പാണ്ഡ്യന്‍ തിരശ്ശീല നീക്കി വരുമ്പോൾ; ഒഡീഷ കാണാനിരിക്കുന്ന കളികളെന്തൊക്കെ?

കാല്‍ നൂറ്റാണ്ടോളമായി തുടര്‍ച്ചയായി ഭരണം കൈയാളുന്ന ബിജു ജനതാദളില്‍ വലിയ നേതൃമാറ്റത്തിന് സൂചന നല്‍കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ് കഴിഞ്ഞ ദിവസം ഒഡീഷയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ വിശ്വസ്തനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വി.കെ. പാണ്ഡ്യന്‍ സിവില്‍ സര്‍വീസില്‍നിന്ന് രാജിവെക്കുകയും മണിക്കൂറുകള്‍ക്കകം തന്നെ കാബിനറ്റ് മന്ത്രിയുടെ പദവിയിലേക്ക് അവരോധിക്കപ്പെടുകയും ചെയ്തു. നവീന്‍ പട്നായികിന് ശേഷം ബിജു ജനതാദളിനെ നയിക്കാന്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് പാണ്ഡ്യന്റെ പുതിയ പദവിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ വലംകൈയായി നില്‍ക്കുന്ന വെറുമൊരു ഐ.എ.എസ്. ഉദ്യോഗസ്ഥനല്ല പാണ്ഡ്യന്‍ എന്ന തമിഴ്നാട്ടുകാരന്‍. അക്ഷാര്‍ത്ഥത്തില്‍ ഒഡീഷയെ ഭരിക്കുന്നത് പാണ്ഡ്യനാണെന്നാണ് പ്രതിപക്ഷം ദീര്‍ഘനാളായി ഉന്നയിക്കുന്ന ആരോപണം. അകത്തളങ്ങളില്‍ പട്നായികിന് കരുത്ത് നല്‍കിയിരുന്ന പാണ്ഡ്യന്‍ 2019-ലെ തിരഞ്ഞെടുപ്പോടു കൂടിയാണ് തിരശ്ശീല നീക്കി കടന്നുവരുന്നത്. അഞ്ചാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നവീന്‍ പട്നായികിന്റെ ശ്രദ്ധേയമായ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ആ ചിത്രത്തില്‍ ഇരിക്കുന്ന നവീന്‍ പട്നായികിന് പിന്നിലായി ചിരിച്ചുകൊണ്ട് പാണ്ഡ്യന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ബിജു ജനതാദള്‍ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ആ ചിത്രം പങ്കുവെച്ചു. മികച്ച ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയതിന് പട്നായിക്കിനെ പോലെ തന്നെ പാണ്ഡ്യനും പ്രശംസിക്കപ്പെട്ടു.
Content Highlights: V.K Pandian- behind the scenes of Odisha’s Success