ഒരു നഗരത്തെ രക്ഷിക്കാന്‍ 150 നായകള്‍, അവര്‍ക്കിടയിലെ ഹീറോ; ടോഗോ എന്ന 'നഷ്ടനായകന്‍'

Togo | Photo: Sigrid Seppala Hanks Collection/Carrie M. McLain Memorial Museum
Togo | Photo: Sigrid Seppala Hanks Collection/Carrie M. McLain Memorial Museum

ആ രാത്രി താപനില മൈനസ് 34 ഡിഗ്രി സെഷ്യസിലേക്ക് താഴ്ന്നിരുന്നു. അതുവരെ ശാന്തമായി വീശിയിരുന്ന ഹിമക്കാറ്റിന് പെട്ടെന്നു വേഗം കൂടി. ശക്തമായ ന്യൂനമര്‍ദ്ദം അലാസ്‌ക ഉള്‍ക്കടലില്‍നിന്ന് കരയിലേക്കു നീങ്ങിത്തുടങ്ങി. ഹിമപാളികളിലെ മുന്നറിയിപ്പ് അടയാളങ്ങള്‍ കാണാനോ തിരിച്ചറിയാനോ സാധിക്കാത്ത അവസ്ഥ. കനത്ത ഇരുട്ടിലും കാറ്റിലും അപകടം പതിയിരിക്കുന്ന വഴിയിലൂടെ മുന്നോട്ട് നീങ്ങണോയെന്നു ലിയനാര്‍ഡ് സെപ്പാല (Leonhard Seppala) ഒരു നിമിഷം ശങ്കിച്ചു. സംശയിച്ചു നിന്നാല്‍ ഒരു ദിവസം നഷ്ടപ്പെടും. ഡിഫ്റ്റീരിയ ആന്റി ടോക്‌സിൻ സീറം (Diphtheria antitoxin) എത്രയും വേഗം നോമില്‍ എത്തിക്കേണ്ടതുണ്ട്. മുന്നോട്ട് പോകാന്‍ തന്നെ സെപാല തീരുമാനിച്ചു. ടോഗോയിലായിരുന്നു സെപ്പാലയുടെ വിശ്വാസം മുഴുവന്‍. അവന്റെ കഴിവിലും ബുദ്ധിയിലും അദ്ദേഹത്തിന് അത്രയും വിശ്വാസമുണ്ടായിരുന്നു. ടോഗോ വളരെ ശ്രദ്ധാപൂര്‍വം തന്റെ വഴി തിരഞ്ഞെടുത്തു. അവന്‍ മുന്നില്‍നിന്ന് നയിച്ചതോടെ പെട്ടിപ്പൊളിഞ്ഞ മഞ്ഞുപാളികള്‍ പിന്നിട്ട് അവര്‍ തീരത്തേക്ക് എത്തി. പിന്നാലെ കാത്തിരുന്ന ലിറ്റില്‍ മക്കിന്‍ലി (1,500 മീറ്റര്‍) എന്ന മഞ്ഞുമലയായിരുന്നു. പാതയിലെ ഏറ്റവും കഠിനമായ ഭാഗങ്ങളിലൊന്ന്. അതും പിന്നിട്ട് പിറ്റേന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സെപ്പാല ചാര്‍ളി ഓള്‍സന് സീറം കൈമാറി.

അലാസ്‌കയിലേക്ക് സീറം എത്തിച്ച ദൗത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിച്ച പട്ടി, അതായിരുന്നു ടോഗോ. അതിദുര്‍ഘടമായ പാതിയിലൂടെ സഞ്ചരിച്ചാണ് ടോഗോയും അവന്റെ യജമാനന്‍ ലിയനാര്‍ഡ് സെപ്പാലയും സീറം അടുത്ത സംഘത്തിന് കൈമാറിയത്. 1925-ല്‍ ഡോഗ് സ്ലെഡ്  (Sled dog- പട്ടികള്‍ വലിക്കുന്ന മഞ്ഞുവണ്ടി) റിലേ വഴി അലാസ്‌കയിലെ നോം നഗരത്തില്‍ ഡിഫ്തീരിയ ആന്റിടോക്‌സിന്‍ എത്തിക്കാന്‍ നടത്തിയ ദൗത്യമാണ് ദി സീറം റണ്‍ എന്നറിയപ്പെടുന്നത്. 20 മഷര്‍ (പട്ടികള്‍ വലിക്കുന്ന മഞ്ഞു വണ്ടി ഓടിക്കുന്നയാള്‍)മാരും 150 സ്ലെഡ് നായ്ക്കളും ചേര്‍ന്നാണ് 1,085 കിലോ മീറ്റർ പിന്നിട്ട് നോമിലേക്ക് ഡിഫ്തീരിയ ആന്റിടോക്‌സിന്‍ എത്തിച്ചത്. അതിദുഷ്‌കരമായ കാലാവസ്ഥയില്‍ അഞ്ചര ദിവസം കൊണ്ടാണ് അവര്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. അന്ന് റേഡിയോയും പത്രമാധ്യമങ്ങളും വഴി നായകളും അവരെ നയിച്ചവരും വീരനായകന്മാരായി ചിത്രീകരിക്കപ്പെട്ടു. അമേരിക്കയിലുടനീളമുള്ള പത്രങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്തകള്‍ അച്ചടിച്ചു വന്നത്.

Content Highlights: The True Story of Togo, the Sled Dog Hero of 1925 Nome Serum Run

Continue reading