കാരിക്കോട് ഭഗവതീക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് മോഷണം

തൊടുപുഴ : കാരിക്കോട് ഭഗവതീക്ഷേത്രത്തിൽ നടപ്പന്തലിൽ വലിയ കാണിക്ക വഞ്ചി തകർത്ത് മോഷണം.
ഇരുപതിനായിരത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ക്ഷേത്രത്തിനോട് ചേർന്നുള്ള സബ് ഗ്രൂപ്പ് ഓഫീസിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും മോഷണം ശ്രദ്ധയിൽപ്പെട്ടില്ല. രാവിലെ നിർമാല്യത്തിനായി നട തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലാക്കിയത്. ഉടനെ തന്നെ തൊടുപുഴ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തൊടുപുഴ ഡിവൈ.എസ്.പി. സജി മാർക്കോസ്, സി.ഐ. മനേഷ് പൗലോസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് പോലീസിലെ ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിൻറ് വിദഗ്ധർ എന്നിവരെത്തി തെളിവെടുത്തു. പുറത്തെ ഒരു കാണിക്കവഞ്ചി മാത്രമാണ് തകർത്ത് മോഷ്ടിച്ചത്. ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ ഉണ്ടായിരുന്ന നിലവിളക്ക് അടക്കമുള്ള മറ്റ് വസ്തുക്കൾ നഷ്ടപ്പെട്ടില്ല. ക്ഷേത്രങ്ങളിൽ മാത്രം മോഷണം നടത്തുന്ന സംഘമാണ് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. തൊടുപുഴയിൽ ഉണ്ടായിരുന്ന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ ഡി.സി.സി. മെമ്പറും കാരിക്കോട് ഭഗവതീക്ഷേത്രം മുൻ ഉപദേശകസമിതി സെക്രട്ടറിയുമായ ജയകൃഷ്ണൻ പുതിയേടത്ത് മോഷണവിവരം അറിയിച്ചതിനെത്തുടർന്ന് അന്വേഷണം ഊർജിതപ്പെടുത്താനും മോഷ്ടാവിനെ പിടികൂടാനും നിർദേശങ്ങൾ പോലീസിന് നൽകുകയും ചെയ്തു. അടുത്തിടെ തൊടുപുഴ നഗര ഹൃദയത്തിൽ നടക്കുന്ന മൂന്നാമത്തെ ക്ഷേത്ര മോഷണമാണിത്. കോലാനി അമരംകാവ് ദേവീ ക്ഷേത്രം, കാഞ്ഞിരമറ്റം ഗുരുദേവക്ഷേത്രം എന്നിവിടങ്ങളിൽ സമാന രീതിയിൽ മോഷണം നടന്നിരുന്നു. അടിയന്തരമായി മോഷ്ടാക്കളെ പിടികൂടാൻ പോലീസ് നടപടി സ്വീകരിക്കണമെന്ന് ഭക്തജനങ്ങൾ ആവശ്യപ്പെട്ടു.