മീനുളിയാൻപാറയിലെ വിനോദകേന്ദ്രം അടഞ്ഞിട്ട് അഞ്ചുവർഷം

പട്ടയക്കുടി : അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി തുറന്നുനൽകുമെന്ന് വാഗ്ദാനംചെയ്ത് വനംവകുപ്പ് അടച്ചുപൂട്ടിയ മീനുളിയാൻപാറ വിനോദ സഞ്ചാരകേന്ദ്രം ഇപ്പോഴും അടഞ്ഞുതന്നെ.
വണ്ണപ്പുറം പഞ്ചായത്തിന് സമീപത്തുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ വരവ് നിലച്ചതോടെ പ്രദേശത്തിന്റെ വികസനസാധ്യതകൾക്കും മങ്ങലേറ്റു.
കേന്ദ്രം അടച്ചുപൂട്ടിയതിനെതിരേ പ്രതിഷേധിച്ചവർക്കെതിരേ കേസെടുത്തിരുന്നു. ആദിവാസികൾ ഉൾപ്പെടെ 23 പേർ ഇന്നും കോടതി കയറിയിറങ്ങുകയാണ്. അന്ന് കേസിൽ പ്രതിയായ ഊരുമൂപ്പൻ ഇതിനിടെ മരിച്ചു.
പഞ്ചായത്തിലെ ഇക്കോ ടൂറിസംകേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് വനംവകുപ്പിന്റെ എതിർപ്പ് തടസ്സമാകുകയാണെന്നാണ് ആക്ഷേപം. ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നടത്തിപ്പ് വനംവകുപ്പിൽനിന്ന് മാറ്റി പ്രത്യേക ബോർഡിന്റെയോ കോർപ്പറേഷന്റെയോ കീഴിലാക്കണമെന്നാവശ്യപ്പെട്ട് വണ്ണപ്പുറം പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ട്.
സഞ്ചാരികൾക്കായി മീനുളിയാൻ പാറ തുറന്നുകൊടുത്താൽ പട്ടയക്കുടിയെ കാത്തിരിക്കുന്നത് വലിയ വികസനസാധ്യതകളാണ്. തൊടുപുഴയിൽനിന്നും ഹൈറേഞ്ചിൽനിന്നും പട്ടയക്കുടിയിലേക്ക് എത്താൻ മികച്ചറോഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മീനുളിയാൻപാറ വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ സംസ്ഥാനതല കമ്മിറ്റിയുടെ അംഗീകാരം വേണമെന്നും അംഗീകാരം കിട്ടിയാൽമാത്രമേ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി തുറന്നുനൽകാൻ കഴിയുകയുള്ളൂ എന്നും മുള്ളരിങ്ങാട് റേഞ്ച് ഓഫീസർ പറഞ്ഞു.
ഇതിന് എത്ര നാൾ കാത്തിരിക്കണം എന്നകാര്യത്തിൽ വ്യക്തമായ മറുപടിയില്ല. മീനുളിയാൻപാറ എത്രയും വേഗം സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കരിമണ്ണൂർ ബ്ലോക്ക് ജനറൽസെക്രട്ടറി ഷാജി കണ്ണാടിശ്ശേരിൽ ആവശ്യപ്പെട്ടു.