുന്നതെങ്കിലും ആ ഫ്ളാറ്റിൽ കുട്ടിക്ക് ഒട്ടേറെ കൂട്ടുകാരെ കിട്ടും. ഫ്ളാറ്റുകളിൽ കൂട്ടായ്മകൾ ഉണ്ടാകുന്നുണ്ട്. ഇത് ഒരു കൂട്ടുകുടുംബത്തിന്റെ ഫലം ഉളവാക്കുന്നുണ്ട്. കേരളത്തിന്റെ സ്ഥലപരിമിതിയും നിബിഡതയും കണക്കിലെടുത്താൽ ഇനി അതേ സാധ്യമാകൂ.
*****
മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണതാണെന്ന് പറഞ്ഞാണ് മുഖത്തും ശരീരത്തിലും പൊള്ളലേറ്റ നിലയിൽ സ്കൂൾ വിദ്യാർഥിയായ അരുണിനെ(പേര് യഥാർഥമല്ല) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അമ്മയും ബന്ധുക്കളും കൂടി പ്രവേശിപ്പിക്കുന്നത്. എന്നാൽ കുട്ടിയോടുള്ള ഇവരുടെ സമീപനത്തിൽ പന്തികേടുതോന്നി കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലുണ്ടായിരുന്ന ഒരു വ്യക്തി ചൈൽഡ്ലൈനിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചു. ആശുപത്രിയിലെത്തി കുട്ടിയെ കണ്ട പ്രവർത്തകർക്ക് സംശയം തോന്നി. വിളക്ക് മറിഞ്ഞുവീണതാണെങ്കിൽ ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമേ പൊള്ളാൻ സാധ്യതയുള്ളൂ, എന്നാൽ അരുണിന് മുഖത്തടക്കം പൊള്ളലുണ്ട്. തുടർന്നു നടത്തിയ അന്വേഷണത്തിൽ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ അമ്മാവൻ ശിക്ഷിക്കുകയായിരുന്നു എന്ന് കണ്ടെത്തി. കുട്ടിയുടെ കൈകൾ തലയിണയുടെ കവർ കൊണ്ട് കെട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പൊള്ളിക്കുകയായിരുന്നു.
നെയ്യാറ്റിൻകരയിലെ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കാണിച്ചത് ആശുപത്രി അധികൃതർക്ക് സംശയം തോന്നിയപ്പോൾ അമ്മയും ബന്ധുക്കളും നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചു. വിവരം പോലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്ന ഭീഷണിയിൽ ഭയന്നാണ് അമ്മ വിവരമൊളിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയെ കണ്ടെത്തി ശിക്ഷിച്ചു. കുട്ടിക്കാവശ്യമായ ചികിത്സാ സഹായവും കൗൺസിലിങ്ങും നൽകി. മുഖത്തെ പൊള്ളിയ പാടുകൾ മറയ്ക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്തെങ്കിലും പഴയമുഖം തിരികെ കിട്ടിയില്ല. അതിനേക്കാൾ ഗുരുതരമായിരുന്നു അരുണിന്റെ മനസ്സിലേറ്റ പൊള്ളൽ. പൊളളിയ മുഖവുമായി സ്കൂളിലെത്തിയ അവനെ സഹപാഠികൾ കളിയാക്കി, അതോടെ പുറത്തേക്കിറങ്ങാൻ തന്നെ കുട്ടിക്ക് മടിയായി. ആത്മവിശ്വാസം പൂർണമായും തകർന്നു. അരുൺ പത്താംതരത്തിലേക്കായി, പക്ഷേ പഠനത്തിൽ പഴയ താല്പര്യമില്ല, കൂട്ടുകാരോട് മിണ്ടാട്ടമില്ല. എപ്പോഴും ഒറ്റക്കിരിക്കും.
ഗുരുതരമായ പരിക്കുകൾ, വൈകല്യം, മരണം തുടങ്ങിയ തത്ക്ഷണ പ്രത്യാഘാതങ്ങൾക്ക് പുറമേ അതിക്രമങ്ങൾ കുട്ടികളിൽ ദീർഘകാല പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്. മോശമായ അനുഭവത്തെ തുടർന്നുണ്ടാകുന്ന മന:ക്ലേശം കുട്ടിയുടെ മസ്തിഷക വികസനത്തെ നശിപ്പിച്ചെന്നുതന്നെ വരാം. കൂടാതെ നാഡീവ്യൂഹം, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയെയും ബാധിക്കും. കുട്ടിയുടെ അവബോധ വികസനം(കൊഗ്നിറ്റീവ് ഡവലപ്പമെന്റ്) സാവധാനത്തിലാകും. സ്കൂളിലെ പ്രകടനത്തെ മോശമായി ബാധിക്കുമെന്ന് മാത്രമല്ല ചിലപ്പോൾ സ്കൂളിൽ പോകുന്നത് അവസാനിപ്പിക്കാൻ കുട്ടി തയ്യാറാകും. ആത്മഹത്യാപ്രവണത, പുനർവിചിന്തനം, അക്രമങ്ങളെ കുറിച്ചുള്ള ചിന്ത എന്നിവയെല്ലാം കുട്ടിയിൽ ഉടലെടുത്തെന്നും വരാം. ശാരീരിക- മാനസികാരോഗ്യത്തെയും സ്വഭാവരൂപീകരണത്തെയും ഈ അനുഭവങ്ങൾ പ്രതികൂലമായി ബാധിക്കും. നിരന്തരമായ കൗൺസിലിങ്ങിലൂടെ ഒരുപരിധി വരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചാലും അരുണിനെപ്പോലെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഒന്നുമല്ലാതാകുന്നവർ നിരവധി. ലോകമെമ്പാടുമുള്ള മുതിർന്നവരിൽ നാലിൽ ഒരാൾ കുട്ടിയായിരിക്കുമ്പോൾ ശാരീരിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ(വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) കണ്ടെത്തൽ. അതവരുടെ പിന്നീടുള്ള ജീവിതത്തേയും സാരമായി ബാധിക്കുന്നതായി പറയുന്നുണ്ട്.
അസ്വസ്ഥതകളെ തിരിച്ചറിയുക
കാരണമില്ലാതെയുളള തലവേദന, വയറുവേദന, തലകറക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകളോടെയായിരിക്കും തുടക്കം. പഠനവൈകല്യത്തിന് കാരണമായെന്നും വരാം. പഠനത്തിൽ ശ്രദ്ധിക്കാതെ വരുമ്പോഴാണ് പല രക്ഷിതാക്കളും കുട്ടിയെ കൊണ്ട് സൈക്കോളജിസ്റ്റിന്റെ അടുത്തെത്തുന്നത്. കാരണം തേടി പോകുമ്പോഴാകും കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ തിരിച്ചറിയുക. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നത് മാത്രമല്ല അതിക്രമം. നിരന്തരമായ അച്ഛന്റെ വഴക്കുപറച്ചിൽ കാരണം മനസ്സുമടുത്ത് ഡാൻസും പാട്ടും പഠനവുമുൾപ്പടെ എല്ലാറ്റിൽ നിന്നും പുറകോട്ട് വലിഞ്ഞ ഒരു ഏഴാംക്ലാസുകാരിയും ഒന്നോ രണ്ടോ മാർക്ക് കുറഞ്ഞാൽ ആഴ്ചകളോളം അച്ഛൻ മിണ്ടാതിരിക്കുന്നതിൽ മാനസിക സമ്മർദ്ദമേറി പരീക്ഷയെഴുതാൻ കഴിയാതെ വന്ന സ്കൂൾ ടോപ്പറും മാനസികമായി രക്ഷിതാക്കളാൽ പീഡിപ്പിക്കപ്പെട്ടവരാണ്. ശാരീരികമായി ഉപദ്രവിക്കുന്ന അച്ഛനോടും അമ്മയോടുമുള്ള അടുപ്പവും വിശ്വാസവും കുട്ടികൾക്ക് പതിയെ നഷ്ടപ്പെടും. എന്തെങ്കിലും പ്രശ്നം വന്നുകഴിഞ്ഞാൽ അവർക്കൊരിക്കലും മാതാപിതാക്കളുടെ അടുത്ത് പോകണമെന്ന് തോന്നില്ല. പകരം പുറത്തുള്ള സൗഹൃദങ്ങൾ തിരയും. ഒരുപക്ഷേ ആ സൗഹൃദങ്ങൾ ചെന്നെത്തുക ലഹരിയിലേക്കും ചൂഷണങ്ങളിലേക്കുമായിരിക്കും.
ചൈൽഡ് ലൈൻ - വിളിക്കാം 1098ലേക്ക്
കേന്ദ്രവനിതാശിശുവികസന മന്ത്രാലയത്തിന് കീഴിൽ സംസ്ഥാന വനിതാശിശുവകുപ്പിന്റെ പിന്തുണയോടെയാണ് ചൈൽഡ് ലൈനിന്റെ പ്രവർത്തനം. ബാലവേല,കുട്ടികൾക്കെതിരായ അതിക്രമങ്ങളെ കുറിച്ചുള്ള പരാതികൾക്ക് ചൈൽഡ് ലൈൻ ഹെൽപ്ലൈൻ നമ്പറായ 1098ലേക്ക് വിളിക്കാം. 4 റെയിൽവേ ചൈൽഡ്ലൈൻ യൂണിറ്റുകൾ ഉൾപ്പടെ 36 ചൈൽഡ്ലൈൻ യൂണിറ്റുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. 220 ജീവനക്കാരാണ് കേരളത്തിൽ ഉള്ളത്. ഒരു പരാതി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഒരു മണിക്കൂറിനകം ചൈൽഡ് ലൈൻ പ്രവർത്തകർ ആദ്യ ഇടപെടൽ(ശിലേൃ്ലിശേീി) നടത്തിയിരിക്കണം. അടുത്ത ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ അതിന്റെ പുരോഗതി വിലയിരുത്തണം. ഓരോഘട്ടവും കോൺടാക്ട് സെന്ററിലും, ജില്ലാ യൂണിറ്റിലും രേഖപ്പെടുത്തണം. രണ്ടുമുതൽ മൂന്നുദിവസം വരെ ഒരു കേസുമായി ബന്ധപ്പെട്ട് ഇടപെടൽ ആവശ്യമായി വന്നേക്കാം. ഒരുമാസം 1000-1010നും ഇടയിലാണ് ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം. മുൻകാലത്തെ അപേക്ഷിച്ച് റിപ്പോർട്ടിങ് കൂടിയെങ്കിലും അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടില്ലെന്നതാണ് ചൈൽഡ് ലൈൻ ഇന്നുനേരിടുന്ന പ്രതിസന്ധി.
ലഹരിയിൽ കണ്ടെത്തുന്ന സ്വാസ്ഥ്യം
കൈനിറയെ ബ്ലേഡ് കൊണ്ടുവരഞ്ഞ പാടുകളുമായാണ് ദീപ്തി(യഥാർഥ പേരല്ല) സൈക്കോളജിസ്റ്റിന്റെ മുന്നിലെത്തുന്നത്. കുട്ടി തുടർച്ചയായി ആത്മഹത്യക്ക് ശ്രമിക്കുന്നെന്നാണ് രക്ഷിതാക്കൾ സൈക്കോളജിസ്റ്റിനോട് പറഞ്ഞത്. എന്നാൽ സിറ്റിങ്ങിൽ കുട്ടി മാസങ്ങളായി മയക്കുമരുന്നിന് അടിമയാണെന്ന് സൈക്കോളജിസ്റ്റ് കണ്ടെത്തി. കൈ വരഞ്ഞ് ആ മുറിവിൽ മയക്കുമരുന്ന് പുരട്ടി ആനന്ദം കണ്ടെത്തുകയായിരുന്നു ദീപ്തി. ലൈംഗികചൂഷണത്തിനും ഇരയായിരുന്നു ആ പെൺകുട്ടി. കൗൺസിലിങ്ങിലൂടെ കുട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഒരു പകൽ അവളെ കാണാതായി. രക്ഷിതാക്കൾക്കിടയിലുള്ള അസ്വാരസ്യങ്ങൾക്കിടയിൽ തനിച്ചായ ദീപ്തി എപ്പോഴോ മയക്കുമരുന്നിൽ സ്വാസ്ഥ്യം കണ്ടെത്തുകയായിരുന്നു.
'ലഹരിയിലേക്ക് കുട്ടി പോകുന്നതിന്റെ പിറകിൽ മൂന്ന് പ്രധാന കാരണങ്ങളാണ് ഉള്ളത്. ഒന്ന്, വൈകാരികമായ ആവശ്യങ്ങൾ നിറവേറ്റപ്പെടാതെ വരുമ്പോൾ ആ അസ്വാസ്ഥ്യം മറികടക്കാൻ ലഹരിയെ കൂട്ടുപിടിക്കുക. മാതാപിതാക്കളിൽ നിന്ന് ക്രൂരമായ മർദനമേൽക്കേണ്ടി വരിക, കുട്ടിക്ക് അർഹമായ സ്നേഹം കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയാതെ വരിക, അച്ഛനും അമ്മയും തമ്മിലുള്ള ചേർച്ചക്കുറവ് തുടങ്ങിയ സാഹചര്യങ്ങളിലായിരിക്കും വീടിന് പുറത്തുള്ളവരുടെ സ്നേഹം കുട്ടി ആഗ്രഹിക്കുക. അവൻ പറയുന്നത് കേൾക്കാൻ തയ്യാറായി വരുന്ന ആ വ്യക്തി ഒരുപക്ഷേ കഞ്ചാവ് വിൽപനക്കാരനായിരിക്കാം. ഇതേതുടർന്ന് കുട്ടിയും ലഹരി ഉപയോഗിക്കാൻ തുടങ്ങും. പതിയെ കുട്ടിയെ ലഹരി വാഹകരായി ഉപയോഗിക്കാൻ തുടങ്ങും.
രണ്ടാമത്തേത് വീട്ടിലെ മുതിർന്നവരുടെ ലഹരി ഉപയോഗമാണ്. അത് അംഗീകരിക്കപ്പെടുന്ന ഒന്നാണെന്ന് വളരെ ചെറുപ്പത്തിൽ തന്നെ അവന് തോന്നും. അവനും ഉപയോഗിച്ച് തുടങ്ങും. മൂന്നാമത്തേത്, കൂട്ടുകാരുടെ സമ്മർദമാണ്. സൗഹൃദം ജനാധിപത്യപരമായിരിക്കണം. നല്ല സുഹൃത്താണെങ്കിൽ ചില കാര്യങ്ങളിൽ വിയോജിക്കാൻ നമുക്ക് അവകാശമുണ്ട്. വിയോജിപ്പ് അംഗീകരിക്കാൻ കഴിയണം. സുഹൃത്തുക്കൾ പറയുന്ന കാര്യങ്ങൾ ഇഷ്ടമല്ലെങ്കിൽ സാധ്യമല്ലെന്ന് ബന്ധം നശിക്കാതെ തന്നെ പറയാൻ സാധിക്കണം. സ്വഭാവ ദൃഢത ഉണ്ടാകണം.
മാനസികാരോഗ്യം കുറവുള്ള കുട്ടികളും ലഹരിക്ക് വേഗം അടിമപ്പെടാം. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (Attention Deficit/Hyperactivity Disorder) ഉള്ള കുട്ടികളിൽ തലച്ചോറിന്റെ രണ്ടുഭാഗങ്ങൾ തമ്മിലുള്ള ഏകോപനം കുറവായിരിക്കും ഇത്തരം കുട്ടികൾക്ക് പരീക്ഷണത്വര കൂടുതലായിരിക്കും. അതിനാൽ പുതിയതെന്തും പരീക്ഷിച്ചുനോക്കാൻ ഇവർ മടിക്കില്ല.'- ഡോ.അരുൺ ബി നായർ(സൈക്യാട്രിസ്റ്റ്, തിരുവന്തപുരം മെഡിക്കൽ കോളേജ്) പറയുന്നു.
സഹായത്തിനുവേണ്ടിയുള്ള നിലവിളിയാണ് ആത്മഹത്യ
അതിക്രമങ്ങൾക്കിരയാകുന്നവരിൽ ആത്മഹത്യ പ്രവണതയും കണ്ടുവരുന്നുണ്ട്. മരിക്കണം എന്ന ലക്ഷ്യത്തേക്കാൾ ദേഷ്യം തീർക്കുന്നതിനായി ആത്മപീഡനമേൽപ്പിക്കുന്നവർ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ(2015) പ്രകാരം 53.8: 46.2 എന്ന അനുപാതത്തിലാണ് രാജ്യത്തെ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആത്മഹത്യ നിരക്കുകൾ. 2014-ൽ ഇത് 52.3: 47.7 ആയിരുന്നു. കുടുംബപ്രശ്നങ്ങൾ, അസുഖം, പരീക്ഷയിൽ തോൽക്കുമെന്ന ഭീതി എന്നീ കാരണങ്ങളാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
ആത്മഹത്യയും കാരണങ്ങളും
| കാരണം | എണ്ണം |
| കുടുംബപ്രശ്നങ്ങൾ | 307 |
| അസുഖം | 163 |
| പരീക്ഷാപ്പേടി | 162 |
സഹപാഠിയുടെ പെൻസിൽ എടുത്തതിന് വഴക്കു പറഞ്ഞതിനാണ് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ ആറാക്ലാസുകാരൻ ആൺകുട്ടി ബാത്റൂമിൽ കയറി ഗ്ലാസ് തകർത്ത് അതുകൊണ്ട് കൈത്തണ്ടയിൽ മുറിവേൽപ്പിച്ചത്. വളരെ നിസാരമെന്ന് മുതിർന്നവർക്ക് തോന്നുന്ന ഒരു കാരണം ആ കുട്ടിയുടെ മനസ്സിനേൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. കൂട്ടുകാർക്ക് മുന്നിൽ അപമാനിക്കപ്പെട്ടെന്ന തോന്നലാണ് ആത്മഹത്യ എന്ന ചിന്തയിലേക്ക് അവനെ എത്തിച്ചത്. എന്നാൽ മുറിവേററ തൊട്ടടുത്ത നിമിഷം അവന് ഭയം തോന്നി, പുറത്തേക്ക് വന്ന് അധികൃതരെ കാര്യങ്ങൾ അറിയിച്ചു. കൊച്ചു കൊച്ചു പ്രശ്നങ്ങൾക്ക് അവർ കണ്ടെത്തുന്ന പോംവഴിയാണ് അത്.
പോക്സോ കേസുകളിൽ ഇരകളായി നിർഭയ ഹോമുകളിലേക്ക് അയക്കപ്പെടുന്ന പെൺകുട്ടികളിൽ പലരും ആത്മഹത്യ പ്രവണത ഒരു പ്രധാന പ്രശ്നമായി കാണാറുണ്ടെന്ന് ഡോ.ടി.വി.അനിൽകുമാർ (പ്രൊഫസർ, സൈക്യാട്രി, തിരുവന്തപുരം)പറയുന്നു. ബോർഡർ ലൈൻ പേഴ്സണാലിറ്റിയുളള കുട്ടികളിലായിരിക്കും ഇത് കൂടുതൽ. അവരെ സഹായിക്കാൻ ശ്രമിക്കുന്തോറും വാശിപ്പുറത്ത് അവർ അത് തുടർന്നുകൊണ്ടേയിരിക്കും. എല്ലാം നഷ്ടപ്പെട്ടു മരിച്ചുകളയാം എന്ന തോന്നൽ മാത്രമല്ല, ദേഷ്യം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ് അവർക്കത്.
ശാരീരികവും മാനസികവും സാമൂഹികവുമായിട്ടുള്ള അപകടസാധ്യത ഏറിയ കുടുംബത്തിൽ അതിക്രമവാസനകളും ആത്മഹത്യ പ്രവണതയും കൂടുതലായിരിക്കും. സമ്മർദ്ദം സഹിക്കാനാകാതെ വരുമ്പോഴാണ് ആത്മഹത്യ പ്രവണത കുട്ടി കാണിക്കുന്നത്. ശാരീരികാതിക്രമങ്ങളെ തുടർന്നും ലൈംഗികാതിക്രമങ്ങളെ തുടർന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കൂടുതലും ലൈംഗികാതിക്രമത്തിന് ഇരകളാകുന്നവരാണ് ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നത്. സാഹചര്യത്തെ കൈകാര്യം ചെയ്യാൻ സാധിക്കാതെ വരുമ്പോൾ സഹായത്തിനുവേണ്ടിയുളള നിലവിളി എന്ന രീതിയിൽ.
നിങ്ങളവരെ കുട്ടിക്കുറ്റവാളികളാക്കരുത്
മാതാപിതാക്കളുടെ ശാരീരിക പീഡനം സ്ഥിരമായേൽക്കുന്ന കുട്ടികളിൽ വിദ്വേഷം വളരാനുള്ള സാധ്യത കൂടുതലാണ്. സമൂഹത്തോടും തന്നോടുതന്നെയും അവന് ദേഷ്യം തോന്നും. ചെറിയ പ്രായത്തിൽ അടികൊണ്ട് നിൽക്കുന്ന ഇവർ പിന്നീട് ഇതിൽ നിന്ന് രക്ഷനേടാൻ തിരിച്ചടിയാണ് മാർഗമെന്ന് കരുതും. കുറ്റകൃത്യങ്ങളിലേക്ക്് കുട്ടി എത്തിപ്പെടുന്നത് അങ്ങനെയാണ്. കുട്ടി അറിയാതെ അവനിൽ കുറ്റവാസന ഉണരും. ശാരീരികപീഡനവും വേദനയും കിട്ടി വളരുന്ന കുഞ്ഞുങ്ങൾക്ക് വീട്ടുകാരോടുള്ള അടുപ്പം കുറവായിരിക്കും. സാധാരണകുട്ടികളേക്കാൾ ദുർബലരായ കുട്ടികളിൽ അത് കൂടുതലായിരിക്കും. ശാരീരികാതിക്രമങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങളാണ് ഇത്.
പത്തനാപുരത്ത് ഇളയച്ഛന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ പതിന്നാലുവയസ്സുകാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാർത്ത കേരളത്തെ പിടിച്ചുകുലുക്കിയത് കുറച്ചുവർഷങ്ങൾക്ക് മുമ്പാണ്. അമിത ഉത്സാഹിയായിരുന്ന അവനെ വീട്ടുകാർ അടിച്ച് പറഞ്ഞതുകേൾപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സ്കൂളിൽ പോകാതെ കറങ്ങി നടന്ന കുട്ടിയെ മിടുക്കനാക്കാൻ അച്ഛന്റെ അനിയന്റെ വീട്ടിൽ കൊണ്ടാക്കുന്നത് അങ്ങനെയാണ്. ഇളയച്ഛൻ കുട്ടിയെ സമീപത്തുള്ള സ്കൂളിൽ ചേർത്തു. ഒരു രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ ഇളയമ്മയ്ക്കൊപ്പം കിടന്നുറങ്ങിയിരുന്ന ആറുമാസം പ്രായമുളള പെൺകുഞ്ഞിനെ അവനെടുത്ത് പുറത്തേക്കുകൊണ്ടുപോയി പീഡിപ്പിച്ചു. കുഞ്ഞ് മരിച്ചെന്നുറപ്പായപ്പോൾ സെപ്റ്റിക് ടാങ്കിൽ താഴ്ത്തി. അമിതോത്സാഹിയായിരുന്ന ആ കുട്ടിക്ക് വേണ്ടിയിരുന്നത് സൈക്കോളജിസ്റ്റിന്റെ സേവനമായിരുന്നു. പക്ഷേ കുട്ടിയെ അടിച്ചും തൊഴിച്ചും നേർവഴിക്ക് നടത്താനാണ് മാതാപിതാക്കൾ ശ്രമിച്ചത്. സാഹചര്യങ്ങളല്ല, രക്ഷിതാക്കളുടെ അറിവില്ലായ്മയാണ് അവനെ നിയമവുമായി പൊരുത്തപ്പെടാത്തവനാക്കി മാറ്റിയത്.
പറഞ്ഞാൽ കേൾക്കുന്നില്ല, പഠിക്കുന്നില്ല എന്ന് പറഞ്ഞാണ് അമിത ഉത്സാഹമുള്ള കുട്ടികളുമായി രക്ഷിതാക്കൾ എത്തുക. കുട്ടിയുടെ മുൻകാലം പരിശോധിക്കുമ്പോൾ അമ്മ അടിച്ച പാടും ചട്ടുകം കൊണ്ടും തേപ്പുപെട്ടി കൊണ്ടും പൊള്ളിച്ച പാടുകളും കാണാം. സത്യം പറയാതെ കള്ളത്തരം കാണിക്കുകയും അടുത്ത വീട്ടിൽ പോയി മോഷ്ടിക്കുകയും ചെയ്യുമ്പോൾ അമ്മ ശിക്ഷിക്കുന്നതായിരിക്കും. ഒരിക്കൽ മുഖത്ത് സ്റ്റിച്ചുമായി ഒരു കുട്ടി വന്നിരിക്കുന്നു ചോദിച്ചപ്പോൾ അമ്മ അടിച്ചതാണ്. ഇതൊന്നും ശാരീരികാതിക്രമ പരാതിയായി വരുന്നതല്ല, പെരുമാറ്റവൈകല്യമോ, പഠനവൈകല്യമോ മറ്റുകാരണങ്ങളോ ആയെത്തുന്ന കേസുകളിൽ കുട്ടിയുടെ മുൻകാല ചരിത്രം പരിശോധിക്കുമ്പോൾ കിട്ടുന്നതാണ്. ജെ ജെ ഹോമിൽ നിന്നുള്ള കുട്ടികളെയും ഇങ്ങോട്ട് വിടാറുണ്ട്. അവരിലെല്ലാം അന്തർലീനമായി രക്ഷാകർതൃത്വവും ശാരീരികപീഡനങ്ങളുടെ ചരിത്രവും കാണാറുണ്ട്. പകുതി കേസുകളിലും കുട്ടിയുടെ അച്ഛനും ഇതേ ചരിത്രം ഉണ്ടാകും. ഇതേ സാഹചര്യത്തിലൂടെയായിരിക്കും അച്ഛനും വളർന്നിട്ടുണ്ടാകുക. - ഡോ.ടി.വി.അനിൽകുമാർ പറയുന്നു.
ഉണരേണ്ടത് പൊതുബോധം
കുട്ടികൾ രാഷ്ട്രത്തിന്റെ സ്വത്താണ്. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം രക്ഷിതാക്കൾക്കുണ്ടെങ്കിലും അവർ പരാജയപ്പെടുമ്പോൾ കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൊതുസമൂഹത്തിനുണ്ട്. പൊതുസമൂഹവും പരാജയപ്പെടുന്നിടത്ത് കുട്ടികളുടെ സംരക്ഷണം സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും ഉത്തരവാദിത്വമാണ് എന്നതാണ് ബാലാവകാശനിയമത്തിന്റെ അന്ത:സത്ത. ബാലാവകാശ ലംഘനങ്ങൾ അന്വേഷിക്കുക, സ്വമേധയാ നടപടി സ്വീകരിക്കുക, നിയമനടപടികൾ ശുപാർശ ചെയ്യുക, പോലീസ്, കോടതി നടപടികൾ ശിശുസൗഹാർദപരമാണോ എന്ന് നിരീക്ഷിക്കുക, പീഡനത്തെ അതിജീവിച്ച കുട്ടികളുടെ പുനരധിവാസം ഉറപ്പാക്കുക, നഷ്ടപരിഹാരം, കൗൺസിലിങ് എന്നിവ ഉറപ്പാക്കുക തുടങ്ങിയവയെല്ലാം ബാലവാകാശകമ്മിഷന്റെ ചുമതലകളാണ്. എന്നിരുന്നാലും കുട്ടികളെ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പൊതുസമൂഹത്തിന്റെ കൂട്ടായ പരിശ്രമമാണ് ഉണ്ടാകേണ്ടത്. - - പി.സുരേഷ് (ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ)
********
പതിമ്മൂന്നര വയസ്സിലാണ് ഒഡീഷ സ്വദേശിയായ ദീപക്(യഥാർഥ പേരല്ല) ജോലി തേടി കേരളത്തിൽ എത്തുന്നത്. അധികമൊന്നും അലയേണ്ടി വന്നില്ല. വടക്കൻ ജില്ലയിലെ ഒരു ചായക്കടയിൽ ദീപക്കിന് ജോലി ലഭിച്ചു. ഇതരസംസ്ഥാനക്കാരൻ, ദുർബലൻ, ചോദിക്കാനും പറയാനും സമീപത്താരുമില്ലാത്തവൻ.. സാഹചര്യത്തെ ചുറ്റുമുള്ളവർ കൃത്യമായി വിനിയോഗിച്ചു. കടയിലെ മുതിർന്നവർ അവനെ വൈകുന്നേരങ്ങളിൽ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. ആദ്യമെല്ലാം കരഞ്ഞു ബഹളം വെച്ചു തടയാൻ ശ്രമിച്ച ആ കൗമാരക്കാരൻ ഇടയിലെപ്പോഴോ ആസ്വദിച്ചുതുടങ്ങി. പതിയെ ചായക്കടയിലെ വരുമാനത്തിൽ സംതൃപ്തനാകാതെ അധികവരുമാനം കണ്ടെത്തുന്നതിനായി ഈ തൊഴിലുമായി പുറത്തിറങ്ങി. ഇടപാടുകാരെ കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല. ഒരിക്കൽ അതേ ആവശ്യത്തിനായി ദീപക്കിനെ സമീപിച്ച വ്യക്തിയാണ് സഹതാപം തോന്നി അവനെ അനാഥാശ്രമത്തിൽ എത്തിക്കുന്നത്. ഒന്നരവർഷക്കാലം അവൻ അവിടെ കഴിഞ്ഞു. ഒരുദിവസം തനിക്കറിയാവുന്ന വിദ്യ അനാഥാലയത്തിലെ മറ്റുകുട്ടികളെ പഠിപ്പിക്കാൻ ശ്രമിച്ച ദീപക്കിനെ സ്ഥാപനമേധാവി കൈയോടെ പിടികൂടി. തിരുത്താൻ മിനക്കെട്ടില്ല, അവനെ അവിടെയെത്തിച്ച വ്യക്തിയെ വിളിപ്പിച്ച് ഉടൻ പറഞ്ഞയച്ചു. ദീപക് വീണ്ടും തെരുവിലെത്തി. ജീവിക്കാനായി അറിയാവുന്ന തൊഴിലും മോഷണവും തുടങ്ങി. ഒടുവിൽ ഒരു വീട്ടിൽ സഹായിയായി കയറിക്കൂടി. 24-ാം വയസ്സിൽ പോലീസ് അവനെ അറസ്റ്റ് ചെയ്യുന്നത് അതേ വീട്ടിലെ ഗർഭിണിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിട്ടാണ്. കേൾക്കുമ്പോൾ ഒരു കെട്ടുകഥയെന്ന് തോന്നുംവിധത്തിലുള്ള ദീപക്കിന്റെ ജീവിതം പങ്കുവെച്ചത് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനാണ്.
ആരാണ് കുറ്റവാളി?
ഇവിടെ ആരാണ് യഥാർഥ കുറ്റവാളി? പതിമൂന്നര വയസ്സിൽ ജോലി തേടി കേരളത്തിലെത്തിയ ആ കൗമാരക്കാരനോ? അതോ അവൻ തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് വഴുതുന്നത് കൈയും കെട്ടി നോക്കി നിന്ന സമൂഹമോ? ഒരു കുറ്റവാളി ഉണ്ടാകുന്നത് എങ്ങനെയെന്ന ചോദ്യത്തിന് വച്ചുനീട്ടാവുന്ന ഒരു ഉദാഹരണമായി അവൻ വിയ്യൂർ ജയിലിനകത്തുണ്ട്. ഓർക്കണം കേരളത്തിലെത്തുമ്പോൾ അവൻ ഒരു കുറ്റവാളി ആയിരുന്നില്ല. അവനാവശ്യം വിശപ്പടക്കാൻ ഒരു തൊഴിലായിരുന്നു. പതിനാലു വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ട് തൊഴിൽ എടുപ്പിക്കുന്നത് കുറ്റകരമാണെന്നറിഞ്ഞിട്ടും കുറഞ്ഞ കൂലിക്ക് ലഭിച്ച തൊഴിലാളിയെ വിട്ടുകളയാൻ തൊഴിലുടമയ്ക്ക് തോന്നിയില്ല. സൗജന്യ വിദ്യാഭ്യാസമെന്ന അവന്റെ അവകാശത്തെ നിഷേധിച്ചു, പ്രകൃതിവിരുദ്ധ പീഡനത്തിന് നിർബന്ധിച്ച് ഇരയാക്കി. അന്തേവാസികളുടെ രക്ഷയെ കരുതി അവസാനമെത്തിയ അനാഥാലയത്തിന്റെ മേധാവി അവനെ പുറത്തുവിടുന്നതിന് പകരം ഒരു കൗൺസലിങ് നൽകിയിരുന്നെങ്കിലോ..ഒരുപക്ഷേ അവൻ ജീവിതത്തിലേക്ക് തിരിച്ചുവരുമായിരുന്നു.
മാററം വേണ്ടത് എവിടെ?
അരക്ഷിതനായ ഓരോ കുട്ടിയും നാളത്തെ കുറ്റവാളിയാകാനുള്ള സാധ്യത ഏറെയാണ്. ഒരു കുട്ടിയെ രക്ഷിക്കാനായാൽ ഒരുപക്ഷേ തടയാനാകുന്നത് ഭാവിയിൽ സംഭവിച്ചേക്കാവുന്ന പത്തോളം കുറ്റകൃത്യങ്ങളാകും. നമുക്കാവശ്യം കാലോചിതമായ സാമൂഹിക മാറ്റമാണ്. പ്രതികരണശേഷിയുടെ കാര്യത്തിൽ മറ്റാരേക്കാളും മുന്നിലാണ് മലയാളികൾ. സദാചാരപോലീസിങ്ങ്, സാമൂഹിക മാധ്യമങ്ങളിലെ പൊങ്കാലയിടലുകൾ എന്നിവയിലൂടെ നാമത് തെളിയിച്ചതാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആത്മരോഷമല്ല, വേണ്ട സമയത്ത് വേണ്ട പോലെ പ്രതികരിക്കാൻ കഴിയണം. ചുറ്റുമുള്ളതിനെ കണ്ണ് തുറന്ന് കാണാനും, കേൾക്കാനും ഇടപെടാനും വേണ്ട മനസ്സ് സമൂഹം ഉണ്ടാക്കിയെടുക്കണം. കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന, അവരുടെ ജീവന് ഭീഷണി ഉയർത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണം. അതിനുപുറകേ നടക്കേണ്ടി വരുമല്ലോ എന്ന ഭയമാണ് പലരേയും പുറകോട്ട് വലിക്കുന്നത്. വിവരാവകാശ നിയമപ്രകാരവും ജെജെ ആക്ട് പ്രകാരവും, ചൈൽഡ്ലൈൻ ടോൾ ഫ്രീ ഹെൽപ് ലൈനിന്റെ ഉദ്ദേശശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി, വിവരം നൽകിയ ആളുടെ വ്യക്തിത്വം വെളിപ്പെടുത്താറില്ല. (ചില പ്രത്യേക കേസുകളിൽ കോടതി ആവശ്യപ്പെടുകയാണെങ്കിൽ മാത്രം വിവരം നൽകിയ വ്യക്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സീൽ ചെയ്ത കവറിൽ സമർപ്പിക്കും.)
മറ്റൊന്ന് സംസ്ഥാനത്ത് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ശിശുക്ഷേമസമിതികളുടെയും, ജുവനൈൽ ജസ്റ്റിസ് ബോർഡുകളുടേയും ബാലാവകാശകമ്മിഷന്റെയും പ്രവർത്തനം കുറേക്കൂടി കാര്യക്ഷമമാക്കുക എന്നുള്ളതാണ്. സംസ്ഥാനത്ത് മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കിയ ശിശുക്ഷേമ സമിതികളുടെ പുന:സംഘടന പൂർത്തിയായത് ഒരു മാസം മുമ്പാണ്. 2015-ലെ ജെജെ ആക്ട് പ്രകാരം ശിശുക്ഷേമസമിതി/ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളുടെ യോഗ്യതയിലുണ്ടായ വ്യത്യാസം മൂലവും, തിരുവന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ ജില്ലകളിലെ ശിശുക്ഷേമസമിതി അംഗങ്ങളുടെ നിയമനം സംബന്ധിച്ച് അപേക്ഷകർ ഹൈക്കോടതി മുമ്പാകെ അപ്പീൽ ഫയൽ ചെയ്തതിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തതുമൂലവും ശിശുക്ഷേമസമിതികളുടെയും ജുവനൈൽ ജസ്റ്റിസ് ബോർഡുകളുടെയും പുന:സംഘടനയിലുണ്ടായത് രണ്ടുവർഷത്തെ കാലതാമസമാണ്. കുട്ടികൾക്ക് പ്രഥമപരിഗണന നൽകേണ്ട, എത്രയും പെട്ടെന്ന് കുട്ടിക്ക് നീതി ലഭിക്കാൻ പ്രവർത്തിക്കേണ്ടവർ തന്നെ നീതിക്ക് വേണ്ടി കുട്ടികളെ കാത്തിരിക്കാൻ നിർബന്ധിക്കുകയാണ്. കുട്ടികളുടെ അവകാശസംരക്ഷണമേഖലയിൽ പ്രവർത്തനപരിചയമുള്ള ചെയർപേഴ്സണും 4 അംഗങ്ങളും ചേർന്നതാണ് ശിശുക്ഷേമ സമിതി. അംഗങ്ങളിൽ ഒരാളെങ്കിലും വനിതയായിരിക്കണം. കുട്ടികളുടെ അവകാശസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രാവീണ്യം തെളിയിച്ചവരായിരിക്കണം മറ്റുള്ള അംഗങ്ങൾ. എന്നാൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ യോഗ്യതകൾക്കുപരി രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നതെന്ന് ആരോപണമുണ്ട്.
ശിശുക്ഷേമ സമിതിയുടെ ഉത്തരവാദിത്വങ്ങൾ
· കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്വമേധയാ ഏറ്റെടുത്ത് തീർപ്പുകൽപിക്കുക
· കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വെല്ലുവിളി ഉയരുന്ന സാഹചര്യങ്ങളിൽ അന്വേഷണം നടത്തുക
· കുട്ടിക്ക് ശ്രദ്ധയും സംരക്ഷണവും അഭയവും ഉറപ്പുവരുത്തുക
· കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി സർക്കാർ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും യോജിച്ച് പ്രവർത്തിക്കുക
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിരവധി അധികാരങ്ങളുണ്ട്. പ്രത്യേക പദ്ധതികൾ നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ള സ്ഥാപനങ്ങളാണ് അവ. എന്നാൽ കേരളത്തിലെ എത്ര പഞ്ചായത്തുകളിൽ കുട്ടികളുടെ സംരക്ഷണം മുന്നിൽ കണ്ട് പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്? കുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിന് വേണ്ട നൂതന പദ്ധതികൾ ആവിഷ്ക്കരിക്കാനും നടപ്പിലാക്കാനും പഞ്ചായത്ത് ആർജവം കാണിക്കണം. ദുർബലമായ സാഹചര്യങ്ങളിൽ ഉള്ള കുട്ടികളെ തിരിച്ചറിയുകയും അവരെ കൃത്യമായി നിരീക്ഷിക്കാൻ സംവിധാനം ഉണ്ടാക്കുകയും വേണം. കുടുംബശ്രീ പ്രവർത്തകർ അങ്കണവാടി അധ്യാപകർ, ആശാവർക്കർമാർ എന്നിവരുടെ നിരീക്ഷണം കൃത്യമായ ഇടവേളകളിൽ ഇത്തരം കുടുംബങ്ങളിലുണ്ടാകണം. അതിനാവശ്യമായ പരിശീലനവും സഹായവും അവർക്ക് നൽകണം. പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കണം.
ഉത്തരവാദിത്വപൂർണമായ രക്ഷാകർതൃത്വം - ഡോ.അരുൺ ബി നായർ (സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്)
യൂണിസെഫും ലോകാരോഗ്യ സംഘടനയും മുന്നോട്ട് വെക്കുന്നത് ഉത്തരവാദിത്വപൂർണമായ രക്ഷാകർതൃത്വമാണ്. അതിൽത്തന്നെ ആധികാരിക രക്ഷാകർതൃത്വം ആണ് ഏറ്റവും നല്ല രക്ഷാകർതൃ രീതിയായി കണക്കാകുന്നത്. മാതാപിതാക്കൾ തുല്യമായ പങ്കാളിത്തം ഏറ്റെടുക്കുക എന്നുള്ളതാണ് അതിൽ ഒന്നാമത്തെ കാര്യം. രണ്ട്, കുട്ടി വളർന്നുവരുമ്പോൾ സാഹചര്യങ്ങൾ സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന വ്യക്തിയായി വളർത്തുക എന്നുള്ളതാണ്.
ഉത്തരവാദിത്വങ്ങൾ പഠിപ്പിക്കൂ
ഘട്ടം ഘട്ടമായി കുട്ടിയെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കണം. കാണുന്ന കാര്യങ്ങൾ തലച്ചോറിൽ സൂക്ഷിച്ചുവെക്കുന്ന ദൃശ്യസ്മൃതി എന്നൊരു കഴിവ് കുട്ടിയിൽ വികസിക്കുന്നത് മൂന്നുവയസ്സുമുതലാണ്. അപ്പോൾ മുതൽ ഗാർഹികമായ ഉത്തരവാദിത്വങ്ങൾ കുട്ടിയെ ഏൽപ്പിക്കണം.വീട്ടിൽ നടക്കുന്ന കാര്യങ്ങളിൽ എനിക്കും പങ്കാളിത്തമുണ്ട് എന്ന് തോന്നണം. പത്തുവയസ്സുമുമ്പുതന്നെ അച്ചടത്തെ കുറിച്ച് കുട്ടികളോട് വിനിമയം ചെയ്യേണ്ടതുണ്ട്. അച്ചടക്കം നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ഒന്നല്ല മറിച്ച് നമ്മുടെ സുരക്ഷിതത്വം വർധിക്കാനുള്ള ഒന്നാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തണം. ഉപദേശരൂപത്തേക്കാൾ അനുഭവങ്ങളിലൂടെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ. അച്ഛനും അമ്മയും മാതൃകയാകണം. വീട്ടിലെ നിയമങ്ങൾ എല്ലാവരും പാലിക്കണം. ലഹരി ഉപയോഗിച്ച് വീട്ടിൽ വരാൻ പാടില്ലെന്ന് പറഞ്ഞാൽ അച്ഛനും അമ്മയും അതും ശീലമാക്കണം മാതാപിതാക്കൾ അങ്ങനെ ചെയ്തുകൊണ്ട് കുട്ടിയോട് അങ്ങനെ ചെയ്യരുത് എന്നുപറയുന്നതിൽ അർഥമില്ല.
കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകണം, കളിക്കാൻ അനുവദിക്കണം. അതുകഴിഞ്ഞാൽ ക്വാളിറ്റി ടൈം. മാതാപിതാക്കളും കുട്ടിയും തമ്മിൽ സംസാരിക്കാനുള്ള സമയമാണ് ഇത്. അന്നു സംഭവിച്ച കാര്യങ്ങൾ കുട്ടികളോട് ചോദിച്ച് മനസ്സിലാക്കണം. ഇപ്രകാരം ചെയ്്താൽ കുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്നതെല്ലാം വളരെ തുടക്കത്തിൽ മനസ്സിലാക്കാൻ സാധിക്കും. ദുരനുഭവം, പീഡനത്തിന്റെ സ്വഭാവമുള്ളത് എന്നിവയെല്ലാം തുടക്കത്തിലേ കണ്ടെത്താം. കുട്ടിയുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുകയും ചെയ്യും. സെൻസിറ്റീവ് വിഷയങ്ങൾ പോലും ധൈര്യപൂർവം ചർച്ച ചെയ്യാനുള്ള വേദിയായിരിക്കണം അത്. പറയാനുളളത് ക്ഷമാപൂർവം കേട്ട് അതിനകത്തെ അനാരോഗ്യകരമായ സംഗതികൾ ചൂണ്ടിക്കാണിക്കാൻ സാധിക്കണം. ക്ലാസിൽ ഒരു കുട്ടി മറ്റൊരു കുട്ടിക്ക് ലൗലെറ്റർ കൊടുത്ത കാര്യം പറയുമ്പോഴേക്കും ഒച്ചയിടുകയല്ല, കേൾക്കണം. അടിച്ചമർത്തുമ്പോൾ കൗതുകം ഇല്ലാതാകില്ല മറിച്ച് വീട്ടുകാരോട് പറയുന്നത് അവസാനിപ്പിക്കുകയേയുള്ളൂ.
അച്ഛനും അമ്മയും തമ്മിലുള്ള ആശയവിനിമയം പ്രധാനമാണ്. കേരളത്തിലെ കുടുംബങ്ങളിൽ അധികാരശ്രേണി നിലനിലക്കുന്നുണ്ട്. അമ്മയ്ക്ക് ജോലി കൂടിയില്ലെങ്കിൽ അച്ഛന്റെ അപ്രമാദിത്വമായിരിക്കും. അനുസരിച്ചില്ലെങ്കിൽ ചീത്ത വിളിക്കുന്നതും അടിക്കുന്നതും ചില കുടുംബങ്ങളിലെങ്കിലും സാംസ്കാരികമായി അംഗീകരിക്കപ്പെട്ട സംഗതിയാണ്. സംവാദമാകാം. പക്ഷേ അത് തർക്കത്തിലേക്ക് വഴിമാറരുത്. കുടുംബങ്ങളിൽ സംവാദത്തിന്റെ അന്തരീക്ഷം ഉണ്ടാകുന്നില്ല. അവിടെ ജയിക്കാനായി വ്യക്തിപരമായി ആക്രമിക്കാനോ പണ്ട് ചെയ്ത എന്തെങ്കിലും കാര്യം ചൂണ്ടിക്കാണിച്ച് കളിയാക്കാനോ ഉള്ള ശ്രമമാണ് കൂടുതലും. ഇതെല്ലാം കുട്ടിയുടെ മാനസിക വളർച്ചയെ ദോഷകരമായി ബാധിക്കും. വെളിയിൽ പോയി അതേ രീതിയിൽ സമപ്രായക്കാരോട് ചെയ്യാനുള്ള പ്രവണതയുണ്ടാകും.
ഓരോ പ്രായത്തിലും ഉത്തരവാദിത്വപൂർണമായ രക്ഷാകർതൃത്വത്തിന് ഓരോ സാധ്യതയുണ്ട്. ചെറിയ പ്രായത്തിൽ കുട്ടികളോടൊപ്പം കളിക്കാൻ മാതാപിതാക്കൾ സമയം ചെലവഴിക്കണം. ചെറിയ പ്രായത്തിൽ കളിയിലൂടെയാണ് കുട്ടികൾ ആശയവിനിമയം നടത്തുക. പത്തുവയസ്സാകുന്നത് മുതൽ കൗമാരമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അപ്പോൾ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ കുട്ടിയെ കൂടി പങ്കാളിയാക്കണം ഉദാഹരണത്തിന് ഒരു വാഹനം വാങ്ങുമ്പോൾ കുട്ടിയെ അറിയിക്കുക. അവന്റെ അഭിപ്രായം ചോദിക്കുക, യുക്തിസഹമാകണമെന്നില്ല മറുപടി. എങ്കിലും ചോദിക്കണം. എന്തുകൊണ്ട് യുക്തിസഹമല്ല എന്ന് പറഞ്ഞുമനസ്സിലാക്കണം. ഒരു കൊടുക്കൽ വാങ്ങൽ രീതിയിൽ പോയാൽ ഇത് എന്റെ കുടുംബമാണ് തകരാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ് എന്ന് കുട്ടിക്ക് തോന്നും ആ ഉത്തരവാദിത്വബോധം കുട്ടിയും അച്ഛനുമമ്മയും തമ്മിലുള്ള ഒരു വൈകാരിക ബന്ധത്തിന്റെ ഒരു പാലമാണ്. അതുവന്നുകഴിഞ്ഞാൽ വീടിന് പുറത്തുള്ള അനാരോഗ്യകരമായ പ്രവണതകൾ കുട്ടിയെ ബാധിക്കില്ല.
ഫോസ്ററർ കെയർ മാനേജ്മെന്റ് കൊണ്ടുവരണം - മുരളി തുമ്മാരുകുടി
വിദേശരാജ്യങ്ങളിൽ കുട്ടികളുടെ ക്ഷേമത്തിനാണ് പ്രാധാന്യം നൽകുന്നത്. കുട്ടിയുടെ സുരക്ഷിതത്വം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ് എന്ന ഒരു ശക്തമായ ബോധം ഇവിടെയുള്ളവർക്ക് ഉണ്ട്. കേസ് റിപ്പോർട്ട് ചെയ്താൽ ഉപദ്രവകരമായ സാഹചര്യങ്ങളിൽ നിന്ന് കുട്ടിയെ മാറ്റുകയാണ് ആദ്യം ചെയ്യുക. അതിനുശേഷം മാത്രമേ അന്വേഷണമുൾപ്പടെയുള്ള നിയമനടപടികളിലേക്ക് കടക്കൂ. കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയല്ല പകരം ഫോസ്റ്റർ പേരന്റിനെ(പോറ്റിവളർത്തൽ) ഏൽപ്പിക്കും. നമ്മുടെ നാട്ടിലുള്ള പ്രധാന പോരായ്മ രക്ഷിച്ചെടുക്കുന്ന കുട്ടികളെ താമസിപ്പിക്കാൻ ഒരിടമില്ല എന്നുള്ളതാണ്. കുട്ടികളെ ഒരുമിച്ച് ചിൽഡ്രൻസ് ഹോമിൽ താമസിപ്പിക്കുന്നതിന് പകരം ഫോസ്റ്റർ കെയർ മാനേജ്മെന്റാണ് ഇവിടെ കൊണ്ടുവരേണ്ടത്.
എന്താണ് അതിക്രമം എന്ന് തിരിച്ചറിയാൻ കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ അവർ ബോധവൽക്കരണം നൽകുന്നുണ്ട്. പരാതികൾ റിപ്പോർട്ട് ചെയ്യാൻ പൊതുവായ ടെലിഫോൺ നമ്പറും ഉണ്ട്. മറ്റൊരു പ്രധാനകാര്യം മുതിർന്നവർ കുഞ്ഞിനോട് മോശമായി ഇടപഴകുന്നത് ആരുകണ്ടാലും അവർ ഇക്കാര്യം ആ നമ്പറിൽ വിളിച്ചറിയിക്കും. രക്ഷിതാവ് പ്രതിയാകുന്ന കേസുകളിൽ കുടുംബം ആണെന്ന് കരുതിയുള്ള യാതൊരു ഒത്തുതീർപ്പും അവിടെ സാധ്യമല്ല. തെറ്റുകാരാണെന്ന് തെളിഞ്ഞാൽ കുട്ടികളെ സ്ഥിരമായി രക്ഷിതാക്കളിൽ നിന്ന് മാറ്റുന്നതിനുള്ള അധികാരം സ്റ്റേറ്റിനുണ്ട്. കുട്ടിയെ തിരിച്ചുകിട്ടണമെങ്കിൽ നോക്കാൻ പ്രാപ്തരാണെന്ന് മാതാപിതാക്കൾ സ്വയം തെളിയിക്കണം.
രാഷ്ട്രീയ പാർട്ടികൾക്കും ചെയ്യാനുണ്ട്
ലോക്സഭ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ പാർട്ടിയുടെയും പ്രകടനപത്രിക നാം കണ്ടതാണ്. ഇവയിൽ എത്ര പ്രകടന പത്രികയിൽ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു? രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയിൽ വോട്ടവകാശമില്ലാത്ത, കുട്ടികൾ എന്ന ദുർബലവിഭാഗം കടന്നുവരുന്നില്ല. രാഷ്ട്രീയ പാർട്ടികൾക്ക് (ജവഹർ ബാലവേദി, ബാലസംഘം, ബാലഗോകുലം) കുട്ടികളുടെ സംഘടനകളുണ്ട്. ഈ സംഘങ്ങളെ സമൂഹത്തിന് ഗുണപ്രദമാകുന്ന രീതിയിൽ പ്രവർത്തിക്കാൻ സജ്ജരാക്കണം. കുട്ടികളുടെ കൂട്ടായ്മകളിൽ അവകാശങ്ങളെ കുറിച്ചും സുരക്ഷയെ കുറിച്ചും ബോധവൽക്കരണം നടത്തണം. അതിനൊപ്പം കൂട്ടുകാരന് വേദനിക്കുന്ന അനുഭവങ്ങളുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ അറിയിക്കാൻ ഓരോകുട്ടിയെയും പ്രാപ്തരാക്കണം. അടിച്ചാൽ ചോദിക്കാൻ ചൈൽഡ് വെൽഫെയർ പോലീസ് ഉണ്ടെന്ന സന്ദേശം കുട്ടികളിലും കുടുംബങ്ങളിലും വരണം.
നാടിന്റെ സ്പന്ദനമായിരുന്നു ഒരുകാലത്ത് യൂത്ത്ക്ലബുകൾ. സ്പോർട്സ് ആർട്സ് പ്രവർത്തനങ്ങൾക്ക് പുറമേ യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും ഇറങ്ങി പ്രവർത്തിക്കാൻ ഇവർക്ക് സാധിക്കണം. ഇന്നത്തെ യുവാക്കളാണ് നാളത്തെ രക്ഷിതാക്കൾ. ലഹരിക്കടത്ത്, മോഷണം, പോക്സോ തുടങ്ങിയ കേസുകളിൽ കുടുങ്ങി നിരവധി ചെറുപ്പക്കാരാണ് ജയിലുകളിൽ കഴിയുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ തന്റേതായ പങ്ക് രേഖപ്പെടുത്തേണ്ട, സുപ്രധാന കാലഘട്ടമാണ് അവർ ജയിലുള്ളിൽ പാഴാക്കുന്നത്. ശക്തമായ ബോധവൽക്കരണത്തിലൂടെ വഴിതെറ്റുന്ന യുവാക്കളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് യൂത്ത് ക്ലബുകൾ മുൻതൂക്കം നൽകണം.
തിരിച്ചറിയേണ്ടത് അധ്യാപകർ
ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വീടും സ്കൂളുമാണ് ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങൾ. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നത് അധ്യാപകർക്കും. പിൻബെഞ്ചിലിരിക്കുന്നവരോട് എല്ലാക്കാലത്തും അധ്യാപകർക്ക് പ്രിയം കുറവാണ്. എന്തുകൊണ്ട് പിൻബെഞ്ചുകാരനായി എന്ന് തിരക്കാനുള്ള ക്ഷമ പല അധ്യാപകരും കാണിക്കാറില്ല. പാഠഭാഗങ്ങൾ തീർക്കാനുള്ള വ്യഗ്രതയിൽ, സമർഥരെ അഭിനന്ദിക്കാനും ഇവരെ ഇകഴ്ത്താനും ശ്രമിക്കുമ്പോൾ സ്കൂളിലും പരിഗണന ലഭിക്കാതെ കുട്ടി ഒറ്റപ്പെടുന്നു. സാമൂഹിക നീതിവകുപ്പിന്റെ കീഴിൽ സർക്കാർ-എയ്ഡഡ് സ്കൂളുകളിലായി നിലവിൽ 666 കൗൺസിലേഴ്സ് ആണ് ജോലി ചെയ്യുന്നുന്നത്. (346 പേരെ കൂടി നിയമിക്കാൻ ഉത്തരവായിട്ടുണ്ട്). 2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ 14,479 സ്കൂളുകൾ ഉണ്ട്. അതിനാൽ തന്നെ നിലവിലുള്ള കൗൺസിലേഴ്സ് അപര്യാപ്തമാണ്. ഒരു സ്കൂളിലെ എല്ലാ കുട്ടികളെയും കൃത്യമായി മോണിറ്റർ ചെയ്യാൻ ഇവർക്ക് കഴിഞ്ഞെന്നുവരില്ല. നാൽപത് അമ്പത് കുട്ടികളുള്ള ക്ലാസുകളിൽ ആകെ ശ്രദ്ധ വേണ്ടത് നാലോ അഞ്ചോ കുട്ടികൾക്ക് മാത്രമായിരിക്കും. അവരെ കണ്ടെത്തി കൗൺസിലറുടെ മുന്നിൽ എത്തിക്കേണ്ടത് ക്ലാസ് ചുമതലയുള്ള അധ്യാപകരാണ്.
'പരമ്പരാഗത അധ്യാപന ശൈലിയിൽ നിന്ന് ആധുനിക രീതിയിലേക്ക് അധ്യാപകർ ഇനിയും മാറിയിട്ടില്ല. പ്രശ്നങ്ങൾ വലുതാകുമ്പോൾ മാത്രമാണ് പലപ്പോഴും നാം അറിയുന്നത്. അതിനെ തുടക്കത്തിലേ തിരിച്ചറിയാൻ സാധിക്കണം. സ്കൂളുകളിൽ കൗൺസിലിങ് കൊടുക്കുന്നുണ്ടെങ്കിലും അത് മുഴുവനായും ഫലപ്രദമായിട്ടില്ല. അതായത് നമ്മൾ കാണുന്ന പ്രതിവിധികൾക്ക് ഫലം കുറഞ്ഞിട്ടുണ്ട്. ഒരു കൗൺസിലർ വന്നിട്ടുണെങ്കിൽ അവരുടെ അടുത്ത് കുട്ടികൾക്ക് പോകാം എന്നൊരു ഓപ്പൺ ഫോറം വെച്ചിരിക്കുകയാണ്. ഒരു ഗ്രൂപ്പ് എക്സർസൈസോ ഗ്രൂപ്പ് തെറാപ്പിയോ ഇല്ല. എല്ലാ കാര്യത്തിനും പാഠ്യക്രമം ഉള്ളതുപോലെ കൗൺസിലിങ്ങിലും വ്യക്തമായ പാഠ്യക്രമവും,രൂപരേഖയും വേണം.' ബച്ച്പൻ ബച്ചാവോ ആന്ദോളൻ സ്റ്റേറ്റ് കോർഡിനേറ്ററായ പ്രസ്രീൻ കുന്നംപള്ളി പറയുന്നു
ചികിത്സാചെലവുകളും വ്യവഹാര ചെലവുകളും വർധിക്കുകയും ഉല്പാദനക്ഷമത കുറയുകയും ചെയ്യുന്നതിനാൽ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയെപ്പോലും മന്ദഗതിയിലാക്കുന്ന ഒന്നാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ. ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യത്തോടെയും മൂല്യങ്ങളോടെയുമാണ് കുട്ടി വളരേണ്ടത്. അതിനുള്ള സാഹചര്യങ്ങൾ കുടുംബത്തിലുണ്ടാകണം. ഒരുപ്രശ്നം വരുമ്പോൾ അതിനെ താല്ക്കാലികമായി നേരിടാനുള്ള പദ്ധതികൾ ഉണ്ടാക്കുകയല്ല മറിച്ച് ഏതൊരു പ്രശ്നത്തേയും അതിന്റെ വേരിൽ നിന്ന് തന്നെ ശാസ്ത്രീയമായ രീതിയിൽ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. ശാരീരികാതിക്രമങ്ങളെ ലഘൂകരിച്ച് കാണാതെ ലൈംഗികാതിക്രമങ്ങൾക്ക് നൽകുന്ന അതേ പ്രധാന്യത്തോടെ കൈകാര്യം ചെയ്യണം.
'കുഞ്ഞിനെ തല്ലിച്ചതച്ചിട്ട്, അവനെ മരണത്തിന് വിട്ടുകൊടുത്തിട്ട്..ഇല്ല അങ്ങനെയുള്ളവരല്ല അമ്മ. വഴിയരികിൽ പെറ്റുകിടക്കുന്ന പട്ടികളെ കണ്ടിട്ടുണ്ടോ, അതിന്റെ കുഞ്ഞുങ്ങളെ നോക്കാൻ നമ്മളെ അത് അടുപ്പിക്കത്തില്ല ശ്രദ്ധിച്ചിട്ടുണ്ടോ. മൃഗങ്ങളെ വച്ചുപോലും താരതമ്യപ്പെടുത്താൻ പറ്റാത്ത രീതിയിലായി മനുഷ്യർ. ഈ തെറ്റുചെയ്തവരെല്ലാം അത്രയും മോശപ്പെട്ടവരാ..എന്റെ വാവാച്ചിയുടേതുൾപ്പടെ. പത്തുപേർക്ക് ശിക്ഷകൊടുത്താൽ പതിനൊന്നാമത്തെ ആള് മര്യാദക്കാവും.. ശിക്ഷിക്കണം..' ഷെഫീക്കിനെ ചേർത്തുപിടിച്ച് വികാരവിക്ഷോഭത്തിൽ രാഗിണി പറയുമ്പോൾ ഒരമ്മയാകാൻ പേറ്റുനോവറിയേണ്ടെന്ന് ഒരിക്കൽക്കൂടി ബോധ്യപ്പെടുകയാണ്. നിയമനടപടികൾ കുറേക്കൂടി കർശനമാക്കുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. ശിക്ഷണത്തിന്റെ ഭാഗമായുള്ള ശാരീരികോപദ്രവങ്ങൾ ഇല്ലാതാകണം. ഉത്തരവാദിത്വ രക്ഷാകർതൃത്വത്തെ കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുക, കുടുംബങ്ങളെ കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കുക, എന്നിവയെല്ലാമാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള മാർഗങ്ങൾ. ഒപ്പം സമൂഹവും ഉണരണം, ജാഗ്രത പുലർത്തണം. കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോ, ഭരണകൂടത്തിന്റെയോ സൂക്ഷ്മതക്കുറവിൽ ഇനിയൊരു കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടു കൂടാ..
Content Highlights: Child Abuse in Kerala
Content Highlights: