കരിസ്മ എന്നത് വെറുമൊരു പ്രയോഗമല്ല; കിംഗ് ഖാന്‍ ബോളിവുഡിന് നല്‍കുന്ന ആത്മവിശ്വാസം | ഷോ റീല്‍

#എന്‍.പി. മുരളീകൃഷ്ണന്‍
.
.

സിദ്ധാര്‍ഥ് ആനന്ദിന്റെ 'പത്താനി'ല്‍ ടെയ്ല്‍ എന്‍ഡ് ആയി കാണിക്കുന്നത് ഷാരൂഖ് ഖാന്റെ റോ ഏജന്റ് കഥാപാത്രവും സല്‍മാന്‍ ഖാന്റെ ടൈഗര്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണ്. നമ്മള്‍ തുടങ്ങിയിട്ട് 30 വര്‍ഷം കഴിഞ്ഞുവല്ലേ, ഇനി മതിയാക്കണോ. നമുക്ക് പകരക്കാര്‍ വേണ്ടേ, ആരായിരിക്കും നമ്മുടെ പകരക്കാര്‍? അയാളാണോ? അല്ല, മറ്റേയാള്‍? അതോ ഇനി മറ്റേ ചങ്ങാതിയായിരിക്കുമോ? ഇങ്ങനെ പലരേയും കുറിച്ചുള്ള സന്ദേഹങ്ങള്‍ പങ്കുവച്ച് കൃത്യമായ പകരക്കാരനെക്കുറിച്ച് ഉത്തരം ലഭിക്കാതെ ഒടുവില്‍, വാ നമുക്ക് ഇനിയും മുന്നോട്ടുപോകാം എന്നു പറഞ്ഞ് റെയില്‍പാതയിലൂടെ നടക്കുകയാണ് ഇരുവരും. റോ ഏജന്റുമാരായ പത്താനും ടൈഗറും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും അവര്‍ക്ക് പകരംവയ്ക്കാന്‍ കഴിയുന്ന യുവ ഏജന്റുമാരെ നിര്‍ദേശിക്കുന്നതും ഒടുവില്‍ ഭീഷണികള്‍ക്കെതിരേ പോരാടാന്‍ സ്വയം തീരുമാനിക്കുന്നതുമാണ് സിനിമയിലെ ഈ വാല്‍ക്കഷ്ണം. എന്നാല്‍, മറിച്ചൊരര്‍ഥത്തില്‍ ഈ സംഭാഷണം മൂന്നു പതിറ്റാണ്ടു പിന്നിട്ട ബോളിവുഡിലെ ഇരുവരുടെയും പ്രബല സാന്നിധ്യത്തെയും തങ്ങള്‍ക്ക് പകരക്കാര്‍ ആരെന്ന ചര്‍ച്ചയും തന്നെയാണ്. ഇക്കാലയളവില്‍ ബോളിവുഡില്‍ ഖാന്‍മാരോളം താരമൂല്യം ഉയര്‍ത്താനും പകരക്കാരായി ചൂണ്ടിക്കാണിക്കാന്‍ പോന്നവരും ഇനിയുമുണ്ടായിട്ടില്ലെന്ന നേര്‍യാഥാര്‍ഥ്യമാണ് ഇവിടെ പറയാതെ പറയുന്നത്.

കരിസ്മ എന്നത് വെറുമൊരു വാക്കോ പ്രയോഗമോ അല്ലെന്നതിന് 'പത്താനി'ലെ പ്രകടനത്തിലൂടെയും ഈ സിനിമയുണ്ടാക്കിയ വലിയ വിജയത്തിലൂടെയും ഷാരൂഖ് ഒരിക്കല്‍കൂടി അടിവരയിടുകയാണ്. ഒരു സൂപ്പര്‍ താരത്തിന്റെ സാന്നിധ്യം സ്‌ക്രീനില്‍ എത്രത്തോളം പ്രതീക്ഷ നിറയ്ക്കുന്നുവെന്നും പ്രബലമാകുന്നുവെന്നും ഷാരൂഖ് തെളിയിക്കുന്നു. ഒരു നോട്ടത്തില്‍, കണ്ണിലും ചുണ്ടിലും വിരിയുന്ന ചിരപരിചിതമായ ആ ചിരിയില്‍, നടത്തത്തില്‍, ഇരുകൈകളും വിടര്‍ത്തിക്കൊണ്ടുള്ള ആ സിഗ്നേച്ചര്‍ നില്‍പ്പില്‍.. എല്ലാം ഷാരൂഖ് തനിക്കു മാത്രം പോന്ന അടയാളപ്പെടുത്തലുകള്‍ ആവര്‍ത്തിക്കുകയാണ്. അങ്ങനെ സര്‍വ്വ മേഖലകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും സകല മനുഷ്യര്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ സ്വീകാര്യനായ ഈ ആഗോളതാരം തന്റെ വാണിജ്യമൂല്യത്തിനോ ജനപ്രീതിക്കോ തരിമ്പുപോലും കോട്ടം തട്ടിയിട്ടില്ലെന്ന് ഉറക്കെ വിളിച്ചുപറയുന്നു. 

Content Highlights: King Khan is back Bollywood; Pathan's success redefining Bollywood

Continue reading