ഹോ... വല്ലാത്ത കുരുക്ക്

തൂക്കുപാലം തിളങ്ങണം -01
നെടുങ്കണ്ടം : കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ തൂക്കുപാലം ടൗൺ ഗതാഗതക്കുരുക്കിൽ ചക്രശ്വാസം വലിക്കുകയാണ്. അലക്ഷ്യമായ വാഹന പാർക്കിങ്ങും സ്ഥലസൗകര്യക്കുറവുംമൂലം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് കാൽനടയാത്രക്കാരാണ്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേട്ടിലേക്ക് ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കടന്നുപോകുന്നത് തൂക്കുപാലം ടൗണിലൂടെയാണ്. ഓട്ടോകളുടെ യു-ടേണും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. ടൗണിൽ കച്ചവടസ്ഥാപനങ്ങൾക്ക് സ്വന്തം വാഹനത്തിന് പാർക്കിങ് സൗകര്യം ഇല്ല.
വ്യാപാരസ്ഥാപനങ്ങളുടെ മുൻവശങ്ങളിലെല്ലാം അനധികൃത പാർക്കിങ്ങാണ്. ടൗണിൽ വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതമായ യാത്രാസൗകര്യം കണക്കിലെടുത്ത് ടൗണിൽ കാൽനടയാത്രക്കാർക്ക് നടപ്പാത സംവിധാനം ഒരുക്കേണ്ടതുണ്ട്. ബഹുനിലക്കെട്ടിടങ്ങളും ധനകാര്യസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും പെരുകിയെങ്കിലും, ടൗണിന്റെ വികസനത്തിനായി ത്രിതലപഞ്ചായത്തുകൾ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
വെറുതേ ഒരു ബസ്‌സ്റ്റാൻഡ്
പട്ടംകോളനി മേഖലയുടെ സമഗ്രവികസനവും പഞ്ചായത്തിന് വരുമാനവും ഒപ്പം തൂക്കുപാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരവും ലക്ഷ്യമിട്ടാണ് തൂക്കുപാലം പാമ്പുമുക്ക് ജങ്ഷനിൽ ലക്ഷങ്ങൾ ചെലവാക്കി ബസ്‌സ്റ്റാൻഡ് നിർമിച്ചത്. എന്നാൽ, ഏതാനും ബസുകൾ സ്റ്റാൻഡിനു മുൻപിലെത്തി തിരിക്കുന്നതല്ലാതെ, ബസ്‌സ്റ്റാൻഡിന്റെ പ്രവർത്തനം പൂർണസജ്ജമായിട്ടില്ല. കെ.എസ്.ആർ.ടി.സി. ബസുകൾമാത്രമാണ് സ്റ്റാൻഡിനുള്ളിൽനിന്ന് യാത്രക്കാരെ കയറ്റുന്നത്.
തിരക്കേറിയ തൂക്കുപാലം ടൗണിലെ റോഡിൽ ബസുകൾ തിരിക്കുന്നതും വഴിയിൽത്തന്നെ ആളുകളെ കയറ്റിയിറക്കുന്നതും മറ്റ് വാഹനങ്ങൾക്കും യാത്രികർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ബസ്‌സ്റ്റാൻഡിനുള്ളിലുള്ള ശൗചാലയത്തിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും ഇതുവരെയും തുറന്നുകൊടുത്തിട്ടില്ല.
ശുചിത്വമിഷന്റെ രണ്ട് ശൗചാലയവും ബസ് കാത്തിരിപ്പുകേന്ദ്രവും കാടുമൂടി ഇഴജന്തുക്കളുടെ താവളമായിമാറി. യാത്രക്കാർക്ക് ഒരു ഇരിപ്പിടംപോലും ഇവിടെയില്ല. ബസ്‌സ്റ്റാൻഡും പരിസരവും രാത്രിയാകുന്നതോടെ സമൂഹവിരുദ്ധരുടെ താവളമാകും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൂർണസജ്ജമായ ബസ്‌സ്റ്റാൻഡ് എത്രയുംവേഗം പ്രവർത്തനമാരംഭിക്കണം.
കടത്തിണ്ണയാണ് കാത്തിരിപ്പുകേന്ദ്രം
ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ടൗണിൽ ഒരിടത്തും ഒരു ബസ് കാത്തിരിപ്പുകേന്ദ്രം ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ടൗണിലെയും പരിസരത്തെയും അഞ്ചിലധികം ഇടങ്ങളിൽ യാത്രക്കാർ കടത്തിണ്ണകളെയാണ് ബസ് കാത്തുനിൽക്കാൻ ആശ്രയിക്കുന്നത്. കമ്പംമെട്ട്, കട്ടപ്പന എന്നിവിടങ്ങളിലേക്കും രാമക്കൽമേട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് പോകുന്നതിനുമെല്ലാം ബസ് എത്തുംവരെ കടത്തിണ്ണതന്നെ ശരണം. ഇത് വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.