റോഡ് നന്നാക്കുന്നില്ല; ബി.ജെ.പി. പ്രതിഷേധയാത്ര

കുഞ്ചിത്തണ്ണി : മലയോര ഹൈവേയുടെ ഭാഗമായ രാജാക്കാട്-എല്ലക്കൽ റോഡിന്റെ മുല്ലക്കാനം മുതൽ എല്ലക്കൽ വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം വരുന്ന റോഡിലാണ് പ്രതിഷേധയാത്ര നടത്തിയത്.

റോഡ് പുനർ നിർമിക്കുന്നതിനും പഴയ എല്ലക്കൽ പാലം വീതി കൂട്ടുന്നതിനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 40 കോടിയോളം രൂപ അനുവദിക്കുകയും ചെയ്തതാണ്.

കരാറെടുത്ത കാസർഗോഡുള്ള ഒരു സ്വകാര്യകമ്പനി ഒന്നരവർഷം കൊണ്ട്‌ പണികൾ പൂർത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പണികൾ തുടങ്ങി രണ്ടുവർഷത്തിനകം പഴയറോഡ് കുത്തിപ്പൊളിച്ച് വൻ പാറകൾ പൊട്ടിച്ച് കോടികളുടെ കല്ല് വിൽപനയും നടത്തി. മറ്റു ചിലയിടങ്ങളിൽ മെറ്റൽ നിരത്തിയും മറ്റ് ചില ഭാഗങ്ങളിൽ കുറെ ടാറിങ് നടത്തുകയും കുത്തിപ്പൊളിച്ച റോഡിലെ ഭാഗങ്ങൾ അതേപടി കിടക്കുകയും ചെയ്യുന്നുണ്ട്.

കരാറെടുത്ത കമ്പനി പണികൾ നിർത്തി സ്ഥലം വിടുകയും ചെയ്ത സ്ഥിതിയാണ് നിലവിൽ ഉള്ളത്.

വാഹനങ്ങൾ സഞ്ചരിക്കുന്നതിന് മാത്രമല്ല കാൽ നടയാത്ര പോലും ഇതുവഴി സാധ്യമല്ലാതായ സാഹചര്യത്തിലാണ് ബി.ജെ.പി. രാജാക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭയാത്രയും പ്രതിഷേധസമ്മേളനവും നടത്തിയത്.

ഇതിന്റെ ഭാഗമായി എല്ലക്കൽ പാലത്തിനുസമീപത്തുനിന്നും ആരംഭിച്ച പ്രക്ഷോഭയാത്ര ബി.ജെ.പി. ഉടുമ്പൻചോല മണ്ഡലം ജനറൽ സെക്രട്ടറി വി.എസ്. സജിമോൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രക്ഷോഭയാത്രകടന്നുപോന്ന തേക്കിൻകാനം, കൊച്ചു മുല്ലക്കാനം എന്നീ സ്ഥലങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടത്തി വലിയ മുല്ലക്കാനത്ത് സമാപിച്ചു.

സമാപനസമ്മേളനം സൗത്ത് ജില്ലാ സെക്രട്ടറി സജി വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. രാജാക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷൈജു കൈപ്പള്ളി അധ്യക്ഷത വഹിച്ചു. പി.ബി. മുരളീധരൻനായർ, മണ്ഡലം വൈസ് പ്രസിഡന്റ് ബൻ സോയി മാധവൻ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് മാത്യു, മണ്ഡലം വൈസ് പ്രസിഡന്റ് വി.വി. ബാബു, പഞ്ചായത്തു കമ്മിറ്റി ഭാരവാഹികളായ വി.കെ. മോഹനൻ, അജയൻ മാടപ്പള്ളി, എസ്. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.