36.5 ലക്ഷം മുടക്കി നവീകരിച്ചു; കെട്ടിടം ചോർന്നൊലിക്കുന്നു

അയ്യപ്പൻകോവിൽ പഞ്ചായത്ത് കെട്ടിട നിർമാണത്തിൽ അഴിമതിയെന്ന് ആക്ഷേപം

ഉപ്പുതറ : ആറുവർഷംമുൻപ്‌ 36.5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച അയ്യപ്പൻകോവിൽ പഞ്ചായത്ത് കെട്ടിടം ചോർന്നൊലിച്ച് അപകടാവസ്ഥയിലായി. ജീവനക്കാരും ഓഫീസിലെത്തുന്ന പൊതുജനങ്ങളും ഭീതിയോടെയാണ് കെട്ടിടത്തിനുള്ളിൽ കഴിയുന്നത്.

1990-കളിൽ നിർമിച്ച കെട്ടിടം ചോർന്നൊലിക്കുന്നെന്ന കാരണത്താലാണ് 2018-ൽ അന്നത്തെ എൽ.ഡി.എഫ്. ഭരണസമിതി അറ്റകുറ്റപ്പണികൾക്കായി 15 ലക്ഷം രൂപ ആദ്യഘട്ടമായി അനുവദിച്ചത്. എന്നാൽ, ഈ തുക ഉപയോഗിച്ച് റെക്കോർഡ് റൂമും അനുബന്ധ മുറിയും മാത്രമാണ് നവീകരിക്കാനായത്. തുടർന്ന് ഓഫീസിന്റെ പ്രധാന ഭാഗവും ഫ്രണ്ട് ഓഫീസും നവീകരിക്കാൻ 2019-20 സാമ്പത്തികവർഷത്തിൽ 21.5 ലക്ഷം രൂപ കൂടി വകയിരുത്തി പണി പൂർത്തിയാക്കി. 2020 സെപ്റ്റംബർ 12-ന് അന്നത്തെ വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണിയാണ് നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം തികയും മുൻപുതന്നെ കെട്ടിടത്തിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ബോർഡും അനുബന്ധ സാമഗ്രികളും നിലംപൊത്തി. നിലവിൽ കെട്ടിടത്തിനുള്ളിലെ സീലിങ്ങുകൾ ഓരോന്നായി അടർന്നു വീഴുകയാണ്. കഴിഞ്ഞദിവസം ഫ്രണ്ട് ഓഫീസിലെത്തിയ വ്യക്തിയുടെ ദേഹത്തേക്ക് സീലിങ് ഭാഗങ്ങൾ വീണെങ്കിലും തലനാരിഴയിടയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

കെട്ടിടം ചോർന്നൊലിക്കുന്നതുമൂലം കംപ്യൂട്ടറുകൾ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, പ്രധാന ഫയലുകൾ എന്നിവ നശിക്കുന്ന സ്ഥിതിയാണുള്ളത്. മുൻവാതിലിന്റേത് ഉൾപ്പെടെ മൂന്ന് കട്ടിളകൾ പൂർണമായി ദ്രവിച്ച് ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. ഓരോ ദിവസവും കെട്ടിടത്തിന്റെ ബലക്ഷയം വർധിച്ചുവരുന്നത് ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കുന്നു.

അഴിമതി നടത്താൻവേണ്ടി മാത്രമാണ് ഓഫീസ് നവീകരണ പദ്ധതി തയ്യാറാക്കിയതെന്ന് പ്രതിപക്ഷം അന്നുതന്നെ ആരോപിച്ചിരുന്നു. അനുവദിച്ച തുകയുടെ പകുതിപോലും നിർമാണത്തിന് ചെലവഴിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ആറുവർഷം മുമ്പ് ഫണ്ട് ചെലവഴിച്ചതിനാൽ നിശ്ചിത കാലാവധി കഴിയാതെ പുതിയ അറ്റകുറ്റപ്പണികൾക്കായി തുക വകയിരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയില്ല. അതിനാൽതന്നെ ജീവനക്കാരുടെയും സാമഗ്രികളുടെയും സുരക്ഷ ഉറപ്പാക്കുന്നത് പുതിയ ഭരണസമിതിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ലക്ഷങ്ങളുടെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.