ഗ്രഹപ്പിഴ തീരാതെ

വടക്കേപ്പുഴ, കോളപ്ര വിനോദസഞ്ചാരപദ്ധതി നടപ്പാക്കുന്നില്ല

മൂലമറ്റം : കുളമാവ് വടക്കേപ്പുഴയും കോളപ്രയും അടക്കമുള്ള വിനോദസഞ്ചാരപദ്ധതികൾക്ക് ഗ്രഹപ്പിഴ മാറുന്നില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വടക്കേപ്പുഴ ബോട്ടിങ് പദ്ധതി ടെൻഡർ നൽകാനുള്ള നടപടികൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കുടുങ്ങി. സർക്കാർ മാറിയിട്ടും തുടർനടപടിയുണ്ടായിട്ടില്ല. ഹൈഡൽ ടൂറിസം ഡയറക്ടർമാർ ഇതിനകം മൂന്നുപേർ മാറിയതാണ് ടെൻഡർ നടപടികൾ സ്വീകരിക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

തൊടുപുഴ-ഇടുക്കി സംസ്ഥാനപാതയിൽ കുളമാവ് അണക്കെട്ടിനു സമീപമാണ് വടക്കേപ്പുഴ. വർഷത്തിൽ 365 ദിവസവും നിറഞ്ഞ ജലസമൃദ്ധിയുള്ള ഇവിടെ കയാക്കിങ്ങും പെഡൽ ബോട്ടിങ്ങും അടക്കം ഒട്ടേറെ ജലകേളികൾക്ക് അനന്തസാധ്യതകളാണ്. എന്നാൽ ഒന്നും നടക്കുന്നില്ല.

ഇടതു സർക്കാരിന്റെ അവസാനകാലത്ത് പരീക്ഷണാർഥം ബോട്ടിങ് നടത്തിയിരുന്നു. എന്നാൽ ടെൻഡർ നടപടിക്കുമുമ്പേ ബോട്ടിങ് അനുവദിച്ചെന്ന ആക്ഷേപമുയർന്നതോടെ അത് നിർത്തി.

വിനോദസഞ്ചാരികൾക്കായി മൂലമറ്റത്ത് ഇടുക്കി അണക്കെട്ടിന്റെയും മൂലമറ്റം വൈദ്യുതിനിലയത്തിന്റെ ചെറു പതിപ്പുണ്ടാക്കാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

അതിന് സ്ഥലം കണ്ടെത്തിയെന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞദിവസം വൈദ്യുതിമന്ത്രി മൂലമറ്റത്തും ഇടുക്കിയിലും സന്ദർശിച്ചിരുന്നു.

അപ്പോഴും ഈ പദ്ധതികളെക്കുറിച്ച് യാതൊരറിയിപ്പുമുണ്ടായില്ല. ജനപ്രതിനിധികളൊക്കെ മന്ത്രിയുമായി കൂടിക്കണ്ടെങ്കിലും വടക്കേപ്പുഴയും മൂലമറ്റത്തെ ചെറുവൈദ്യുതി നിലയവുമൊന്നും ചർച്ചപോലുമായില്ല.

കാൽനൂറ്റാണ്ടായി മൂലമറ്റം വൈദ്യുതിനിലയത്തിൽ സന്ദർശകർക്ക് നിരോധനമാണ്. ഇതിനെതിരേയുള്ള ശക്തമായ പ്രാദേശികവികാരം കണക്കിലെടുത്താണ് ഇടുക്കി അണക്കെട്ടും വൈദ്യുതിനിലയവും അടക്കം പദ്ധതിയാകെ പുനരാവിഷ്‌കരിക്കുന്നതിന് സർക്കാർ തീരുമാനിച്ചത്.

മൂലമറ്റത്ത് വൈദ്യുതി ബോർഡ് വിട്ടുനൽകിയ രണ്ടരയേക്കറോളം ഭൂമിയിലാണ് പദ്ധതി വിഭാവനംചെയ്തത്.

പദ്ധതി പ്രഖ്യാപനവും വൈദ്യുതി ബോർഡിൽനിന്നുള്ള ഭൂമിയുടെ രേഖയുടെ കൈമാറ്റവും യുദ്ധകാലാടിസ്ഥാനത്തിൽ നടന്നെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.

അതിനിടെ പദ്ധതിക്കായി വിട്ടുകിട്ടിയ ഭൂമി എവിടെയാണെന്ന കാര്യത്തിലും ജനപ്രതിനിധികൾക്കും വൈദ്യുതിബോർഡ് ഉദ്യോഗസ്ഥർക്കുമിടയിൽ ആശയക്കുഴപ്പമുണ്ടെന്ന് ആക്ഷേപമുണ്ട്.

ജലവകുപ്പ് ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച 100കോടി രൂപയുടെ സ്വകാര്യ-സർക്കാർ സംരംഭമായ കോളപ്ര ടൂറിസം പദ്ധതിയും മരവിച്ചനിലയിലാണ്.

ജലവകുപ്പിന്റെ സംസ്ഥാനത്തെ ആദ്യത്തെ ഇറിഗേഷൻ ടൂറിസം പദ്ധതിയാണ് പ്രഖ്യാപനത്തിൽ ഒതുങ്ങിയത്.