ചക്കക്കൊമ്പന്റെ പിടിതരായാത്ര...

ചിന്നക്കനാൽ : അത്രപെട്ടെന്ന് പിടിതരില്ല. ചിന്നക്കനാലിനെ ഭയപ്പെടുത്തുന്ന ചക്കക്കൊമ്പൻ അതിലോലനല്ലല്ലോ.
കാടിന്റെ വന്യത അത്രയേറെയുള്ളവനാണ്. ഒരു ഡോസ് മയക്കുവെടി ഏറ്റിട്ടും പാറപോലെ ഉറച്ചുനിന്നിട്ട് കാട്ടിലേക്ക് ഓടിക്കയറി.
അരിക്കൊമ്പൻ ദൗത്യം പോലും ചക്കക്കൊമ്പൻ മിഷനും ആദ്യദിനം ഫലംകണ്ടില്ല. ബുധനാഴ്ച വൈകീട്ട് ആനയെ മയക്കുവെടിവെച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ദൗത്യം തത്ക്കാലം നിർത്തേണ്ടി വന്നു. ശല്യക്കാരനെ മെരുക്കി റേഡിയോ കോളർ ധരിപ്പിക്കാൻ ഇനി വ്യാഴാഴ്ചയാണ് മുന്നിൽ.
ചക്കക്കൊമ്പന്റെയും ദൗത്യസംഘത്തിന്റെ സാഹസികയാത്ര ഒന്ന് തിരിഞ്ഞുനോക്കാം.
ആനയിറങ്കലിൽ നീന്തിത്തുടിച്ച്
ബുധനാഴ്ച അതിരാവിലെയാണ് ആദ്യം ചക്കക്കൊമ്പൻ ദൗത്യസംഘത്തിന്റെ റഡാറിലായത്. നിന്നത് എൺപതേക്കർ കോളനിയിലെ പൊന്നുസ്വാമി എസ്റ്റേറ്റിൽ. പൊന്നുസ്വാമി എന്ന കർഷകന്റെ തോട്ടം.
ആനയിറങ്കൽ ജലാശയത്തിന്റെ തോട്ടടുത്ത്. അതിനാൽത്തന്നെ മയക്കുവെടി വെയ്ക്കാൻ കഴിയില്ല. മയക്കുവെടി ഏറ്റ ആന ഓടി വെള്ളത്തിൽ ചാടിയാൽ മുങ്ങി മരണം വരെ സംഭവിക്കാം. തിരച്ചിലിനെത്തിയ സംഘം കരുതലോടെ സമീപത്ത് നിലയുറപ്പിച്ചു.
ഏഴേകാൽ വരെയൊക്കെ ചക്കക്കൊമ്പൻ അവിടെനിന്ന് തീറ്റയെടുത്ത് ആസ്വദിച്ചു. ഇതിനിടെ 7.10-ഓടെ വെറ്ററിനറി ഓഫീസർമാർ ഉൾപ്പെട്ട 24 അംഗ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. എങ്ങനെയെങ്കിലും ദൗത്യത്തിന് അനിയോജ്യമായ സ്ഥലത്തേക്ക് ആനയെ എത്തിക്കാനുള്ള ശ്രമത്തിനിടെ, 7.20-ഓടെ ആന രാജകീയമായി ജലാശയത്തിലേക്ക്. സ്പീഡ് ബോട്ടിൽ ആനയെ നിരീക്ഷിച്ചിരുന്ന സംഘം ചക്കക്കൊമ്പനെ തിരികെ കയറ്റാൻ ശ്രമിച്ചു. ആന പ്രകോപിതനാകുമോ എന്നായിരുന്നു ആശങ്ക. അവർ ദൂരമിട്ട്് ആനയെ നിരീക്ഷിച്ചു. ഡ്രോൺ നിരീക്ഷണവും തുടർന്നു.
പ്രകൃതിയുടെ കവചംതുരുത്തിന്റെ തണലിൽ എ ഷോർട്ട് ബ്രേക്ക്
ഉച്ചയോടെ 301 കോളനിയിലെ ഓമനക്കുഴിയിലെ ചതുപ്പ് നിലത്തിൽ ചക്കക്കൊമ്പൻ നിലയുറപ്പിച്ചു. അനുകൂലമായ സാഹചര്യങ്ങളേറെ. എന്നാൽ, ചതുപ്പ് നിലം വില്ലനായി. മയക്കുവെടി വെയ്ക്കാൻ പറ്റാത്ത അവസ്ഥ. അപ്പോഴേക്കും ജില്ലയിലെ ‘യെല്ലോ അലർട്ട്’ പണി തുടങ്ങി.
രണ്ടേകാൽ കഴിഞ്ഞപ്പോൾ ശക്തമായ മഴയും പെയ്തു. ഒരുമണിക്കൂറോളം മഴ നിന്ന് പെയ്തു. ദൗത്യം ഉപേക്ഷിക്കേണ്ടിവരുമെന്ന് തന്നെ തോന്നി.പൊന്നുസ്വാമി എസ്റ്റേറ്റിന്റെ സമീപത്ത് തന്നെയുള്ള വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിലായിരുന്നു കഴിഞ്ഞദിവസങ്ങളിൽ ചക്കക്കൊമ്പൻ പകൽസമയങ്ങൾ ചെലവഴിച്ചിരുന്നത്. അവിടെക്കിടന്ന് ഉറങ്ങും.
ഇന്നും അങ്ങിനെ പോകുമോ എന്നായിരുന്നു ആശങ്ക. അതുപോലെതന്നെ സംഭവിച്ചു. ജലാശയം നീന്തിക്കയറിയത് തുരുത്തിലേക്ക്. അവിടെനിന്ന് പുല്ലു തിന്നാൻ തുടങ്ങി. വയറ് നിറഞ്ഞപ്പോൾ അൽപ്പനേരം ഉറക്കം.തുരുത്തിൽ കിടക്കുന്ന ആനയെ ശല്യം ചെയ്യേണ്ട എന്ന് ദൗത്യസംഘം തീരുമാനിച്ചു. ആന കഴിഞ്ഞ ദിവസങ്ങളിലെല്ലാം തുടർച്ചായി നടക്കുന്നുണ്ടായിരുന്നു. അതിനാൽത്തന്നെ ഉറക്കത്തിന് തടസ്സം വരുത്തിയാൽ ആന അക്രമാസക്തനാകാനോ മതികെട്ടാനിലേക്കോ ശങ്കരപാണ്ഡ്യൻമേട്ടിലേക്കോ ഓടിക്കയറാനുള്ള സാധ്യത ദൗത്യംസംഘം മുൻകൂട്ടിക്കണ്ടു. ക്ഷമയോടെ കാത്തിരുന്നു.
യാത്ര, പ്രതീക്ഷ
ഒരുമണിക്കൂറിനുശേഷം കടന്ന ചക്കക്കൊമ്പൻ പന്നിയാർ ഭാഗത്തേക്ക് യാത്ര തിരിച്ചു. ദൗത്യത്തിന് അനിയോജ്യമായ സ്ഥലത്തേക്ക് പോകുന്നതായുള്ള പ്രതീക്ഷ ഉയർന്നു. പത്തോടെ ഡാമിലിക്കിറങ്ങാൻ ആന ശ്രമിച്ചെങ്കിലും ബോട്ടിലെത്തിയ നിരീക്ഷണ സംഘം ആനയെ ദൂരേക്ക് തുരത്തി. 11.20-ന് കൊക്കുപാറ ഭാഗത്തേത്തി.
പടക്കം പൊട്ടിച്ചും മറ്റും ട്രെക്കിങ് ടീം അനിയോജ്യമായ സ്ഥലത്തേക്ക് നീക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആന 301 കോളനി ഭാഗത്തേക്ക് നീങ്ങി. 11.54-ന് വിമലപ്പാറ ഭാഗത്തെത്തി. ഇതിനിടെ ആകാശം ഇരുണ്ടുകൂടി. സിങ്കുകണ്ടത്തേക്ക് എത്തുമെന്ന പ്രതീക്ഷയിൽ ദൗത്യസംഘം തയ്യാറായി നിന്നു.
ആദ്യ മയക്കുവെടി
മൂന്നേകാലോടെ മഴ ശമിച്ചു. ദൗത്യത്തിന് വീണ്ടും ജീവൻവെച്ചു. തുടർച്ചയായി പടക്കം പൊട്ടിച്ചു. അങ്ങ് ദൂരെനിന്ന് പോലും പുക ഉയരുന്നത് കാണാമായിരുന്നു.എന്നിട്ടും ചതുപ്പിൽ നിന്ന് ചക്കക്കൊമ്പൻ അനങ്ങിയില്ല. ഒടുവിൽ ശ്രമം വിജയിച്ചു. കൊമ്പൻ ചതുപ്പിൽനിന്ന് കയറി. അതിജാഗ്രതയുടെ നിമിഷങ്ങൾ. 3.38-ന് ആദ്യ മയക്കുവെടിവെച്ചു. ശരീരത്തിൽക്കൊണ്ടു.