ഭാരത് ജോഡോ, പ്ലീനം..; പി.കെയെ പുറത്തുനിര്‍ത്തി പുണരുന്ന കോണ്‍ഗ്രസ്, 2024 ലേക്ക് 'കൈ'യില്‍ എന്ത്?

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രശാന്ത് കിഷോര്‍
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രശാന്ത് കിഷോര്‍

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2014 ലില്‍ ബിജെപി നേടിയ ചരിത്രവിജയത്തിന് ശേഷം രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന പേരുകളിലൊന്ന് ഒരു തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റേതായിരുന്നു. തിരഞ്ഞെടുപ്പുകളെ തന്റെ 'ക്ലയന്റ്സി'ന് അനുകൂലമാക്കി തീര്‍ക്കാന്‍ ബ്രഹ്മാണ്ഡ പദ്ധതികള്‍ മുതല്‍ സൂക്ഷ്മ നീക്കങ്ങള്‍ വരെ പ്രതിഫലം വാങ്ങി നടപ്പിലാക്കിക്കൊടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ഗ്രൂപ്പിന്റെ തലവന്‍. 2014-ല്‍ മോദിക്കുവേണ്ടി, പിന്നീട് ബിഹാറില്‍ നിതീഷിനുവേണ്ടി. നിതീഷിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നയുടന്‍ തന്നെ ലഭിച്ചത് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം. പൗരത്വഭേദഗതി നിയമത്തിലെ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്ത്. 2017-ല്‍ പഞ്ചാബില്‍ അമരീന്ദറിന് വേണ്ടി, 2019-ല്‍ ആന്ധ്രപ്രദേശില്‍ വെ.എസ്. ജഗന്‍മോഹനൊപ്പം. ഇതേവര്‍ഷം തെലങ്കാനയില്‍ കെ.സിആറിന് വേണ്ടിയും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് വേണ്ടിയും. 2020-ല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി. 2021 ല്‍ ബംഗാളില്‍ തൃണമൂലിന് വേണ്ടി, തമിഴ്നാട്ടില്‍ സ്റ്റാലിനായും രംഗത്ത്. വിജയിച്ച തിരഞ്ഞെടുപ്പുകളില്‍ നയിച്ചവര്‍ക്കൊപ്പം ഉയര്‍ന്നുകേട്ട പേരുകളിലൊന്നായിരുന്നു പ്രശാന്ത് കിഷോറിന്റേത്.

എന്നാല്‍, ഒപ്പം നിന്നപ്പോള്‍ പരാജയപ്പെട്ട തിരഞ്ഞെടുപ്പുകളെക്കുറിച്ച് അധികം ആരും സംസാരിച്ചില്ല. സംസാരിച്ചപ്പോഴൊക്കെ, ആര്‍ക്ക് വേണ്ടിയാണോ താന്‍ ജോലി ചെയ്തത്, അവരില്‍ പോരായ്മ കണ്ടെത്തി ന്യായീകരിച്ചു, പ്രശാന്ത്. 2017-ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് മുഖമില്ലായിരുന്നുവെന്ന് പരാതി. ഗോവയിലും ത്രിപുരയിലും തൃണമൂലിന് വേണ്ടി ആഞ്ഞുപിടിച്ചിട്ടും, മുടക്കിയ കാശ് നഷ്ടപ്പെട്ടുവെന്ന് പാര്‍ട്ടിക്കുള്ളില്‍ പരാതി. ഇതിനിടെയാണ്, ഇനിയൊരു തിരഞ്ഞെടുപ്പ് പരാജയം കൂടെ പൊതുതിരഞ്ഞെടുപ്പില്‍ താങ്ങാന്‍ ശേഷിയില്ലാത്ത കോണ്‍ഗ്രസ്, 2024 ലക്ഷ്യമാക്കി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ പ്രശാന്ത് കിഷോര്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്. അന്നത്തെ എ.ഐ.സി.സി. പ്രസിഡന്റ് സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസ് നേതാക്കളുമായി പത്ത് ജനപഥില്‍ നിരന്തര ചര്‍ച്ചകള്‍. പ്രശാന്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന് ഉന്നതസ്ഥാനം നേടിയേക്കുമെന്ന് വരെ അഭ്യൂഹമുയര്‍ന്നു. പക്ഷേ, ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് തന്നെയല്ല കൂട്ടായ നേതൃത്വമാണ് ആവശ്യമെന്ന മുനവെച്ച പ്രതികരണത്തോടെ സഹകരണസാധ്യതയ്ക്ക് പ്രശാന്ത് തന്നെ വിരാമമിട്ടു. എന്നാല്‍, പ്രശാന്ത് കോണ്‍ഗ്രസിനെയാണോ കോണ്‍ഗ്രസ് പ്രശാന്തിനെയാണോ കൈയൊഴിഞ്ഞത് എന്ന് ഇരുഭാഗത്തിനും മാത്രമറിയാവുന്ന രഹസ്യം.

Content Highlights: prashant kishor plan to revive congress what done what dont what left for 2024

Continue reading