മുഖ്യമന്ത്രിയുടെ ഭാര്യ പറഞ്ഞു: ഇവര്‍ എത്രയോ നേരം നമുക്കൊപ്പം സഞ്ചരിച്ചു. ഇനിയും നിരാശപ്പെടുത്തരുത്

ഉത്തരേന്ത്യയില്‍ ജമ്മു കശ്മീരും പശ്ചിമ ബംഗാളും കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടം തോന്നിയ സംസ്ഥാനം മധ്യപ്രദേശാണ്. 2013 ല്‍ വ്യാപം അഴിമതിയുടെ ഉളളറ തേടിയായിരുന്നു മധ്യപ്രദേശിലേക്കുളള ആദ്യ യാത്ര. പിന്നീട് നിരവധി തവണ ഹിന്ദി ഹൃദയഭൂമിയിലേക്ക് പോകാന്‍ അവസരമുണ്ടായി. അര്‍ജ്ജുന്‍ സിങ്ങിന്റെ ചുര്‍ഹാത്തില്‍, കമല്‍നാഥിന്റെ ചിന്ത്വാഡയില്, ശിവ്രാജ് സിങ്ങ് ചൗഹാന്റെ ബുധ്‌നിയില്‍, ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോറില്‍, ദിഗ് വിജയ് സിങ്ങിന്റെ രാഘോഗഡില്‍. രാഷ്ട്രീയപരമായി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പല തവണ സഞ്ചരിച്ചു.
തലസ്ഥാനമായ ഭോപ്പാല്‍ നമ്മുടെ തിരുവനന്തപുരം പോലെയാണ്. പച്ചപ്പുകള്‍ക്കിടയിലെ നഗരം. പച്ചപ്പെന്ന് പറഞ്ഞാല്‍ വന്യമൃഗങ്ങളുളള വനാന്തരങ്ങളും ഉള്‍പ്പെടും. വാതക ദുരന്തത്തിനു പിന്നാലെ തലസ്ഥാനനഗരം പുതുക്കിപണിതു. ഭോപ്പാല്‍ നഗരത്തെ പൊതുവെ വിശേഷിപ്പിക്കുന്നത് 'താലാബ് കാ ഷെഹര്‍' അഥവാ തടാകങ്ങളുടെ നഗരമെന്നാണ്. ചെറുതും വലുതുമായ നിരവധി തടാകങ്ങള്‍ ഇവിടെയുണ്ട്.
വ്യാപം അഴിമതിയില്‍ പ്രതിരോധത്തിലായിട്ടും 2013ല്‍ ശിവ് രാജ് സിങ് ചൗഹാനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. പാര്‍ട്ടിയുടെ പിന്നാക്ക മുഖമായ ചൗഹാന് മികച്ച പ്രതിച്ഛായയാണുണ്ടായിരുന്നത്. ഓള്‍ഡ് ഭോപ്പാലിലെ മൗനി ചാച്ചയുടെ വാക്കുകള്‍ കടമെടുത്താല്‍ നല്ലൊരു നേതാവ്, അയാള്‍ക്ക് ഒട്ടും ചേരാത്ത പാര്‍ട്ടിയില്‍. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് മുന്‍പുളള കാലത്തെ ചൗഹാനെക്കുറിച്ചാണ് മൗനി ചാച്ചയുടെ വിലയിരുത്തല്‍. അര്‍ജ്ജുന്‍ സിങിനേയും ദിഗ് വിജയ് സിങ്ങിനേയും പോലുളള രാജരക്തം പേറുന്നവര്‍ ഭരിച്ച മധ്യദേശത്ത് മണ്ണിന്റെ മണമുളള മുഖ്യമന്ത്രി അതായിരുന്നു അക്കാലത്ത് ചൗഹാന്‍. ആര്‍എസ്എസിലൂടെ രാഷ്ട്രീയത്തിലെത്തിയ ശിവ് രാജ് സിങ്ങ് ചൗഹാന്‍ ജനങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ശിവ് രാജ് സിങ് ചൗഹാനൊപ്പം ഒരേ വാഹനത്തില്‍ 9 മണിക്കൂറോളം സഞ്ചരിച്ചത് വേറിട്ട അനുഭവമായിരുന്നു. മന്‍സോര്‍ വെടിവെപ്പില്‍ എട്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരേ വന്‍ ജനരോഷമുളള കാലമായിരുന്നു അത്. തുടര്‍ഭരണം അസാധ്യമെന്ന് വിലയിരുത്തികൊണ്ടായിരുന്നു ബിജെപി പ്രചാരണം.
തിരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ പോകുമ്പോള്‍ പ്രധാനപ്പെട്ട നേതാക്കളുടെ അഭിമുഖം എടുക്കുക എന്നത് ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രധാന ലക്ഷ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലും അഭിമുഖത്തിനായി ശ്രമങ്ങള്‍ തുടര്‍ന്നു. കേരളത്തില്‍ നിന്നുളള മാധ്യമ പ്രവര്‍ത്തകരെന്ന പരിഗണന ബിജെപി ഓഫീസില്‍ ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുമായി ബന്ധപ്പെടാനുളള അവസമുണ്ടായില്ല. ബിജെപി സംസ്ഥാന വക്താവ് മോഹന്‍ പരാശരനെ പല തവണ കണ്ടു. മലയാളി മാധ്യമ പ്രവര്‍ത്തകനും സുഹൃത്തുമായ സെന്‍ജോ രാധാകൃഷ്ണന്റെ ഓഫിസിലേക്ക് ഒരു ഞായറാഴ്ച്ച നിരാശയോടെ കയറിച്ചെന്നു. ഭോപ്പാലില്‍ പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ ജോലി ചെയ്യുന്ന സെന്‍ജോയ്ക്ക് ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുണ്ട്. അതുപയോഗപ്പെടുത്തി മുഖ്യമന്ത്രിയുടെ അഭിമുഖം തരപ്പെടുത്തുക. അത് മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ സെന്‍ജോ എന്നെയും കൂട്ടി ബന്‍സാല്‍ ടി വിയുടെ ഓഫീസിലേക്ക് പോയി.
ശരദ് ദ്വിവേദി, മധ്യപ്രദേശ്-ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബന്‍സാല്‍ ടി വിയുടെ ഭോപ്പാല്‍ ബ്യൂറോ ചീഫ്. സെന്‍ജോ മുഖവുരയില്ലാതെ കാര്യം പറഞ്ഞു. ദ്വിവേദി സഹായിക്കാന്‍ തയ്യാറായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐഎഎസ് ഉദ്യോഗസ്ഥനായ നര്‍ഹര്‍ജിയെ വിളിച്ച് ഉടന്‍ തന്നെ ദ്വിവേദി അഭിമുഖത്തിന് അനുവാദം തേടി. അതൊരു അപേക്ഷയായി എനിക്ക് തോന്നിയില്ല. മറിച്ച് വര്‍ഷങ്ങളായി ശിവ് രാജ് സിങ് ചൗഹാനേയും നര്‍ഹര്‍ജിയേയും അടുത്തറിയുന്ന പരിചയക്കാരന്റെ ഇടപെടലായിരുന്നു. ചൊവ്വാഴ്ച്ച അഭിമുഖം തരപ്പെടുമെന്ന് ഫോണ്‍ വെച്ചയുടന്‍ ദ്വിവേദി ഉറപ്പുതന്നു. നര്‍ഹര്‍ജിയുടെ മൊബൈല്‍ നമ്പര്‍ തന്നെ ശേഷം അടുത്തദിവസം രാവിലെ വിളിക്കാനും നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ അഭിമുഖം ഉറപ്പായ സന്തോഷത്തിലായിരുന്നു ഞാനും കൂടെ ഉണ്ടായിരുന്ന ക്യാമറമാന്‍ ഷിജു പട്ടുവവും. പിറ്റേന്ന് രാവിലെ 11 മണിക്ക് നർഹര്‍ജിയെ വിളിച്ചു. ഹിതേഷ് വാജ്‌പേയ് എന്ന ബിജെപി നേതാവിന്റെ ഫോണ്‍ നമ്പര്‍ തന്ന നര്‍ഹര്‍ജി ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിക്ക് പിപ്പിരിയില്‍ എത്താന്‍ നിര്‍ദേശിച്ചു. അവിടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയുണ്ട്. തരപ്പെട്ടാല്‍ അഞ്ച് മിനിറ്റ് സംസാരിക്കാം. നര്‍ഹര്‍ജി ഉറപ്പു നല്‍കി. പറഞ്ഞതിലും ഒരു മണിക്കൂര്‍ മുന്‍പ് പിറ്റേന്ന് പിപ്പിരിയില്‍ എത്തി. മുഖ്യമന്ത്രി വരുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ചെറുനഗരത്തിലുണ്ട്. ബിജെപി പ്രവര്‍ത്തകരെല്ലാം വലിയ ആവേശത്തില്‍. ഞങ്ങള്‍ ഹെലിപാഡിനു സമീപം മുഖ്യമന്ത്രിയെ കാത്തുനിന്നു. വൈകാതെ അകലെ ആകാശത്ത് ഹെലികോപ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. അടുത്തു വരുംതോറും സോപ്പുപെട്ടി വലുപ്പത്തില്‍ നിന്നും ഹെലികോപ്റ്റര്‍ ഭീമാകാര രൂപമായി. പൊടിപറത്തി ഹെലിപാഡില്‍ തൊട്ടു. പൊടിയടങ്ങിയപ്പോള്‍ ശിവ് രാജ് സിങ് ചൗഹാനും ഭാര്യ സാധനാ സിങും ഹെലികോപ്റ്ററില്‍ നിന്നിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. കനത്ത സുരക്ഷ ഉണ്ടായിരുന്നു. തിക്കിലും തിരക്കിലും മുഖ്യമന്ത്രിക്ക് സമീപത്തേക്ക് എത്തുക ദുഷ്‌കരമായിരുന്നു. ജനങ്ങളെ അഭിവാദ്യം ചെയ്തശേഷം മുഖ്യമന്ത്രിയും പരിവാരങ്ങളും കാറില്‍ കയറി എങ്ങോട്ടോ പോയി. അഭിമുഖത്തിനായി കാത്തുനിന്ന ഞാന്‍ നിരാശനായി.
ഇനി ഹിതേഷ് വാജ്‌പേയി തന്നെ ശരണം. സപ്ലൈകോ പോലെയുളള സ്ഥാപനത്തിലെ ക്യാബിനറ്റ് പദവിയുളള ഉന്നത സ്ഥാനീയനാണ് വാജ്‌പേയി. പിപ്പിരിയ ചന്തയിലേക്ക് വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വലിയ ചന്തയാണ്. നടുവില്‍ ജനസഞ്ചയം. അവിടെയാണ് മുഖ്യമന്ത്രിയുടെ പരിപാടി. തിക്കിതിരക്കി വേദിയുടെ മുന്‍നിരയിലെത്തി. ഇതിനിടെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഹിതേഷ് വാജ്പേയിയുടെ മുഖം ഞാന്‍ മനസിലുറപ്പിച്ചിരുന്നു. കനത്ത സുരക്ഷാവലയം. ജനക്കൂട്ടത്തിന്റെ ആരവം. നേതാക്കളുടെ പ്രസംഗവും. ശബ്ദമുഖരിതം. ഹിതേഷ് വാജ്‌പേയിയെ വീണ്ടും ഫോണ്‍ ചെയ്തു. വേദിയില്‍ ഇരിക്കുന്ന ഹിതേഷിനോട് ഞാന്‍ സദസിലുണ്ടെന്ന് അറിയിച്ചു. അപ്പോള്‍ എവിടെയെന്നായി ചോദ്യം. മുന്‍നിരയില്‍നിന്ന് കൈവീശി കാണിച്ചു. അദ്ദേഹം പുഞ്ചിരിയോടെ തിരിച്ചു കൈവീശി. കാത്തിരിക്കൂ എന്ന് മറുപടിയും. നേതാക്കളുടെ പ്രസംഗം നീണ്ടുപോവുകയാണ്. അടുത്തത് ശിവ് രാജ് സിങ് ചൗഹാന്‍. തനി നാടന്‍ ഹിന്ദിയില്‍ കര്‍ഷകരോട് സംവദിക്കുകയാണ് ചൗഹാന്‍.
മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എസ് പി റാങ്കിലുളള പോലീസ് ഉദ്യോഗസ്ഥന്‍ കടന്നുവന്നു. കേരളാ മീഡിയ എവിടെയെന്നായിരുന്നു ചോദ്യം. 'വി ആര്‍ ഹിയര്‍' തെല്ല് ആശ്വാസത്തോടെ ഞാന്‍ പ്രതികരിച്ചു. പോലീസ് ഉദ്യോഗസ്ഥനൊപ്പം ഞങ്ങള്‍ വേദിക്ക് അരികിലേക്ക് നടന്നു. പൊതുപരിപാടിക്ക് ശേഷം ചൗഹാന്‍ ജന്‍ ആശീര്‍വാദ യാത്ര നടത്തും. പ്രത്യേകം സജ്ജീകരിച്ച ബസിലാണ് യാത്ര. ബസിനു സമീപത്ത് പോലീസ് ഉദ്യോഗസ്ഥന്‍ എന്നെ എത്തിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ പ്രഭാത് ഝായ്ക്കായിരുന്നു ആശീര്‍വാദ് യാത്രയുടെ ചുമതല. പ്രഭാത് ഝാ ബസിനകത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. അത്യാധുനിക സജ്ജീകരണങ്ങളുളള കാരവന്‍. ബസില്‍ മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ പ്രത്യേക ഇരിപ്പിടം. ഇതിനുപുറമെ ഏതാനും പേര്‍ക്കുളള സീറ്റുകളും സജ്ജം. ബസിന്റെ ഏതാണ്ട് മധ്യത്തിലായി ഞങ്ങള്‍ ഇരുന്നു. ശീതികരിച്ച വാഹനത്തിനകത്ത് ഭക്ഷണ പദാര്‍ഥങ്ങളും പ്രചാരണ നോട്ടീസുകളും ഉണ്ടായിരുന്നു. പ്രഭാത് ഝാ മാതൃഭൂമിയെക്കുറിച്ച് ചോദിച്ചു. അറിയാവുന്ന ചരിത്രവും വര്‍ത്തമാനവും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇതിനിടെ പൊതു പരിപാടി പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും ഭാര്യയും ബസിലെത്തിയിരുന്നു. എഴുന്നേറ്റു നിന്ന് അദ്ദേഹത്തെ എല്ലാവരും സ്വാഗതം ചെയ്തു. പ്രഭാത് ഝാ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ഞങ്ങളെ പരിചയപ്പെടുത്തി. കേരളത്തില്‍ നിന്നാണെന്ന് കേട്ടപ്പോള്‍ ബിജെപി ജനറല്‍ സെക്രട്ടറി അരവിന്ദ് മേനോനെ അറിയുമോയെന്നായിരുന്നു ചൗഹാന്റെ ചോദ്യം. മുന്‍പ് ഭോപ്പാലില്‍ വന്നപ്പോള്‍ പരിചയപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി.
സാധനാ സിങ്ങിന്റെ ചോദ്യങ്ങള്‍ കേരളത്തെക്കുറിച്ചായിരുന്നു. ബിജെപി ക്ലച്ച് പിടിക്കാത്തത്, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണശേഖരം അങ്ങനെ സംശയങ്ങള്‍ നീണ്ടു. ഹിന്ദിയിലും ഇംഗ്ലീഷിലുമായിരുന്നു എന്റെ മറുപടി. ജന്‍ ആശീര്‍വാദ് യാത്ര നഗരം കടന്ന് ഗ്രാമീണ റോഡുകളിലേക്ക് കടന്നു. ബസിന്റെ മുന്നിലും പിന്നിലുമായി സുരക്ഷാ ഉദ്യോഗസ്ഥരുടേയും ബിജെപി പ്രവര്‍ത്തകരുടേയും വാഹനങ്ങള്‍. പ്രധാന നിരത്തുകളിലെല്ലാം സ്വീകരണം ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രി നീങ്ങുന്നത്. ആളുകള്‍ കൂടുതലുളള കവലയെത്തിയാല്‍ വാഹനത്തിനകത്തുളള ലിഫ്റ്റിലൂടെ മുഖ്യന്‍ ബസിന്റെ മുകളിലെത്തും. അവിടെ സജ്ജീകരിച്ച വേദിയില്‍ നിന്ന് അദ്ദേഹം അഭിവാദ്യം ചെയ്ത് ചെറുപ്രസംഗം നടത്തും. ഓരോ പ്രസംഗം കഴിയുമ്പോഴും അദ്ദേഹം അഭിമുഖത്തിന് തയ്യാറാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കും. അപ്പോഴെല്ലാം ചൗഹാന്‍ പറഞ്ഞത് സമയമായില്ല, കുറച്ചു കൂടി കഴിയട്ടെയെന്നാണ്. അക്ഷമനായി ബസില്‍ യാത്ര തുടര്‍ന്നു. ആപ്പിള്‍ ഉള്‍പ്പെടെയുളള ഫലങ്ങളും വാല്‍നട്ട് പോലുളള ഡ്രൈ ഫ്രൂട്ട്‌സും ബസിനകത്ത് സുലഭമായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങിയ യാത്ര ഏതാണ്ട് ആറു മണിക്കൂര്‍ പിന്നിട്ടു. പിപ്പരിയയില്‍ നിന്നും ഭോപ്പാലിലേക്കുളള വഴിയിലാണ് ബസ്. ജനവാസമില്ലാത്ത മേഖല. വനമെന്ന് തോന്നിക്കുന്ന പ്രദേശം. ശിവ് രാജ് സിങ് ചൗഹാന്‍ വിശ്രമിക്കുകയാണ്. ഞാന്‍ പ്രഭാത് ഝായോട് അഭിമുഖത്തെക്കുറിച്ച് സൂചിപ്പിച്ചു. ഝാ ചൗഹാനോട് കാര്യം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി വലിയ താത്പര്യം പ്രകടിപ്പിച്ചില്ല. തൊണ്ടവേദനയാണെന്നും ബിജെപിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നിലപാട് പ്രഭാത് ഝാ പറയുമെന്നായിരുന്നു മറുപടി. വീണ്ടും നിരാശ.
ഇതിനിടെ ആശിര്‍വാദ് യാത്ര വലിയ ജനസഞ്ചയത്തിലേക്ക് എത്തിയിരുന്നു. അതുവരെ അടക്കപ്പിടിച്ച മൂത്രശങ്ക ശമിപ്പിക്കാനായിരുന്നു എന്റേയും കൂട്ടാളിയായ ഷിജുവിന്റേയും ശ്രമം. കാരവനിലെ ബാത്ത് റൂം മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മാത്രം ഉപയോഗിക്കാനുളളതായിരുന്നു. മുഖ്യമന്ത്രി അവിചാരിതമായി ഖാപൂര്‍ ഖേഡയിലെ ജനക്കൂട്ടത്തിലേക്ക് ഇറങ്ങി. പിന്നാലെ ഞങ്ങളും. ഹാരാര്‍പ്പണം ചെയ്യാനും മുഖ്യമന്ത്രിയുടെ കാല്‍തൊട്ടു വന്ദിക്കാനും ജനം തിരക്കുകൂട്ടി. സാധനാ സിങ് വനിതകള്‍ക്കിടയിലായിരുന്നു. ഹോട്ടലിലെ ടോയ്‌ലറ്റ് ഉപയോഗപ്പെടുത്തിയശേഷം ഞങ്ങള്‍ തിരക്കുപിടിച്ച് കാരവന്റെ അടുത്തെത്തി. മുഖ്യമന്ത്രി ഇപ്പോഴും ജനങ്ങള്‍ക്കിടയിലാണ്. കാരവനില്‍ നേരത്തേ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ ബിജെപി നേതാക്കളുണ്ട്. അകത്ത് കയറുക അസാധ്യമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു. അഭിമുഖത്തിനുളള സാധ്യത ഏതാണ്ട് അസ്തമിച്ചെന്നും ബോധ്യപ്പെട്ടു. ആറര മണിക്കൂര്‍ തൊട്ട് അടുത്തുണ്ടായിട്ടും കേവലം അഞ്ച് മിനിറ്റ് സംസാരിക്കാനുളള മര്യാദ മുഖ്യമന്ത്രി കാണിക്കാത്തതില്‍ ചെറിയ നീരസം തോന്നി. മുഖ്യമന്ത്രിയും ഭാര്യയും കാരവനിലേക്ക് കയറി. ബസ്സിലെ പകുതിയിലേറെ ബിജെപി നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ച് പുറത്താക്കി. പ്രതീക്ഷിച്ച പോലെ ഞങ്ങള്‍ക്ക് ബസ്സിനകത്ത് കയറാനായില്ല. സ്ഥലമില്ലാത്തതിനാല്‍ കയറ്റിയില്ലെന്നു പറയുന്നതാവും ശരി.
നിരാശ നിറഞ്ഞ കാലടികളോടെ തിരക്കുകളില്‍നിന്ന് ഞങ്ങള്‍ പുറത്തുകടന്നു. പിപ്പിരിയ വരെ ഞങ്ങളെ കൊണ്ടുവന്ന ടാക്‌സി ആശിര്‍വാദ് യാത്രയുടെ ഏറ്റവും പിന്നിലായി ഉണ്ടായിരുന്നു. ടാക്‌സിയില്‍ കയറി ജന്‍ ആശിര്‍വാദ് യാത്രയെ പിന്തുടര്‍ന്നു. നോക്കെത്താ ദൂരം ബിജെപി വാഹനങ്ങളായിരുന്നു. അവയെ മറികടന്ന് ടാക്‌സിക്ക് പോകാന്‍ കഴിയില്ലായിരുന്നു. ഞാന്‍ വാഹനത്തില്‍ അലസമായി കിടന്നു. മുഖ്യമന്ത്രിയും പരിവാരങ്ങളും യാത്ര തുടര്‍ന്നു. പിന്നിലായി ഞങ്ങളും. 'സാര്‍ അടുത്ത കവലയില്‍ നിന്നും ഭോപ്പാലിലേക്ക് എളുപ്പവഴിയുണ്ട്. നമുക്ക് ആ വഴി പോകാം' ഡ്രൈവര്‍ അനുവാദം ചോദിച്ചു. മനസില്ലാമനസോടെ ഞാന്‍ സമ്മതം മൂളി. ഗഡാഗട്ട് എത്തിയപ്പോള്‍ വീണ്ടും ആള്‍ക്കൂട്ടം. മുഖ്യമന്ത്രി ബസിനു മുകളില്‍ കയറി പ്രവര്‍ത്തകരെ ആവേശം കൊളളിച്ചു. എളുപ്പവഴിയിലേക്ക് ഡ്രൈവര്‍ വാഹനം തിരിച്ചു. ഇതിനിടെ ഷിജു പറഞ്ഞു നമുക്ക് അവസാനമായി ഒന്ന് ട്രൈ ചെയ്താലോ?. ശരിയാണ് ചിലപ്പോള്‍ ലഡ്ഡു കിട്ടിയാലോ ? ഞാനും ഉറപ്പിച്ചു. അവസാന ശ്രമമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ കാരവന് സമീപത്തേക്ക് ചെന്നു.
ആള്‍ക്കൂട്ടം പെട്ടെന്ന് മാറില്ലെന്ന് മനസിലായതോടെ കയ്യിലുണ്ടായിരുന്ന മൈക്ക് ഉയര്‍ത്തി പിടിച്ചു. മീഡിയ മീഡിയ എന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു നടത്തം. അനുസരണയുളള കുട്ടികളെ പോലെ ബിജെപി പ്രവര്‍ത്തകര്‍ വഴിയൊരുക്കി. എന്നാല്‍ കാരവന് സമീപത്ത് പോലീസ് ഞങ്ങളെ തടഞ്ഞു. ഇതിനപ്പുറം കടക്കാനാവില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു. ഇനിയെന്ത്? എന്തായാലും അല്‍പ്പം കൂടി കാത്തുനില്‍ക്കാം. ഞാനുറപ്പിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ സാധനാ സിങ് സൈഡ് വിന്‍ഡോയിലൂടെ തല പുറത്തേക്കിട്ട് പൂമാലകള്‍ സ്വീകരിക്കുന്നുണ്ടായിരുന്നു. ഞാന്‍ മൈക്ക് ഉയര്‍ത്തി അവരെ അഭിവാദ്യം ചെയ്തു. അവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ പത്തു തവണയെങ്കിലും മൈക്ക് ഉയര്‍ത്തി കാണിച്ചിട്ടുണ്ടാകും. ഒടുവില്‍ സാധനാ സിങ്ങ് അവിചാരിതമായി ഞങ്ങളെ കണ്ടു. അവര്‍ അടുത്തുനില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥനോട് ഞങ്ങളെ കടത്തിവിടാന്‍ ആംഗ്യം കാണിച്ചു. പോലീസ് അനുസരിച്ചു. ആശ്വാസം. 'നിങ്ങള്‍ക്ക് ഇനിയും അഭിമുഖം ലഭിച്ചില്ലേ?' സാധന സിങ് ചോദിച്ചു. ഇല്ലെന്ന് ഞാന്‍ തലയാട്ടി. വെയ്റ്റ് ചെയ്യൂ എന്ന് നിര്‍ദേശിച്ച ശേഷം സാധനാ സിങ് തല അകത്തേക്ക് വലിച്ചു. ചൗഹാന്‍ പ്രസംഗം തുടരുകയാണ്. അഭിമുഖം ഒഴിവാക്കാന്‍ എന്നോട് തൊണ്ടവേദനയാണെന്ന പറഞ്ഞ അതേ നേതാവ് വോട്ടിനുവേണ്ടി തൊണ്ട പൊട്ടി പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ സത്യത്തില്‍ ദേഷ്യമാണ് വന്നത്. പ്രാദേശിക ചാനലുകള്‍ക്ക് നല്‍കിയാല്‍ മധ്യപ്രദേശിലെ വോട്ടര്‍മാരെങ്കിലും കാണും കേരളത്തിലെ ചാനലിന് അഭിമുഖം നല്‍കിയാല്‍ ചൗഹാനെന്ത് രാഷ്ട്രീയം നേട്ടം. ഉത്തരവും ഞാന്‍ തന്നെ കണ്ടെത്തി. പ്രസംഗം കഴിഞ്ഞു. ചൗഹാന്‍ ലിഫ്റ്റില്‍ താഴേക്ക് പോയി. സുരക്ഷാ ഉദ്യോഗസ്ഥരെല്ലാം സജ്ജമായി. സാധനാ സിങ്ങ് ഞങ്ങളെ മറന്നിട്ടുണ്ടാകുമോ? വീണ്ടും പാഴ്വാക്ക് ആകുമോ? ഞാന്‍ അക്ഷമനായി.
മുഖ്യമന്ത്രിയുടെ കാരവന്‍ ഏത് നിമിഷവും മുന്നോട്ടുപോകാം. അഭിമുഖം ഇനി നടക്കില്ലെന്ന് ഉറപ്പിച്ചു. തിരിഞ്ഞുനടക്കാന്‍ ഭാവിച്ച എന്നെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. നിങ്ങളെ സാധനാജി വിളിക്കുന്നു. അയാള്‍ പറഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ ജനലിലൂടെ തല പുറത്തേക്കിട്ട് സാധനാ സിങ് ഞങ്ങളെ കൈകാട്ടി വിളിക്കുകയാണ്. എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ഒപ്പം ആശ്വാസവും. തിരക്കിട്ട് വീണ്ടും ബസിനകത്ത് കയറി. ബസില്‍ അപ്പോള്‍ ഏഴോ എട്ടോ പേര്‍ മാത്രം. സീറ്റുകളെല്ലാം കാലി. മുഖ്യമന്ത്രി വിശ്രമിക്കുകയാണ്. ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു.' ചാച്ചാ ഇവര്‍ കേരളത്തിലെ ജേര്‍ണലിസ്റ്റുകളാണ്. എത്രയോ നേരം നമുക്കൊപ്പം സഞ്ചരിച്ചു. ഇനിയും അവരെ നിരാശപ്പെടുത്തരുത്. അവര്‍ക്കൊരു അഭിമുഖം നല്‍കണം ' ബസ്സിനുളളില്‍ എല്ലാവരും കേള്‍ക്കെ സാധനാ സിങ്, ശിവ് രാജ് സിങ് ചൗഹാനോട് ആവശ്യപ്പെട്ടു.' ബില്‍കുല്‍ ' ചൗഹാന്‍ നന്നായി ചിരിച്ചു കൊണ്ടു മറുപടി നല്‍കി. 'ആദ്യം ചായ കുടിക്കൂ അതിനുശേഷം നിങ്ങളുടെ മൂന്ന് ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കാം' ചൗഹാന്‍ തന്റെ കയ്യിലിരുന്ന ചായ എനിക്കു നീട്ടി. ഞാനത് സ്വീകരിച്ചു. ചായ കുടിക്കുന്നതിനിടെ ഓഫ് ദ റെക്കോര്‍ഡില്‍ അദ്ദേഹത്തോട് തിരഞ്ഞെടുപ്പിനെക്കുറിച്ച് വിശദമായി ചോദിച്ചു.
മന്‍സോര്‍ വെടിവെപ്പ് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ചൗഹാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ച് മിനിറ്റു കൊണ്ടു ചെറിയ അഭിമുഖം പൂര്‍ത്തിയാക്കി. ഞങ്ങള്‍ അടുത്ത സ്ഥലത്ത് ഇറങ്ങുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. അപ്പോഴേക്കും സാധനാ സിങ്ങ് മുഖ്യനും ഞങ്ങള്‍ക്കുമുളള അത്താഴം എടുത്തിരുന്നു. ചപ്പാത്തിയും നെയ്യ് ഒഴിച്ച ദാല്‍ ഫ്രൈയും. കൂടാതെ പാലക്ക് കറിയും. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു മുഖ്യമന്ത്രിക്കൊപ്പം അത്താഴം കഴിക്കുന്നത്. മുഖ്യമന്ത്രിയുടേയോ അധികാരത്തിന്റേയോ യാതൊരു തലക്കനവുമില്ലാതെയായിരുന്നു ചൗഹാന്റെ ഇടപെടല്‍. കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ സാധനാ സിങ് നിര്‍ബന്ധിച്ചെങ്കിലും ഞങ്ങള്‍ സ്‌നേഹപൂര്‍വം നിരസിച്ചു. മൗനി ചാച്ച പറഞ്ഞത് ഓര്‍മിച്ചു. ചൗഹാനെ ജനകീയനാകുന്നത് അദ്ദേഹത്തിന്റെ ലാളിത്യമാണ്. അത് നേരിട്ട് അനുഭവിച്ചറിഞ്ഞശേഷമാണ് ഭോപ്പാലിലേക്ക് മടങ്ങിയത്.
വോട്ടെണ്ണലിന്റെ തലേദിവസം ഭോപ്പാലിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ വെച്ച് കാണുമ്പോള്‍ ചൗഹാന്‍ ചോദിച്ചത് ഇന്നും ഓര്‍മയുണ്ട്. 'അരേ കേരളാ ഭായ് സബ് ഠീക് ഹൈ?' ആഴ്ച്ചകള്‍ക്കു മുന്‍പ് കണ്ടയാളെ ചൗഹാന്‍ ഓര്‍ത്തിരിക്കുന്നുവെന്ന് വ്യക്തം. പിന്നീട് കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തി ബിജെപി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ നിയുക്ത മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്റെ വസതിയിലേക്ക് ചെല്ലാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ടായിരുന്നില്ല.
Content Highlights: Off The Record column by Rajesh Koyikkal