സഞ്ചാരികൾ ഒഴുകിയെത്തി; നേര്യമംഗലം പാലത്തിൽ ഗതാഗതക്കുരുക്ക്‌

പോലീസ് നിയന്ത്രണം ഇല്ലാത്തതും ദുരിതം

അടിമാലി : കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം പാലത്തിൽ മണിക്കൂറുകളോളമായി തുടരുന്ന വൻ ഗതാഗതക്കുരുക്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ പിന്നിട്ടിട്ടും അയവില്ലാതെ തുടരുകയായിരുന്നു.

നേര്യമംഗലം വനമേഖല മുതൽ ചാക്കോച്ചിവളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.

രോഗികളുമായി വന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളും കുരുക്കിൽപ്പെട്ടു. തുടർച്ചയായ രണ്ടുദിവസത്തെ പൊതുഅവധിയും മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തവും കാരണം മേഖലയിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

പാലത്തിലെ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ഡ്രൈവർമാർ നിയന്ത്രണമില്ലാതെ വാഹനങ്ങൾ ഓടിച്ചുകയറ്റുന്നതാണ് സ്ഥിതി വഷളാക്കിയത്. ഒരേസമയം ഒരു ബസിനും ഒരു ചെറിയ വാഹനത്തിനും മാത്രം കടന്നുപോകാൻ വീതിയുള്ള പാലത്തിൽ ഇരുവശത്തുനിന്നും ഒരേസമയം വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതം പൂർണമായും തടസ്സപ്പെടുകയാണ്.

മുമ്പ് ദേശീയപാത നിർമാണക്കമ്പനിയുടെ ജീവനക്കാർ ഇവിടെ ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കിലും നിലവിൽ അവരാരും സ്ഥലത്തില്ല.

പാലം സ്ഥിതിചെയ്യുന്നത് ഊന്നുകൽ, അടിമാലി പോലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലാണെങ്കിലും ഇരുസ്റ്റേഷനുകളിൽനിന്നും പോലീസ് ഉദ്യോഗസ്ഥർ ആരും ഗതാഗത നിയന്ത്രണത്തിന് എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

നിലവിൽ ബസ് ജീവനക്കാരും മറ്റ് ഡ്രൈവർമാരും ചേർന്നാണ് ഗതാഗതം തിരിച്ചുവിടാൻ ശ്രമിക്കുന്നത്.

ഇത് പലപ്പോഴും ഡ്രൈവർമാർ തമ്മിലുള്ള വാക്കുതർക്കങ്ങൾക്കും ഇടയാക്കുന്നുണ്ട്. അതേസമയം, നേര്യമംഗലത്ത് നിർമാണം പുരോഗമിക്കുന്ന പുതിയ പാലത്തിന്റെ 90 ശതമാനം പണികളും പൂർത്തിയായതായും നവംബർ മാസത്തോടെ ഇത് ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

എന്നാൽ, പുതിയ പാലം തുറക്കുന്നതുവരെ ഇവിടെ പോലീസ് കാവലും കൃത്യമായ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.