പരസ്യ ലൈംഗികബന്ധം നടത്തുമെന്ന ഭീഷണി, തട്ടിയെടുക്കാന്‍ ശ്രമം; ഡോളിയുടെ ജനനവും വിവാദങ്ങളും

ഡോളി | Photo: AP
ഡോളി | Photo: AP

അര്‍ധരാത്രി എല്ല് തുളയ്ക്കുന്ന അതിശൈത്യത്തെപ്പോലും വകവെയ്ക്കാതെ റോസിലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുറത്ത് ക്ഷമയോടെ അവര്‍ കാത്തുനിന്നു. ആ രഹസ്യസംഘത്തില്‍ നാല് പേരാണുണ്ടായിരുന്നത്. മാര്‍ക് സൈനാസിന്റെ നേതൃത്വത്തില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും. വലിയ ലക്ഷ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ക്ലോണിങ്ങിലൂടെ പിറന്ന ഡോളി എന്ന ചെമ്മരിയാടിനെ മോഷ്ടിക്കുക! വലിയ ആസൂത്രണത്തിന് ശേഷമാണ് അതിനായവര്‍ എഡിന്‍ബറോയിലെത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കറങ്ങിനടന്ന സംഘാംഗങ്ങള്‍ ഡോളി എവിടെയാണുള്ളതെന്ന് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒന്നര കിലോമീറ്റര്‍ അകലെ അര്‍ധരാത്രി കഴിയുംവരെ അവര്‍ കാത്തുനിന്നു. ഒടുവില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കടന്നപ്പോള്‍ ഡോളിയെ സൂക്ഷിച്ചിരുന്ന ഷെഡ് പൂട്ടിയിരിക്കുന്നു. മാത്രമല്ല അതില്‍ നിറയെ ആടുകളും. അവയില്‍നിന്ന് ഡോളിയെ തിരിച്ചറിയുക അസാധ്യം. ദൗത്യം പരാജയപ്പെട്ടുവെന്ന് മനസിലാക്കിയ സംഘം നിരാശരായി മടങ്ങി. 

ലോകത്തിലെ ഏറ്റവും പ്രശസ്തയായ ചെമ്മരിയാട്, ഒരുപക്ഷേ ഏറ്റവും പ്രശസ്തയായ മൃഗം, ക്ലോണിങ് വഴി സൃഷ്ടിക്കപ്പെട്ട ലോകത്തെ ആദ്യസസ്തനി എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ഡോളിക്ക്. സ്‌കോട്ട്‌ലന്‍ഡിലെ റോസിലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഇയാന്‍ വില്‍മുട്ടിന്റെയും സംഘത്തിന്റേയും വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിന്റെ ഫലമായിരുന്നു ഡോളിയുടെ പിറവി. ജനിതകമാറ്റം വരുത്തിയ കന്നുകാലികളെ ഉല്‍പാദിപ്പിക്കാന്‍ ഒരു മികച്ചരീതി വികസിപ്പിക്കാനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പരമ്പരയുടെ ഭാഗമായിരുന്നു ഡോളി. 1997 ഫെബ്രുവരി 27-നാണ് ഇയാന്‍ വില്‍മുട്ടും സഹപ്രവര്‍ത്തകരും ഡോളിയുടെ ജനനം പ്രഖ്യാപിച്ചത്. എന്നാല്‍ 1996 ജൂലായില്‍ തന്നെ ഡോളി ജനിച്ചിരുന്നു. സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്നേക്കാവുന്ന വലിയ പ്രതിഷേധം കണക്കിലെടുത്താണ് പ്രഖ്യാപനം വൈകിച്ചത്. അവര്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. അന്നോളമുള്ള ശാസ്ത്ര ചരിത്രത്തിലെ വിപ്ലവകരമായ ഒരു നേട്ടത്തിന്റെയും കടുത്ത പ്രതിഷേധങ്ങളുടേയും ഒപ്പം വലിയ ആശങ്കകളുടെയും തുടക്കമായിരുന്നു ഡോളിയുടെ ജനനം. 

Content Highlights: Life of Dolly the Sheep world’s first cloned sheep

Continue reading