നിയമം ബൈപ്പാസിൽ

തൊടുപുഴ : നഗരത്തിലെ ഗതാഗതനിയമങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ബസുകൾ തോന്നിയ വഴിയിലൂടെ സർവീസ് നടത്തുന്നതായി വ്യാപക പരാതി.മൂവാറ്റുപുഴ ഭാഗത്തുനിന്നെത്തുന്ന ബസുകൾ നിശ്ചിത റൂട്ടിൽ നഗരത്തിലെത്തി സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്നിരിക്കെ, പല ബസുകളും നിയമംതെറ്റിച്ച് തോന്നുന്ന വഴിയിലൂടെ സർവീസ് നടത്തുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.

മുവാറ്റുപുഴ ഭാഗത്തുനിന്ന്‌ വരുന്ന ബസുകൾ വെങ്ങല്ലൂർ, ഷാപ്പുംപടി, അമ്പലപ്പടി, കാഞ്ഞിരമറ്റം ബൈപ്പാസ് വഴി മോർ ജങ്ഷനിലെത്തി കോതായിക്കുന്ന് ബൈപ്പാസിലൂടെ സ്റ്റാൻഡിലെത്തണം എന്നാണ് നിയമം. എന്നാൽ, മൂവാറ്റുപുഴ ഭാഗത്തുനിന്ന്‌ വരുന്ന ബസുകൾ വെങ്ങല്ലൂരിൽനിന്ന് തിരിഞ്ഞ് കോലാനി ബൈപ്പാസിലൂടെ തെനംകുന്ന് ബൈപ്പാസ് വഴി സ്റ്റാൻഡിലെത്തുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. നഗരത്തിലെ വിവിധ സ്റ്റോപ്പുകളിൽ ഇറങ്ങേണ്ട യാത്രക്കാർക്ക് ഇതോടെ ബസിൽനിന്ന് ഇറങ്ങാനാകാതെ സ്റ്റാൻഡിലെത്തി ഓട്ടോപിടിച്ച് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തേണ്ട സ്ഥിതിയാണ്.

റൂട്ട് സംബന്ധിച്ച് ജീവനക്കാരോട് ചോദിക്കുന്ന യാത്രക്കാർക്ക് മോശം പെരുമാറ്റവും ഭീഷണിയും നേരിടേണ്ടിവരുന്നതായും പരാതിയുണ്ട്. അതേസമയം, ബൈപ്പാസുകളിലൂടെയും ഇടറോഡുകളിലൂടെയും അമിതവേഗത്തിൽ ബസുകൾ സഞ്ചരിക്കുന്നത് പ്രദേശവാസികൾക്കും അപകടഭീഷണി ഉയർത്തുന്നു. ബൈപ്പാസിലൂടെ അമിതവേഗത്തിൽ പായുന്ന പ്രൈവറ്റ് ബസുകൾ അപകടഭീഷണി ഉണ്ടാക്കുന്നത് നിത്യേന സംഭവമാണ്.നിത്യേന നടക്കുന്ന നിയമലംഘനങ്ങൾക്കെതിരേ ട്രാഫിക് പോലീസും മോട്ടോർവാഹന വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

ജനപ്രതിനിധികളും നഗരസഭയും പോലീസും ഉൾപ്പെടുന്ന ടൗൺ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയും വിഷയത്തിൽ ഇടപെടുന്നില്ലെന്നാണ് പരാതി.

നിയമലംഘനങ്ങൾക്കെതിരേ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ, അധികൃതർ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കിൽ ബസ് തടയുന്നതടക്കമുള്ള പ്രതിഷേധത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പുനൽകി. വിഷയത്തിൽ വേണ്ട അന്വേഷണം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു.