സ്യൂചിയുടെ തടവിന് ഒരാണ്ട്

ആങ് സാന്‍ സ്യൂചി
ആങ് സാന്‍ സ്യൂചി

യാങ്കൂണ്‍: മ്യാന്‍മാറില്‍ ജനാധിപത്യം അസ്തമിച്ചിട്ട് ഒരുകൊല്ലമാകുന്നു. 2021 ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണംപിടിച്ചത്. പതിറ്റാണ്ടുകളോളം പട്ടാളഭരണത്തിന്റെ കയ്പറിഞ്ഞവരാണ് മ്യാന്‍മാര്‍ ജനത. അവര്‍ക്കുമുമ്പില്‍ ജനാധിപത്യം പുലര്‍ന്നിട്ട് അധികമായിരുന്നില്ല.

2015-ല്‍മാത്രമാണ് ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള പൗരസര്‍ക്കാരിലേക്ക് രാജ്യത്തിന്റെ ഭരണമെത്തിയത്. ആറുകൊല്ലത്തിനിപ്പുറം ഭരണം വീണ്ടും പട്ടാളത്തിന്റെ കൈകളില്‍. പ്രതിഷേധിച്ചവരെ അവര്‍ ജയിലിലാക്കി. ജനാധിപത്യവാദികളായ ആയിരങ്ങളെ വധിച്ചു.

അന്താരാഷ്ട്രസമൂഹം ഉപരോധമടക്കമുള്ള മാര്‍ഗങ്ങളിലൂെട പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സൈന്യം ഇതുവരെയും വഴങ്ങിയിട്ടില്ല. ഇപ്പോള്‍ സായുധമാര്‍ഗത്തിലൂടെ പട്ടാളത്തില്‍നിന്ന് അധികാരം തിരികെപ്പിടിക്കാന്‍ ജനാധിപത്യാനുകൂലികള്‍ കോപ്പുകൂട്ടുകയാണ്. വിനാശകരമായ ആഭ്യന്തരയുദ്ധത്തിനുള്ള സാധ്യതയും തള്ളാനാവില്ല.

നാള്‍വഴി

2021 ഫെബ്രുവരി ഒന്ന് പട്ടാളം അധികാരംപിടിച്ച് രാജ്യത്ത് ഒരുകൊല്ലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് വിന്‍ മിന്റ്, നൊബേല്‍ പുരസ്‌കാരജേതാവ് ആങ് സാന്‍ സ്യൂചി തുടങ്ങിയവരെ തടങ്കലിലാക്കി.

ഫെബ്രുവരി നാല് പട്ടാളവിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനം തെരുവില്‍

മാര്‍ച്ച് 27 സായുധസേനാ ദിനത്തില്‍ 160 ജനാധിപത്യാനുകൂലികളെ സൈന്യം വെടിവെച്ചുകൊന്നു

മാര്‍ച്ച് 28 കാരന്‍ സംസ്ഥാനത്ത് സൈനിക വ്യോമാക്രമണം. 3000-ത്തോളം ഗ്രാമീണര്‍ തായ്ലാന്‍ഡ് അതിര്‍ത്തിയിലെ കാടുകളില്‍ അഭയം തേടി.

ഏപ്രില്‍ ഒന്ന് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന് ആങ് സാന്‍ സ്യൂചിക്കെതിരേ കേസ്

ഓഗസ്റ്റ് ഒന്ന് സൈനികത്തലവന്‍ മിന്‍ ആങ് ഹ്ലേയിങ് കാവല്‍ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി. 2023-ല്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപനം.

ഡിസംബര്‍ അഞ്ച് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനടക്കം സ്യൂചിക്ക് രണ്ടുവര്‍ഷം തടവ്.

2022 ജനുവരി 10 ലൈസന്‍സില്ലാത്ത വാക്കിടോക്കികള്‍ കൈവശം വെച്ചതിന് സ്യൂചിക്ക് നാലുവര്‍ഷംകൂടി തടവ്

ജനുവരി 14 സ്യൂചിയുടെ പേരില്‍ അഞ്ച് അഴിമതിക്കേസുകള്‍കൂടി. കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ലഭിക്കുക 164 കൊല്ലം തടവുശിക്ഷ

Content Highlights: Aung san suu kyi

Content Highlights: