എൻ.സി.സി. ദേശീയ ക്യാമ്പിൽ ജില്ലയുടെ അഭിമാനമായി രശ്മി

പൈനാവ് : ദേശീയ എൻ.സി.സി. ഓൾ ഇന്ത്യ സൈനിക് ക്യാമ്പിൽ (എ.ഐ.എസ്.സി.) പങ്കെടുത്ത് ജില്ലയുടെ അഭിമാനമായി എ.ആർ. രശ്മി. കേരള–ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർഥിയായ രശ്മി പങ്കെടുത്തത്.

എൻ.സി.സി. ആർമിയുടെ പ്രധാന ക്യാമ്പുകളിലൊന്നായ തൽ സൈനിക് ക്യാമ്പിലേക്ക് യോഗ്യത നേടാൻ നൂറ് ദിവസം നീളുന്ന കഠിനപരിശീലനവും വിവിധഘട്ടങ്ങളിലെ തിരഞ്ഞെടുപ്പും പൂർത്തിയാക്കണം. ഒബ്സ്റ്റക്കിൾ ട്രെയിനിങ്, ഫയറിങ്, ജെ.ഡി.എഫ്.എസ്., ഹെൽത്ത് ആൻഡ് ഹൈജീൻ, മാപ്പ് റീഡിങ് തുടങ്ങിയ ഇനങ്ങളിലാണ് കേഡറ്റുകൾ കഴിവ് തെളിയിക്കുന്നത്.

ഫയറിങ് വിഭാഗത്തിലെ മികച്ച പ്രകടനമാണ് രശ്മിക്ക് ദേശീയ ക്യാമ്പിലേക്കുള്ള വഴിയൊരുക്കിയത്. ഏകദേശം ഒരുലക്ഷത്തോളം കേഡറ്റുകളുള്ള കേരള–ലക്ഷദ്വീപ് ഡയറക്ടറേറ്റിൽനിന്ന് സീനിയർ വനിതാ ഫയറിങ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ടുപേരിൽ ഒരാളായിരുന്നു രശ്മി.

രാജ്യത്തെ 17 ഡയറക്ടറേറ്റുകളിൽനിന്നുള്ള കേഡറ്റുകളുമായി ഇടപഴകാനും വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും അടുത്തറിയാനും ക്യാമ്പിലൂടെ രശ്മിക്ക് അവസരം ലഭിച്ചു. പൈനാവ് അറയ്ക്കൽ വീട്ടിൽ രാജേഷിന്റെയും ലതയുടെയും മകളാണ്. സഹോദരൻ രഞ്ജിത്.

രശ്മിയെ കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, പ്രിൻസിപ്പൽ ഡോ. ജെന്നി കെ.അലക്സ്, കമാൻഡിങ് ഓഫീസർ കേണൽ ആർ.എസ്.ആർ. കൃഷ്ണൻ തുടങ്ങിയവർ അഭിനന്ദിച്ചു.